ചെറുതെങ്കിലും സ്വാഗതാർഹമായ ചെറിയ മാറ്റങ്ങൾ പൊതു ഇടങ്ങളിൽ നോട്ടസാധുവാക്കലിന്റെ പശ്ചാത്തലത്തിൽ മലയാളി പ്രകടമാക്കിത്തുടങ്ങിയിരിക്കുന്നു. അത്തരം കുഞ്ഞുമാറ്റങ്ങളെക്കുറിച്ചുള്ള ലൈഫ്ഗ്ലിന്റ് പരമ്പര
കൊച്ചിയിലെ ഒരു വെജിറ്റേറിയൻ റസ്റ്റാറണ്ട്. അത്യാവശ്യം മുന്തിയത്. രാവിലെ നല്ല തിരക്കുമുണ്ട്. കൗണ്ടറിലിരിക്കുന്ന കാഷ്യറുടേത് വിനീതമായ ചിരിയിൽ പൊതിഞ്ഞ ധർമ്മസങ്കടം. നോട്ടസാധുവാക്കലാണ് ആ സാധുവിന്റെ ഈ മുഖഭാവത്തിനു കാരണം. അഞ്ചു രൂപയിലവസാനിക്കുന്ന ബില്ലാണെങ്കിൽ അദ്ദേഹം ഉപഭോക്താവിനോട് ദയനീയ ഭാവത്തിൽ 'അഞ്ചുരൂപ ചെയ്ഞ്ച് ഉണ്ടോ എന്നു നോക്കുവോ' എന്നു ചോദിക്കും. ഭക്ഷണം കഴിച്ചിട്ട് കൗണ്ടറിലെത്തുന്നവർ തങ്ങളുടെ പേഴ്‌സിന്റെ കാണാക്കോണുകളിലെങ്ങാനും അഞ്ചു രൂപ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് തുരന്നും കുലുക്കിയും നോക്കും. ഉണ്ടാവില്ല. ചിലരുടെ പേഴ്‌സിന്റെ ചില്ലറ അറയിൽ നിന്ന് ചിലപ്പോൾ രണ്ടോ മൂന്നോ രൂപ വീണെന്നിരിക്കും. അത് പുതിയ രണ്ടായിരത്തിന്റെ നോട്ടിനേക്കാൾ മൂല്യമുള്ള വണ്ണം കാഷ്യർ സ്വീകരിക്കും. ബാക്കി വേണ്ടായെന്നും പറയും. അതിഥി സന്തോഷത്തോടെ യാത്രയാകും. രാത്രിയിൽ തുകയിൽ നല്ല കുറവുണ്ടാകുന്നുവെന്ന് കാഷ്യർ.
നവമ്പർ എട്ടിനു മുൻപായിരുന്നുവെങ്കിൽ ചില്ലറ മേശയ്ക്കുള്ളിൽ കിടക്കുകയാണെങ്കിലും കാഷ്യർ ചോദിക്കും ചില്ലറയുണ്ടോയെന്ന്. കയ്യിലുണ്ടെങ്കിലും അതിഥി പറയും ഇല്ലെന്ന്. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഒന്നു രണ്ട് നോട്ടങ്ങൾക്കു ശേഷം കാഷ്യർ ചില്ലറ കൊടുക്കുകയും ചെയ്യും. ('പോയിതുല' എന്ന് കാഷ്യർ ഉള്ളിൽ പറയുന്നത് ഉപഭോക്താവിന് അറിയാനും കഴിയുമായിരുന്നു.) നവമ്പർ എട്ടിലെ നോട്ടസാധുവാക്കലിനു ശേഷം വന്ന കൗണ്ടറുകളിലെ മാറ്റമാണിത്. സംഗതി നോട്ട് ക്ഷാമമാണെങ്കിലും കൗണ്ടറുകൾ ഇന്ന് സ്‌നേഹത്തിന്റെ കൊടുക്കൽ വാങ്ങൽ കൗണ്ടർ കൂടിയായിരിക്കുന്നു. കാഷ്യർ കഴിയുന്നതും അതിഥിക്ക് കൊടുക്കാതിരിക്കുന്നില്ല. ഒരതിഥിക്ക് അഞ്ചു രൂപയ്ക്ക് പകരം പത്തു രൂപ കാഷ്യർ കൊടുത്തപ്പോൾ അദ്ദേഹം പറയുന്നു ‘നിങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാകുന്നുണ്ട്. ഞാൻ ഇനിയും വരുമിവിടെ. അപ്പോൾ അഞ്ചുരൂപ ഞാൻ ഓർമ്മിച്ചു തരും.’ അതു കേട്ട കാഷ്യറുടെ മുഖഭാവം കാണേണ്ടതായിരുന്നു. അയ്യായിരം രൂപ അദ്ദേഹത്തിന് വെറുതെ കിട്ടിയാൽ പോലും ആ മുഖഭാവം വരില്ല. കാരണം അത് നൈസർഗ്ഗികമായി അദ്ദേഹത്തിൽ നിന്നുണ്ടായതാണ്. അതായത് മറ്റൊരാൾ തന്നെ മനസ്സിലാക്കി താൻ കാണിച്ച സ്‌നേഹത്തിന്റെ ഇരട്ടിമധുരത്തിൽ തിരച്ചു നൽകിയതിന്റെ സന്തോഷം ഭാവമായി മുഖത്ത് പ്രത്യക്ഷപ്പെട്ടതാണ്.
ബുദ്ധന്റെ തത്വങ്ങളുടെ എല്ലാം രത്‌നച്ചുരുക്കം ഒറ്റവാക്കിൽ എന്താണെന്നു ചോദിച്ചാൽ അത് മനസ്സിലാക്കലാണ് (Understanding). ഈ ഗുണം സംഭവിക്കുന്നിടത്താണ് സംസ്‌കാരം സമ്പന്നമാകുന്നത്. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ അഹിംസ പ്രയോഗത്തിലാകുന്നത്. ഹിംസയുടെയും അഹിംസയുടെയും തോതിന്റെ കൂടുതലും കുറവുമനുസരിച്ചാണ് ഓരോ സമൂഹത്തിന്റെയും സാംസ്‌കാരിക നിലവാരം ആത്യന്തികമായി അറിയാൻ കഴിയുക. ഈ വെജിറ്റേറിയൻ കൗണ്ടറിൽ ഇരിക്കുന്ന കാഷ്യർ അവിടെ ഭക്ഷണം കഴിച്ചിട്ട് ബില്ലുകൊടുക്കുന്ന ആളെ മനസ്സിലാക്കുന്നു. അതായത് അയാളുടെ അവസ്ഥയെന്താണെന്ന് അയാൾ പറയാതെ പൂർണ്ണമായും അറിയുന്നു. അത് അറിവായി അയാളിൽ വർത്തിക്കുന്നു. അറിവ് ബുദ്ധിയിൽ സ്വാധീനഭാവത്തിൽ നിൽക്കുന്നിടത്ത് ഒരിക്കലും ഹിംസ വരില്ല. അജ്ഞതയിൽ മാത്രമേ അതു സംഭവിക്കുകയുള്ളു. നോട്ടസാധുവാക്കലിന്റെ ബുദ്ധിമുട്ട് ഏറ്റവും നന്നായി കാഷ്യർക്കറിയാം. അതേപോലെ ചില്ലറയില്ല എന്നു പറയുമ്പോൾ ഉപഭോക്താവിനും അറിയാം കൗണ്ടറിലെ അവസ്ഥ. അവിടെ അഞ്ചു രൂപ കുറവുകിട്ടുന്നത് ഉപഭോക്താവിന് സന്തോഷം നൽകുന്നില്ല. മറിച്ച് അയാളെ സഹായിക്കണമെന്ന്‍ മനസ്സ് പറയുന്നു. അതിനാൽ അൽപ്പനേരം കൗണ്ടറിൽ കൂടുതൽ ചെലവഴിക്കുന്നതിനോ ഒന്നും ഉപഭോക്താവിന് ബുദ്ധിമുട്ടു തോന്നുന്നില്ല. പരസ്പരം മനസ്സിലാക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള അറിവിന്റെ പ്രതിഫലനമാണ് കാണുന്നത്.
ചിന്തയിൽ നിന്ന് പ്രവൃത്തിയുണ്ടാകുന്നതുപോലെ പ്രവൃത്തിയിലൂടെ മനുഷ്യനിലേക്ക് സ്വധീനമുണ്ടായി അതിന്റെ ഫലമായി ചിന്തയും തൽഫലമായി സമീപനവും ഉണ്ടാകുന്നു. ഇവിടുത്തെ അറിഞ്ഞുകൊണ്ടുള്ള ഇടപാടുകൾ പരസ്പരം മനസ്സിലാക്കുക എന്ന അവസ്ഥയുടെ ധാതുക്കൾ ആൾക്കാരിൽ അവരറിയാതെ നിക്ഷേപിക്കപ്പെടുന്നു. ഇതു മനുഷ്യത്വത്തിന്റെ അടിസ്ഥാനമാണ്. ഈ അടിസ്ഥാനം വല്ലാതെ കണ്ട് കേരളത്തിൽ കമ്മിയായിരുന്ന അവസ്ഥയിലാണ് ഈ ധാതുക്കളുടെ പുനർവിന്യാസം സംഭവിക്കുന്നത്. നോട്ടസാധുവാക്കലിന് ശേഷം മനുഷ്യർ വല്ലാതെ കണ്ട് ബുദ്ധിമുട്ടുന്നെങ്കിലും രോഷത്തിന്റെയും അക്രമങ്ങളുടെയും കാര്യത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. അത് മാധ്യമങ്ങൾ ശ്രദ്ധിച്ചാലറിയാം. അതിനാൽ നാടിന് മൊത്തത്തിൽ ഒരു വ്രതമെടുക്കലിന്റെ അനുഭവം ഉണ്ടാകുന്നുണ്ട്.
ഈ ഹോട്ടലിലെ വെയിറ്റർമാരുടെ ഭാവവും ശ്രദ്ധേയമായിരുന്നു. നല്ല ടിപ്പ് കിട്ടുന്ന ഹോട്ടലാണ്. എന്നാൽ അത്തരമൊരു പ്രതീക്ഷയുമില്ലാതെ ഭക്ഷണം കഴിക്കാൻ വരുന്നവരോട് പഴയതിനേക്കാൾ സ്‌നേഹവായ്‌പോടെ പെരുമാറുന്നു. ബില്ലു കൊടുക്കുമ്പോൾ പറയന്നു, 'സർ, കാർഡുണ്ടെങ്കിൽ അതായിരിക്കും സൗകര്യം'. ഇങ്ങനെ ഇടപഴകലിൽ ഗുണകരമായ മാറ്റം നോട്ടസാധുവാക്കൽ സാധ്യമാക്കിയിരിക്കുന്നു.