Skip to main content

മറ്റു രാജ്യങ്ങളിലെ പൗരരായ ഇന്ത്യന്‍ വംശജര്‍ക്ക് (പി.ഐ.ഒ) നല്‍കുന്ന കാര്‍ഡിന്റെ കാലാവധി നിലവിലെ 15 വര്‍ഷത്തില്‍ നിന്ന്‍ ആജീവനാന്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യന്‍ വംശജര്‍ക്ക് ആജീവനാന്ത വിസ നല്‍കുമെന്ന്‍ കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ യു.എസിലെ ഇന്ത്യന്‍ വംശജരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് പി.ഐ.ഒ കാര്‍ഡിന്റെ കാലാവധി നീട്ടിയത്.

 

പി.ഐ.ഒ കാര്‍ഡ് ഉടമകള്‍ ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 180 ദിവസത്തില്‍ അധികം താമസിച്ചാല്‍ ബന്ധപ്പെട്ട പോലീസ് അധികാരിയുടെ അടുത്ത് വിവരം അറിയിക്കുന്നതില്‍ നിന്ന്‍ ഒഴിവാക്കുന്ന നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്.

 

ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ ഒഴിച്ച് യു.എസ് പൗരര്‍ക്ക് പത്ത് വര്‍ഷത്തേക്ക് വിസ അനുവദിക്കാനും സ്ഥാനപതി കാര്യാലയങ്ങള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യു.എസില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഒക്ടോബറില്‍ തന്നെ വിസ ഓണ്‍ അറൈവല്‍ പദ്ധതി തുടങ്ങും.  

 

ഇന്ത്യന്‍ വംശജര്‍ (പി.ഐ.ഒ), വിദേശ ഇന്ത്യന്‍ പൗരര്‍ (ഒ.സി.ഐ) എന്നീ കാര്‍ഡുകള്‍ യോജിപ്പിച്ച് പുതിയ ഒരു കാര്‍ഡ് കൊണ്ടുവരാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നുണ്ട്.