ഒരാശുപത്രിയിൽ കിടന്ന ബന്ധുവിനെ കാണാൻ പോയ ഒരു വ്യക്തിക്കുണ്ടായ അനുഭവം. അദ്ദേഹം ബന്ധുവിന്റെ അടുത്തു നിന്നപ്പോൾ ഒരു ഡോക്ടർ വന്നു. ആ ഡോക്ടറാകട്ടെ രോഗിയുടെ ബന്ധുവാണ്. ആ ഡോക്ടറുമായും സ്വാഭാവികമായി ഈ ബന്ധുവിനെ കാണാൻ ചെന്ന വ്യക്തിക്കും ബന്ധുത്വമുണ്ട്. ആ ബന്ധുത്വം ഈ ഡോക്ടർക്ക് മനസ്സിലായില്ലെന്ന് രോഗിക്ക് മനസ്സിലായി. അപ്പോൾ അദ്ദേഹം തന്നെ കാണാൻ വന്ന ബന്ധുവിന് രോഗി ഡോക്ടറെ പരിചയപ്പെടുത്തിക്കൊടുത്തു. എന്നാൽ ഒരു മേൽക്കണ്ണുകൊണ്ടു ഒന്നു നോക്കിയതല്ലാതെ ഒരു പരിചയഭാവം പോലും കാണിക്കാൻ ആ ഡോക്ടർ തയ്യാറായില്ല. ആ ഡോക്ടറുടെ പരേതനായ അച്ഛനും ഇദ്ദേഹവും ബന്ധുക്കളേക്കാളുപരി നല്ല സുഹൃത്തുക്കളുമായിരുന്നു. ഡോക്ടറുടെ ഈ സ്വഭാവം ഈ ബന്ധുവിനെ അധികം വേദനിപ്പിച്ചതൊന്നുമില്ല. കാരണം പൊതുവേ ഡോക്ടർമാരിൽ കണ്ടുവരുന്ന പൊതു സ്വഭാവത്തിന്റെ ഭാഗമായി മാത്രമേ അദ്ദേഹം അതിനെ കണ്ടുള്ളു.
ആധുനിക വൈദ്യശാസ്ത്രം സാങ്കേതികമായി കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ അത്യധികമാണ്. രോഗനിർണ്ണയത്തിലും ശസ്ത്രക്രിയയിലുമാണ് അതു കൂടുതൽ പ്രതിഫലിക്കുന്നത്. ആധുനിക ആശുപത്രികൾ ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടിവരുന്നത് ഏതു രോഗവുമായി ചെന്നാലും രോഗനിർണ്ണയത്തിനു വേണ്ടി നടത്തപ്പെടുന്ന പരിശോധനകളുടെയും സ്‌കാനിംഗുകളുടെയും പേരിലാണ്. ഇപ്പോൾ അലോപ്പതി ഡോക്ടർമാർക്ക് ഇത്തരം പരിശോധനാ ഫലങ്ങളില്ലാതെ രോഗനിർണ്ണയം നടത്താൻ കഴിയാത്ത സ്ഥിതി പോലെയായിട്ടുണ്ട്. അതിനാൽ നിർദ്ദയമാണ് പലപ്പോഴും ഇത്തരം പരിശോധനകൾക്ക് ഡോക്ടർമാർ നിർദ്ദേശം നൽകുന്നത്. അത്തരം സ്‌കാനിംഗുകൾക്കു വരുന്ന തുകയുടെ മോശമില്ലാത്ത ശതമാനം അതു നിർദ്ദേശിക്കുന്ന ഡോക്ടർമാർക്കുള്ളതാണെന്നുള്ളതും പരസ്യമായ രഹസ്യമാണ്. എന്തു തന്നെയായാലും അതിപ്പോൾ പതിവായതിനാൽ അലോപ്പതി ഡോക്ടർമാരിൽ അനുഭവജ്ഞാനത്തിലൂടെയും നിരീക്ഷണത്തിലൂടെയും സ്വാഭാവികമായി വികസിച്ചു വരേണ്ട സർഗ്ഗാത്മക ഭിഷഗ്വരശേഷി കുറഞ്ഞു വരുന്നതായാണ് കാണുന്നത്.
അലോപ്പതി ചികിത്സാരംഗത്ത് അൽപ്പം മനുഷ്യപ്പറ്റോടെ പ്രവർത്തിക്കുന്ന ഡോക്ടർമാർ പണ്ടു മുതലേ വളരെ കീർത്തി നേടിയിരുന്നു. ഇന്നും തിരുവനന്തപുരത്തെ പൈ ഡോക്ടറെ അനുസ്മരിക്കുന്ന പ്രായമുളളവരെ ധാരാളം കാണാൻ കഴിയും. രോഗികളുമായുള്ള ഇടപഴകലും സംഭാഷണവും അതിലൂടെ നടത്തുന്ന രോഗനിർണ്ണയവും അത്യാവശ്യത്തിനു മാത്രം മരുന്ന് നൽകുന്നതുമൊക്കെ കൊണ്ടായിരുന്നു പൈ ഡോക്ടറെ ഇപ്പോഴും പലരും ഉടയാത്ത ശിൽപ്പം പോലെ മനസ്സിൽ കൊണ്ടു നടക്കുന്നത്. അന്നും അലോപ്പതി രംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാരിൽ കണ്ടുവന്നിരുന്ന പ്രവണതയാണ് വളരെ യാന്ത്രികമായി രോഗികളുമായി പെരുമാറുക. ഈ യാന്ത്രികത ഡോക്ടർമാരുടെ സ്വഭാവത്തെ ഗണ്യമായി സ്വാധീനിച്ചിരുന്നു. ഇപ്പോഴും സ്വാധീനിക്കുന്നുണ്ട്. അതിന്റെ കാരണം യാന്ത്രികമായ രീതിയിൽ രോഗനിർണ്ണയം നടത്തുകയും അതേ യാന്ത്രികതയിൽ മരുന്നു നിർണ്ണയിക്കുന്നതിനാലുമാണ്.
ആ നിർണ്ണയം ഭാഗം, ഭാഗം നോക്കിയിട്ടാണ്. ഏതു ഭാഗത്തിന് ഏതു ഘടകത്തിനാണ് ക്ഷയം അല്ലെങ്കിൽ തകരാറ് എന്നു നോക്കി. അതിനാൽ മൊത്തത്തിൽ രോഗിയെ കാണുന്നില്ല. രോഗിയെന്നാൽ മനുഷ്യൻ. അതുകൊണ്ടുതന്നെ ഈ പ്രക്രിയിൽ അവർ മനുഷ്യനെ കാണാതെയുള്ള പരിജ്ഞാനത്തിലേക്ക് നീങ്ങുന്നു. ഏതും ശീലിക്കുമ്പോൾ അതു സ്വഭാവമായി മാറുന്നു. രോഗവുമായി വരുന്ന വ്യക്തിയുടെ രോഗഭാഗത്തെ മാത്രം കണ്ടു പരിചയിക്കുന്ന ഡോക്ടർക്ക് അവരറിയാതെ തന്നെ അവരിലെ മാനവികത അകലുകയും ചെയ്യുന്നു. അതവരുടെ പാഠ്യപദ്ധതിയുടെ സ്വഭാവവുമാണ്. ഈ യാന്ത്രിക സ്വഭാവം സൃഷ്ടിച്ച പോരായ്മ ഒഴിവാക്കുന്നതിനായി മഹാരാഷ്ട്രാ സർക്കാർ എം.ബി.ബി.എസ് പാഠ്യ പദ്ധതിയിൽ ലിംഗഭേദ സംവേദനത്വം (Gender Sensitisation) ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. അതും യഥാർഥത്തിൽ അലോപ്പതിക്കാർ പഠിച്ചുവന്ന ഭാഗബോധത്തെ ഉറപ്പിക്കാൻ മാത്രമേ സഹായിക്കുകയുള്ളു. കാരണം ആത്യന്തികമായി മനുഷ്യനെ മനസ്സിലാക്കാൻ ശേഷിയുള്ള വ്യക്തിക്കു മാത്രമേ സ്ത്രീപുരുഷ ഭേദമന്യേ വിവേചനബുദ്ധിയോടെ പെരുമാറാൻ കഴിയുകയുള്ളു. കാരണം ഓരോ വ്യക്തിയുടെയും സ്വഭാവം വ്യത്യസ്തമാണ്. തീർച്ചയായും സ്ത്രീകൾക്കും പുരുഷന്മാർക്കും പൊതുവായി ബാധകമായ ചില കാര്യങ്ങളുണ്ട്. എന്തു തന്നെയായാലും മഹാരാഷ്ട്രാ സർക്കാരിന്റെ ഈ നീക്കം നിലവിലുള്ള അവസ്ഥയിൽ ഗുണകരമായ മാറ്റം ഉണ്ടാക്കുന്നതു തന്നെയാണ്. കാരണം നിലവിലെ ശീലങ്ങളിൽ ചില പോരായ്മകളുണ്ടെന്നുള്ള കണ്ടെത്തലിനും അതിനു പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗവുമായാണ് ഈ നീക്കം. എന്തു തന്നെയായാലും സ്വഭാവ കേന്ദ്രീകൃതമായ പഠനം തീർച്ചയായും മാനവികതയുമായി അടുത്തു നിൽക്കുന്നതു തന്നെ. പക്ഷേ അതും പരിഹാരമാകുന്നില്ല എന്ന യാഥാർഥ്യം വിസ്മരിച്ചുകൂടാ. കാരണം അലോപ്പതി ഡോക്ടർമാരുടെ ചിന്ത കള്ളികളിൽ തളയ്ക്കപ്പെട്ട രീതിയിലേക്ക് വരത്തക്കവിധം അവർ പഠിക്കുന്ന ശാസ്ത്രവും പ്രയോഗവും നിർബന്ധിതരാക്കുന്നു. അത് പാശ്ച്രാത്യ പ്രമാണ സ്വാധീനത്തിന്റെ ഫലവുമാണ്. ജെൻഡർ സെൻസിറ്റൈസേഷനും ആ സമീപന സിദ്ധാന്തഭാഗമാണ്.
മുൻപും ഈ സമീപനം അലോപ്പതി ഡോക്ടർമാരെ സ്വാധീനിച്ചിരുന്നുവെങ്കിലും രോഗനിർണ്ണയത്തിൽ കൂടുതലും അവർ ആശ്രയിച്ചിരുന്നത് അവരുടെ ശേഷിയിലായിരുന്നു. അതുകൊണ്ടു കൂടിയാകണം മാനവിക മുഖമുള്ള ഒട്ടേറെ ഡോക്ടർമാർ അന്ന് സമൂഹത്തിന്റെ ആദരവ് നേടുന്ന വിധം പ്രവർത്തിക്കാനിടയായത്. വർത്തമാനകാലത്തിൽ ഡോക്ടർമാർ സാങ്കേതികതയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ കണ്ടുവരുന്ന പ്രവണത ഡോക്ടർമാർ ഉപകരണങ്ങളുടെ അനുബന്ധമായി മാറുന്നതാണ്. യഥാർഥത്തിൽ നേരേ തിരിച്ചാണ് സംഭവിക്കേണ്ടത്. ഇന്ന് വിദേശത്ത് കാര്യങ്ങൾ നേരേ തിരിഞ്ഞിരിക്കുന്നു. ഡോക്ടർ-രോഗി സംവേദനത്തിന് അവർ കൂടുതൽ ഊന്നൽ നൽകുന്നു. അത് രോഗിയിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ വളരെ ഉപകരിക്കുന്നുവെന്ന് കണ്ടാണത്. അതിന്റെ ഭാഗമായി ഡോക്ടർമാർ സാർവ്വദേശീയമായി ഉപയോഗിക്കുന്ന വെള്ളക്കോട്ടുപോലും ചില ആശുപത്രിയിലെ ഡോക്ടർമാർ ഉപയോഗിക്കാറില്ല. കേരളത്തിലെ ചില അത്യാധുനിക സൗകര്യങ്ങളുളള ആശുപത്രികളും ഈ മാതൃക പിന്തുടരുന്നുണ്ട്. അത് രോഗിയും ഡോക്ടറും തമ്മിലുള്ള അകലം നന്നായി കുറയ്ക്കുന്നു. ഈ അകൽച്ചക്കുറവ് ഡോക്ടറെ സംബന്ധിച്ചും സഹായകരമാണ്. കാരണം രോഗി വളരെ അനായാസം ഡോക്ടറുമായി സംവദിക്കുന്നതിലൂടെ കൂടുതൽ വിവരങ്ങൾ രോഗിയിൽ നിന്നു ഡോക്ടർക്ക് ലഭിക്കുന്നു. ഇത് രോഗനിർണ്ണയത്തിലും ചികിത്സയിലും വലിയ സഹായകമായി മാറുന്നു.
എന്നാൽ ഇന്നും മുഖ്യധാരയിൽ ഡോക്ടർമാർ രോഗികളുമായി സഹജീവിയുമായി ഇടപെടുന്ന വിധം ഇടപെടാൻ വിമുഖത കാട്ടുന്ന സംസ്‌കാരം തന്നെയാണ് നിലനിൽക്കുന്നത്. അതു ഡോക്ടർമാരിൽ മാത്രമല്ല. ആശുപത്രികളിലെ ഏറ്റവും താഴെക്കിടയിലുളള സ്റ്റാഫിൽ പോലും ആ അകൽച്ച സ്വരത്തിലൂടെ അറിയാൻ കഴിയും. ഊഴം കാത്തു നിൽക്കുന്ന രോഗികളുടെ പേര് നഴ്‌സ് വളരെ യാന്ത്രികമായ രീതിയിൽ ഉറക്കെ വിളിച്ചു പറയുന്നതും നിർദ്ദേശം കൊടുക്കുന്നതും പതിവാണ്. എന്നാൽ അവരുടെ പരിചയക്കാരുമായോ സഹപ്രവർത്തകരുമായോ സംസാരിക്കുമ്പോള്‍ ആ ഭാഷയല്ല അവരിൽ നിന്നും പുറത്തു വരുന്നത്. ഇത് രോഗിയെ വെറും രോഗിയാക്കി മാത്രം അകറ്റുന്നതിന്റെ ദൃഷ്ടാന്തമാണ്. എന്നാൽ രോഗിയേയും മനുഷ്യനായി കാണുമ്പോഴാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള സംവേദനത്തിന്റെ സാംസ്‌കാരികത പ്രകടമാകുക. മനുഷ്യൻ ഇടപെടുന്ന ഇടങ്ങളിലെല്ലാം സംസ്‌കാരം അവശേഷിപ്പിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാണ്. അവന്റെയും അവളുടെയും പെരുമാറ്റത്തിൽ നിന്നാണ് ആ സാംസ്‌കാരികാവശേഷിപ്പ് ഉണ്ടാവുക. അതു ചിലപ്പോൾ മനുഷ്യനെ കൂടുതൽ മാനവികതയിലേക്കു നയിക്കുന്നതാകാം. അല്ലെങ്കിൽ അതിനു വിപരീത ദിശയിലേക്കു നയിക്കുന്നതാകാം. ആധുനിക ആശുപത്രിയിലെ അവശേഷിപ്പു സംസ്‌കാരം മനുഷ്യന്‍റെ മാനവികതയെ ഉത്തേജിപ്പിക്കുന്നതിനു പകരം മൃഗീയതയെ ഉണർത്തുന്നതാണെന്നു കണ്ടിട്ടാവും ചില ആശുപത്രികളിൽ രോഗികൾ പാലിക്കേണ്ട മര്യാദകളെ കുറിച്ച് എഴുതിവച്ചിരിക്കുന്നതും അതോടൊപ്പം ഒരൽപ്പം ഭീഷണിയുടെ സ്വരം പ്രത്യക്ഷമാക്കും വിധം നിങ്ങൾ സിസി ക്യാമറായാൽ ഓരോ നിമിഷവും വീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുമൊക്കെ എഴുതി വയ്‌ക്കേണ്ടി വരുന്നത്.
ഡോക്ടര്‍മാരുടെ ഈ പെരുമാറ്റത്തിന്റെ ഉത്തരവാദിത്വം സമൂഹത്തിനുമുണ്ട്. കാരണം ആരോഗ്യത്തേക്കാളുപരി അലോപ്പതിക്ക് ജനം ചാർത്തിക്കൊടുത്ത ഒരു അവസ്ഥാവിശേഷമാണ് ഇത്തരം സ്വഭാവരൂപീകരണത്തിലേക്ക് അവരെ മാറാൻ പ്രേരിപ്പിച്ചതിലെ ഒരു ഘടകം. ഈ സമീപനം തന്നെയാണ് ആയുർവേദവും മറ്റ് ശാഖകളും അടുത്ത കാലം വരെ തഴയപ്പെട്ട അവസ്ഥയിലാകാനും ആ മേഖലയിൽ വേണ്ട നേട്ടം കൈവരിക്കാനും സാധിക്കാതെ പോയത്. ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ട്. കാരണം, അലോപ്പതി ചികിത്സയിൽ രക്ഷ കിട്ടാതെ വരുമ്പോൾ ഇപ്പോൾ ആൾക്കാർ പ്രാപിക്കുന്നത് മുഖ്യമായും ആയുർവേദത്തെയാണ്. അലോപ്പതി ഡോക്ടർമാരുടെ സ്വാധീനം ഇപ്പോൾ ആയുർവേദ ഡോക്ടർമാരേയും സ്വാധീനിച്ചു തുടങ്ങിയതിന്റെ ലക്ഷണവും കണ്ടു തുടങ്ങിയിട്ടുണ്ടെന്നും പറയാതിരിക്കാൻ വയ്യ. അത് ആയുർവേദ ശാസ്ത്രത്തിന്റെ മർമ്മത്ത് കത്തി വയ്ക്കുന്നതായിരിക്കും. രോഗിയെ കാണുന്ന മാത്രയിൽ ഭാവവും ലക്ഷണവും കണ്ട് രോഗനിർണ്ണയം നടത്തുന്ന മഹാഭിഷഗ്വരർ യഥേഷ്ടം ഉണ്ടായിരുന്ന നാടാണ് കേരളം. ഇപ്പോഴും അങ്ങനെയുള്ളവർ ധാരളമുണ്ടു താനും. മനുഷ്യപ്രകൃതിയുടെ ആരോഗ്യകാരണങ്ങളെ അറിഞ്ഞ് മനുഷ്യനെന്ന നിലയിൽ സൂക്ഷ്മ ദൃഷ്ടിയോടെ രോഗിയെ നിരീക്ഷിക്കുന്നിടത്താണ് ആയുർവേദ വൈദ്യരുടെ ശേഷി പ്രകടമാകുക. അത്രയ്ക്ക് സൂക്ഷ്മതലത്തിലേക്ക് ആ ഭിഷഗ്വരന് എത്താൻ കഴിയുന്നു. ആ സൂക്ഷ്മതയാണ് ഒരു ഭിഷഗ്വരൻ ഭിഷഗ്വരൻ എന്ന നിലയിൽ സ്വയം വികസിപ്പിച്ചെടുക്കേണ്ടത്. അങ്ങനെയുള്ള ഭിഷഗ്വരർക്ക് അവശ്യം ഘട്ടങ്ങളിൽ ഉപകരണങ്ങൾ തങ്ങളുടെ അനുബന്ധമായി മാറുന്നു.
പ്രസവം കഴിഞ്ഞ് നാൽപ്പത്തിയഞ്ചു ദിവസമായ യുവതി. യുവതിയുടെ ഇടതു കൈയ്ക്കും കാലിനും വേദനയും കഴപ്പും. പ്രസവാനുബന്ധമായി ഉണ്ടാകുന്ന ഏതെങ്കിലും അപാകതകളാണോ എന്ന് യുവതി ആവലാതിപ്പെട്ടു. പ്രവസം സീസേറിയനായിരുന്നു. അതു നടന്ന ആശുപത്രിയിലെത്തിയാൽ സ്വാഭാവികമായും സ്‌കാനിംഗും എക്‌സ്‌റേയുമൊക്കെ ഉണ്ടാവും. കൂട്ടത്തിൽ മരുന്നുകളും. കുട്ടിക്ക് പാലു കൊടുക്കുന്നതു കാരണം അത്തരത്തിലൊരു ചികിത്സയിലേക്കു പോകാൻ താൽപ്പര്യമില്ല. അങ്ങനെയാണ് എറണാകുളം ജില്ലയിലെ ചേരാനല്ലൂരിലുള്ള ആയുർവേദ വൈദ്യൻ വിലഞ്ഞി വിഷ്ണു നമ്പൂതിരിയെ കുറിച്ചറിഞ്ഞത്. അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ രോഗിയെ നേരിൽ കാണാതെ മരുന്ന് നിശ്ചയിക്കാൻ പറ്റില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞു. തുടർന്ന് അദ്ദേഹത്തെ നേരിട്ടു കണ്ടു. നോട്ടത്തിൽ എഴുപതിലേറെ വയസ്സു തോന്നിക്കുന്ന വൈദ്യൻ. രോഗി നേരിട്ടു വിവരം പറയാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ ചോദ്യവും ചോദിക്കുന്നതോടൊപ്പം അദ്ദേഹം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹം രോഗ നിർണ്ണയം നടത്തി. കുളിച്ചിട്ട് മുടി തോർത്തിൽ കെട്ടി വയ്ക്കുന്നതുമൂലം വെള്ളം താഴ്ന്ന്‍ സുഷുമ്‌നയിലുണ്ടായ മരവിപ്പാണ് അസുഖത്തിനു കാരണമെന്നും നല്ലവണ്ണം തല തോർത്തി മുടി വിടർത്തി ഉണക്കിയിടുകയും രാസ്‌നാദി തിരുമ്മുകയും ചെയ്താൽ വേദന പൊയ്‌ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് മരുന്നിന്റെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടിലെത്തി രണ്ടാം ദിവസം പൂർണ്ണമായും കൈയ്ക്കും കാലിനുമുണ്ടായ അസ്വസ്ഥതയിൽ നിന്നും വേദനയിൽ നിന്നും യുവതി മുക്തമായി. ഒരു മരുന്നും പ്രത്യേകം കഴിക്കാതെയാണ് ഈ രോഗശമനം ഉണ്ടായത്. അതും ഒരു വൈദ്യന്റെ രോഗകാരണ നിർണ്ണയവും രോഗനിർണ്ണയവും നിമിത്തം.
പക്ഷേ, ജനങ്ങൾക്ക് ആരോഗ്യത്തേക്കാളുപരി പരിശോധനകളും മരുന്നും കഴിച്ചില്ലെങ്കിൽ രോഗം മാറില്ല എന്ന ഒരു വിശ്വാസം നിലനിൽക്കുന്നു. ഇത് ചികിത്സാരംഗവുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിപണി ആസൂത്രിതമായി രൂപപ്പെടുത്തിയതും ഇപ്പോൾ പൂർവ്വാധികം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ ശ്രമത്തിന്റെ ഫലമാണത്. ആ കമ്പോളത്തിന്റെ ആവശ്യമാണ് ഡോക്ടർമാർ രോഗിയെ മനുഷ്യനായും അയാളുടെ ആരോഗ്യത്തെ പ്രധാനമായും കാണരുതെന്നുളളത്. മറിച്ച് ചികിത്സയേയും ചികിത്സാവിധികളിലേക്കുമായിരിക്കണം ഡോക്ടർമാരുടെ ശ്രദ്ധയെന്നുള്ളത്. ആ വിധം ഡോക്ടർമാരെ മാറ്റിയെടുക്കുന്നതിൽ വിദ്യാഭ്യാസ കാലം തൊട്ടുള്ള നടപടികളിൽ തന്ത്രങ്ങൾ വിന്യസിക്കപ്പെടുന്നു. വിപണിയുടെ ഈ താൽപ്പര്യമാണ് ക്രമേണ ഡോക്ടർമാരിൽ യാന്ത്രികത നിക്ഷേപിക്കുന്നതും അതിന്റെ പ്രേരണയിൽ അവരിൽ മാനവികതയുടെ സംസ്‌കാരം കുറയാനുമുള്ള കാരണം. അവരിൽ മാനവികതയുടെ അംശം മുമ്പിലേക്കു വന്നാൽ തകരുന്നത് തങ്ങളുടെ നിലനിൽപ്പാണെന്ന് ചികിത്സാ വിപണിക്ക് നന്നായി അറിയാം.
ഈ യാന്ത്രിക സംസ്‌കാരത്തിന്റെ ബോധപൂർവ്വ നിർമ്മിതിക്കിടയിലും മാനവികത പുലർത്തുകയും അതിന്റെ മൂല്യം മനസ്സിലാക്കി രോഗികളെ മനുഷ്യരായി കാണുന്ന ഡോക്ടർമാരും ഇപ്പോഴും ഉണ്ടെന്നുള്ളതും വിസ്മരിക്കാവുന്നതല്ല. പക്ഷേ അവർ ന്യൂനപക്ഷം മാത്രം.