Skip to main content

കേരളം കണ്ടിട്ടുള്ളതിൽ വച്ച് അധികാരത്തിൽ തുടരാന്‍ അസാമാന്യ ശേഷിയുള്ള മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയുടെ ഗൺമാൻ സലിം രാജ് ഉൾപ്പെട്ട അഴിമതിക്കേസ്സിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെ അതികഠിനമായി ഹൈക്കോടതി വിമർശിക്കുകയുണ്ടായി. തന്റെ പെഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെട്ട അഴിമതിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ജനങ്ങളോട് വിശദീകരിക്കണമെന്നുവരെ ഹൈക്കോടതി പറഞ്ഞു. തീവണ്ടി അപകടം ഉണ്ടായതിന്റെ പേരിൽ സ്ഥാനം രാജിവെച്ച കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്ന രാജ്യമാണ് ഇന്ത്യയെന്ന് രണ്ടാഴ്ചയ്ക്കു മുൻപ് ഇതേവിഷയത്തില്‍ ഹൈക്കോടതി സൂചിപ്പിച്ചിരുന്നു. അന്നതിന് പിന്നാലെ മുഖ്യമന്ത്രി പരസ്യമായി കോട്ടയത്ത് പ്രഖ്യാപിച്ചു, ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ സർക്കാറിന്റെ വിധിയെഴുത്തായിരിക്കുമെന്ന്. പിന്നീട്, സലിം രാജിന്റെ അനധികൃത ഭൂമിയിടപാടുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ട വിധിയില്‍ മേല്‍പറഞ്ഞ കടുത്ത വിമര്‍ശനം വന്നതിന് ശേഷവും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു, ഇത് താന്‍ ജനകീയ കോടതിയ്ക്ക് വിടുന്നുവെന്ന്.

 

ഏതു സാഹചര്യത്തിലും അതിജീവന-പ്രതിരോധ ശേഷിയുള്ള ഉമ്മൻ ചാണ്ടി അതു പ്രഖ്യാപിച്ചു എന്നാൽ അതിനുള്ളിൽ അത്യുഗ്രശേഷിയുള്ള രാഷ്ട്രീയ താൽപ്പര്യമാണുള്ളത്. സരിതയുൾപ്പെട്ട സോളാർ കേസിന്റേയും സലിംരാജുൾപ്പെട്ട ഭൂമിതട്ടിപ്പ് കേസിന്റേയും പശ്ചാത്തലത്തിൽ ഒരുവർഷമായി ഏകദേശം പ്രവർത്തനരഹിതമായിപ്പോയ സർക്കാരിനെ മുൻനിർത്തിക്കൊണ്ടാണ് ഉമ്മൻ ചാണ്ടി ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആത്മവിശ്വാസത്തിന്റെ പ്രകടനമല്ല.

 

ഈ തിരഞ്ഞെടുപ്പിന് ഏതാനും നാൾ വരെ ഈ സർക്കാരിനെതിരെയുണ്ടായിരുന്ന മുഖ്യ ആരോപണം ഇത് ന്യൂനപക്ഷ സമുദായങ്ങളുടെ നിയന്ത്രണത്തിലുള്ള സർക്കാരാണെന്നായിരുന്നു. വിശേഷിച്ചും ഉമ്മൻ ചാണ്ടിയിലൂടെ സഭയ്ക്കുള്ള ആധിപത്യം. അതിനാൽ ഭൂരിപക്ഷ സമുദായങ്ങൾ അവഗണിക്കപ്പെടുന്നുവെന്നും അവർ ഭരണ മുന്നണിയിൽ നിന്നകന്നു കൊണ്ടിരിക്കുകയാണെന്നുമുള്ള ആക്ഷേപം രൂക്ഷമായിരുന്നു. തുടർന്നാണ് ആഭ്യന്തര മന്ത്രിപദവിയെന്ന ‘താക്കോൽ സ്ഥാന’ത്തേക്ക് രമേശ് ചെന്നിത്തലയേയും കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വി.എം സുധീരനേയും ഹൈക്കമാൻഡ് കൊണ്ടുവന്നത്. ഹൈക്കമാൻഡിന്റെ ഏതാണ്ട് ഏകപക്ഷീയ തീരുമാനങ്ങളായി വന്ന ഈ രണ്ടു മാറ്റങ്ങളും ഉമ്മൻ ചാണ്ടിയുടെ ശക്തിശോഷണത്തിന്റെ അടയാളങ്ങളായി. ഉമ്മൻ ചാണ്ടിയുടെ അഭിപ്രായത്തെ മാനിച്ചില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ കടുത്ത പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടുമാണ് സുധീരന്റെ നിയമനമുണ്ടായത്. ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയെ കൈവിട്ട കാഴ്ച. സുധീരൻ സര്‍ക്കാറിന്റെ ഭരണഗതിയിൽ ഇടപെട്ടും തുടങ്ങി. ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണയുള്ളതിനാൽ സുധീരന്റെ ശക്തിയെ ഉമ്മൻചാണ്ടിക്ക് അവഗണിക്കാനും പറ്റില്ല. ഇതിലൂടെ ഫലത്തിൽ സംഭവിച്ചത് നേരത്തേയുണ്ടായിരുന്ന സഭയുടെ ഭരണത്തിൻ മേലുള്ള ആധിപത്യം പൂർണ്ണമായി പെട്ടന്ന് നിലച്ച അവസ്ഥ.

 

ഇതോടൊപ്പം കസ്തൂരി രംഗൻ റിപ്പോർട്ട് ഇളക്കിവിട്ട പ്രതിഷേധത്തേയും കാണാം. സാധാരണ കർഷകരുടെ താൽപ്പര്യങ്ങൾക്കപ്പുറം പശ്ചിമഘട്ടം ഇന്ന് ഏതാനും പേരുടെ നിക്ഷിപ്തതാൽപ്പര്യത്തിന്റെ മലനിരകളാണ്. ആ താൽപ്പര്യം സംരക്ഷിക്കുവാൻ വേണ്ടിത്തന്നെയാണ് സഭയും കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ഉമ്മൻചാണ്ടി അശക്തനാവുകയും സഭയ്ക്ക് കേരളഭരണത്തിലുള്ള മേൽക്കോയ്മ ഫലത്തിൽ നഷ്ടമാവുകയും ചെയ്തിരിക്കുന്നത്. ഇതിനെത്തുടർന്ന് സഭയും വിശ്വാസികളും നേരിടുന്ന അനാഥാവസ്ഥയിൽ മെനഞ്ഞ തന്ത്രങ്ങളുമായാണ് സംരക്ഷണത്തിന്റെ കവചവുമായി രംഗപ്രവേശം ചെയ്ത് ഇടതുമുന്നണി ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏതാണ്ട് ജനസംഖ്യാനുപാതികമായിത്തന്നെ സ്വതന്ത്രന്മാരിലൂടെ സീറ്റ് നൽകിക്കൊണ്ടും സഭയേക്കാൾ വീറോടെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ നിലപാട് സ്വീകരിച്ചുകൊണ്ടും.

 

സഭയും വിശ്വാസികളും ഭരണമുന്നണിയിൽ നിന്നകന്ന സാഹചര്യമാണ് ഇന്ന് പ്രത്യക്ഷത്തിലുള്ളത്. കേരളത്തിൽ സഭയ്ക്ക് സ്വാധീനം നഷ്ടപ്പെട്ടാൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ജയിച്ചുവരിക അസാധ്യമെന്ന് തെളിയിക്കേണ്ടത് അവരുടെ നിലനിൽപ്പ് രാഷ്ട്രീയത്തിന് ആവശ്യമാണ്. ആ രാഷ്ട്രീയമാണ് സഭ ഇപ്പോൾ ഇടതുമുന്നണിയുമായി ചേർന്ന് പ്രയോഗിക്കുന്നത്. അല്ലാതെ ദീർഘകാല കൂട്ടുകെട്ടിനുള്ള തുടക്കമോ അല്ലെങ്കിൽ സി.പി.ഐ.എം അവകാശപ്പെടുന്നതു പോലെ ന്യൂനപക്ഷം തങ്ങളിൽ കണ്ടെത്തുന്ന സുരക്ഷിതത്വമോ ഒന്നുമല്ല. കോൺഗ്രസ്സ് രാഷ്ട്രീയത്തെ തങ്ങളുടെ ചൊൽപ്പടിക്കു കൊണ്ടുവരാനുള്ള സഭയുടെ തന്ത്രം മാത്രമാണിതെന്ന് കാണാൻ കഴിയും. ഈ തിരഞ്ഞെടുപ്പ് വിജയിച്ചാൽ അത് ചെന്നുവീഴുക വി.എം സുധീരന്റെ അക്കൗണ്ടിലാവും. അതുവഴി ഹൈക്കമാൻഡിന്റെ മുന്നിൽ എ.കെ ആന്റണിയുടേയും. അതിനാൽ ഈ തിരഞ്ഞെടുപ്പിൽ ഭരണമുന്നണി വിജയിച്ചാൽ സഭയുടേയും ന്യൂനപക്ഷത്തിന്റേയും വിലപേശൽ ശക്തിയുടെ ക്ഷയവും കൂടിയാകും ഉണ്ടാവുക. അത്തരത്തിലൊരു സംഗതി ഉരുത്തിരിയുന്നത് സഭയുടെ പിന്നിലെ ശക്തികൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നതല്ല. മാത്രവുമല്ല അത് അവരെ സംബന്ധിച്ചിടത്തോളം വളരെ ദോഷകരമായ സന്ദേശമാവും കേരള രാഷ്ട്രീയത്തിൽ നിക്ഷേപിക്കുക. അതിനാൽ ഈ തിരഞ്ഞെടുപ്പിൽ ഭരണമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാകാതിരിക്കുക എന്നത് ഉമ്മൻ ചാണ്ടിയുടെ ആവശ്യം കൂടിയാണ്. അതാകണം വളരെ പ്രകടമായി അദ്ദേഹം ഈ തിരഞ്ഞെടുപ്പ് ഫലത്തെ തന്റെ സർക്കാറിനുള്ള ജനങ്ങളുടെ വിധിയെഴുത്തായി പ്രഖ്യാപിച്ചത്. അതോടൊപ്പം തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുന:സംഘടന ഉണ്ടാവുമെന്നും പറഞ്ഞിരിക്കുന്നു. നിലവിലുളള സാഹചര്യത്തിൽ കെ.ബി ഗണേശ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെങ്കിൽ ഏതെങ്കിലുമൊരു കോൺഗ്രസ് മന്ത്രി രാജിവെയ്ക്കാതെ സാധ്യമല്ല. ഈ സഹചര്യത്തിൽ  ഈ രണ്ടു പ്രഖ്യാപനങ്ങള്‍ ഉമ്മൻ ചാണ്ടി നടത്തിയതിന്റെ ഉദ്ദേശ്യം തിരഞ്ഞെടുപ്പ് വിജയമല്ല. മറിച്ച് തിരഞ്ഞെടുപ്പിനെ തന്റെ രാഷ്ട്രീയലക്ഷ്യത്തിനുപയോഗിക്കുക എന്ന തന്ത്രമാണ് കേരളം കേണ്ട ഏറ്റവും വലിയ തന്ത്രശാലിയായ ഈ രാഷ്ട്രീയനേതാവിൽ നിന്നും ഉണ്ടായിരിക്കുന്നത്.

 

ഗ്രൂപ്പ് രാഷ്ട്രീയം നിശബ്ദമായി എന്നാൽ പ്രയോഗത്തിൽ വളരെ ശക്തമായി ഉപയോഗിക്കുന്ന ഉമ്മൻ ചാണ്ടി ഈ തിരഞ്ഞെടുപ്പിൽ അതും പ്രയോഗിക്കാനുള്ള സാധ്യതയാണ് തിരഞ്ഞെടുപ്പിനെ തന്റെ സർക്കാറിനുള്ള വിധിയെഴുത്തായി കാണുന്നുവെന്ന് പ്രഖ്യാപിച്ചതിലൂടെ തെളിയുന്നത്. കാരണം പരസ്യമായി ഇത്തരത്തിൽ നിലപാടെടുത്ത താൻ മുന്നണിയുടെ പരാജയത്തിനുവേണ്ടി പ്രവർത്തിക്കുകയില്ല എന്ന ജാമ്യമെടുപ്പാണ് അത്. ഹൈക്കോടതി പറഞ്ഞതുപോലെ, ഏത് രൂക്ഷമായ ഘട്ടത്തിലും ഒന്നും വിട്ടുപറയാൻ കൂട്ടാക്കാത്ത ഉമ്മൻ ചാണ്ടിയാണ് ഇവിടെ വിട്ടുപറഞ്ഞിരിക്കുന്നത്. സഭയുടെ അസ്തിത്വവും കോൺഗ്രസ്സ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധം നിശ്ചയിക്കുന്ന ജീവൻമരണപ്പോരാട്ടമാണ് സഭയെ സംബന്ധിച്ചിടത്തോളം ഈ പൊതുതിരഞ്ഞെടുപ്പ്. അതുകൊണ്ടുകൂടിയാണ് ഇടതുമുന്നണി പൊതുസമൂഹത്തിന് അപക്വമെന്നു തോന്നുന്ന സ്ഥാനാർഥിനിർണ്ണയം നടത്തി ആത്മവിശ്വാസത്തോടെ മുന്നേറുന്നതും.

Tags