നമ്മുടെ സുപ്രീംകോടതി മാസ്സാണ്

Glint Desk
Tue, 26-11-2019 05:45:45 PM ;

മഹാരാഷ്ട്രാ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഇന്ത്യന്‍ ഭരണഘടനയുടെ ഉചിതമായ സപ്തതി ആഘോഷം തന്നെ. ഭരണഘടനയെ നോക്കുകുത്തിയും വികലുമാക്കിയ നടപടികളായിരുന്നു അര്‍ദ്ധരാത്രിയില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിക്കലും വെളുപ്പാന്‍കാലത്തുള്ള സത്യപ്രതിജ്ഞയും. ഇന്ത്യയില്‍ ജനായത്ത സംവിധാനം ഇന്ന് നിലനില്‍ക്കുന്നത് മുഖ്യമായും സാങ്കേതികമായി തന്നെയാണ്. ഒരു ശതമാനം ധാര്‍മ്മികതയുടെ പിന്‍ബലമുണ്ടെന്ന് പറയുക അസാധ്യം. ഏറ്റവും അടിയന്തര സാഹചര്യത്തില്‍ ജനായത്ത സംവിധാനം കെണിയില്‍ പെടാതെ മുന്നോട്ട് പോവുക എന്ന ഉദ്ദേശത്തിലാണ് ഭരണഘടനയില്‍ 12ാം വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായി ദുരുപയോഗം ചെയ്തു. ആ കീഴ്‌വഴക്കത്തെ മുന്‍ നിര്‍ത്തിയാണ് മന്ത്രിസഭയുടെ അംഗീകാരമില്ലാതെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ട് വെള്ളിയാഴ്ച്ച അര്‍ധരാത്രിയില്‍ രാഷ്ട്രപതിയുടെ വിജ്ഞാപനമിറങ്ങിയത്. ആ സാഹചര്യത്തോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടാണ് സുപ്രീം കോടതി റിട്ട് ഹര്‍ജിയില്‍ ഞായറാഴ്ച്ച വാദം കേള്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്.

മുന്‍വിധികളിലേക്ക് വഴുതി വീഴാതെ സുപ്രീംകോടതിയുടെ അന്തസ്സിന് ചേര്‍ന്ന അവധാനത ഈ വിഷയത്തില്‍ പ്രകടമായി. 70ാം ാര്‍ഷിക ദിനത്തില്‍ പുറപ്പെടുവിച്ച ഈ വിധി ഭരണഘടന ശില്‍പികളുടെ സ്വപ്നത്തെയും വീക്ഷണത്തെയും മുറുകെപിടിക്കുന്ന ധാര്‍മ്മികതയെ ഉയര്‍ത്തിക്കാട്ടുക തന്നെ ചെയ്തു. ഏത് ഭരണഘടനയെ ആണോ ദുരുപയോഗം ചെയ്തുകൊണ്ട് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചത് അതേ ഭരണഘടനയുടെ ബലത്തില്‍ തന്നെയാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സംബന്ധിച്ച തീര്‍പ്പ് ബുധനാഴ്ച്ച വൈകിട്ട് 5 മണിയ്ക്ക് മുമ്പ് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. രഹസ്യ ബാലറ്റ് പാടില്ല എന്നതും വളരെ ശ്രദ്ധേയമായ വിധിപ്രസ്താവം തന്നെ.

അതേപോലെ തന്നെ അധികാര വിഭജനത്തിന്റെ മര്യാദകള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രോ ടേം സ്പീക്കറെ തീരുമാനിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് തന്നെയെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇത് ഒരേ സമയം ഇന്ത്യന്‍ ജനായത്തത്തിന്റെയും ഭരണഘടന ശില്‍പികളുടെയും ഇന്ത്യന്‍ഭരണഘടനയുടെയും വിജയവും സൗന്ദര്യവുമാണ്. ഇതില്‍പരം ഉചിതമായ ഒരു സപ്തതി ആചരണം ഇന്ത്യന്‍ ഭരണഘനയ്ക്ക് ഔപചാരികമായി ലഭിക്കാന്‍ ഇടയില്ല.