ഡിക്കിയിലെ തേങ്ങവിൽപ്പന കരയുന്ന കേരളത്തിന്റെ നേർക്കാഴ്ച

Glint Staff
Thu, 31-03-2016 05:15:00 PM ;

 

ചൂട് ചൂടായതോടെ കരിക്കൊന്നിന് 35 രൂപ. ചിലർ നാൽപ്പതും വാങ്ങുന്നു. നല്ല വലിപ്പവും കാമ്പുണ്ടെന്ന് കുലുക്കി നോക്കിയാൽ മനസ്സിലാകുന്ന തേങ്ങയൊന്നിന് കർഷകന് കിട്ടുന്നത് ആറു രൂപയ്ക്കും എട്ടു രൂപയ്ക്കുമിടയിൽ. കമ്പോളത്തിൽ അത് ശരാശരി പത്തുമുതൽ പന്ത്രണ്ട് രൂപയ്ക്കു വരെ കിട്ടുന്നു. വെളിച്ചണ്ണയ്ക്ക് എന്നാൽ വില കാര്യമായി കുറയുന്നില്ല. മാത്രവുമല്ല കമ്പോളത്തിൽ കിട്ടുന്ന വെളിച്ചണ്ണയിൽ മിക്കതിലും മായം ധാരാളം. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ മായം ചേർത്ത വെളിച്ചണ്ണ നിരോധിക്കുകയും ചെയ്തിരിക്കുന്നു. വെളിച്ചണ്ണയിൽ ചേർക്കുന്ന മായവസ്തുവിനേക്കാൾ വിലക്കുറവാണ് തേങ്ങയ്ക്ക്. എന്നിട്ടും എന്തുകൊണ്ട് തേങ്ങയാട്ടി വെളിച്ചണ്ണയെടുത്ത് മായമില്ലാത്ത വെളിച്ചണ്ണ വിപണിയിലെത്തുന്നില്ല! തെങ്ങു കർഷകർ അസംഘടിതരാണ്. അവർക്കായി രാഷ്ട്രീയപ്രസ്ഥാനമില്ല. അവരുടെ പ്രശ്നം രാഷ്ട്രീയപാർട്ടികൾ ഏറ്റെടുക്കുന്നതുമില്ല. കേരളം എന്നാൽ കേരത്തിന്റെ നാടാണെന്നൊക്കെ ചിലപ്പോൾ അവർ ആലങ്കാരികമായി എവിടെയെങ്കിലും പറഞ്ഞന്നെരിക്കും.

 

വിദേശ അജണ്ടകൾ ഗവേഷണത്തിന്റേയും വികസനത്തിന്റേയും പേരിൽ കേരളത്തിലെ തെങ്ങിനെ പരീക്ഷിച്ച് ഒടുവിൽ - കേരളത്തിന്റെ മണ്ണിന്റെ ആത്മാവിന്റെ ഉദ്ഗതിപോലെ ഇവിടുത്തെ മണ്ണിന്റെ ജൈവമുഖം പ്രകടമാക്കിയിരുന്ന തെങ്ങിനെ - ഏതാണ്ട് പൂർണ്ണമായി ഇല്ലായ്മ ചെയ്തു. അവശേഷിക്കുന്നതിന് മണ്ഡരിയേയും സമ്മാനിച്ചു. ഇപ്പോൾ അവശേഷിക്കുന്നത് തേങ്ങയാകാൻ കര്‍ഷകര്‍ കാത്തു നിൽക്കുന്നില്ല. കരിക്കാവുമ്പോഴേക്ക് വിൽക്കുന്നു. അതാണ് കൂടുതൽ ആദായകരം. ഇപ്പോൾ കരിക്കിനും വലിയ കിട്ടാതെ വരുന്നു. കാരണം കൊബ്രിബോണ്ടമാണ് വഴിയോരങ്ങളിൽ മിക്ക സ്ഥലത്തും. ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ മാത്രം തദ്ദേശീയമായ കരിക്ക് കിട്ടുന്നുണ്ട്. എറണാകുളത്ത് കൂടുതലും കൊബ്രിബോണ്ടമാണ്. കൊബ്രിബോണ്ടം എന്നാൽ തെലുങ്കിൽ കരിക്കിന്റെ പേര്. ആന്ധ്രാപ്രദേശിൽ നിന്നു വരുന്ന കരിക്കാണ് എറണാകുളത്ത് കൂടുതലും ലഭ്യമാകുന്നതെന്ന് ചുരുക്കം. മറ്റുള്ളിടങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നും, കുറച്ച് പാലക്കാട്ട് നിന്നും. കൊബ്രിബോണ്ടമൊക്കെ ആയതിനാലാണ് കരിക്കു കുടിച്ചാൽ കരിക്കിന്റെ രുചി പലപ്പോഴും തോന്നാത്തത്.

 

കേരളത്തിന്റെ വികസന മാതൃകയുടെ ഏറ്റവും നല്ല ഉദാഹരണമാണ് എല്ലാ അർഥത്തിലും ഇന്ന് കേരളത്തിൽ തെങ്ങുകൃഷിയും തെങ്ങു കർഷകരും നേരിടുന്നത്. കേരളീയ കുടുംബങ്ങൾക്ക് ഇത്രയും താങ്ങു നൽകിപ്പോന്നതും കേരളത്തിന്റെ പ്രകൃതിയോട് ഇത്രയും ഇണങ്ങുന്നതുമായ മറ്റൊന്നില്ലെന്നു തന്നെ പറയാം. അതിനെയാണ് ഈ വിധം നാം ഗവേഷണത്തിന്റേയും വികസനത്തിന്റേയും പേരിൽ ഇങ്ങനെയാക്കിത്തീർത്തത്. വെളിച്ചണ്ണ കൊണ്ടുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കും നല്ല വിലയാണ്. പാപ്പ്വ ന്യൂഗിനിയ പോലുള്ള രാജ്യങ്ങളിലെ മുഖ്യ വരുമാനം തേങ്ങയാണ്. വൻതോതിലാണ് അവിടെ നിന്നൊക്കെ യു.എസിലേക്കും മറ്റും തേങ്ങ കയറ്റുമതി ചെയ്യപ്പെടുന്നത്.

 

കേരളത്തിൽ വെളിച്ചെണ്ണയെ ആധാരമാക്കിയുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ചെറുകിട വ്യവസായങ്ങൾ വ്യാപകമായി ഉണ്ടാക്കാനോ അല്ലെങ്കിൽ അത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാനോ ഒരു സർക്കാരും ഇതുവരെ തുനിഞ്ഞിട്ടില്ല. എന്തിന്, സഹകരണമേഖലയിൽ എഞ്ചിനീയറിംഗ് കോളേജുകളും മെഡിക്കൽ കോളേജുകളും ഇവിടെ തുടങ്ങി വിജയിച്ചു. എന്നാൽ ആ മേഖലയിൽ പോലും വെളിച്ചണ്ണയുടെ മൂല്യവർധിത ഉൽപ്പന്ന യൂണിറ്റുകൾ ഉണ്ടാക്കുന്നതിനെ പറ്റി കാര്യമായി ചിന്തിപ്പിക്കാൻ പോലും ഇവിടെ ആർക്കും കഴിഞ്ഞിട്ടില്ല. മാത്രവുമല്ല നിക്ഷിപ്ത താൽപ്പര്യക്കാരുടെ സ്വാധീനങ്ങൾക്കു വഴങ്ങി വെളിച്ചെണ്ണയെ വില്ലനായി അവതരിപ്പിച്ച് കുറേനാൾ വെളിച്ചെണ്ണയെ ആളെക്കൊല്ലി വിഷമെന്നോണം ചിത്രീകരിക്കുന്നതിലും ഹൃദ്രോഗ ചികിത്സാ വിദഗ്ധരുൾപ്പടെയുള്ള ഡോക്ടർമാർ വിജയിച്ചു.

coconut selling in road

 

ഇന്നിപ്പോൾ ഈ കൊടും ചൂടിൽ മലയാളി എരിപിരി കൊള്ളുന്നതിന്റെ മുഖ്യകാരണങ്ങളിൽ ഒന്നും തെങ്ങുകൃഷിയെ ഇല്ലായ്മ ചെയ്തതാണ്. മഴക്കാലമാകുമ്പോൾ വിശാലമായി തടമെടുക്കുക വഴി വ്യാപകമായ തോതിലായിരുന്നു മഴവെള്ളക്കൊയ്ത്ത് കേരളത്തിൽ പരമ്പരാഗതമായി നടന്നുകൊണ്ടിരുന്നത്. അത് ഇതുവരെ - ശാസ്ത്രലോകമാകട്ടെ, പരിസ്ഥിതിയുടെ മൊത്തക്കച്ചവടക്കാരാകട്ടെ - ആരും തന്നെ ഊർജ്ജിതമായി ആരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടില്ല. വിദേശ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായി മഴവെള്ളക്കൊയ്ത്ത് എന്നാൽ സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ വീടു നിർമ്മിക്കുമ്പോൾ അതിനോട് ചേർത്ത് വച്ചിരിക്കുന്ന സംവിധാനമെന്ന നിലയിലാക്കി. അത് നിയമംകൊണ്ട് നിർബന്ധമാക്കുകയും ചെയ്തു. അതിലൂടെ ഫലവത്തും ജൈവവും പരമ്പരാഗതവുമായ മഴവെള്ളക്കൊയ്ത്തിനെയാണ് വളരെ ബുദ്ധിപരമായി ഇല്ലായ്മ ചെയ്തത്.

 

ഇപ്പോൾ അവശേഷിക്കുന്ന തെങ്ങിൽ കയറാൻ ആളില്ല. നാളികേര വികസന ബോര്‍ഡും പരോക്ഷമായി വിദേശ അജണ്ടകൾ തന്നെയാണ് നാളികേരത്തെ വികസിപ്പിക്കാനെന്നവണ്ണം ഓരോ നടപടികളിലും സ്വീകരിക്കുന്നത്. പ്രത്യക്ഷത്തിൽ നാളികേരത്തെ രക്ഷപ്പെടുത്താനാണെന്നു തോന്നുമെങ്കിലും. നീര ഉൽപ്പാദനവും വിപണനവും ഒരുദാഹരണം. നിലവിലുള്ള സാഹചര്യത്തിൽ തെങ്ങുകർഷകരുടെ പ്രശ്നം ഒരു പ്രശ്നമേ അല്ലാതായി. ഈ ഗതികേടിന്റെ ഒരു ചിത്രമാണ് എറണാകുളത്ത് പൊന്നുരുന്നിയിൽ ഒരാൾ തന്റെ വീട്ടുവളപ്പിലുണ്ടായ തേങ്ങ കാറിന്റെ ഡിക്കിയിൽ പൊതിച്ചിട്ട് ഡിക്കിയും തുറന്നു വച്ച് സ്വന്തം നിലയിൽ വിൽക്കാൻ ശ്രമിക്കുന്നത്. അത് പൊതുജന ശ്രദ്ധ പിടിച്ചു പറ്റാനോ അല്ലെങ്കിൽ റബറിന്റെ കാര്യത്തിൽ നടത്താറുള്ള പൊറാട്ടു പ്രതിഷേധം പോലെയോ അല്ല.

 

ഡിക്കി തുറന്നിട്ട് തേങ്ങ പ്രദർശിപ്പിച്ച് നാലെണ്ണത്തിന് അമ്പതു രൂപ എന്ന ബോർഡു തൂക്കിയാണ് അദ്ദേഹം റോഡരികിൽ കാത്തുനിൽക്കുന്നത്. അൽപ്പം വലിപ്പം കുറഞ്ഞത് അമ്പതു രൂപയ്ക്ക് അഞ്ചെണ്ണം. അനാഥത്വത്തിന്റെ ഒരു ചിത്രമാണ് അതിലൂടെ പ്രകടമാകുന്നത്. അദ്ദേഹത്തെ നാളികരേ കർഷകൻ എന്ന് വിളിക്കാൻ പറ്റില്ല. വീട്ടു വളപ്പിൽ കിട്ടുന്ന, ഏതാനും തെങ്ങിലെ തേങ്ങ. അത് ഇടത്തരം കുടുംബങ്ങൾക്ക് സാമ്പത്തികമായി ലഭ്യമാക്കുന്ന താങ്ങ് വളരെ വലുതാണ്. അതാണ് ആ അംബാസഡർ കാറിന്റെ ഡിക്കിയിലൂടെയുള്ള തേങ്ങാക്കച്ചവടം നേരിട്ട് നടത്തപ്പെടുന്നതിലൂടെ വ്യക്തമാക്കുന്നത്. കേരള വികസന മാതൃകയുടെ ധാതുലവണം പരിശോധിക്കണമെങ്കിൽ ആ ദൃശ്യത്തിലേക്ക് നയിക്കപ്പെട്ടതിന്റെ രസതന്ത്രം കാണാൻ ശ്രമിച്ചാൽ മതിയാകും.

Tags: