മയക്കുമരുന്നിൽ മുങ്ങിത്താഴുന്ന കേരളത്തിന്റെ കൗമാരം

Glint Staff
Mon, 14-11-2016 05:30:15 PM ;

 

മാതൃത്വത്തെ കുറിച്ചുള്ള നമ്മുടെ ധാരണ മാറുന്നു. മകൻ ആറ്റിലെറിയാൻ സ്വന്തം  അമ്മയെ വലിച്ചുകൊണ്ടു പോകുന്ന വഴി മകന്റെ കാല് കല്ലില്‍ തട്ടിയപ്പോൾ 'മോന് നൊന്തോ' എന്നു ചോദിക്കുന്ന അമ്മയുടെ സ്ഥാനത്ത് പുതിയ അമ്മമാർ. രാത്രി പന്ത്രണ്ട് മണിക്ക് മകൻ വന്നു കയറിയ മുറി പുറത്തു നിന്ന് പൂട്ടിയിട്ട് 'സർ, ഞാൻ എന്റെ മകനെ അവന്റെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും ഉടൻ വന്ന് അവനെ അറസ്റ്റ് ചെയ്യണം. ജീവിക്കാൻ നിവൃത്തിയില്ലാതായി' എന്ന്‍ വിളിച്ചുപറയുന്ന അമ്മ. കേരളത്തിലെ നാർക്കോട്ടിക്‌സ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒരു ഓഫീസർക്കുണ്ടായ അനുഭവമാണിത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കേരളം ഇന്ന് അടിയന്തരമായി ശരിയാക്കേണ്ട മുഖ്യ വിഷയം കുട്ടികളിൽ വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗമാണ്. അതു ശരിയാക്കാതെ എന്തൊക്കെ ശരിയാക്കിയിട്ടില്ലെന്നും കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു.

 

ഇരുപത്തിയഞ്ചു വർഷമായി ഈ ഓഫീസർ പോലീസിൽ പ്രവേശിച്ചിട്ട്. തന്റെ ഔദ്യോഗിക ജീവിത കാലത്ത് ഒരിക്കൽപോലും ഇത്രയും ഭയാനകമായ ഒരു സാഹചര്യം കാണേണ്ടി വന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. പത്തൊൻപതുകാരനായ മകനെയാണ് അർധരാത്രിയിൽ വന്ന് അറസ്റ്റ് ചെയ്തുകൊണ്ടു പോകണമെന്ന് അമ്മ വിളിച്ചറിയിച്ചത്. സാമ്പത്തികമായോ സാമൂഹ്യപരമായോ താഴ്ന്ന അവസ്ഥയിൽ പെട്ട കുടുംബമല്ല ഈ പത്തൊൻപതുകാരന്റേത്. വിദ്യാഭ്യാസപരമായി ഉയർന്ന കുടുംബം. അച്ഛനും അമ്മയക്ക് ഭേദപ്പെട്ട ജോലി. പത്തൊൻപതു വയസ്സിനകം ഈ മകൻ ഒരു കൊലപാതകമുൾപ്പടെ ആറ് കേസ്സുകളിലെ പ്രതിയാണ്. പത്താംക്ലാസ്സിൽ 89 ശതമാനം മാർക്കോടെ പാസ്സായ വിദ്യാർഥി.

 

എൻട്രൻസ് കോച്ചിംഗിന് പോയ ഇടത്തു നിന്നാണ് ഈ കുട്ടി മയക്കുമരുന്നിന്റെ ലോകത്തിലേക്കു പ്രവേശിക്കുന്നത്. താമസിച്ച  മുറിയിൽ നാലു പേരുണ്ടായിരുന്നു. അതിൽ മൂന്നു പേരും എൻട്രൻസ് കോച്ചിംഗ് താൽപ്പര്യമില്ലാതെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി തയ്യാറെടുക്കാൻ വന്നവർ. തന്റെ മുറിയിലെ താമസ്സക്കാരനായ, രണ്ടാം തവണ എൻട്രൻസിന് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർഥി ഒരു ദിവസം വളരെ ആകർഷകമായ രീതിയിൽ ഇരുന്നു കഞ്ചാവ് വലിക്കുന്നതു കണ്ടു. അതുവരെ കഞ്ചാവ് കാണുകപോലും ചെയ്തിട്ടില്ലായിരുന്നു ഈ കുട്ടി. കഞ്ചാവെന്ന് വെച്ചാൽ ഏതോ വെള്ള കട്ടപോലുള്ള സാധനമാണെന്ന ധാരണയായിരുന്നു. ആദ്യ ദിവസങ്ങളിൽ അയാൾ വലിക്കുന്നത് കണ്ടപ്പോഴൊന്നും താൽപ്പര്യം തോന്നിയില്ല. എന്നാലും അയാളുടെ മുഖത്തെ സുഖം കണ്ടപ്പോൾ ചെറുതായ താൽപ്പര്യം ജനിച്ചു. അങ്ങനെ ഒരു ദിവസം അയാൾ ഒരു പുക വേണോയെന്നു ചോദിച്ചു. അപ്പോഴേക്കും താന്‍ വലിക്കാൻ ആഗ്രഹം പൂണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നുവെന്നും ഏതാനും ദിവസം കഴിഞ്ഞപ്പോൾ അത് തന്റെ ജീവിതത്തിന്റെ ഭാഗമായെന്നും ആ കുട്ടി പറയുന്നു. പിന്നീട് ഇതുപയോഗത്തിന് കിട്ടിയിരുന്നത് ആദ്യം തന്ന ചേട്ടനിൽ നിന്ന്. കുറേ കഴിഞ്ഞപ്പോൾ കുറഞ്ഞ തോതിൽ തനിക്ക് കഞ്ചാവ് ലഭിക്കണമെങ്കിൽ മറ്റൊരുപഭോക്താവിനെ സംഘടിപ്പിച്ചാൽ സാധ്യമാകുമെന്ന് അയാള്‍ പറഞ്ഞു. അങ്ങനെ മറ്റൊരു സുഹൃത്തിനെ ഈ വഴിക്കു കൊണ്ടുവന്നു. അവിടം മുതൽ അയാൾക്ക് ജീവിതത്തിന്റെ വഴി തെറ്റി. ക്രമേണ കുറ്റകൃത്യങ്ങളിലേക്കും അക്രമങ്ങളിലേക്കും നീങ്ങി. വീട്ടിൽ അച്ഛനെയും അമ്മയെയും മർദ്ദിക്കും. ഒരിക്കൽ ഇയാളുടെ അടികൊണ്ട് അമ്മയുടെ തല പൊട്ടി.  അച്ഛനെ നേരിൽ കണ്ടാൽ ഉപദ്രവിക്കുന്ന അവസ്ഥയാണ്. ഇത്തരം സാഹചര്യത്തിലാണ് തന്റെ മോനെ എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് അമ്മ പോലീസിനെ വിളിച്ച് അഭ്യർഥിച്ചത്.

 

ഈ ഭയാനകമായ അവസ്ഥ വർധിക്കുകയല്ലാതെ നേരിയ തോതിലെങ്കിലും കുറയാൻ സാധ്യതയില്ലെന്നും ഈ ഓഫീസർ പറയുന്നു. അതിന് രണ്ട് കാരണങ്ങളാണ് തന്റെ അനുഭവത്തിൽ നിന്ന് ഈ ഓഫീസർ പറയുന്നത്. മദ്യത്തിന്റെ ലഭ്യതക്കുറവല്ല മയക്കു മരുന്നുപയോഗത്തിന്റെ തോത് വർധിക്കുന്നതിന് കാരണമെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സാമൂഹികമായ മാറ്റങ്ങളുടെ ഫലമായി മാറിയ കുടുംബാന്തരീക്ഷവും കഞ്ചാവുൾപ്പടെയുളള ലഹരി മരുന്നു ലഭ്യമാക്കുന്ന ശക്തികളുടെ കരുത്തുമാണ് ഇതിന് കാരണമത്രെ. കേരളത്തിൽ സംസ്ഥാന പോലീസിലെ ഉന്നതരിൽ തന്നെ ചിലയാളുകളാണ് ഇതിന്റെ പിന്നിലെന്ന് ഈ ഓഫീസർ പറയുന്നു. അതിനാൽ തങ്ങളെപ്പോലുള്ളവരുടെ അന്വേഷണം ചില ഘട്ടങ്ങൾ വരെയെ എത്തുകയുള്ളു.

 

കേരളത്തിൽ ഇടുക്കി ജില്ലയുടെ ഭാഗങ്ങളിൽ മാത്രമാണിപ്പോൾ കഞ്ചാവ് കൃഷി വൻതോതിൽ നടക്കുന്നത്. എന്നാൽ അതിന് കേരളത്തിന്റെ ആവശ്യത്തിന്റെ പത്തു ശതമാനം പോലും നികത്താൻ കഴിയില്ല. ആന്ധ്രയിലെ വിജയവാഡയിലാണ് ഇപ്പോൾ വൻതോതിൽ കൃഷി നടക്കുന്നത്. അതിലും മലയാളികളുൾപ്പടെയുള്ളവരുടെ പങ്കുണ്ട്. അവിടെ വിളയിച്ചെടുക്കുന്ന കഞ്ചാവ് ലക്ഷ്വറി ബസ്സുകളിലും കേരളത്തിൽ ജോലിക്കു വരുന്ന മറുനാടൻ തൊഴിലാളികളുമാണ് കേരളത്തിലെത്തിക്കുന്നത്. കേരളത്തിലേക്ക് ഇതു കടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ കണ്ടക്ടറും ഡ്രൈവറുമുൾപ്പടെയുളളവരുണ്ടെന്നും അദ്ദേഹം പറയുന്നു. ശബരിമല കാലത്ത് കേരളത്തിൽ വന്നു മറിയുന്ന കഞ്ചാവ് ടൺ കണക്കിനാണ്. അയ്യപ്പന്മാരുടെ വേഷത്തിൽ തീർഥാടകരായിട്ടെത്തുന്നവരാണ് ഇതു കൊണ്ടു വരുന്നത്.

 

കഞ്ചാവ് എങ്ങനെയാണ് വരുന്നതെന്നുള്ള എല്ലാ വഴികളും സ്രോതസ്സുകളും പോലീസിന് നന്നായി അറിയാമെന്നാണ് ഈ നാര്‍ക്കോട്ടിക്സ് ഓഫീസര്‍ പറയുന്നത്. അതു തന്നെയാണ് അന്വേഷണവുമായി മുന്നോട്ടു പോകാൻ കഴിയാത്തതും. അടിയന്തരമായി ഏതെങ്കിലും നടപടികൾ സമഗ്രമായ രീതിയിൽ ഉണ്ടായില്ലെങ്കിൽ അടുത്ത അഞ്ചു വർഷത്തിനകം കേരളം നേരിടാൻ പോകുന്ന വിപത്ത് സങ്കൽപ്പിക്കാവുന്നതിലുമൊക്കെ അപ്പുറമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. (തുടരും)

Tags: