Skip to main content

udf ministers

 

രണ്ടാം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം അപവാദങ്ങള്‍ കേള്‍ക്കേണ്ടിവന്ന സര്‍ക്കാറാണ് എന്ന്‍ പ്രതിപക്ഷം മാത്രമല്ല, സര്‍ക്കാര്‍ തന്നെയും പറയാറുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും. എന്നാല്‍, അപവാദങ്ങളെ നേരിടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാണിച്ച ചര്‍മ്മബലം ഗുണം ചെയ്യുന്നുവെന്ന് വേണം കരുതാന്‍. ലൈഫ്ഗ്ലിന്റ്.കോം നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ സര്‍വേയില്‍ പൊതുവേ സര്‍ക്കാറിനും മുഖ്യമന്ത്രിയ്ക്കും പ്രതികൂലമാണ് വിലയിരുത്തല്‍ എങ്കിലും സര്‍ക്കാറുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട അഭിപ്രായമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ലഭിക്കുന്നത്.

 

യു.ഡി.എഫ് സര്‍ക്കാറിന്റെ വിലയിരുത്തലില്‍ വളരെ മോശം എന്ന പ്രതികരണമാണ് ഏറ്റവുമധികം പേരും നല്‍കിയത്. 32.25 ശതമാനം പേര്‍. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുമ്പോഴും ഇതേ പ്രതികരണത്തിനാണ് ഭൂരിപക്ഷമെങ്കിലും എണ്ണം 30.75 ശതമാനമായി കുറയുന്നു. സര്‍ക്കാറിന്റെ പ്രകടനം മോശം എന്ന്‍ വിലയിരുത്തിയത് 21.31 ശതമാനം പേരാണെങ്കില്‍ മുഖമന്ത്രിയുടെ കാര്യത്തില്‍ എണ്ണം 17.78 ശതമാനമാണ്. രണ്ടു പ്രതികരണങ്ങളും ചേര്‍ത്ത് സര്‍ക്കാറിനെതിരെ അസംതൃപ്തി രേഖപ്പെടുത്തിയവരുടെ ആകെ എണ്ണം 53.56 ശതമാനമാകുമ്പോള്‍ മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇത് 48.53 ശതമാനമാണ്.

 

 

സര്‍ക്കാറിന്റെയും മുഖമന്ത്രിയുടെയും പ്രകടനത്തിന് നല്ല അഭിപ്രായം നല്‍കുന്നവരിലും ഇതേ രീതിയില്‍ അഞ്ച് ശതമാനത്തിന്റെ വ്യത്യാസമുണ്ട്. വളരെ മികച്ചത്, മികച്ചത് എന്നീ പ്രതികരണങ്ങളിലായി ആകെ 28.26 ശതമാനം പേര്‍ സര്‍ക്കാറിന് നല്ല മാര്‍ക്ക് നല്‍കുമ്പോള്‍ മുഖ്യമന്ത്രിയ്ക്ക് ലഭിക്കുന്നത് 33.41 ശതമാനം പേരുടെ അനുകൂലമായ വിലയിരുത്തല്‍ ആണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണയിലും മുന്നില്‍ നില്‍ക്കുന്നത് ഉമ്മന്‍ ചാണ്ടിയാണ്.

 

ഏപ്രില്‍ ഏഴ് മുതല്‍ മെയ്‌ ഒന്‍പത് വരെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നുമായി 1727 പേരാണ് പങ്കെടുത്തത്. മലയാളം വെബ് ലോകത്തിന്റെ ഒരു പരിഛേദം എന്ന്‍ വിശേഷിപ്പിക്കാവുന്ന രീതിയില്‍ ഇവരില്‍ 96.53 ശതമാനം പേരും പുരുഷന്‍മാരും 87.2 ശതമാനം പേരും 45 വയസ്സിന് താഴെയുള്ളവരുമായിരുന്നു. 18.36 ശതമാനം പേര്‍ യു.ഡി.എഫ് അനുഭാവികളും 26.58 ശതമാനം പേര്‍ എല്‍.ഡി.എഫ് അനുഭാവികളും 22.64 ശതമാനം പേര്‍ എന്‍.ഡി.എ അനുഭാവികളും ആണെന്ന് വെളിപ്പെടുത്തി. അനുഭാവമില്ല എന്ന്‍ രേഖപ്പെടുത്തിയത് 31.79 ശതമാനം പേരാണ്.   

 

സര്‍വേ വാര്‍ത്തകള്‍ വായിക്കാം

 

ലൈഫ്ഗ്ലിന്റ് സര്‍വേ: നിയമസഭാംഗമോ മണ്ഡലം പ്രതിനിധിയോ മുന്നില്‍?

 

ലൈഫ്ഗ്ലിന്റ് സര്‍വേ: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി

 

ലൈഫ്ഗ്ലിന്റ് സര്‍വേ: കേരളം സാമുദായിക വോട്ടിലേക്ക്; എല്‍.ഡി.എഫ് മുന്നില്‍, ബി.ജെ.പിയ്ക്ക് നേട്ടം, യു.ഡി.എഫിന് നഷ്ടം

Tags