പാവം പ്രകാശ് കാരാട്ട്

Glint Staff
Wed, 23-10-2019 03:00:45 PM ;

prakash karat

സി.പി.എം മുന്‍ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ഒരു വന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു. ബി.ജെ.പിക്ക് ഫലപ്രദമായ ഒരു ബദല്‍ കമ്മ്യൂണിസത്തിലൂടെയേ സാധ്യമാകൂ എന്ന്. പൊതുവെ ലേഖന രൂപത്തില്‍ സംസാരിക്കാറുള്ള കാരാട്ട് തമാശകള്‍ പറയാറില്ല. അതുകൊണ്ട് ഈ പ്രഖ്യാപനവും തമാശയാണെന്ന് കരുതാന്‍ നിവര്‍ത്തിയില്ല. 

1988 ലെ പാര്‍ട്ടി കോണ്‍ഗ്രസ് വരെ മുഖ്യശ്ത്രു കോണ്‍ഗ്രസാണെന്ന് കണ്ടെത്തുമായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരം മുഖ്യ ശത്രുവിനെതിരെ ക്രമികമായ പോരാട്ടം സി.പി.എം ശക്തമായിരുന്ന  നാളുകളില്‍ തുടര്‍ന്ന് വന്നു. അന്ന് പലപ്പോഴും മൂന്ന് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഭരണത്തിലുണ്ടാവുകയും ചെയ്യുമായിരുന്നു. പാര്‍ലമെന്റിലും ശക്തമായ സാന്നിധ്യവും അംഗബലത്തേക്കാള്‍ ശബ്ദ സാന്നിധ്യം കൊണ്ട് സി.പി.എം ശ്രദ്ധാ കേന്ദ്രവുമായിരുന്നു. 

സി.പി.എമ്മിന്റെ കണിശമായ കണ്ടെത്തലും പോരാട്ടവും കൊണ്ടാണോ എന്നറിയില്ല കോണ്‍ഗ്രസ് എന്ന സി.പി.എമ്മിന്റെ ശത്രു പരാജയപ്പെട്ടു. ആശത്രുവിനെതിരെ യുദ്ധം ചെയ്തതുകൊണ്ടാണോ എന്ന് വ്യക്തമല്ല കോണ്‍ഗ്രസിനേക്കാള്‍ പരിതാപകരമായി സി.പി.എം ശോഷിച്ച് വല്ലാതെയായി. പാര്‍ലമെന്റിലെ സ്വാധീനം ഒറ്റ അക്കത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. അതും തമിഴ് നാട്ടിലെ ഡി.എം.കെയുടെ സഹായം കൂടി കൊണ്ടും. 

പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ അതിശോചനീയം. ഒരു ജാഥ നടത്തണമെങ്കില്‍ പോലും, തൊട്ടതിനും പിടച്ചതിനും മലയാളിക്ക് ബംഗാളിയെ വേണം എന്ന് പറഞ്ഞതുപോലെ കേരളത്തില്‍ നിന്ന് ആളുകളെ ഇറക്കേണ്ട അവസ്ഥ. ഈ സാഹതര്യത്തിലാണ് ബി.ജെ.പിക്ക് ശക്തമായ ബദല്‍ ഒരുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കേ കഴിയൂ എന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിശേഷിച്ചും നേതാക്കള്‍ക്ക് നല്ല ഉള്‍ക്കാഴ്ചയും കാഴ്ച പാടുമൊക്കെ ആവശ്യമാണ്. അതില്ലെങ്കില്‍ പോലും സാമാന്യ ബുദ്ധിയുണ്ടെങ്കിലായാലും മതി. പ്രകാശ് കാരാട്ടിന്റെ ഈ പ്രസ്താവന ഓര്‍മ്മിപ്പിക്കുന്നത് സാമാന്യ ബുദ്ധിപോലും ഇല്ലാത്ത ഒരു ബുദ്ധി ജീവിയുടെ ദയനീയ ചിത്രം.

Tags: