മുയൽക്കൊല നിരോധനം ഉദാത്തമായ സാംസ്കാരിക നടപടി

Glint Staff
Mon, 09-03-2015 03:45:00 PM ;

 

മുയൽ വളർത്തൽ കേരളത്തിൽ വ്യാപകമായിരുന്ന ഒന്നല്ല. ചിലർ മുയലിനെ വീട്ടിൽ വളർത്തിയിരുന്നുവെങ്കിലും അത് കാണാനുള്ള കൗതുകത്തിനായിരുന്നു. കൊന്നു തിന്നുവാനായിരുന്നില്ല. അവയ്ക്ക് തീറ്റ കൊടുത്തും അവയെ ചെവിയിൽ പിടിച്ച് എടുത്തു താലോലിച്ചുമൊക്കെ ചിലർ അവയെ സ്നേഹിച്ചിരുന്നു. ആ സ്ഥാനത്താണ് മുയൽ വളർത്തൽ ഒരു കൃഷിയായി രംഗപ്രവേശം ചെയ്തത്.

 

കേരളീയർ മാംസ ഭക്ഷണം കഴിക്കുന്നതിൽ വളരെ മുന്നിലാണ്. ഒരു ദിവസം ഭക്ഷണത്തിനായി കേരളീയർ കൊന്നൊടുക്കുന്ന ജീവികളുടെ എണ്ണം നോക്കിയാൽ എത്ര ഹിംസാത്മകമായ സമൂഹമാണ് നമ്മളുടേതെന്ന് ബോധ്യമാകും. കൊല്ലപ്പെടുന്ന മൃഗങ്ങളുടേയും പക്ഷികളുടേയും രക്തം കേരളത്തിന്റെ അന്തരീക്ഷത്തിൽ തളം കെട്ടി നിൽപ്പുണ്ടാകും. അത് നാം ശ്വസിച്ച് ചോരയുടെ ഗന്ധമാണെന്ന് അറിയാനുള്ള വകതരിവ് പോലും സസ്യഭുക്കായ മലയാളിക്കു പോലും നഷ്ടപ്പെട്ടിട്ടുമുണ്ടാകും. ഹിംസ കൂടുന്നതനുസരിച്ച് മനുഷ്യന്റെ മാനവികത നഷ്ടമാകും. അത് വെറുമൊരു യാഥാർഥ്യം മാത്രമാണ്. കൊല്ലുന്നതിനോടുളള അറപ്പില്ലായ്മയിലേക്ക് അത് നയിക്കും. കരുതിക്കൂട്ടി കൊലപാതകങ്ങൾ ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്ന ചില സംഘങ്ങൾ അതിനായി തിരഞ്ഞെടുക്കുന്നവരെ പരിശീലിപ്പിക്കുന്നത് ആട്, മാട് തുടങ്ങിയ മൃഗങ്ങളെ വാളും കത്തിയും കൊണ്ട് കൊല്ലിച്ചാണ്. ചോര കണ്ടും മൃഗങ്ങൾ പിടയുന്നതു കണ്ടും അവർക്ക് കൊല്ലാനുള്ള അറപ്പ് മാറി അത് തഴക്കമാകും. അങ്ങിനെയുള്ളവരെ ഉപയോഗിച്ച് പിന്നീട് മനുഷ്യരെ കൊലപ്പെടുത്തുന്നു. ഇതു സൂചിപ്പിക്കുന്നത് സാധാരണ മനുഷ്യൻ ഏതു സാഹചര്യവുമായി പരിചയിക്കുന്നുവോ അത് അവനിൽ വരുത്തുന്ന സാംസ്കാരികമായ സ്വാധീനവും അത് ആ വ്യക്തിയിൽ വരുത്തുന്ന മാനസിക വ്യതിയാനവുമാണ്.

 

വളരെ മൃദുവായ, ഓമനത്തമുള്ള, മനുഷ്യനെ ഒരു രീതിയിലും നോവിക്കാത്ത ജീവിയാണ് മുയൽ. അതിന്റെ സ്വഭാവം പോലും സൗമ്യമാണ്. അതിനെ ഉപയോഗിച്ചുകൊണ്ട് മലയാളത്തിൽ സൗമ്യതയെ സൂചിപ്പിക്കാനുള്ള ഉപമകൾ പോലുമുണ്ട്. അത്രയും ഓമനത്തമുള്ള, നിരുപദ്രവകാരിയായ ആ ജീവിയെ കൊല്ലുക എന്നു പറയുമ്പോൾ മനസ്സിൽ തെല്ലും അരോചകത്വമോ അസ്വസ്ഥതയോ തോന്നാത്ത വ്യക്തിയുടെ മനസ്സിന്റെ നൈർമല്യം അത്രയ്ക്ക് മരവിച്ചുപോയി എന്നാണ് മനസ്സിലാക്കേണ്ടത്. അപ്പോൾ ഉയരുന്ന ചോദ്യമുണ്ട്, കോഴിയേയും ആടിനേയും മാടിനേയും തിന്നുന്നവർ നൈർമല്യം നഷ്ടമായവരാണോയെന്ന്. ഉത്തരം അതേയെന്ന് സമ്മതിക്കേണ്ടി വരുമെങ്കിലും ഒരു ശീലത്തിന്റെ ഔദാര്യമുണ്ട്. ചെറുതിലെ മുതൽ തിന്നു ശീലിച്ചതിന്റെ തുടർച്ച. അതുകൊണ്ടാണ് ചിലർക്ക് ഇറച്ചി കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവയുടെ ജീവരൂപത്ത പറ്റി പരാമർശിക്കുമ്പോൾ അസ്കിത തോന്നുന്നത്. എന്നിരുന്നാലും, രുചിയുടെ മുന്നിൽ അതവർ മറക്കുന്നു.

 

ഒരു കൈക്കുഞ്ഞിനെ കാണുമ്പോൾ മനുഷ്യന് തോന്നുന്ന ഓമനത്തവും അപ്പോൾ അവനിലോ അവളിലോ ഉണ്ടാവുന്ന മാറ്റങ്ങളും കാണിക്കുന്നത് ആ വ്യക്തിയുടെ മനസ്സിന്റെ മൃദുല ഭാവങ്ങൾ തരളിതമായി ഉണരുന്നുവെന്നാണ്. ആ തരളിതയെ താലോലിക്കാൻ തോന്നുമ്പോഴാണ് പുറത്ത് മൃദുവായതിനെ താലോലിക്കാൻ തോന്നുന്നത്. ഇത് വ്യക്തിക്ക് സുഖം നൽകുന്നു. ഈ സുഖം താലോലിക്കുന്നവർക്കും താലോലിക്കപ്പെടുന്നവർക്കും ഒരേപോലെ പകരുന്നു. ഈ മാനസികാവസ്ഥ വ്യാപിക്കുകയും വികസിക്കുകയും ചെയ്യുന്നതിനനുസരിച്ച് മനുഷ്യനും അവന്റെ സമൂഹവും സംസ്കൃതിയിലേക്ക് നീങ്ങുന്നു. സംസ്കാരം മനുഷ്യന് മാത്രമുള്ള അവകാശവും അധികാരവുമാണ്. അത് വർധിക്കുന്നതനുസരിച്ച് വ്യക്തിയും സമൂഹവും മാനവികതയിലേക്ക് അടുക്കുന്നു. മറിച്ച്, സ്വന്തം രുചിക്കുവേണ്ടി മറ്റൊരു ജീവിയെ കൊല്ലുക എന്നത് ക്രൂരതയുടെ ഭാഗം തന്നെയാണ്. അതിൽ തന്നെ താലോലിക്കാൻ അഥവാ ഓമനിക്കാൻ തോന്നുന്ന ഒരു ജന്തുവിനെ കൊല്ലുകയും തിന്നുകയും ചെയ്യാൻ പാകമായ മനസ്സുണ്ടാകുന്നത് മനുഷ്യനെ ഏറ്റവും വലിയ ഭീകര ജന്തുവാക്കുന്നു. കാരണം അത് മനുഷ്യവികാരങ്ങൾക്ക് എതിരാണ്.

 

ഈ പശ്ചാത്തലത്തിലാണ് കേരളാ വനം-വന്യജീവി സംരക്ഷണ വകുപ്പ് മൂന്നു മാസം മുൻപ് പുറപ്പെടുവിച്ച മുയലുകളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പ്രസക്തമാകുന്നത്. വന്യജീവി സംരക്ഷണ വകുപ്പ് സ്വീകരിച്ച ഏറ്റവും മാനവികമായ ഒരുത്തരവായേ ഇതിനെ കാണാൻ കഴിയൂ. മുയൽ വളർത്തലിനെ കൃഷിയായി കാണാൻ കഴിയില്ലെന്നും മുയൽക്കൊല അനുവദിക്കില്ലെന്നും കേന്ദ്രസർക്കാരും വ്യക്തമാക്കിയിരിക്കുന്നു. ഇടുക്കി എം.പി. ജോയ്‌സ് ജോർജിന്റെ ചോദ്യത്തിനുള്ള ഉത്തരമായി കൃഷി വകുപ്പ് സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൺ ലോകസഭയെ അറിയിച്ചതാണിക്കാര്യം. ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി കഴിഞ്ഞ ആഗസ്തില്‍ തന്നെ മുയല്‍ക്കൊല നിരോധിച്ചിരുന്നതാണ്.

 

സംസ്ഥാന സർക്കാർ മുയൽ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി മുയൽ ഗ്രാമം പദ്ധതികളും സഹകരണ സംഘങ്ങൾ വഴിയുള്ള വിപണനവുമൊക്കെ നടപ്പാക്കി വരുന്നതിനിടെയാണ് മുയൽക്കൊല നിരോധിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ പേരിലാണ് മുയൽ വളർത്തലിനെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരുന്നത്. വികസന മാതൃകകൾ വിദേശത്തുനിന്നും കടമെടുക്കുമ്പോൾ അവയുടെ കൂടെ അതിന്റെ സംസ്കാരവും കൂടെ വരും. മുയലിനെ വളർത്തി കൊല്ലാൻ മടിയില്ലാത്ത സ്ത്രീയിൽ മനുഷ്യന്റെ അമൂല്യമായ ഒട്ടേറെ സവിശേഷതകൾ നഷ്ടമാകും. ആണിനേക്കാൾ ജീവനുള്ളതിനോട് പെട്ടന്ന് താദാത്മ്യം പ്രാപിക്കാനും അവയെ അറിയാനും പ്രകൃതി കൂടുതൽ കഴിവ് നിക്ഷേപിച്ചിട്ടുള്ളത് സ്ത്രീയിലാണ്. അത് സ്ത്രീയുടെ ശക്തിയാണ്. ശക്തിയെ ദൗർബല്യമായി കാണുന്ന വിദേശ സംസ്കാരവും വിദേശമാതൃകകളുടെ കൂടെ എത്തുമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണിത്. സ്ത്രീ ശാക്തീകരണം എന്നാൽ വിവരമില്ലാത്ത പുരുഷന്മാരെപ്പോലെ ഹിംസാത്മകമായി പെരുമാറുകയെന്ന സമവാക്യം അറിഞ്ഞോ അറിയാതെയോ സമൂഹത്തിൽ വേരോടി വരുന്നതും വർത്തമാനകാലത്തിൽ കാണാവുന്നതാണ്. ശക്തിയെ ഇല്ലായ്മ ചെയ്യാനുള്ളതാണ് ശാക്തീകരണത്തിന്റെ പേരിൽ നടപ്പാക്കുന്ന പദ്ധതിയെന്ന് മനസ്സിലാക്കാനുള്ള വിവേകം പോലും അതിലൂടെ കടന്നുപോകുന്നവർക്കും അതിനുവേണ്ടി വാദിക്കുന്നവർക്കും നടപ്പാക്കുന്നവർക്കും ഇല്ലാതെ പോകുന്നുവെന്നതാണ് വിദേശ മാതൃകകൾ വിപണനം ചെയ്യുന്നവരുടെ വിജയം.

 

ഇന്നലെ വരെ സമൂഹദ്രോഹികളും വിരുദ്ധരുമായ പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ചില കുറ്റകൃത്യങ്ങളിലേക്ക് സ്ത്രീകളും വരുന്നതായി മാദ്ധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചില വനിതാ നേതാക്കളും വനിതാ പോലീസ് ഉദ്യോഗസ്ഥകളുമുൾപ്പടെ പലരും അതിൽ ആശങ്ക പ്രകടിപ്പിക്കുന്നതായും മാദ്ധ്യമ റിപ്പോർട്ടുകളിൽ കണ്ടിട്ടുണ്ട്. മനുഷ്യന്റെ സംസ്കാരത്തിന്റെ ഔന്നത്യഭാവമായ മൃദുലത സ്ത്രീയിൽ നിന്ന് അകലുന്നതുകൊണ്ടാണ് ഇവ്വിധം സംഭവിക്കുന്നതെന്ന് തിരിച്ചറിയാൻ കഠിനഗവേഷണത്തിന്റെ ആവശ്യകതയൊന്നുമില്ല. പ്രാകൃതനായ പുരുഷന്റെ ആക്രമണോത്സുകതയെ സ്വായത്തമാക്കുന്നത് ശാക്തീകരണമായി കാണുന്ന സമൂഹത്തിന്റെ സാംസ്കാരിക സാന്നിദ്ധ്യത്തിൽ നിന്നാണ് ഇങ്ങനെയുള്ള മാറ്റങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കേരള വനം-വന്യജീവി സംരക്ഷണ വകുപ്പ് സ്വീകരിച്ച ഏറ്റവും ഉദാത്തമായ സാംസ്കാരിക നടപടിയാണ് മുയൽക്കൊല നിരോധനം. വാസ്തവത്തിൽ സാംസ്കാരിക വകുപ്പില്‍ വ്യക്തിയിലും സമൂഹത്തിലും സംസ്കാരം വഹിക്കുന്ന പങ്കിനെക്കുറിച്ച് ശരിയായ ബോധം ഉണ്ടായിരുന്നവെങ്കിൽ ആ വകുപ്പിന്റെ ഇടപെടലിലൂടെ നടപ്പിലാക്കേണ്ടുന്ന ഒന്നായിരുന്നു വനം-വന്യജീവി സംരക്ഷണ വകുപ്പ് നിർവ്വഹിച്ചിരിക്കുന്ന ഈ നടപടി.

Tags: