Skip to main content

electric bus bangalore

 

മാറ്റത്തിന്റെ മാറ്റൊലിയുമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് ബെംഗലൂരു നഗരം വഴിമാറുന്നു. ഒരു കാലത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ അതിപ്രസരത്താല്‍ അന്തരീക്ഷ മലിനീകരണത്തില്‍ പോലും മുന്‍പന്തിയില്‍ എത്തിയിരുന്ന ഈ മഹാനഗരം അക്ഷരാര്‍ത്ഥത്തില്‍ ഹരിതനഗരമായി മാറുകയാണ്. രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങള്‍ ഓടുന്ന നഗരമെന്ന പേര് ഉദ്യാനനഗരി ഇതിനകം സ്വന്തമാക്കി.

 

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ കുറിച്ച് യു.എന്‍ ഹാബിറ്റാറ്റ് നടത്തിയ പഠനത്തിലാണ് ബെംഗലൂരു നഗരത്തിന് ഈ അപൂര്‍വ ബഹുമതി. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ സമീപനം ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തേയും ഉപഭോഗത്തേയും ഒട്ടുംതന്നെ പ്രോത്സാഹിപ്പിക്കുന്ന വിധമുള്ളതല്ലെന്ന് സംഘടന കുറ്റപ്പെടുത്തുന്നു.

 

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹിന്ദ്ര 2011 മാര്‍ച്ചിന് ശേഷം തങ്ങളുടെ റേവ ഇലക്ട്രിക് കാറുകള്‍ 4000 എണ്ണം വിറ്റഴിച്ചു. 2010-ലാണ് മഹിന്ദ്ര റേവ ഏറ്റെടുത്തത്. ഗോ ഗ്രീന്‍ ടുവീലര്‍ കമ്പനിയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ച് മികവ്‌ കാട്ടി. നാല് സംസ്ഥാനങ്ങളിലായി 700 മുതല്‍ 900 വരെ ഇരുചക്ര വാഹനങ്ങള്‍ കമ്പനി ഒരു മാസം വിറ്റഴിക്കുന്നു. കമ്പനിയുടെ കവച് എന്ന മോട്ടോര്‍ബൈക്ക് ഒരു പ്രാവശ്യം ബാറ്ററി ചാര്‍ജ് ചെയ്താല്‍ ഏകദേശം 120 കിലോമീറ്റര്‍ സഞ്ചരിക്കാം. കമ്പനി കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ബെംഗലൂരു നഗരത്തില്‍ മാത്രം 1900 കവച് വില്‍പ്പന നടത്തി.

 

താരതമ്യേന കുറഞ്ഞ മൂലധനവും ഉപയോഗച്ചിലവുമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധനവിന് പ്രധാന കാരണങ്ങള്‍. 5-6 ലക്ഷം രൂപ മുടക്കി വാങ്ങുന്ന ഒരു പെട്രോള്‍ കാര്‍ ദിവസവും 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏകദേശം ഒരു മാസം 7000 രൂപ ചിലവഴിക്കേണ്ടി വരുമ്പോള്‍ ഇലക്ട്രിക് കാറില്‍ ഇതേ ദൂരം പിന്നിടാന്‍ ഇതിന്റെ പകുതി ചിലവേ ആകുകയുള്ളൂ. കൂടാതെ മുടക്കുമുതലിലെ കുറവും മറ്റൊരാകര്‍ഷണമാണ്.

 

ആദ്യമായി ഇലക്ട്രിക് ബസ്സുകള്‍ ഓടുന്ന നഗരമെന്ന നേട്ടവും ബെംഗലൂരു സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നിരത്തിലിറങ്ങിയ ഈ ഇലക്ട്രിക് ബസുകള്‍ ആറു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ യാത്ര ചെയ്യാം. ബി.എം.ടി.സിയുടെ ഈ ബസില്‍ നിന്ന്‍ പുകയോ ശബ്ദമോ അന്തരീക്ഷ മലിനീകരണമോ തീരെയില്ല. വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സൗരോര്‍ജം ഉപയോഗിച്ചും ഇത് ചാര്‍ജ് ചെയ്യാം. ഇന്ധനച്ചിലവും കൈകാര്യച്ചിലവും കുറഞ്ഞ ഈ ബസ് ഒരു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് ബി.എം.ടി.സിയ്ക്ക് ചിലവാകുന്നത് 4-6 രൂപയാണ്. സാധാരണ വോള്‍വോ ബസ്സിനെക്കാള്‍ ചിലവേറിയതാണെങ്കിലും അന്തരീക്ഷ മലിനീകരണത്തിന്റെ അഭാവവും കൈകാര്യച്ചിലവിലുള്ള കുറവും കണക്കിലെടുക്കുമ്പോള്‍ ഈ ഇലക്ട്രിക് ബസ്സുകള്‍ മറ്റ് ഇന്ത്യന്‍ റോഡുകള്‍ക്കും മാതൃകയായേക്കും.