Skip to main content

pope francis

 

വിനാശകരമായി മറിക്കഴിഞ്ഞിരിക്കുന്ന പരിസ്ഥിതി നാശം കണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരിക്കുന്നത് ലോകമെമ്പാടുമുള്ള മനുഷ്യരും പ്രത്യേകിച്ച് കേരളത്തിലുള്ളവരും മനസ്സിലാക്കേണ്ടതാണ്. വളരെ ലളിതമാണ് പരിസ്ഥിതിയെ രക്ഷിക്കാൻ മാർപാപ്പയുടെ നിർദ്ദേശം. സൃഷ്ടിയെ ബഹുമാനിക്കുക. ആർക്കും എതിരഭിപ്രായം ആ നിർദ്ദേശത്തോട് ഉണ്ടാവില്ല. സൃഷ്ടിയോട് ബഹുമാനം നഷ്ടമായതാണ് ഇന്ന് ലോകത്ത് കാണുന്ന സമസ്ത പരിസ്ഥിതി നാശത്തിനും കാരണം. വളരെ കുറച്ചുപേർ ഒഴിച്ചാൽ ലോകത്ത് ബഹുഭൂരിപക്ഷവും ദൈവവിശ്വാസികളാണ്. ആ ദൈവത്തിന്റെ സൃഷ്ടിയെ ബഹുമാനിക്കാതിരിക്കുക എന്നാൽ ദൈവനിന്ദ തന്നെ. എന്നാൽ, ദൈവനിന്ദയുടെ പേരിൽ ഇപ്പോഴും വിവിധ മതങ്ങൾ തമ്മിലും ഒരേ മതങ്ങൾക്കുള്ളിലും യുദ്ധം ചെയ്യുന്നതും ചോര ചിന്തുന്നതും വർധിതമായ തോതിൽ തുടർന്നുവരികയും ചെയ്യുന്നു.

 

മനുഷ്യനും ദൈവത്തിന്റെ സൃഷ്ടിയാണെന്നാണ് പാപ്പ ഓർമ്മിപ്പിക്കുന്നത്. അപ്പോൾ സൃഷ്ടിയെ ബഹുമാനിക്കുക എന്നുവെച്ചാൽ സ്വയം ബഹുമാനിക്കുക. സ്വയം ബഹുമാനമില്ലാത്തവർക്ക് മറ്റുള്ളവരേയും മറ്റുളളതിനേയും എങ്ങനെ ബഹുമാനിക്കാൻ കഴിയും. ബുദ്ധിമുട്ടാണ്. എന്നല്ല, പറ്റില്ല എന്നുതന്നെ പറയാം. സ്വയം ബഹുമാനം തോന്നാത്ത മനുഷ്യൻ അവനും മറ്റുള്ളവർക്കും ലോകത്തിനും അപകടമാണ്. അതിന്റെ പ്രകമ്പനങ്ങളാണ് പ്രാദേശികതലം മുതൽ രാഷ്ട്രാന്തരതലത്തിൽ വരെ നാമിന്നു കാണുന്നത്.

 

പ്രകൃതിചൂഷണം ഈ കാലഘട്ടത്തിന്റെ പാപം: ഫ്രാന്‍സിസ് മാര്‍പാപ്പ

 

ഒരു വ്യക്തി സ്വയം ബഹുമാനിക്കാതിരിക്കുന്നതിന് ആരാണ് ഉത്തരവാദി. അവനവൻ തന്നെ. അതിനാൽ ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതേസമയം തെറ്റുതിരുത്തുക എളുപ്പവും. തെറ്റുതിരുത്താൻ വൈകൽ തടസ്സമല്ല. തെറ്റിൽ നിന്ന് പഠിക്കാം. ബഹുമാനമില്ലായ്മയിൽനിന്ന് ബഹുമാനത്തിലേക്ക് ഉയരാം. അതിനുമുൻപ് ഒരു ചോദ്യം, എന്താണ് ബഹുമാനം? അതിനെക്കുറിച്ച് അറിയാതെ ബഹുമാനിക്കുക സാധ്യമല്ല.

 

ബഹുമാനം എന്ന വാക്കു കേൾക്കുമ്പോൾ പലചിത്രങ്ങളാണ് മുന്നിൽ വരിക. മുതിർന്നവരെ ബഹുമാനിക്കുക, ഉന്നത സ്ഥാനീയരെ ബഹുമാനിക്കുക, ഔദ്യോഗിക സ്ഥാനമലങ്കരിക്കുന്നവരെ ബഹുമാനിക്കുക - അങ്ങനെ നീളുന്നു ആ പട്ടിക. ഔപചാരിക ബഹുമാനങ്ങളും നാം കാണാറുണ്ട്. പാപ്പയെ സ്വീകരിക്കുന്ന ചടങ്ങ് ഉദാഹരണം. രാഷ്ട്രത്തലവന്മാരേയും അതുപോലുള്ളവരേയും സ്വീകരിക്കുന്നതും പരിചിതം. അവിടെയെല്ലാം നാം കാണുന്നത് ആചാരപരമായ ബാഹ്യചിഹ്നങ്ങളാണ്. നാം ബഹുമാനത്തെ അതുമായി ബന്ധപ്പെടുത്തിക്കാണുന്നു. ചിലർക്ക് അത്തരത്തിൽ ചില സ്ഥലങ്ങളിൽ പരിഗണന കിട്ടിയില്ലെങ്കിൽ കോലാഹലമുണ്ടാക്കും. അതിനുള്ള ഉദാഹരണങ്ങൾ കൊച്ചുകേരളത്തിൽ തന്നെ യഥേഷ്ടം. ഇതെല്ലാം ബഹുമാനത്തെ ബാഹ്യമായും ആചാരപരമായും കാണുന്നതുകൊണ്ടാണ്. അവിടെ ബഹുമാനത്തിന്റെ മാനങ്ങൾ അല്ലെങ്കിൽ അർഥ തലങ്ങൾ അറിയുന്നില്ല. എല്ലാ ആചാരങ്ങളിലും സംഭവിച്ചത് ബഹുമാനത്തിന്റെ കാര്യത്തിലും സംഭവിച്ചു. അത്രതന്നെ.

 

ചെറുതായി ആലോചിച്ചാൽ മനസ്സിലാകൂന്നതേ ഉള്ളു ബഹുമാനത്തിന്റെ അർഥം അഥവാ മാനങ്ങൾ. ഒരു വ്യക്തിയെ കാണുമ്പോൾ ആ വ്യക്തിയെ വെറുമൊരു ജീവിയായിട്ടല്ല അറിയേണ്ടത്. തന്റെ  നിലനിൽപ്പിന് ആധാരമായ അതേ ചൈതന്യമാണ് കണ്ടുമുട്ടുന്ന വ്യക്തിയിലും ഉള്ളതെന്ന് തിരിച്ചറിയുമ്പോൾ അവിടെ കാണുന്നയാളും കണ്ടുമുട്ടുന്നയാളും ഒന്നാകുന്നു. ആ അറിവിന്റെ പരസ്പര കൈമാറ്റവും പാരസ്പര്യവുമാണ് രണ്ടു വ്യക്തികൾ തമ്മിൽ കണ്ടുമുട്ടുമ്പോൾ അഭിവാദ്യം ചെയ്യുന്നതും പ്രത്യഭിവാദ്യം ചെയ്യുന്നതും. ഒരു മരത്തെ പട്ടിയോ പൂച്ചയോ പക്ഷിയോ കാണുമ്പോൾ വെറും തടിയും ഇലകളും കായ്കളുമുള്ള  സംഗതിയായി കാണുന്നു. അത് ഏകമാന കാഴ്ചയാണ്. ഒരുമാനമേ ഉള്ളു. അതേ സമയം മനുഷ്യൻ ഒരു മരത്തെ കാണുമ്പോൾ പലമാനങ്ങൾ കാണുന്നു. അതിന്റെ വേര്, വെള്ളം, തണൽ, ഫലം, അതിന്റെ ഓരോ ഘട്ടങ്ങൾ, പൂവിടൽ, കായ്ക്കൽ, കാലങ്ങൾക്കനുസരിച്ചുണ്ടാവുന്ന പരിണാമങ്ങൾ അങ്ങനെയങ്ങനെ. ഇത്തിരിയും കൂടി അപ്പുറത്തേക്കു കടന്നാൽ വീണ്ടും മാനങ്ങൾ മാറുന്നു. ഔഷധഗുണങ്ങൾ. വീണ്ടും മാറുന്നു, അതിന്റെ പ്രവർത്തനത്തെപറ്റിയുള്ള ശാസ്ത്രമറിയുന്നവർക്ക്. ചില പ്രത്യേകമരങ്ങൾ ബിംബാരാധനയിലെന്നവണ്ണം ആരാധിക്കപ്പെടുന്നു. ഇതൊക്കെ ഇതിന്റെ പല മാനങ്ങൾ അറിയുന്നതുകൊണ്ടാണ്. അതറിയാൻ മനനശേഷിയുള്ള മനുഷ്യനു മാത്രമേ സാധ്യമാകൂ. അവനുമാത്രമേ ഏകമാനം വിട്ട് ഒന്നിൽ മറ്റു പലതിനേയും കാണാൻ കഴിയൂ. ഒരു മൃഗം പ്രസവിച്ചാൽ അതിന്റെ ആൺകിടാവ് കുറച്ചുകഴിയുമ്പോൾ അതിന്റെ തള്ളമൃഗവുമായി ഇണചേരാൻ ശ്രമിക്കുന്നു. പിന്നീട് ഇണചേരുന്നു. ഇത് ഏകമാനത്തിൽ കാണുന്നതുകൊണ്ടാണ്. എന്നാല്‍, മനുഷ്യരില്‍ പുരുഷന്‍ മുന്നിൽ നിൽക്കുന്ന മൂന്നു സ്ത്രീകളിൽ ഒരാളെ അമ്മയായും മറ്റൊരാളെ ഭാര്യയായും മൂന്നാമത്തെയാളെ മകളായും, അതുപോലെ സ്ത്രീ തിരിച്ചും, തിരിച്ചറിയുന്നത് ബഹുമായ മാനങ്ങൾ കാണാൻ കഴിയുന്നതുകൊണ്ടാണ്. ആന്തരികമായ ആ ശേഷിയുടെ പരിവർത്തനത്തിലുണ്ടാകുന്ന മയപ്പെടലാണ് ഒരു വ്യക്തിയുടെ സംസ്കാരത്തെ നിശ്ചയിക്കുന്നത്. ഈ ശേഷിയുള്ള വ്യക്തിയാണ് മനുഷ്യൻ എന്ന് സ്വയം അറിയണം. അതറിയുമ്പോഴാണ് ബഹുവായ തന്റെ മാനങ്ങളെക്കുറിച്ച് ഒരാൾ ബോധവാനും ബോധവതിയുമൊക്കെയാകുന്നത്. ഈ ശേഷിയിൽ കുറവ് വരുമ്പോൾ ബഹുമാനത്തിൽ കാണാനുള്ള മനുഷ്യന്റെ ശേഷി കുറഞ്ഞ് ഏകമാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കും. അതിനാലാണ് കേരളത്തിലെ മാധ്യമങ്ങളിലൂടെ അശുഭവും അഭദ്രവുമായ അസ്വസ്ഥവാർത്തകൾ കാണാനും വായിക്കാനും ഇടവരുന്നത്.

 

വെള്ളവും ചതുപ്പും മരവും മലയും എല്ലാം നിറഞ്ഞ ചുറ്റുപാടുകളെ മൃഗങ്ങൾ കാണുന്നവിധം ഏകമാനത്തിൽ കാണുന്നതുകൊണ്ടാണ് അത് നികത്തിയും വെട്ടിയുമൊക്കെ വികസനത്തിന്റെ പേരിൽ ഓരോന്നും നടപ്പാക്കുന്നത്. നമ്മുടെ സർക്കാറുകളും വികസനത്തിന്റെ കാര്യത്തിൽ ഏകമാന വീക്ഷണത്തിന്റെ വെളിച്ചത്തിൽ തീരുമാനമെടുക്കുന്നതിന്റെ ഉദാഹരണങ്ങൾ ധാരാളം. ഒരു വയൽ കാണുമ്പോൾ വെറും വെള്ളവും ചെളിയും നിറഞ്ഞ ഇത്തിരി സ്ഥലം എന്ന ഏകമാനവീക്ഷണം അതിന്റെ പ്രസക്തിയറിയാത്തവരിൽ ഉണ്ടാകും. മറിച്ച് പതിനായിരക്കണക്കിന് വർഷങ്ങളുടെ പരിണാമപ്രക്രിയയിലൂടെയാണ് നമുക്ക് അന്നം വിളയിക്കാൻ പാകത്തിൽ അവിടം അവ്വിധമായത് എന്നുമറിയാം. അന്നം വിളയിക്കുന്ന ഇടം മാത്രമല്ല, നമ്മെ നിലനിർത്തുന്ന വെള്ളം ശേഖരിക്കുന്ന മർമ്മഭാഗവുമാണതെന്നും അടുത്ത നോട്ടത്തിൽ കാണാം. അതുമാത്രവുമല്ല, ശുദ്ധജലം ലഭ്യമാക്കുന്ന ഭൂമിയുടെ വൃക്കകളുമാണതെന്നറിയുമ്പോൾ പലപല മാനങ്ങൾ നിരനിരയായി തെളിയുകയായി. അതറിയുന്ന പ്രക്രിയയാണ് ബഹുമാനം. എല്ലാ മനുഷ്യനും ഇവ്വിധം അറിയണമെന്ന് ശഠിക്കാൻ പറ്റില്ല. എന്നാല്‍, ഈ രംഗങ്ങളെ ബാധിക്കുന്ന തീരുമാനമെടുക്കുന്നവർ ഇതറിയുന്ന ജ്ഞാനികളായിരിക്കണം. അങ്ങനെയുള്ളവരായിരിക്കണം ഭരണാധികാരികൾ. അത്തരത്തിൽ ജ്ഞാനം മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുന്നവരും ഉണ്ടാകണം. ഇത്തരം മേഖലകൾ അറിവില്ലാത്തവരുടെ അറിവില്ലായ്മ കൊണ്ട് നശിച്ചുപോകാതിരിക്കാനാണ് പലപല ആചാരങ്ങൾ പൂർവികർ ആവിഷ്കരിച്ചിട്ടുള്ളത്. ആവർത്തനത്തിലൂടെ അത് വെറും ആചാരമായി മാറി. ചിലത് അനാചാരങ്ങളിലേക്ക് നീങ്ങി. അതിന്റെ പേരിൽ ആചാരങ്ങളെല്ലാം അനാചാരങ്ങളുടെ കള്ളികളിലേക്ക്, പൂർണ്ണമായിട്ടല്ലെങ്കിലും, നീക്കപ്പെട്ടു.

 

പല മാനങ്ങൾ അറിഞ്ഞ് ആ അറിവിൽ തീരുമാനമെടുത്തിരുന്നവരുണ്ടായിരുന്നു. അത്തരം അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുത്തിരുന്നവരും. അതുകൊണ്ട് അവരിലും പല മാനങ്ങൾ മറ്റുള്ളവർ കണ്ടു. അതുകൊണ്ട് അവർ ബഹുമാനിക്കപ്പെട്ടു. അവിടെയും ചില ആചാരസ്വഭാവം കൈവന്നു. പിന്നീടതും അന്ധവിശ്വാസത്തിന്റെ തലത്തിലേക്ക് തള്ളപ്പെട്ടു. അങ്ങിനെ ബഹുമാനചിഹ്നങ്ങൾ ദാസ്യത്തിന്റെ ശരീരഭാഷ ആർജിച്ചു. ദാസ്യശരീരഭാഷയിലൂടെ മറ്റുള്ളവരുടെ ഇക്കിളിവികാരങ്ങളെ സംതൃപ്തിപ്പെടുത്തി കാര്യം സാധിക്കാനുള്ള മാർഗ്ഗമായി ബഹുമാനിക്കൽ ഒരു പരിധി വരെ അധ:പതിച്ചു. മനുഷ്യൻ പരസ്പരം യുദ്ധം ചെയ്യുന്നു. പരിസ്ഥിതി നശിച്ച് നാനാവിധമായി. ഏകമാന-കാഴ്ചാടിസ്ഥാന വികസനവും വിപണനവുമാണ് അതിനു കാരണമായത്.

 

മാറ്റത്തിന്റെ ഘട്ടമായ ഈ യുഗത്തിലാണ് പാപ്പ ലോകത്തോടു പറയുന്നത്- സൃഷ്ടിയെ ബഹുമാനിക്കുക, പരിസ്ഥിതിയെ രക്ഷിക്കുക. ഇതിലൂടെ പാപ്പ ഓർമ്മിപ്പിക്കുന്നത് സ്വയരക്ഷയുടെ അവസാനത്തെ അവസരത്തെക്കുറിച്ചാണ്. ഏകമാനത്തിൽ നിന്ന് ബഹുവായ മാനത്തിലൂടെ കാണുക. സ്വയം ഈശ്വരന്റെ സൃഷ്ടിയാണെന്നറിയുക. സ്വയം ബഹുമാനിക്കുക. അത് നാശത്തിൽ നിന്നുമുള്ള ഉയിർത്തെഴുന്നേൽപ്പാകും. എല്ലാം ഉയിർത്തെഴുന്നേൽപ്പിനു വിധേയം. പൂത്തുലഞ്ഞുനിൽക്കുന്ന റോസാപ്പൂവിൽ വാടിവീണ് അഴുകുന്ന വളത്തേയും അഴുകുന്ന റോസപ്പൂവിൽ വിരിഞ്ഞ് പരിമളം പരത്താൻ തയ്യാറെടുക്കുന്ന റോസാപ്പൂവിനേയും കാണണമെങ്കിൽ ഏകമാന കാഴ്ചകൊണ്ട് സാധ്യമല്ല. ഉയിർത്തെഴുന്നേൽപ്പ് കാണണം. ഉയിർത്തെഴുന്നേൽപ്പിനു അവസരമില്ലാത്ത നാശം അറിയണമെങ്കിലും ഏകമാന കാഴ്ചയിൽ പറ്റില്ല. ആ ഉയിർത്തെഴുന്നേൽപ്പ് നടക്കാത്തതിനാലാണ് നാടും നഗരവും ചവറ് കൂനകൾ കൊണ്ട് ശുദ്ധവായു പോലും കിട്ടാത്ത അവസ്ഥ വന്നിട്ടുള്ളത്. കൂടിക്കിടന്ന്‍ അഴുകുന്ന ചവറിൽ ഊർജവും ചെടികളും പൂക്കളും കായ്കളുമൊക്കെ കാണാൻ കഴിയുന്ന ഭരണാധികാരി എന്ന് സംഭവിക്കുന്നുവോ അപ്പോൾ ചവറ് ഉയിർത്തെഴുന്നേൽപ്പിന്റെ ചക്രത്തിലേക്കു തിരിയുകയായി. അങ്ങനെയുള്ളവർ ബഹുമാനിക്കപ്പെടും. കാരണം സാധാരണ മനുഷ്യന്റെ മാനങ്ങൾക്കപ്പുറം സാധാരണക്കാരന്റെ ജീവതത്തിന്റെ മാനങ്ങൾ മാറുമാറ് അവൻ ചിന്തിക്കുന്നു. അവരെ ബഹുമാനിക്കുന്നതുവഴി ബഹുമാനിക്കുന്നവരും ബഹുമാനിതരാകുന്നു. അവിടെ ഭദ്രത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. സ്വയം ബഹുമാനിക്കുന്നു.  പരിസ്ഥിതിയും മനുഷ്യനെ കാക്കുന്നു. സ്വയരക്ഷ. ഇതാണ് പാപ്പ പറഞ്ഞതിന്റെ പൊരുൾ.

Ad Image