ചെന്നൈയിലെ ഗിണ്ടി റെയ്സ്കോഴ്സ് ഗ്രൗണ്ടിൽ കുതിരകൾ ചിന്നംവിളിച്ച് തകർത്തോടുമ്പോൾ നെഞ്ചിൽ കൈവച്ച് അദ്ദേഹം പ്രാർത്ഥിക്കും: 'എന്റെ ഈശോയെ! ചതിക്കല്ലേ, ഇന്നെങ്കിലും എന്റെ മാനം കാക്കണമേ!' പക്ഷേ, നിർദ്ദയനായ ഈശോ ആ ശുദ്ധമനുഷ്യനെ ചതിച്ചു, ഒരിക്കലല്ല, പലവട്ടം. എങ്കിലും മത്സരത്തിന്റെ ആവേശം അദ്ദേഹത്തെ ഗിണ്ടിയിൽ നിന്ന് പിൻവാങ്ങാൻ അനുവദിച്ചിരുന്നില്ല. ആഴ്ചയിൽ രണ്ടുദിവസം അദ്ദേഹം വിശാലമായ റെയ്സ്കോഴ്സ് ഗ്രൗണ്ടിൽ ഹാജരുണ്ടാകും, കുതിരകൾ ചിന്നംവിളിച്ച് ഓടുന്നതു കാണാൻ. ഇഷ്ടപ്പെട്ട കുതിരകൾക്കായി പ്രാർത്ഥനകളോടെ പന്തയംവയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സ് കുതിരയുടെ കഴുത്തിലെ കുഞ്ചിരോമംപോലെ ഇളകിയാടുന്നുണ്ടാകും.
മലയാളത്തിൽ അറുപതിലധികം ചിത്രങ്ങളിൽ അച്ഛനായും ചിറ്റപ്പനായും മുത്തച്ഛനായും അമ്മാവനായും മാടമ്പിയായും വ്യവസായപ്രമുഖനായുമൊക്കെ വേഷങ്ങൾ കെട്ടിയാടിയ കോട്ടയത്തുകാരൻ പി.കെ അബ്രഹാമിനെ നിങ്ങൾ ഓർക്കുന്നുണ്ടോ? പി.എൻ മേനോന്റെ ചായത്തിൽ ഷീലയുടെ ഭർത്താവായി അസാധാരണ ഭാവപ്രകടനം നടത്തിയ പി.കെ അബ്രഹാം? ചില പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരു കാലഘട്ടത്തിൽ പി.കെ അബ്രഹാം വേണമായിരുന്നു. യാമം, അഷ്ടമംഗല്യം തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം തിരക്കഥയുമെഴുതി. മദനോത്സവം, മീൻ, നിദ്ര, തൃസന്ധ്യ, തൊട്ടാവാടി, യാമിനി, ശരപഞ്ജരം, മംഗളം നേരുന്നു, കാമംക്രോധംമോഹം, അഗ്നിനക്ഷത്രം, സൂര്യദാഹം, ശ്രീകൃഷ്ണപ്പരുന്ത്, വെള്ളം തുടങ്ങിയ നിരവധി ചിത്രങ്ങളുണ്ട് അദ്ദഹേത്തിന്റെ ക്രെഡിറ്റിൽ.
ഞങ്ങൾ, സൗഹൃദം കാത്തുസൂക്ഷിക്കുന്ന സംഘം പി.കെ അബ്രഹാമിനെ അബ്രഹാംമാഷെന്നു വിളിച്ചു. അതെ, ഒരു മാഷിന്റെ പക്വതയോടെയാവും അദ്ദേഹം സംസാരിക്കുക. മലയാള മനോരമയുടെ കോട്ടയം യൂണിറ്റിൽ പബ്ലിക് റിലേഷൻസ് വകുപ്പിലായിരുന്നു അദ്ദേഹത്തിനു ജോലി. സൗമ്യമായ പെരുമാറ്റം. മനോരമ കുടുംബവുമായി അടുത്ത ബന്ധം. കാണാൻ സുന്ദരൻ. നല്ല ഉയരം. കരുതിവച്ചുള്ള സംഭാഷണം. എപ്പോഴും തനതായ, മറയാത്ത ഒരു ചിരി ചുണ്ടിൽ ഞാത്തിയിട്ടിട്ടുണ്ടാകും, അടയ്ക്കാക്കിളിയുടെ കൂടുപോലെ. കൽക്കത്തയിലും ലണ്ടനിലുമൊക്കെ പഠിച്ചിട്ടുണ്ട്. പക്ഷേ സിനിമനടന്റെ ചേലുണ്ടെങ്കിലും സിനിമയോടൊന്നും അഭിനിവേശമോ മോഹമോ ഇല്ല. 1973-ന്റെ തുടക്കം. എം. കൃഷ്ണൻ നായർ യാമിനിയെന്ന സിനിമയെടുക്കുന്ന കാലം. അബ്രഹാം മാഷിനു അനുയോജ്യമായ കഥാപാത്രമുണ്ടെന്ന് ആരോ പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തെ സംവിധായകൻ കൃഷ്ണൻ നായർ ക്ഷണിക്കുന്നത്. മധു, പി.കെ അബ്രഹാം, ജയഭാരതി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അങ്ങനെയാണ് പി.കെ അബ്രഹാം മലയാളസിനിമയുടെ തിരുമുറ്റത്തേയ്ക്ക് അപ്രതീക്ഷിതമായി കാലെടുത്തുവയ്ക്കുന്നത്. അടുത്ത ചിത്രം പി.എൻ മേനോൻ സംവിധാനം ചെയ്ത, എസ്.കെ നായർ നിർമ്മിച്ച ചായമായിരുന്നു. ചായത്തിന്റെ ഷൂട്ടിംഗിനുവേണ്ടിയാണ് അദ്ദേഹം മദ്രാസിലെത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങൾ അബ്രഹാം മാഷിനെ തേടിയെത്തുന്നു. തിരക്കേറിയപ്പോൾ അദ്ദേഹത്തിനു മലയാള മനോരമയിലെ പണി ഉപേക്ഷിക്കേണ്ടി വന്നു. പലരും ജോലി കളയരുതെന്ന് അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ അഭിനയവും ഒരു ജോലിയല്ലേ എന്നദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ തിരിച്ചടിച്ചു. അവസാനകാലത്ത് ചെന്നൈയിലെത്തിയാൽ ഹോട്ടൽമുറിയൊന്നുമെടുക്കാതെ അടുത്ത സുഹൃത്തായ കലാസംവിധായകൻ രാധാകൃഷ്ണനോടൊപ്പം (ആർ.കെ) ആയിരുന്നു താമസം. 'രാധക്കുഞ്ഞി'നെപ്പറ്റി അദ്ദേഹം പലതവണ പറഞ്ഞിട്ടുമുണ്ട്. ഞാനദ്ദേഹത്തെ പരിചയപ്പെടുന്നതും സൗഹൃദം പങ്കുവയ്ക്കുന്നതും അക്കാലത്തായിരുന്നു.
എണ്പതുകളുടെ പകുതിയോടെയാണ് അദ്ദേഹത്തെ കുതിരകളുടെ ആത്മാക്കൾ ഗിണ്ടിയിലേയ്ക്ക് മാടിവിളിച്ചത്. അന്ന് യുഎൻഐക്കുവേണ്ടി ഗിണ്ടിറെയ്സ് റിപ്പോർട്ട് ചെയ്തിരുന്നത് ജോസഫ് മാടപ്പള്ളിയായിരുന്നു. മാടപ്പള്ളിയെ ആ 'മഹത്തായ' കർമ്മത്തിനു നിയോഗിച്ചത് അന്നത്തെ യു.എൻ.ഐയുടെ റീജിയണൽ മാനേജർ ബി.ആർ.പി ഭാസ്ക്കറും. ഒരുനാൾ മാടപ്പള്ളി അബ്രഹാം മാഷിനേയും ഗിണ്ടിയിലേയ്ക്ക് ക്ഷണിച്ചു. കുതിരകളുടെ ലോകത്തിലേയ്ക്ക് കാലുകുത്തുമ്പോൾ താൻ അവയുടെ മാസ്മരവിദ്യയിൽ, അദൃശ്യമന്ദസ്മേരത്തിൽ അലിഞ്ഞുപോകുമെന്ന് മാഷ് ഒരിക്കലും കരുതിയിരിക്കില്ല. കുതിരപ്പന്തയത്തോടും അതിൽ പങ്കെടുക്കുന്ന കുതിരകളോടും അവാച്യമായൊരു അഭിനിവേശം കടന്നുവരുന്നത് അദ്ദേഹം അറിഞ്ഞിരുന്നുമില്ല. എന്നാൽ രാധാകൃഷ്ണനെപ്പോലെയുള്ള സുഹൃത്തുക്കൾ ആ മാറ്റം പ്രകടമായി അറിഞ്ഞിരുന്നു. പക്ഷേ മാഷിനെ പിന്തിരിപ്പിക്കാൻ മാത്രം കഴിഞ്ഞില്ല. വെള്ളി, ശനി, ഞായർ തുടങ്ങിയ പന്തയദിനങ്ങളിൽ ഷൂട്ടിംഗ് ഉപേക്ഷിച്ചും അദ്ദേഹം ഗിണ്ടിയിലെ വിശാലമായ റെയ്സ് ഗ്രൗണ്ടിൽ എത്തിയിരുന്നു.
അദ്ദേഹം കുതിരകളെ പ്രണയിച്ചു. കുതിരകൾ അദ്ദേഹത്തെ പ്രണയിച്ചോ എന്നറിയില്ല. പക്ഷേ മാഷിന്റെ ചങ്കിൽത്തട്ടിയ പ്രണയം ഗദ്ഗദങ്ങളായി ഗിണ്ടിയുടെ അന്തരീക്ഷത്തിൽ അലയടിച്ചു. മത്സരിച്ചു പണമുണ്ടാക്കുകയെന്ന ചിന്തയായിരുന്നില്ല മാഷിൽ കുടികൊണ്ടത്. അകലെ ഗ്രൗണ്ടിൽ മത്സരത്തിനു തയ്യാറായി നിൽക്കുന്ന കുതിരകളെ കാണുമ്പോൾ അദ്ദേഹത്തിൽ ആനന്ദാശ്രുക്കൾ പൊടിഞ്ഞു. രാവിലെ മുതൽ വൈകുന്നേരം വരെ അബ്രഹാം മാഷ് കുതിരകളെയും വീക്ഷിച്ച് അവിടെ നിന്നു. ആ സാധുമനുഷ്യന്റെ ഹൃദയത്തിൽ അലയടിച്ച വിഷാദത്തിരമാലകൾ കുതിരകൾ തിരിച്ചറിഞ്ഞോ എന്നുമറിയില്ല. പക്ഷേ അദ്ദേഹം പ്രതികൂല സാഹചര്യത്തിൽപ്പോലും ഗിണ്ടിയാത്ര മാറ്റിവച്ചിരുന്നില്ല. ഒരു തീർത്ഥാടകന്റെ മനസ്സുമായി അദ്ദേഹം യാത്ര തുടർന്നു.
ടി.വി ചന്ദ്രന്റെ പൊന്തൻമാട (1994) ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. എടുത്തുപറയാവുന്ന നിരവധി ചിത്രങ്ങൾ അദ്ദേഹത്തിനുണ്ട്. സിനിമയുടെ സെറ്റുകളിൽപ്പോലും തന്റേതായ തനിമയായായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്. പരദൂഷണങ്ങളും പരിഭവങ്ങളും നിറഞ്ഞ സിനിമയുടെ കോട്ടകൊത്തളങ്ങളിൽ അബ്രഹാം മാഷ് നിശബ്ദജീവിയെപ്പോലെ കഴിഞ്ഞു. ആരെയും കുഞ്ഞേ എന്നുവിളിച്ചുമാത്രം സംസാരിച്ചു. മോശപ്പെട്ട ഒരു നടിയെക്കുറിച്ച് ചോദിച്ചാൽപ്പോലും അദ്ദേഹം പറയും, 'കുഞ്ഞേ ആ സ്ത്രീ ഒരു മാലാഖയെപ്പോലെയുണ്ട്.' അങ്ങനെ ഞങ്ങൾ, സുഹൃത്തുക്കൾ അബ്രഹാം മാഷിനേയും 'മാലാഖ' എന്നു വിളിച്ചു.
ചെന്നൈയിൽ എൽ.ഐ.സി ബിൽഡിംഗായിരുന്നു അദ്ദേഹത്തിന്റെ നാഴികക്കല്ല്. അവിടെ നിന്നാണ് നഗരം ആരംഭിക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. ഗിണ്ടിയിലേക്കുള്ള ദൂരംപോലും മാഷ് എൽ.ഐ.സി ബിൽഡിംഗിൽ നിന്നായിരിക്കും കണക്കാക്കുക. എൽ.ഐ.സി നിന്ന് ഇത്ര കിലോമീറ്റർ. അതാണ് കണക്ക്. മാഷ് ചോദിക്കും- 'കുഞ്ഞേ എവിടെയാണ് താമസം?' സുഹൃത്തിന്റെ മറുപടി 'താമ്പരം' എന്നാണെങ്കിൽ അടുത്ത ചോദ്യം വരും: 'എൽ.ഐ.സിയിൽ നിന്ന് എത്ര കിലോമീറ്റർവരും?'
പ്രമേഹം പി.കെ അബ്രഹാമിനെ വല്ലാതെ അലട്ടിയിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തോടെ അദ്ദേഹം ചെന്നൈ നഗരം എന്നേക്കുമായി ഉപേക്ഷിച്ചു. താൻ നെഞ്ചിലേറ്റി നടന്ന ഗിണ്ടിയിലെ കുതിരകളെ എന്നേക്കുമായി വിസ്മരിച്ചു. അവയുടെ ദിവ്യമായ പേരുകൾ അദ്ദേഹം മറന്നു. മാവേലിക്കരയിലെ ഭാര്യയുടെ കുടുംബവീട്ടിൽ ആയിരുന്നു അവസാനനാളുകൾ. കഴിഞ്ഞ ദിവസം ഗിണ്ടിയിലെ റെയ്സ്കോഴ്സ് റോഡിലൂടെ സഞ്ചരിക്കുമ്പോൾ പെട്ടെന്നാണ് അബ്രഹാം മാഷിനെ ഓർത്തത്. അവിടെ മാഷിനെപ്പോലെ ആശങ്കാകുലരായ നിരവധിപേർ നിൽക്കുന്നുണ്ടായിരുന്നു. കുതിരകളുടെ ചിന്നംവിളി അവരുടെ മനസ്സുകളിൽ ആവേശം സൃഷ്ടിക്കുന്നത് ആ മുഖങ്ങളിൽ എനിക്ക് കാണാമായിരുന്നു. പന്തയത്തിനെത്തിയവരുടെ മുഖങ്ങൾ വൈകുന്നേരമാകുമ്പോൾ ഓടിത്തളർന്ന കുതിരയുടെ നീണ്ടമുഖങ്ങൾപോലെ വിളറിവെളുക്കുന്നത് ഞാൻ കണ്ടു. കുതിരകളെ സ്വപ്നംകണ്ടു നടന്ന അബ്രഹാം മാഷ് എന്ന നല്ല മനുഷ്യന്റെ ഓർമ്മകൾ എന്റെ മനസ്സിനെ നിമിഷനേരം അസ്വസ്ഥമാക്കി.
മുതിര്ന്ന മാധ്യമ പ്രവര്ത്തകനാണ് പി.കെ. ശ്രീനിവാസന്.