ശനീശ്വരക്ഷേത്രത്തിന്റെ ശനിദശ; ഇന്ത്യയുടേയും

Glint Staff
Sat, 09-04-2016 05:15:00 PM ;

women perform puja in shani temple

 

ശനീശ്വരക്ഷേത്രമായ മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപ്പൂർ ക്ഷേത്രത്തിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു. ലിംഗസമത്വത്തിനുളള പോരാട്ടം വിജയിച്ചതിന്റെ നാഴികക്കല്ലായി ഇതിനു നേതൃത്വം നൽകിയ തൃപ്തി ദേശായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ സമരം നയിച്ചുകൊണ്ടിരുന്ന ഭൂമാതാ ബ്രിഗേഡിന്റെ നേതാവാണ് തൃപ്തി ദേശായി. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് മുംബൈ ഹൈക്കോടതി വിധിയും സ്ത്രീകളുടെ പ്രവേശനത്തിനനുകൂലമായി ഉണ്ടായി. മഹാരാഷ്ട്രാ പുതുവർഷ ഗുഡി പഡ്വാ ദിനമായ വെള്ളിയാഴ്ച ബലാൽക്കാരമായി തൃപ്തി ദേശായിയുടെ സഹ ആക്ടിവിസ്റ്റുകളായ പ്രിയ ജഗ്താപും പുഷ്പാ കേവാദ്ക്കറുമാണ് ക്ഷേത്രത്തിനുള്ളിലേക്ക് കയറി വിഗ്രത്തിനു മേൽ അഭിഷേകം ചെയ്ത് നാന്നൂറ് വർഷമായി തുടർന്നുപോന്ന സ്ത്രീകൾക്കുള്ള ഈ ക്ഷേത്രത്തിലെ പ്രവേശന നിരോധനത്തിന് അറുതി വരുത്തിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നും സ്ത്രീകൾ അതിക്രമിച്ച് അഭിഷേകം നടത്തിയതിന്റേയും പശ്ചാത്തലത്തിൽ സ്ത്രീകൾക്കുള്ള നിരോധനം നീക്കാൻ ക്ഷേത്രഭാരവാഹികളും തീരുമാനിച്ചു. ഇതിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മാദ്ധ്യമലോകവും ചരിത്രപരമായ നേട്ടമായാണ് വിലയിരുത്തിയത്.

 

ക്ഷേത്ര സംസ്കാര പൊരുള്‍

 

ഭാരതീയ സംസ്കാരം ക്ഷേത്ര സംസ്കാരത്തിൽ അധിഷ്ഠിതമാണ്. അതിന്റെ പൊരുളിലേക്കിറങ്ങിച്ചെന്നാൽ അനുബന്ധ ആചാരങ്ങളും ചിട്ടകളുമെല്ലാം സാധാരണ ജനങ്ങൾക്ക് ഭക്തിമാർഗ്ഗത്തിലൂടെ തത്വഗ്രാഹ്യത്തിനു വേണ്ടി അതിശാസ്ത്രീയവും നിഗൂഢവും അതേസമയം സാമൂഹികമായി ലളിതവുമായി ജ്ഞാനത്തെ മാർഗ്ഗവും പ്രയോഗവുമായി സന്നിവേശിപ്പിച്ചിരിക്കുന്നതായി കാണാം. ഇതിലെ ഈ നിഗൂഢ തലം അറിയാവുന്നവർ അതിന്റെ പൂജാരികളും തന്ത്രികളുമൊക്കെ ആകണമെന്നാണ് വ്യവസ്ഥ. ചരിത്രപരമായ കാരണങ്ങളാൽ ഭാരതീയ സംസ്കാരത്തിനു സംഭവിച്ച ജീർണ്ണതകൾ ക്ഷേത്ര സംസ്കാരത്തേയും ബാധിച്ചു. നിഗൂഢതകളെ രൂപാത്മകമായി സന്നിവേശിപ്പിച്ചിരുന്ന ആചാരങ്ങളും രീതികളും അതിലെ പൊരുൾ മനസ്സിലാക്കാതെ ആചാരങ്ങളായി മാത്രം അവശേഷിച്ചു. ക്ഷേത്രങ്ങളും അവയിലെ വിഗ്രഹങ്ങളും ചൂണ്ടുപലകകളാണ്. അല്ലാതെ അത് ലക്ഷ്യസ്ഥാനമല്ല. ജീർണ്ണത സംഭവിച്ചതോടുകൂടി ക്ഷേത്രങ്ങൾ ലക്ഷ്യസ്ഥാനമായി പരിണമിച്ചു. തത്വത്തിലേക്കുള്ള ഭക്തിമാർഗ്ഗത്തിലൂടെയുള്ള പ്രാപ്യം അസാദ്ധ്യമായി. ഇത് കൂടുതൽ അനാചാരങ്ങൾക്കും ദുഷ്പ്രവണതകൾക്കും വഴിയൊരുക്കി. ഇപ്പോൾ ക്ഷേത്രവും വിശ്വാസവും ഭക്തിയും എല്ലാം രാഷ്ട്രീയവുമായി. ജീർണ്ണതയുടെ മറ്റൊരു ഘട്ടം. ഏതു ജീർണ്ണത വന്നാലും തത്വത്തെ വിന്യസിച്ചിട്ടുളള സൗന്ദര്യാത്മകവും സാമൂഹ്യവും രൂപാത്മകവുമായ ക്ഷേത്ര സംസ്കാരം തത്വത്തെ കേടുകൂടാതെ അതിനുള്ളിൽ സുരക്ഷിതമായി നിർത്തും. ഏതെങ്കിലും കാലത്ത് ഇതിന്റെ പൊരുളിൽ ചുരുളഴിക്കാൻ ശേഷിയുള്ള വ്യക്തിയോ സമൂഹമോ ഉണ്ടാകുമ്പോൾ തത്വം തെളിഞ്ഞുവരാൻ പാകത്തിൽ. അതാണ് ക്ഷേത്ര സംസ്കൃതിയുടെ പ്രത്യേകത. അത് മനീഷികളുടെ ഭാവിയോടുള്ള സ്നേഹം.

 

ആക്ടിവിസത്തിന്റെ രാഷ്ട്രീയം

 

ഇന്ത്യയിലെ ആക്ടിവിസ്റ്റുകളിൽ ഏറിയ പങ്കും വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്നവരാണ്. ഇന്ത്യയിൽ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലും ഒരേ വിഭാഗത്തിൽ പെടുന്നവരുടെ ഇടയിലും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുകയും സംഘട്ടനങ്ങൾ ഉണ്ടാക്കി നിലനിർത്തുകയും ചെയ്യുന്ന ഒരു രീതിശാസ്ത്രം ഇവര്‍ പിന്തുടരുന്നതായി കാണാം. പുരോഗമനമെന്നും അതിപുരോഗമനമെന്നും തോന്നുന്ന ആശയങ്ങളെ പേറിക്കൊണ്ടായിരിക്കും ഈ സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നതെങ്കിലും. അർബുദത്തിനെതിരെ വൻ പ്രചാരണം നടക്കുമ്പോൾ അറിഞ്ഞിരിക്കുക, വൻ തോതിൽ അർബുദം പെരുകുമെന്നും അതിനുള്ള വൻ വിപണി ഉരുത്തുരിയുമെന്നും. കാരണം അർബുദം വെറുതെ വരുന്നതല്ല.

 

അതുപോലെ കാതലായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനും വിദേശ ശക്തികൾ സന്നദ്ധ സംഘടനകളിലൂടെ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീ-പുരുഷ സമത്വത്തിനായി ഒരു ക്ഷേത്രത്തെ സമരത്തിനു തെരഞ്ഞെടുക്കുമ്പോൾ തന്നെ ഒട്ടേറെ  തലങ്ങളാണ് ഉള്ളത്. ആ വിഷയം രാഷ്ട്രീയ പാർട്ടികളിൽ നിന്നു അന്യമാക്കുന്നതോടെ അരാഷ്ട്രീയത്തിന്റെ വിജയം പ്രാഥമികമായി ഉറപ്പിക്കുന്നു. ക്ഷേത്രം ആത്യന്തികമായി വിശുദ്ധിതത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അവിടെ നടക്കുന്ന ഏതു നടപടിയാണെങ്കിലും വിശ്വസിക്കുന്നവരിൽ ആ വിശുദ്ധിക്ക് കളങ്കം വരാതെ പ്രവർത്തിക്കാൻ ഏവർക്കും ബാധ്യതയുണ്ട്. പലപ്പോഴും ആക്ടിവിസ്റ്റുകളുടെ പടിഞ്ഞാറൻ യുക്തിചിന്തകൾക്ക് ഇന്ത്യൻ കോടതികൾ വശംവദരാകുന്നതായും കാണുന്നു.

 

അനീതികളും അനാചാരങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ടെങ്കിൽ അവയെ മാറ്റുക തന്നെ വേണം. കേരളമാണ് അതിനു ഉത്തമ ഉദാഹരണം. ഹൈക്കോടതിയുടെ ഉത്തരവ് ആക്ടിവിസ്റ്റുകൾക്ക് അനുകൂലമായി വന്ന സ്ഥിതിക്ക് അൽപ്പവും കൂടി ക്ഷമ കാട്ടി ആചാരപ്രകാരം ക്ഷേത്രത്തിൽ പ്രവേശിക്കുകയായിരുന്നുവെങ്കിൽ അവരുടെ സമരത്തിന് കുറച്ചുകൂടി സാംഗത്യം കിട്ടുമായിരുന്നു. സ്ത്രീ-പുരുഷ സമത്വം സ്ഥാപിച്ചെടുക്കാൻ ആക്ടിവിസ്റ്റുകൾ ശ്രമിക്കേണ്ടത് ഇതിലൂടെയല്ല. മഹാരാഷ്ട്ര ഇന്ന് ചൂടിൽ വെന്തുരുകുകയാണ്. അതിന്റെ ഏറ്റവും കൂടുതൽ കെടുതികൾ അനുഭവിക്കുന്നത് സ്ത്രീകളാണ്. അതൊരു സാമൂഹ്യ വിഷയമാണ്. സാമൂഹ്യ വിഷയങ്ങൾ സാമൂഹികമായി പരിഹരിക്കുകയും വിദ്യാഭ്യാസം, ക്രിയാത്മക പ്രവർത്തനങ്ങൾ തുടങ്ങിയ നടപടികളിലൂടെ സാമൂഹികമായ മാറ്റം വരുമ്പോൾ മാത്രമേ സ്ത്രീക്ക് നിലവിലുള്ള സ്ഥിതിയിൽ നിന്നു മോചനമുണ്ടാകുകയുള്ളു.

 

സ്ത്രീസ്വാതന്ത്ര്യം

 

ലിംഗസമത്വം എന്നത് ഇറക്കുമതി ചെയ്യപ്പെട്ട സമീപനമാണ്. കാരണം അതിൽ യുക്തിയുണ്ട്. യുക്തിയുടെ വഴിയിലൂടെ, മാദ്ധ്യമ പിന്തുണയോടെ ആശയം കയറ്റുമതി ചെയ്യുന്നവരുടെ ലക്ഷ്യങ്ങളിലേക്ക് കാര്യങ്ങളെ  കൊണ്ടുപോവുകയാണ്. സ്ത്രീകൾക്ക് ഇന്ന് ഇന്ത്യയിൽ ആവശ്യം സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം വെറും ചെപ്പടി വിദ്യകൾ കൊണ്ട് സാധ്യമാകുന്നതല്ല.

 

trupti desaiഭൂമാതാ ബ്രിഗേഡ് ആക്ടിവിസ്റ്റ് തൃപ്തി ദേശായി ഈശ്വര വിശ്വാസിയാണോ എന്നുള്ള കാര്യം വ്യക്തമല്ല. എന്തുകൊണ്ട് ലിംഗ സമത്വത്തിന്റെ പേരിൽ അവർ ഈ ക്ഷേത്രത്തിലെ വിഷയം തിരഞ്ഞെടുത്തു എന്നുള്ളതും ചിന്തിക്കേണ്ടതാണ്. മനുഷ്യമനസ്സിന്റെ ഗുണപരമായ പരിവർത്തനത്തിനാണ് ക്ഷേത്രങ്ങൾ നിലകൊള്ളുന്നത്. അതുമായി ബന്ധപ്പെട്ട് അനാചാരങ്ങൾ ഉണ്ടെങ്കിൽ അത് എന്തുകൊണ്ട് നീക്കപ്പെടണം എന്നുള്ള വിശദവും വിശാലവുമായ ചർച്ച സമൂഹത്തിൽ നടക്കേണ്ടതുണ്ട്. അതിൽ താന്ത്രിക വിധിയിലും ക്ഷേത്ര സംസ്കാരത്തിലും പാണ്ഡിത്യമുള്ളവരുടെ അഭിപ്രായവും മറുവാദവും എല്ലാം സമൂഹത്തിന്റെ ശ്രദ്ധയിൽ വരേണ്ടതാണ്. അതൊന്നും ശനീശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല. സ്ത്രീയും പുരുഷനും നഗ്നരായി ഒന്നിച്ചു പങ്കെടുക്കുന്ന കുംഭമേള നടക്കുന്ന മണ്ണാണ് ഇന്ത്യയുടേത്. കാശിയിലും കാണാം നഗ്ന സന്യാസിമാരുടെ ലിംഗത്തിൽ തൊട്ട് നമസ്കരിക്കുന്ന സ്ത്രീകളെ. പൊതു സ്ഥലത്ത് നഗ്നത പ്രദർശിപ്പിക്കുന്നു എന്നതിന്റെ പേരിൽ ഒരു സന്നദ്ധ സംഘടനയ്ക്കു വേണമെങ്കിൽ ഇതിനെതിരെയും കോടതികളെ സമീപിക്കുകയും ആളുകളെ സംഘടിപ്പിച്ച് പോരാട്ടങ്ങൾ നടത്താവുന്നതുമാണ്.

 

ഈ പശ്ചാത്തലത്തിൽ വേണം ശബരിമലയിലെ രജസ്വലകളായ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കും കാണാൻ. ശബരിമല അയ്യപ്പന് എന്തെങ്കിലും കുഴപ്പം വരും എന്നതുകൊണ്ടല്ല രജസ്വലകളായ സ്ത്രീകൾക്ക് അവിടെ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ശബരിമലയ്ക്ക് പോകാൻ തീരുമാനിക്കുന്ന നിമിഷം മുതൽ സ്ത്രീയായാലും പുരുഷനായാലും അയ്യപ്പനാണ്. ശബരിമലയിൽ പതിനെട്ടാം പടി കയറിച്ചെല്ലുമ്പോൾ ക്ഷേത്രം ഭക്തരോടു പറയുന്നപോലെ എഴുതി വച്ചിരിക്കുന്നതും അതു നീ തന്നെ എന്നാണ്. തത്ത്വമസി. രജസ്വലകളായ സ്ത്രീകൾ പുരുഷന്മാരെപ്പോലെയും രജസ്വലകളാകാത്തതും ആർത്തവം നിലച്ചതുമായ സ്ത്രീകളേയും പോലുമല്ലാത്താതിനാൽ അവർക്ക് ശാരീരികവും തുടർന്ന് മാനസികവുമായ ദോഷങ്ങൾ സംഭവിക്കും എന്നതുകൊണ്ടാണ് ആ നിരോധനം. മാത്രവുമല്ല ഇന്ത്യയിലെ തന്നെ ഉദാത്തമായ ക്ഷേത്രം കൂടിയാണ് ശബരിമല. വാവർക്ക് സമീപസ്ഥാനവും ആരാധ്യതയും അതുപോലെ അർത്തുങ്കൽ പള്ളിയിലെ പുണ്യാളൻ സാക്ഷ്യം മലയ്ക്കു പോകാൻ മാലയിടുകയും അവിടെ വന്ന് മാലയൂരുകയുമൊക്കെ ചെയ്യപ്പെടുന്ന ആചാര രീതികൾ ബന്ധപ്പെട്ടു കിടക്കുന്നു. എല്ലാത്തിനുമുപരി ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീകൾ എത്തിപ്പെട്ടാൽ ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ വേറെയും. ഈ വിഷയത്തിലും സന്നദ്ധസംഘടനകളും ആക്ടിവിസ്റ്റുകളുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

 

അനാചാരത്തില്‍ നിന്ന്‍ അബോധത്തിലേക്കോ

 

സ്ത്രീസമത്വത്തിന്റെ പേരിൽ സന്നദ്ധ സംഘടനകളും ആക്ടിവിസ്റ്റുകളും രംഗത്തെത്തിയപ്പോഴെല്ലാം സ്ത്രീകളുടെ അവസ്ഥ കൂടുതൽ ദുരിതത്തിലേക്ക് പോയ കാഴ്ചയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലുള്ളത്. സ്ത്രീകളുമായി ബന്ധപ്പെട്ട ഏതു വിഷയമാണെങ്കിലും അത് സാമൂഹ്യ വിഷയത്തിന്റെ കേന്ദ്രബിന്ദുവാകേണ്ടതാണ്. കാരണം, ഇന്ത്യയിൽ ഇപ്പോഴും കുടുംബവ്യവസ്ഥ താരതമ്യേന കുഴപ്പമില്ലാതെ നീങ്ങുന്ന പ്രദേശമാണ്. ലിംഗസമത്വം കയറ്റി അയക്കുന്ന രാജ്യങ്ങളിലെ കുടുംബവ്യവസ്ഥയിലേക്ക് ഒന്നു കണ്ണോടിച്ചാൽ അവിടുത്തെ അവസ്ഥ അറിയാൻ കഴിയും. സ്ത്രീകളുടെ അവസ്ഥ രാഷ്ട്രീയമായി മാറാതിരിക്കാനുള്ള കുത്സിത ശ്രമമായിട്ടേ ആക്ടിവിസ്റ്റുകളുടെ ഇത്തരത്തിലുള്ള ലിംഗസമത്വ സമരങ്ങളെ കാണാൻ കഴിയുകയുളളു. മാത്രമല്ല, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സന്നദ്ധ സംഘടനകളെ ഉപയോഗിച്ച്  ആക്ടിവിസ്റ്റുകളിലൂടെ കോടതിയേയും മാധ്യമങ്ങളേയും ഉപയോഗിച്ചു രംഗത്തെത്തുമ്പോൾ അതു ക്രമേണ മറ്റൊരു സംഘർഷവിഷയമായി പരിണമിക്കുകയും അത് രാഷ്ട്രീയ അജണ്ടകളായി മാറുകയും ചെയ്യും. അതിലൂടെ വിശ്വാസത്തേയും മാമൂലുകളേയുമൊക്കെ പ്രയോജനപ്പെടുത്തി അധികാരത്തിലെത്താനുള്ള പുതിയ വഴികൾ തുറക്കപ്പെടും. ഇത്തരത്തിലുള്ള നിഗൂഢ അജണ്ടകൾ ശനീശ്വരക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിന്റെ പിന്നിലും കാണാൻ കഴിയുന്നുണ്ട്.

sabarimala temple

 

ലിംഗസമത്വത്തിന്റെ ഭാഗമായല്ല സ്ത്രീ പ്രവേശനം ശനീശ്വരക്ഷേത്രത്തിൽ സാധ്യമാക്കേണ്ടിയിരുന്നത്. അത് അനാചാരമാണെങ്കിൽ ആ അനാചാരത്തിന്റെ കാരണങ്ങൾ എന്താണെന്ന് വെളിവാക്കുകയും അതിൻമേൽ ബോധവൽക്കരണം നടത്തിക്കൊണ്ടും വേണമായിരുന്നു. അവിടെ നിയമത്തിന്റെ വഴിയും സ്വീകരിക്കാം. അതിലൂടെ നിരോധനം ഏർപ്പെടുത്താനിടയാക്കിയ അനാചാരത്തിന്റെ കാരണങ്ങളെ സമൂഹത്തിൽ നിന്നും മാറ്റാൻ കഴിയുമായിരുന്നു. നാന്നൂറു കൊല്ലം മുൻപ് അത് നിരോധിക്കാനിടയായ കാരണവും എന്താണെന്നും മനസ്സിലാക്കേണ്ടതാണ്. അതിനു മുൻപത്തെ അവസ്ഥ എന്തായിരുന്നു എന്നും. ഭൂമാതാ ബ്രിഗേഡിന്റെ നടപടികൾ സമൂഹത്തെ അനാചാരത്തിൽ നിന്ന് അബോധാവസ്ഥയിലേക്ക് നയിക്കാനേ സഹായിക്കുകയുള്ളു.

 

അതിക്രമിച്ച് കയറി അഭിഷേകം നടത്തിയവരും ക്ഷേത്രഭാരവാഹികളും ഒരേ അവസ്ഥയിൽ. അതാണ് ശനീശ്വരക്ഷേത്രം നേരിടുന്ന ജീർണ്ണത അഥവാ ശനിദശ. ഇത് ഇന്ത്യയുടെ ഉദാഹരണദൃശ്യവും.

Tags: