"ക്യാ ആപ്കോ മോമോസ് ചാഹിയെ?" (മോമോസ് വേണോ?) അടുത്ത സീറ്റിലിരിക്കുന്ന സഹപ്രവർത്തകയുടെ ചോദ്യം എന്നെ പ്രതിഷേധ കൊടുങ്കാറ്റു വീശുന്ന ഉക്രൈൻ തലസ്ഥാനത്തു നിന്നും ഒറ്റയടിക്ക് ദില്ലിയിലെത്തിച്ചു. അനുനിമിഷം മാറിമറിയുന്ന വാർത്തകൾ വൈകുന്നേരങ്ങളെ അപഹരിക്കുന്ന വേളകൾ എല്ലാ ന്യൂസ്‌റൂമുകളിലും പതിവ് കാഴ്ച മാത്രമാണ്. അത്തരമൊരു വൈകുന്നേരത്തിനായുള്ള തയ്യാറെടുപ്പിലാണ് മോമോസ് ഓർക്കാപ്പുറത്ത് കടന്നുവന്നത്. മൈദാമാവിനകത്ത് പച്ചക്കറികളോ മാംസമോ പനീറോ ഒക്കെ നിറച്ചു ആവിയിൽ വേവിച്ചെടുക്കുന്ന ഒരു പലഹാരമാണിത്. ദില്ലിയിലെ സായാഹ്നങ്ങളെ എരിവുള്ളതാക്കാൻ ഈ വടക്കുകിഴക്കൻ പലഹാരം തന്നെ വേണമെന്നായിട്ടുണ്ട്. എവിടെ നോക്കിയാലും കാണാം മോമോസ് വില്പനക്കാരെയും അവർക്ക് ചുറ്റും കൂടി നിൽക്കുന്ന തദ്ദേശ വാസികളേയും. മൈദയെക്കുറിച്ചും ഒപ്പം കിട്ടുന്ന എരിവു കൂടിയ മുളക് ചട്നിയെക്കുറിച്ചും ഓർത്തപ്പോൾ തന്നെ എനിക്ക് വയറെരിയാൻ തുടങ്ങി. എന്റെ മുഖഭാവം കണ്ട സുഹൃത്തിന് കാര്യം മനസ്സിലായി, എനിക്ക് വേണ്ട. അവൾ ഓർഡർ ഒരാൾക്ക് മാത്രമാക്കി ചുരുക്കി, ഒപ്പം പറയുകയും ചെയ്തു, "ആപ് ബസ് ഇഡലി-സാമ്പാറി ഖാലോ" (ഇഡലിയും സാമ്പാറും മാത്രമേ നിങ്ങൾക്കൊക്കെ വിധിച്ചിട്ടുള്ളൂ!!!)
ഇതു പല ഉത്തരേന്ത്യക്കാരും ചോദിക്കുന്ന ചോദ്യമാണ്. നാലുനേരവും അരിയാഹാരം കഴിക്കുന്ന 'മദ്രാസി' അബദ്ധവശാൽ ഹോട്ടലിൽ കയറിപ്പോയാൽ ആദ്യം അന്വേഷിക്കുന്നത് ദോശയും ഇഡലിയുമൊക്കെ ആകുന്നതെന്തുകൊണ്ടാണ്!!! ഗോസായിക്ക് വീട്ടിൽ കിട്ടാഞ്ഞിട്ട്. മദ്രാസിക്കോ, കൃത്യമായ തൃപ്തികരമായ മറുപടി ഇല്ല. വേണമെങ്കിൽ പറയാം, ശീലിച്ചു പോയതു കൊണ്ടാണെന്ന്. ആഹാര കാര്യത്തിൽ കാണിക്കുന്ന ഈ വിശാല മനസ്കതയൊന്നും മറ്റു കാര്യങ്ങളിൽ കാണിക്കാൻ ഹിന്ദിക്കാർക്കും അറിയില്ലല്ലോ. തനിക്ക് മനസ്സിലാകാത്ത തെക്കെയിന്ത്യൻ അല്ലെങ്കിൽ വടക്കുകിഴക്കൻ ഭാഷയിൽ സംസാരിച്ചാൽ അസഹിഷ്ണുത കാണിക്കുന്ന എത്ര പേരെ വേണമെങ്കിലും കാണാം.
ഇത്രയും പറയാൻ കാരണമുണ്ട്. തെക്കെയിന്ത്യയുടേയും വടക്കുകിഴക്കിന്റെയുമൊക്കെ ആഹാരശീലങ്ങളേയും ഒരുപരിധിവരെ ഉടയാടകളേയും രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന ദില്ലി, അവിടുത്തുകരോട് അതുപോലൊരു മനസ്സ് സൂക്ഷിക്കാൻ മടികാണിക്കുന്നു. അടുത്തകാലം വരെ ബീഹാറിൽ നിന്നുള്ളവരും സമാനമായ പ്രശ്നം നേരിട്ടിരുന്നു. പക്ഷെ ഹിന്ദി ഭാഷ എന്ന കാണാച്ചരടു അവരെ ഒരുപരിധി വരെ സഹായിച്ചു. തെക്കുള്ളവര്‍ കഠിനാധ്വാനിയും വിശ്വസ്തരുമാണെന്ന ലേബലിൽ സ്വയം ഒളിപ്പിച്ചു. എത്ര അടക്കി വയ്ക്കാൻ ശ്രമിച്ചാലും ഒരു സമൂഹത്തിന്റെ മൊത്തം കാഴ്ചപ്പാട് മറനീക്കി പുറത്തുവരാൻ അധികസമയം വേണ്ട. ഇപ്പോൾ ദില്ലിയിൽ നടക്കുന്നതും അതാണ്. നിഡോ തനിം എന്ന അരുണാചൽ പ്രദേശുകാരൻ വിദ്യാർഥിയുടെ മരണവും തുടർന്നുള്ള സംഭവങ്ങളും പറയുന്നതും മറ്റൊന്നല്ല. അഹിന്ദിക്കാരെല്ലാം, അല്ലെങ്കിൽ, ഭാരതീയരുടെതെന്ന്‍ ആരൊക്കെയോ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സാമുദ്രിക ലക്ഷണങ്ങൾ ഇല്ലാത്തവരെല്ലാം സംശയ ദൃഷ്ടിയോടെ മാത്രം വീക്ഷിക്കപ്പെടേണ്ടവരാണെന്ന ധാരണ ഈ തലസ്ഥാന നഗരി എന്തുകൊണ്ട് വച്ചു പുലർത്തുന്നു?
ദില്ലിയിൽ താമസിക്കുന്ന മലയാളികൾക്കെല്ലാം ചിരപരിചിതമായിരിക്കും മുനിര്‍ക. 2012 ഡിസംബറിലെ ദില്ലി ബലാല്‍സംഗത്തിന് ശേഷം മുഴുവന്‍ മലയാളികള്‍ക്കും രാജ്യത്തിനാകെയും. തെക്കൻ ദില്ലിയിലെ ഒരു കുഞ്ഞുപ്രദേശം. രാമാ സ്റ്റോറെന്ന 'മലയാളിക്കട' അത്രയ്ക്ക് പ്രസിദ്ധം. ആകാശവേരും പാതാളക്കനിയും അമ്പിളിമാമനും വരെയുണ്ടാകും വില്പനവസ്തുക്കളിൽ. അതുകൊണ്ടുതന്നെ എല്ലാ നാട്ടുകാരും ഒരുപോലെ ഈ കടയ്ക്കുമുന്നിൽ തിക്കിത്തിരക്കും. പക്ഷെ കഴിഞ്ഞ കുറെ നാളുകളായി മുനിർക വാര്‍ത്തയിൽ നിറയുന്നത് മറ്റുപല കാരണങ്ങൾ കൊണ്ടാണ്.
അവയിൽ ഏറ്റവുമവസാനമായി വന്നത് അവിടുത്തെ റെസിഡന്റ്സ് അസോസിയേഷന്‍ എടുത്ത ഒരു തീരുമാനമാണ്. വാടകയ്ക്ക് താമസിക്കുന്ന വടക്കുകിഴക്കൻ ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കണം. അവർ തദ്ദേശീയർക്കൊരു സ്ഥിരം 'തലവേദനയാണ്'. പലപ്പോഴായി പലയിടങ്ങളിൽ വച്ചു മംഗോളി മുഖമുള്ളവരോടു ഗോസായിക്കുള്ള താൽപര്യക്കുറവു വേർതിരിച്ചറിയാൻ ഇടവന്നിട്ടുളളതു കൊണ്ട് അത്ഭുതമൊന്നും തോന്നിയില്ല. ഒരിക്കൽ മേഘാലയക്കാരിയായ കൂട്ടുകാരിയെ കൂടെ താമസിപ്പിച്ചതിനു മലയാളിയായ വീട്ടുടമസ്ഥ ഞങ്ങളെ രായ്ക്കുരാമാനം ഇറക്കിവിട്ടിട്ടുണ്ട്!
പ്രശ്നക്കാർ എല്ലാ വിഭാഗങ്ങളിലും ഉണ്ടാകും. പക്ഷെ, അതിനെ സാമാന്യവൽക്കരിച്ചു ഒരു സമൂഹത്തെ മൊത്തമായി കുഴപ്പക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുകയും അവർക്കെതിരെ പടിയടച്ചു പിണ്ഡം വയ്ക്കുന്നത് പോലുളള തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നത് പരിഷ്കൃത ജനസമൂഹത്തിന്റെ ലക്ഷണമല്ലെന്നു തന്നെ പറയേണ്ടി വരും. ഖാസി കുന്നുകളിൽ നിന്നും വളരെ അകലെയാണ് സമതലത്തിലെ ജീവിതവും അതിന്റെ വഴികളും എന്നു തോന്നിയത് കൊണ്ടാണോ എന്തോ എന്റെയാ കൂട്ടുകാരി ദില്ലി ഉപേക്ഷിച്ചു. അതോ മറിച്ചാണോ...
ദില്ലിയിലേക്ക് ജീവിതം പറിച്ചു നടപ്പെട്ട കാലത്ത് വടക്കുകിഴക്കൻ സംസ്ഥാനഞളിൽ നിന്നുള്ള മൂന്നു പേരായിരുന്നു എനിക്ക് കൂട്ട്. വിക്രമിന്റെ സിനിമകളെ ഇഷ്ടപ്പെട്ടിരുന്ന അനു, പൊങ്കൽ ലോകത്തെ ഏറ്റവും മികച്ച ആഹാരമെന്നു സാക്ഷ്യപ്പെടുത്താൻ തയ്യാറുള്ള ആദി, അല്ല, പുട്ടും കടലയും പപ്പടവുമാണെന്ന് തർക്കിക്കുന്ന തൃപ്തി. ആദിയും അനുവും വിദ്യാർഥി ജീവിതത്തിൽ കുറച്ചുകാലം തമിഴ്‌നാട്ടിൽ കഴിച്ചുകൂട്ടിയവരാണ്. സിവിൽ സർവീസ് മോഹവുമായി ദില്ലിയിലെത്തി പരസ്പരം പരിചയപ്പെട്ടവരെന്നു അവർ തന്നെ പറഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്. അത്രയ്ക്കും അടുത്ത കൂട്ടുകാരായിരുന്നു അവർ. അപരിചിതമായ സമതലത്തിൽ അവർ ഒരുമിച്ച് മാത്രം സഞ്ചരിച്ചു. ദിക്കുകളറിയുന്നതിൽ ആദിയായിരുന്നു മിടുക്കി. ഗോസായിയേക്കാൾ നന്നായി ഹിന്ദി പറയാൻ അനുവിന് എളുപ്പം കഴിയും. പക്ഷെ, ഇടുഞ്ഞിയ കുഞ്ഞു കണ്ണുകളും മുഖവും അവരെ കൂട്ടത്തിൽ നിന്നും മാറ്റി നിർത്തുക തന്നെ ചെയ്തു. ഒരിക്കൽ വളരെ വിശിഷ്ടമായ സമ്മാനമാണെന്ന് പറഞ്ഞു ആദിയെനിക്ക് കൊണ്ടുവന്നു തന്നത് ഒരുപിടി കാന്താരി മുളക്. അവരുടെ നാട്ടിലെ വിശിഷ്ട വസ്തു തന്നെയാണത്. മസാലകൾ അധികം ഉപയോഗിക്കാത്ത അവരുടെ ഭക്ഷണം ഞാൻ ആസ്വദിക്കാറുണ്ടെന്നവൾക്കറിയാം. ആ ദിവസം പക്ഷെ തമാശയുടേതായിരുന്നു, എരിവുകണ്ടാൽ വഴിമാറിപ്പോകാൻ ഇഷ്ടപ്പെടുന്നവരായിരുന്നു തൃപ്തിയും ഞാനും.
അനു മാത്രം സിവിൽ സര്‍വീസ് കടമ്പ കടന്നു. തൃപ്തി ഗവേഷണത്തിലേക്ക് തിരിഞ്ഞു. ആദി കുടുംബ ബിസിനസ്സിലേക്കും. അഹിന്ദി സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരെന്ന ബോധമാണോ ഞങ്ങളെ കൂട്ടിയിണക്കിയ ആ കണ്ണി എന്നറിയില്ല. പക്ഷെ ആ അഹിന്ദി കൂട്ടായ്മ പ്രവാസജീവിതത്തിന്റെ തുടക്കത്തിൽ ഒരുപാടു സഹായിച്ചിരുന്നു.
ഭാരത് മാതാ കീ ജയ് എന്ന് ഹിന്ദിയിൽ മുറവിളിക്കാനറിയത്തവർക്കൊന്നും ഈ ഇന്ത്യാമഹാരാജ്യത്തിൽ സ്ഥാനമില്ല എന്നു കരുതുന്ന ഇടുങ്ങിയ മനസ്സുകാരാണ് എല്ലാ ഹിന്ദിക്കാരും എന്നൊന്നും എനിക്ക് തോന്നുന്നില്ല, പക്ഷെ അത്തരക്കാർ, വിദ്യാഭ്യാസം ആവശ്യത്തിലധികം ഉള്ളവർക്കിടയിൽ പോലും, ഉണ്ടെന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. കരചരണങ്ങളില്ലാത്ത ഭാരതാംബ അത്രയ്ക്കൊന്നും സുന്ദരിയായിരിക്കില്ല എന്നത് അവർ തിരിച്ചറിയുന്നുണ്ടാകുമോ? അനുവും, ആദിയും, തൃപ്തിയും അത് തിരിച്ചറിഞ്ഞവരാണ്. ആ രൂപഭംഗി നഷ്ടപ്പെടുത്താനാഗ്രഹിക്കാത്തവരാണ്. എന്റെ മനസ്സ് അവർക്കൊപ്പമാണ്, നിങ്ങളുടേതോ?