കാഴ്ചയുടെ അതിപ്രസരത്തിൽ കേരളത്തിന്റെ ബുദ്ധിക്ക് മാന്ദ്യം

Glint Staff
Mon, 10-04-2017 01:00:15 PM ;

 

 

എപ്പോഴും കാഴ്ചകൾ കണ്ടുകൊണ്ടിരുന്നാൽ ചിന്തിക്കാനുള്ള ശേഷി നഷ്ടമാകും. ആയുധത്തിനു തുരുമ്പ് പിടിക്കുന്നത് പോലെയാണത്. മൂർച്ച പോകുകയും ആയുധം കൊണ്ടു ചെയ്യേണ്ട പ്രവൃത്തിയിൽ അതിന്റെ പോരായ്മ നിഴലിക്കുകയും ചെയ്യും. അതുകൊണ്ട് തൃപ്തിയടയേണ്ടി വരുന്നതോടെ ക്രമേണ തന്റെ ശേഷി അത്രയേ ഉള്ളുവെന്ന ധാരണയും ശക്തമാകും. ആ ധാരണയ്ക്കനുസരിച്ച് കൈവശമുള്ള പരിമിത ആയുധം കൊണ്ട് കാര്യങ്ങൾ നടപ്പാക്കും. ശേഷി കുറയുന്നതനുസരിച്ച് ആർത്തി വർധിച്ചുകൊണ്ടിരിക്കും. അതു പ്രകൃതിയുടെ നിയമമാണ്. തെല്ലും ആത്മവിശ്വാസമില്ലാത്ത ആണുങ്ങൾ സ്ത്രീകളെ കാണുമ്പോൾ എരിപിരി സഞ്ചാരം കൊള്ളുകയും അവസരം കിട്ടിയാൽ അവരെ കടന്നാക്രമിക്കുകയും ചെയ്യുന്നതു പോലെ. തനിക്ക് യോഗ്യതയില്ല എന്ന തോന്നലിൽ നിന്നാണ് അതുടലെടുക്കുന്നത്. ലൈംഗിക ശേഷിക്കുറവുള്ളവർ ഏഷാകൃതികൾ കാട്ടുന്നതും അതുകൊണ്ടാണ്.

 

ഇതാണ് ചിന്തയെന്ന ആയുധത്തിനും സംഭവിക്കുന്നത്. ടെലിവിഷനും മൊബൈൽ ഫോണും വന്നതോടെ മനുഷ്യൻ എപ്പോഴും കാഴ്ചയുടെ ലോകത്താണ്. ഇന്നിപ്പോൾ ആൾക്കാരുമായി സംസാരിക്കുന്നതു പോലും കണ്ടായിട്ടുണ്ട്. അതിനാൽ അപ്പുറത്ത് സംസാരിക്കുന്ന ആളുടെ മുഖം അറിയാതെയെങ്കിലും മനസ്സിൽ കണ്ടിരുന്നതിലൂടെ കുറച്ചെങ്കിലും ഭാവനാ ശേഷിക്കും ബുദ്ധിക്കുമൊക്കെ പ്രവർത്തിക്കാൻ അവസരമുണ്ടായിരുന്നതു പോലും ഇല്ലാതായി. മുൻപ് എഞ്ചിനീയർമാർക്കും കണക്കു വിദഗ്ധർക്കുമൊക്കെ സാധാരണക്കാർക്ക് അത്ര എളുപ്പം കൂട്ടാനും കിഴിക്കാനും ഗുണിക്കാനും ഹരിക്കാനും കഴിയാത്ത അക്കങ്ങൾ എളുപ്പം മനസ്സിൽ ചെയ്ത് ഉത്തരം പറയാൻ കഴിയുമായിരുന്നു. അതവരുടെ കഴിവിനെയും വർധിപ്പിച്ചിരുന്നു. പല നാട്ടിൻപുറ തടി മേസ്തിരിമാർ അറിയപ്പെട്ടിരുന്നതു പോലും കണക്കൻ എന്നൊക്കെയാണ്. വലിയ വിദ്യാഭ്യാസമില്ലെങ്കിലും ജോലിയുടെ ഭാഗമായി കഴുക്കോലും ഉത്തരവുമൊക്കെ ഘടിപ്പിക്കുന്നതിലെ കണക്കും മറ്റും കൈകാര്യം ചെയ്ത് അവരിൽ ബൗദ്ധികമായ മികവുണ്ടായിരുന്നു. അവരിൽ ചിലർ മൂത്താശ്ശാരിമാരായത് ഈ കഴിവുകൊണ്ടാണ്. അതിനവരെ സഹായിച്ചതും അവരുടെ മനോബുദ്ധി വ്യാപാരമാണ്.

 

എന്നാല് കാൽക്കുലേറ്റർ വന്നതോടെ എഞ്ചിനീയർമാർക്കുപോലും 12:13 എത്രയാണെന്ന് അറിയണമെങ്കിൽ കാൽക്കുലേറ്റർ വേണം. അതിലൂടെ അവരുടെ ബുദ്ധിക്കുളള വ്യായാമമാണ് കുറഞ്ഞത്. വായിക്കുമ്പോഴും വായിക്കുന്നയാളുടെ ഭാവനയിലൂടെ കാര്യങ്ങൾ കാണുകയാണ്. ഇന്ന് കാഴ്ചകൾ അധികമായപ്പോൾ മനോബുദ്ധി വ്യായാമങ്ങൾ കമ്മിയാവുകയും അവയുടെ പൊതുശേഷിയിൽ ഗണ്യമായ കുറവു സംഭവിച്ചതിന്റെയും തെളിവുകൾ പ്രകടമാകുന്നുണ്ട്. ഇതിനർഥം എല്ലാവരിലും എന്നല്ല. ഒരു വിഭാഗത്തിൽ ഈ ശേഷി മനുഷ്യരാശിയുടെ എക്കാലത്തേയും ഉയരത്തിൽ എത്തുന്നുണ്ട്. സൈബർലോകത്തെ സർഗ്ഗശേഷിയും വിധ്വംസകത്വവും അതാണ് പ്രകടമാക്കുന്നത്. അവരാണ് മുഖ്യധാരയെ സൃഷ്ടിക്കുന്നത്. അവരുടെ നിശ്ചയമനുസരിച്ചാണ് കാഴ്ചകൾ മുഖ്യധാരയുടെ നടത്തിപ്പുകാരും പങ്കാളികളും ഉപയോഗിക്കുന്നതും കാണുന്നതും. അതാണ് മുഖ്യധാരയിൽ ഈ ബൗദ്ധികമായ പാപ്പരത്തം വല്ലാതെ കാണുന്നത്.

 

എല്ലാം കാഴ്ചയായതിന് കാരണം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുതാര്യശേഷിയാണ്. ഉദാഹരണം 2017 ഏപ്രൽ അഞ്ചിന് ജിഷ്ണു പ്രണോയിയുടെ അമ്മയും കുടുംബാംഗങ്ങളും തിരുവനന്തപുരത്തെത്തിയത്. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർഥിയായിരുന്ന ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നും പോലീസ് ശരിക്ക് അന്വേഷിക്കുന്നില്ലെന്നും ആരോപിച്ച് പോലീസാ ആസ്ഥാനത്തേക്ക് സമരത്തിന് വന്നതാണ് അവർ. എന്നാൽ അവരുടെ വരവ് ആറാം തീയതിലെ ഹർത്താലിൽ കലാശിച്ചു. കാരണം ആ അമ്മയേയും ബന്ധുക്കളേയും പോലീസ് വലിച്ചിഴച്ച് അവർക്ക് ഉപദ്രവമാകുന്ന വിധം പെരുമാറി. അൽപ്പമൊന്ന്‍ ഭാവനയുടെ സഹായത്തോടെ അവരെത്തിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന്‍ പോലീസിന് ആലോചിക്കാവുന്നതായിരുന്നു. പോലീസിനെ മോശപ്പെടുത്താനായി സമരത്തിനു വരുന്നവരിലൂടെ പോലീസിന്റെ മുഖം വളരെ മെച്ചമാണെന്ന് ബോധ്യപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കാമെന്നുള്ള ചിന്തയിലേക്ക് മാറേണ്ടതായിരുന്നു. അങ്ങനെ ചെയ്തില്ല എന്നു മാത്രമല്ല. ആ സംഗതി ആകെ നശിപ്പിച്ചു കളഞ്ഞു. കൊതുകിനെ കൊല്ലാൻ തോക്കുപയോഗിക്കുന്നതുപോലെയായി കാര്യങ്ങള്‍. ബന്ധുക്കളുൾപ്പടെ പതിനാറു പേർക്ക് ഡി.ജി.പിയെ നേരിട്ടു കാണണമെന്ന് സമരക്കാർ പറഞ്ഞു. ഡി.ജി.പിയുടെ ആസ്ഥാനത്തെ മുറിയാണെങ്കിൽ കുറഞ്ഞത് നാൽപ്പതു പേർക്കെങ്കിലും ഇരിക്കാൻ വലിപ്പമുള്ള മുറിയാണ്. ഡി.ജി.പിക്ക് തന്റെ മുറിയിൽ നിന്നു നോക്കിയാൽ റോഡുമുതലുള്ള കാര്യങ്ങൾ നേരിട്ടു കാണാനും കഴിയുന്നതാണ്. അവരെ വിളിച്ചിരുത്തി എല്ലാം കേട്ട് എല്ലാം ശരിയാക്കാം എന്നു പറഞ്ഞില്ലെങ്കിലും പോലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടി എടുക്കാമെന്നും അവരോടു പറഞ്ഞിരുന്നുവെങ്കിൽ പുറത്തു വന്ന് ഡി.ജി.പി തങ്കപ്പെട്ടയാളാണെന്നും വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്നും അവർ പറയുമായിരുന്നു. ഡി.ജി.പിയെ കാണാനെത്തുന്നവർക്ക് ചായയോ കാപ്പിയോ കൂടെ ബനാനാ ഫ്രൈ അല്ലെങ്കിൽ വാഴക്കാ അപ്പം കൊടുക്കുന്ന ഏർപ്പാടും ഇപ്പോഴും നിലച്ചിട്ടില്ല. അതും കൂടെ കൊടുത്തു വിട്ടിരുന്നുവെങ്കിൽ അവർ ഒന്നു കൂടി സംതൃപ്തരായി മടങ്ങിയേനെ.

 

പകരം ആ സ്ത്രീയെ റോഡിലിട്ട് വലിച്ചിഴയ്ക്കുക, അവരുടെ സഹോദരനെ ഉപദ്രവിക്കുക തുടങ്ങിയ വിനോദപരിപാടികളുണ്ടാക്കി ചാനലുകൾക്ക് ദൃശ്യങ്ങളും രാത്രിയിലെ വൈകാരിക ചർച്ചകൾക്കുള്ള സംഗതികളും ഇട്ടുകൊടുത്തു. ഇതു ബോധപൂർവ്വം സംഭവിച്ചതാകാൻ വഴിയില്ല. കഴിഞ്ഞ കുറേ നാളത്തെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലാകുന്നത് കള്ളനും പോലീസിനും ഒരേപോലെ ബുദ്ധിക്കുറവ് സംഭവിക്കുന്നതായാണ്. മാധ്യമവും പെണ്ണും അധികാരവും  പണവും എല്ലാമുണ്ടായിട്ടും കുറ്റമറ്റ രീതിയിൽ അല്ലെങ്കിൽ പ്രത്യക്ഷത്തിൽ പ്രൊഫഷണലായി തോന്നിയില്ലെങ്കിലും അമച്വറായെങ്കിലും തോന്നുംവിധമുളള തേൻകെണിയുണ്ടാക്കി വാർത്ത നൽകുന്നതിന് മംഗളം ചാനലിന്റെ തുടക്ക ദിവസത്തിൽ കഴിഞ്ഞില്ല. ഒരു വാർത്താ നിർമ്മാണത്തിന് ആവശ്യമായ പഠനവും തയ്യാറെടുപ്പുമില്ലാതെ വാർത്ത തയ്യാറാക്കിയുള്ള ശീലത്തിൽ നിന്ന്‍ വർത്തമാനകാല മാധ്യമപ്രവർത്തകരിലേക്കും എഡിറ്റർമാരിലേക്കും ഉദാസീനതയുടെ രൂപത്തിൽ കയറിക്കൂടിയ ബുദ്ധിക്കുറവാണ് അതിനു കാരണം. ഉദാസീനത വരുന്നതു തന്നെ ബുദ്ധിക്കു മാന്ദ്യം സംഭവിക്കുമ്പോഴാണ്. എല്ലാം ക്യാമറ കാണിച്ചുകൊള്ളും എന്ന ചിന്തയിൽ നിന്നാണ് തലയ്ക്ക് പണിയില്ല എന്ന ശീലത്തിലേക്ക് മാധ്യമപ്രവർത്തകർ അറിയാതെ വീണുപോകുന്നത്. വാർത്ത റിപ്പോർട്ടു ചെയ്യുന്ന നല്ലൊരു വിഭാഗം റിപ്പോർട്ടർമാരുടെ വെപ്രാളവും ഭാഷാപ്രയോഗവും കണ്ടാൽ അതറിയാം.

manoj abraham

 

ഐ.എ.എസ്സുകാരിലും ഐ.പി.എസ്സുകാരിലുമൊക്കെ ഇതിന്റെ പ്രതിഫലനം കാണുന്നുണ്ട്. വിജിലൻസ് ഡയറക്ടർ ആയിരുന്ന ജേക്കബ് തോമസ്സിനെ മാറ്റുന്നതിനു വേണ്ടി മുഖ്യമന്ത്രിയിൽ സമ്മർദ്ദം ചെലുത്താൻ കൂട്ട അവധി എടുക്കാനും പിന്നീട് കൂട്ട അവധി പിൻവലിക്കാനുമുള്ള ഐ.എ.എസ്സുകാരുടെ തീരുമാനം അതാണ് വ്യക്തമാക്കുന്നത്. അവരുടെ ആ സമരത്തെ നേരിട്ട മുഖ്യമന്ത്രിയുടെ സമീപനവും മറ്റൊന്നല്ലായിരുന്നു. 2017 ഏപ്രിൽ 5ന് തലസ്ഥാനത്ത് പ്രകടനക്കാരുടെ നേരേ ഐ.ജി മനോജ് ഏബ്രഹാം തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെയും കോൺസ്റ്റബിൾമാരെയും സാക്ഷി നിർത്തി പാവം പ്രകടനക്കാരുടെ നേരേ ആക്രോശിക്കുന്നതു കണ്ടു. 'ഞാനാരാന്നറിയാമോ.... ശൂ! ശൂ! ശൂ!  മിണ്ടരുത്. ഞാനാരാന്നറിയാമോ' എന്നിങ്ങനെ അദ്ദേഹം കരാള മുഖഭാവത്തോടെ ആക്രോശിക്കുകയായിരുന്നു. ശരിപ്പെടുത്തിക്കളയുമെന്നുമൊക്കെ അദ്ദേഹം പ്രകടനക്കാരെ വിരട്ടുന്നുണ്ടായിരുന്നു. പാവം പ്രകടനക്കാരും വിരണ്ടു പോയി. അത്യാവശ്യം ധൈര്യം ഉള്ള ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ 'അങ്ങ് ഐ.ജിയാണെന്നും ഞങ്ങൾ ഏൽപ്പിച്ചിരിക്കുന്ന ചുമതലയാണ് അങ്ങ് നിർവ്വഹിക്കേണ്ടതെന്നും ഇവ്വിധമല്ല ഐ.പി.എസ്സുകാരനായ മറ്റുള്ളവർക്ക് മാതൃകയാകേണ്ട പോലീസുദ്യോഗസ്ഥൻ പെരുമാറേണ്ടതെന്നും അദ്ദേഹത്തെ ഓർമ്മിപ്പിക്കുമായിരുന്നു. അതിനും ബുദ്ധിക്ക് കൂർമ്മതയും സ്ഥിരതയും ഉണ്ടെങ്കിലേ സാധ്യമാകൂ.

 

മനോജ് എബ്രഹാമിന്റെ ആത്മവിശ്വാസക്കുറവാണ്  അദ്ദേഹത്തിന്റെ ഭാവഹാവാദികളിലൂടെ പ്രകടമായത്. ഒരിക്കലും ഒരു ഐ.ജി ഇവ്വിധം സംസാരിക്കാൻ പാടില്ലായിരുന്നു. ഇ.എം.എസ് മന്ത്രിസഭയുടെ അറുപതാം വാർഷികദിനത്തിന്റെ പ്രസക്തി കോൺസ്റ്റബിളും മറ്റ് ഓഫീസർമാരും ഓർത്തില്ലെങ്കിലും ഐ.ജി ഓർക്കേണ്ടതായിരുന്നു. ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് ഐ.ജി ആയിരുന്ന ശിംഗാരവേലു തുടങ്ങി വച്ചതാണ് പോലീസ് സ്‌റ്റേഷനിലേക്ക് ഫോൺ കാൾ വന്നാൽ ഗുഡ്‌മോണിംഗ് സാർ, ഗുഡീവനിംഗ് സാർ പ്രയോഗം. അതിപ്പോഴും തുടരുന്നുണ്ട്. അതിന്റെ പിന്നിലുണ്ടായിരുന്ന ഉദ്ദേശ്യം പോലീസ് പീഡന ഉപകരണമല്ലെന്നും പോലീസ് സ്റ്റേഷന്‍ ജനങ്ങളുടെ സേവനത്തിനു വേണ്ടിയുള്ളയിടമാണെന്നും ജനത്തെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു.

 

കൊളോണിയൽ പോലീസിന്റെ മർദ്ദനമുഖം മാറ്റി ജനമൈത്രി പോലീസിനെ നാട്ടിൽ നടപ്പിൽ വരുത്താൻ ഉത്തരവാദിയായ ഉദ്യോഗസ്ഥനാണ് സേനയുടെ നേതൃസ്ഥാനത്തുള്ള ഐ.ജി. ആ ഐ.ജി ഈ വിധമാണ് പെരുമാറുന്നതെങ്കിൽ ഒരു കോൺസറ്റബിൾ എങ്ങിനെ പെരുമാറും. ഇപ്പോൾ കോൺസ്റ്റബിൾമാർ പോലും അവ്വിധം പെരുമാറില്ല. പ്രകടമായ സ്വഭാവമാറ്റം കോൺസ്റ്റബിൾമാരിൽ വന്നിട്ടുണ്ട്. അതിന്റെ പ്രധാന കാരണം അവരിൽ നല്ലൊരു വിഭാഗം ഉന്നത വിദ്യാഭ്യാസയോഗ്യതയുളളവരാകുന്നതും നല്ല പരിശീലനം കിട്ടുന്നതുമാണ്. ഇവിടെ മനോജ് എബ്രഹാമിലൂടെ പോലീസ് സേനയുടെ ഒരു നവീകരണ പരിശീലനത്തിന്റെയും പ്രയോജനം മുതിർന്ന ഒരു ഐ.പി.എസ്സുകാരനിൽ പോലും നിഴലിക്കുന്നില്ല. മറിച്ച് അദ്ദേഹത്തിൽ സക്രിയമായ  വികാരത്തിന് അടിപ്പെടുന്ന ക്രുദ്ധഭാവമാണ് അദ്ദേഹത്തെ നയിക്കുന്നതെന്നാണ് കാണുന്നത്. പോലീസ് സേനയുടെ ആപ്തവാക്യം എല്ലായിടത്തും, വിശേഷിച്ചും ആസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും, എഴുതി വച്ചിരിക്കുന്നത് 'മൃദുഭാവേ ദൃഡകൃതേ' എന്നാണ്. ഇതൊന്നുമല്ല, മറിച്ച് ഇപ്പോൾ കേരളാ പോലീസിന്റെ പ്രായോഗിക മുഖമാണ് ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചിഴയ്ക്കുകയും മനോജ് ഏബ്രഹാമിന്റെ ആക്രോശത്തിലൂടെയും പ്രകടമായത്. ഇതും പൊതുവേ ബുദ്ധിനിലവാരം കുറഞ്ഞതിന്റെ ലക്ഷണം തന്നെയാണ്.

 

ഏറ്റവും ബുദ്ധിശൂന്യമായ നടപടിയായിപ്പോയി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മയെയും അമ്മാവനേയും കാണാനായി ഡി.ജി.പി ലോക്‌നാഥ് ബെഹ്രയും മനോജ് ഏബ്രഹാമും എത്തിയത്. തൊട്ടുപിന്നാലെ പോലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്യുന്നു. ഇതെല്ലാം കാണിക്കുന്നത് ബുദ്ധിയുടെയും സാമാന്യബുദ്ധിയുടെയും ഉപയോഗക്കുറവുമൂലം സംഭവിച്ച തുരുമ്പെടുക്കലിന്റെ ഫലമായി വന്ന ശേഷിക്കുറവാണ്. കാഴ്ചയുടെയും കേൾവിയുടെയും ദിശാമാനദണ്ഡത്തിൽ പ്രവർത്തിക്കുമ്പോൾ ബുദ്ധിക്കു സംഭവിക്കുന്ന അപചയമാണിത്. ഇവ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇന്ദ്രിയങ്ങളെ ബുദ്ധി നിയന്ത്രിക്കണം. മറിച്ചാവുമ്പോൾ സംഭവിക്കുന്ന സ്വാഭാവിക പരിണാമമാണ് ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന യഥാർഥ നാടകങ്ങൾ പലതും അസംബന്ധമാകാൻ കാരണം.

 

Tags: