ലൈഫ്ഗ്ലിന്റ് സര്‍വേ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി

Glint Staff
Thursday, May 12, 2016 - 2:41pm

 oommen chandy

 

അഞ്ചു വര്‍ഷത്തെ ആരോപണ ശരങ്ങള്‍ ബാധിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനപിന്തുണ നിലനിര്‍ത്തുന്നതായി ലൈഫ്ഗ്ലിന്റ് ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 25.83 ശതമാനം പേരുടെ പിന്തുണയോടെ മുന്നില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി പ്രത്യേക രാഷ്ട്രീയ അനുഭാവമില്ല എന്ന്‍ പറയുന്നവരുടെ ഇടയിലും 28.96 ശതമാനം പേരുടെ പിന്തുണ നേടി മുന്നിലെത്തുന്നു. ആകെ പിന്തുണയില്‍ 20.44 ശതമാനം പിന്തുണയോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് പിണറായി വിജയന്‍ ആണെങ്കിലും അനുഭാവമില്ലാത്തവരുടെ ഇടയില്‍ 17.67 ശതമാനം പിന്തുണയോടെ വി.എസ് അച്യുതാനന്ദന്‍ ആണ് രണ്ടാം സ്ഥാനത്തെത്തുന്നത്‌. ആകെ 13.78 ശതമാനം പേരാണ് വി.എസിനെ പിന്തുണക്കുന്നത്. അനുഭാവമില്ലാത്തവരുടെ ഇടയില്‍ പിണറായിയുടെ പിന്തുണ എട്ടു ശതമാനത്തിലധികം കുറഞ്ഞ് 12.02 ശതമാനമാകുന്നു. 

 

ബി.ജെ.പി നേതാക്കള്‍ക്കായ കുമ്മനം രാജശേഖരനും ഒ. രാജഗോപാലിനും പിണറായിയ്ക്ക് സമാനമായ രീതിയില്‍ അനുഭാവമില്ലാത്തവരുടെ ഇടയില്‍ താരതമ്യേന പിന്തുണ കുറയുന്നുണ്ട്. കുമ്മനത്തിന്റെ ആകെ പിന്തുണ 16.62 ശതമാനവും അനുഭാവമില്ലാത്തവരുടെ ഇടയില്‍ 13.84 ശതമാനവും ആണ്. രാജഗോപാലിന് ഇത് യഥാക്രമം 10.71 ശതമാനവും 8.38 ശതമാനവുമാണ്. നേതൃത്വത്തിന്റെ അഭാവം ബി.ജെ.പിയുടെ സ്വീകാര്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു ഘടകമാണെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ഏത് മുന്നണിയ്ക്ക് വോട്ടു ചെയ്യുമെന്ന ചോദ്യത്തിന് 32.60 ശതമാനം പേര്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയെ തെരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ രണ്ട് നേതാക്കളും കൂടി സമാഹരിക്കുന്നത് 27.33 ശതമാനം പേരുടെ പിന്തുണ മാത്രമാണ്. വോട്ടില്‍ 28.14 ശതമാനം പേരുടെ പിന്തുണ മാത്രമുള്ള യു.ഡി.എഫില്‍ നിന്ന്‍ കോണ്‍ഗ്രസ് നേതാക്കള്‍ 30.41 ശതമാനവും 35.84 ശതമാനം പേരുടെ പിന്തുണയുള്ള എല്‍.ഡി.എഫില്‍ നിന്ന്‍ സി.പി.ഐ.എം നേതാക്കള്‍ 39.48 ശതമാനം പേരുടെ പിന്തുണയും നേടുന്നുണ്ട്.

 

 

വി.എസിന് സമാനമായ രീതിയില്‍ അനുഭാവമില്ലാത്തവരുടെ നിരയില്‍ നിന്ന്‍ പിന്തുണ കൂടുതലായി സമാഹരിക്കുന്ന നേതാക്കളാണ് വി.എം സുധീരനും ടി.എം തോമസ് ഐസക്കും. സുധീരന്റെ ആകെ പിന്തുണ 3.42 ശതമാനവും അനുഭാവമില്ലാത്തവരുടെ ഇടയിലെ പിന്തുണ 5.10 ശതമാനവുമാണ്. ഐസക്കിന് ഇത് യഥാക്രമം 5.21 ശതമാനവും 6.74 ശതമാനവുമാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഈ നേതാക്കളുടെ ആകെ പിന്തുണയുടെ 40 ശതമാനത്തില്‍ അധികവും അനുഭാവമില്ലാത്തവരുടെ ഇടയില്‍ നിന്നാണ്. വി.എസിന് ഇത് 40.75 ശതമാനവും ഐസക്കിന് 41.11 ശതമാനവും സുധീരന് 47.45 ശതമാനവുമാണ്. തങ്ങള്‍ക്കുള്ള ആകെ പിന്തുണയുടെ ഏറ്റവും കുറവ്, 18.70 ശതമാനം, അനുഭാവമില്ലാത്തവരുടെ ഇടയില്‍ നിന്ന്‍ ലഭിക്കുന്നത് പിണറായി വിജയനാണ്.    

 

ഇവരാരുമല്ല എന്ന പ്രതികരണത്തിനും അനുഭാവമില്ലാത്തവരുടെ ഇടയില്‍ ഉയര്‍ന്ന പ്രതികരണമാണുള്ളത്. ആകെ 2.78 ശതമാനം പേര്‍ ഇങ്ങനെ പറയുമ്പോള്‍ അനുഭാവമില്ലാത്തവരുടെ ഇടയില്‍ ഇത് 5.46 ശതമാനമായി ഉയരുന്നു. രമേശ്‌ ചെന്നിത്തല, എ.കെ ആന്റണി, കോടിയേരി ബാലകൃഷ്ണന്‍ എന്നീ നേതാക്കള്‍ക്ക് ഒരു ശതമാനം പിന്തുണ പോലും സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിനാല്‍ ഇവരുടെ പിന്തുണ കണക്കിലെടുത്തിട്ടില്ല.  

 

ഏപ്രില്‍ ഏഴ് മുതല്‍ മെയ്‌ ഒന്‍പത് വരെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നുമായി 1727 പേരാണ് പങ്കെടുത്തത്. മലയാളം വെബ് ലോകത്തിന്റെ ഒരു പരിഛേദം എന്ന്‍ വിശേഷിപ്പിക്കാവുന്ന രീതിയില്‍ ഇവരില്‍ 96.53 ശതമാനം പേരും പുരുഷന്‍മാരും 87.2 ശതമാനം പേരും 45 വയസ്സിന് താഴെയുള്ളവരുമായിരുന്നു. അനുഭാവമില്ല എന്ന്‍ രേഖപ്പെടുത്തിയത് 31.79 ശതമാനം പേരാണ്. 18.36 ശതമാനം പേര്‍ യു.ഡി.എഫ് അനുഭാവികളും 26.58 ശതമാനം പേര്‍ എല്‍.ഡി.എഫ് അനുഭാവികളും 22.64 ശതമാനം പേര്‍ എന്‍.ഡി.എ അനുഭാവികളും ആണെന്ന് വെളിപ്പെടുത്തി.

 

സര്‍വേ വാര്‍ത്തകള്‍ വായിക്കാം

 

ലൈഫ്ഗ്ലിന്റ് സര്‍വേ: നിയമസഭാംഗമോ മണ്ഡലം പ്രതിനിധിയോ മുന്നില്‍?

 

ലൈഫ്ഗ്ലിന്റ് സര്‍വേ: മുഖ്യമന്ത്രിയേക്കാള്‍ മോശം സര്‍ക്കാര്‍!

 

ലൈഫ്ഗ്ലിന്റ് സര്‍വേ: കേരളം സാമുദായിക വോട്ടിലേക്ക്; എല്‍.ഡി.എഫ് മുന്നില്‍, ബി.ജെ.പിയ്ക്ക് നേട്ടം, യു.ഡി.എഫിന് നഷ്ടം

ലൈഫ്ഗ്ലിന്റ് സര്‍വേ: തെരഞ്ഞെടുക്കുന്നത് നിയമസഭാംഗത്തെയോ മണ്ഡലം പ്രതിനിധിയെയോ? - See more at: http://lifeglint.com/content/elections/160512/survey-mla-performance#sth...

Tags: