കട്വാരിയ സരായിയിലെ നിറജാലവിദ്യ

മഞ്ജു
Thursday, October 10, 2013 - 11:45am

kalamandalam p. kunhikrishnan asan

സരായിയെയും അവിടുത്തെ ചരസ്സുവില്പനക്കാരനെയും പരിചയപ്പെടുത്തിയത് കാക്കനാടനാണ്, "യൂസ്സുഫ്‌ സരായിയിലെ ചരസ്സു വ്യാപാരി"യിലൂടെ. ദില്ലിയിലെ സ്ഥലനാമങ്ങളിൽ പലതിലും സരായിയുണ്ട്. ദൂരയാത്രക്കാർക്കുള്ള വഴിയോര വിശ്രമകേന്ദ്രം എന്നുവേണമെങ്കിൽ മലയാളീകരിക്കാം സരായിയെ. അതേക്കുറിച്ച് മറ്റൊരവസത്തിൽ പറയാം, തല്ക്കാലം യാത്ര കട്വാരിയ സരായിയിലേക്കാണ്. അവിടെയുള്ള അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലേക്ക്.

 

കേരളത്തിൽ നിന്നും ദില്ലിയിലെത്തിയ ആദ്യകാല സഹൃദയർ കൂടെ കൂട്ടിയതാണീ സ്ഥാപനത്തെ. 1960-കളിൽ. ബാലാരിഷ്ടതകളെ അതിജീവിച്ച്, പ്രവാസി മലയാളിയുടെ കളിഭ്രാന്തിനു കൂട്ടായി കഥകളികേന്ദ്രവും ചരിക്കുന്നു, തേച്ചുമിനുക്കിയെടുക്കാൻ കണക്കിന് ഒരുപിടി പ്രതിഭകളുമായി. കേരളത്തിലായിരുന്നുവെങ്കിൽ കലാനിരൂപകർ പാടിപ്പുകഴ്ത്തുമായിരുന്ന ഇരുത്തം വന്ന പ്രതിഭകൾക്ക് യാതൊരു ക്ഷാമവുമില്ല കഥകളി കേന്ദ്രത്തിൽ. അതുകൊണ്ടുതന്നെ ദില്ലിമലയാളിയുടെ കലാമണ്ഡലം എന്നു വിളിച്ചാലും തെറ്റില്ല.

 

കളിവിളക്കിന് മുന്നിൽ നിറഞ്ഞാടി ആസ്വാദകന്റെ മനസ്സുകുളിർപ്പിക്കുന്ന കഥകളി നടന്മാരേയും ഒപ്പത്തിനൊപ്പം നിൽക്കുന്ന പൊന്നാനി പാട്ടുകാരെയും മാത്രം ശ്രദ്ധിക്കുന്ന ഒരു സാധാരണ ആസ്വാദക മാത്രമായിരുന്ന എന്നെ ഈ കലാരൂപത്തിന്റെ പിന്നാമ്പുറ കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോയത് കഥകളി കേന്ദ്രത്തിലേക്കുള്ള ചില യാത്രകളാണ്. പതിവായി കാണുന്ന മുഖങ്ങളെ നളനും, കർണ്ണനും, ഹനുമാനും, ദുശ്ശാസനനും, രാവണനുമൊക്കെയായി മാറ്റുന്ന 'അത്ഭുതം' കുട്ടികൾക്കൊപ്പം ഞാനും കണ്ടുനിന്നു. കഥകളിയിൽ ഏറ്റവും കൂടുതൽ പരിഷ്കാരങ്ങൾക്കു വിധേയമായിട്ടുള്ള വിഭാഗം ഒരുപക്ഷെ ചുട്ടിയും വേഷവിധാനങ്ങളും ഒക്കെയാകും. എന്നാൽ ശ്രദ്ധയും അംഗീകാരവും ഏറ്റവും കുറവ് കിട്ടുന്നത്‌ ചുട്ടിക്കാരനും. ചുട്ടി: കലയും ശാസ്ത്രവും എന്ന പുസ്തകത്തിൽ കലാനിലയം പരമേശ്വരൻ ഈ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

 

kalamandalam p. kunhikrishnan asanകഥകളി കേന്ദ്രത്തിൽ അണിയറയിലെ ഈ 'അത്ഭുത'പ്രവൃത്തി ഗുരു കലാമണ്ഡലം പി. കുഞ്ഞികൃഷ്ണൻ ആശാനിൽ ഭദ്രം. ഷഷ്ടിപൂർത്തിയുടെ നിറവിലാണ് ആശാൻ. അനുഭവങ്ങൾക്ക് പഞ്ഞമില്ലാത്തതിനാലാവും നിർമ്മമതയാണ് ആ അഞ്ചടിയിൽ താഴെമാത്രം പൊക്കമുള്ള കുഞ്ഞു ശരീരത്തിലെ പ്രധാനഭാവം. പരിചയമുള്ള മുഖങ്ങളോടു കണ്ണുകൊണ്ട് പുഞ്ചിരിക്കും. ചുട്ടികുത്താനിരുന്നാൽ ഭാവം ഗൌരവമാകും. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ  ജനിച്ച കുഞ്ഞികൃഷ്ണനാശാൻ 1974-ലാണ് കഥകളി കേന്ദ്രത്തിൽ ചേരുന്നത്. അപ്പോഴേക്കും കലാമണ്ഡലത്തിലെ ചിട്ടയായ അഭ്യാസം കുഞ്ഞികൃഷ്ണൻ എന്ന വ്യക്തിയെ ചുട്ടിക്കാരനായി മാറ്റിക്കഴിഞ്ഞിരുന്നു. അവിടുന്നിങ്ങോട്ട് ഒരുപാടു തവണ നളനെയും, കർണനെയും രാവണനെയുമെല്ലാം അണിയിച്ചൊരുക്കി ഈ കൈകൾ. ചുട്ടിക്കാരൻ എന്നതിലുപരി കഥകളിയുടെ മർമ്മമറിയുന്ന നല്ല ആസ്വാദകൻ കൂടിയാണ് ആശാൻ. അരങ്ങിലെയും അണിയറയിലെയും നിരന്തരപരിചയം ആശാനിലെ ആസ്വാദകനെ സ്ഫുടം ചെയ്തെടുത്തിട്ടുണ്ട്. സന്ദർഭം അനുവദിക്കുമെങ്കിൽ, കഥകളി എൻസൈക്ലോപീഡിയ അദ്ദേഹം നിങ്ങൾക്കുമുന്നിൽ തുറക്കും. മണിക്കൂറുകളെ നിമിഷങ്ങളാക്കി മാറ്റുന്ന മറ്റൊരു ജാലവിദ്യ.

 

കഥകളി കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള ഓരോയാത്രയും ഒരുരാത്രി മുഴുവൻ കളികണ്ടു വെളുപ്പാൻ കാലത്ത് ഉറക്കച്ചടവുള്ള കണ്ണുകളുമായി വീട്ടിലെക്കു പോകുന്ന പഴയ ദിനങ്ങളെ ഓർമ്മിപ്പിക്കും. ആ യാത്രകളിൽ പലതിലും കൂട്ടായുണ്ടായിരുന്നത് ചെണ്ടയും മദ്ദളവും അല്പം മുൻപു കണ്ട ആ അത്ഭുത പ്രപഞ്ചവും ഒക്കെയായിരുന്നു. അന്നുമുതൽ ഉറച്ചുപോയൊരു തോന്നലാണ് കഥകളിക്കു സമം കഥകളി മാത്രം. ഈ യാത്രയും വെറുതെയായില്ലെന്ന വിശ്വാസത്തോടെ മടങ്ങാം. കട്വാരിയ സരായിയിലെ ‘നിറജാലവിദ്യ’ക്കാരന് ഷഷ്ടിപൂർത്തി ആശംസകൾ.

Tags: