Skip to main content

അയോദ്ധ്യ തർക്കം പരിഹരിക്കാൻ നിയോഗിച്ച മദ്ധ്യസ്ഥ സംഘത്തിലെ ശ്രീ ശ്രീ രവിശങ്കറിനെ രാമ ക്ഷേത്ര ശിലാന്യാസ ചടങ്ങിൽ ക്ഷണിക്കാതിരുന്നത് ചർച്ചയാകുന്നു. രാമ ക്ഷേത്രം എന്ന ലക്ഷ്യവുമായി 1990 ൽ നടന്ന ചരിത്ര പ്രസിദ്ധമായ രഥയാത്ര നയിച്ച് പ്രക്ഷോഭത്തിന് തുടക്കമിട്ട ബി.ജെ.പി. നേതാവ് എൽ.കെ. അദ്വാനി, നേതാക്കളായ മുരളീ മനോഹർ ജോഷി, വിനയ് ക ത്യാർ എന്നിവരുടെ അസാന്നിദ്ധ്യവും സംഘ പരിവാർ നേതാക്കളിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.

ശ്രീ ശ്രീ രവിശങ്കറിനെ ചടങ്ങിൽ ക്ഷണിച്ചിട്ടില്ലെന്ന വിവരം ബി.ജെ.പി. എം.പി. സുബ്രഹ്മണ്യസ്വാമിയുടെ ട്വീറ്റിലൂടെയാണ് ചർച്ചയായത്. ഈ ട്വീറ്റ് ആർട്ട് ഓഫ് ലിവിംഗ് ഗ്രൂപ്പുകളിൽ സജീവ ചർച്ചാ വിഷയമാണ്. മുസ്ലീങ്ങൾക്ക് ദേവാലയത്തിന് പകരം സ്ഥലം നൽകി പ്രശ്ന പരിഹാരം എന്ന ഒത്തുതീർപ്പ് വ്യവസ്ഥ മുന്നോട്ടുവച്ചത് ശ്രീ ശ്രീ രവിശങ്കറാണെന്നും ഇത് കോടതിക്ക് സ്വീകാര്യമായെന്നുമാണ് സുബ്രഹ്മണ്യസ്വാമി പറയുന്നത്.

135 സംന്യാസ പരമ്പരയിൽ നിന്നുള്ളവർക്ക് ക്ഷണമുണ്ടായിട്ടും ശ്രീ ശ്രീ രവിശങ്കർ എന്തുകൊണ്ട് ക്ഷണിക്കപ്പെട്ടില്ല എന്നാണ് സംശയം. കോ വിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ ചടങ്ങിൽ വേദിയിൽ കൂടുതൽ പേരെ ഇരുത്താൻ പ്രയാസമായിരുന്നുവെന്നതാണ് ഇതിനു കാരണമായി സംഘപരിവാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത് . ശ്രീ ശ്രീ രവിശങ്കറിനെ ക്ഷണിച്ചാൽ സദസിൽ ഇരുത്താനാവില്ല. അദ്ദേഹത്തെ ക്ഷണിക്കുമ്പോൾ മാതാ അമൃതാനന്ദമയി, സദ്ഗുരു . ശങ്കരാചാര്യ പരമ്പരയിലെ സ്വാമിമാർ തുടങ്ങിയവരെയും ക്ഷണിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് ശ്രീ ശ്രീ ഒഴിവാക്കപെട്ടതത്രേ.

രാമ ക്ഷേത്ര പ്രക്ഷോഭ നായകനായിരുന്ന അദ്വാനിയെയും മുരളീ മനോഹർ ജോഷിയേയും ഒഴിവാക്കിയതിന് പറയുന്ന ന്യായം പ്രായാധിക്യമാണ്. കോവി ഡ് പശ്ചാത്തലത്തിൽ, 90 കാരനായ അദ്വാനിയെ കൊണ്ടുവരുന്നതിൽ അപകട സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട് സംഘ പരിവാർ നേതൃത്വം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ അദ്വാനിയുടെ പേരുപോലും പരാമർശിക്കാത്തത് യാദൃശ്ചികമായല്ല കാണുന്നത്. മോദി പരാമർശിച്ചില്ലെങ്കിലും ആർ.എസ്.എസ്. മേധാവി ഡോ. മോഹൻ ഭഗവത് അദ്വാനിയെ സ്മരിച്ചത് ആശ്വാസമായി കാണുകയാണ് പ്രസ്ഥാനത്തിലെ മുതിർന്നവർ. 

അദ്വാനിയെയും മുരളീ മനോഹർ ജോഷിയേയും പ്രത്യേക വിമാനത്തിൽ അയോധ്യയിൽ എത്തിക്കണമെന്നാണ് ബി.ജെ.പി.നേതാവ് വിനയ് ക ത്യാർ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം വരെയും ചടങ്ങിൽ സംബന്ധിക്കുകയില്ലെന്നു പ്രഖ്യാപിച്ചിരുന്ന ഉമാഭാരതി അവസാന നിമിഷം ശിലാന്യാസത്തിൽ സംബന്ധിച്ചു . അയോധ്യയിൽ കർസേവക്ക് നേതൃത്വം നൽകിയതിന് പ്രതിയായവരിൽ പ്രമുഖയായിരുന്നു ഉമാഭാരതി .

Ad Image