രക്ഷാതോണിയുടെ സുഖം

Glint Views Service
Sat, 01-03-2014 04:30:00 PM ;

 

താൻ സിനിമ പിടിച്ചത് സമൂഹത്തിനെ നന്നാക്കുക എന്ന ലക്ഷ്യത്തോടെയല്ലെന്നും സിനിമാക്കാർ വിചാരിച്ചാൽ മാത്രം സമൂഹം നന്നാവില്ല എന്നും ദൃശ്യത്തിന്റെ സംവിധായകൻ ടെലിവിഷൻ ചർച്ചയിൽ വ്യക്തമായി പറയുന്നുണ്ട്.  അത് ജിത്തു ജോസഫിന്റെ സത്യസന്ധമായ അഭിപ്രായമാണ്.  സത്യസന്ധമായ അഭിപ്രായങ്ങൾ മാനിക്കപ്പെടേണ്ടതു തന്നെ.  ദൃശ്യമെന്ന സിനിമയിലേക്കു നോക്കുമ്പോൾ ജിത്തുവിന്റെ നിലപാട് ശരിയുമാണ്. ഒരു കൊറിയൻ സിനിമയുടെ മലയാള ആവിഷ്കാരമാണ് ദൃശ്യമെന്ന് പറയപ്പെടുന്നു. ജിത്തു ഇതുവരെ എടുത്തു വിജയിപ്പിച്ച എല്ലാ സിനിമകളും വിദേശസിനിമകളുടെ പകർപ്പാണ്. വിദേശ സിനിമകൾ അതേപടി പകർത്തുമെങ്കിലും അത് മലയാളവത്ക്കരിക്കുന്നതിൽ ജിത്തുവിനുള്ള കഴിവ് മികച്ചതാണ്. മലയാളവത്ക്കരിക്കുമ്പോൾ കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലവും സാംസ്കാരിക പരിസ്ഥിതിയും സ്വാഭാവികമായി കൊണ്ടുവരുന്നതിൽ ജിത്തു വിജയിക്കുന്നു. അതിനാലാണ് വിദേശസിനിമകളുടെ പകർപ്പാണെങ്കിലും തനി മലയാണ്മ അനുഭവപ്പെടാനുള്ള കാരണം.  ആ ആവിഷ്കാരത്തിൽ ഒരു കണ്ണാടിപിടുത്തധർമ്മം സംഭവിക്കുന്നുണ്ട്.  ആ ഘടകങ്ങളും ഈ സിനിമയെ വിജയത്തിലേക്കു നയിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ സംവിധായകനെന്ന നിലയിൽ ഏതെങ്കിലും വ്യക്തമായ സന്ദേശം സമൂഹവുമായി പങ്കുവെയ്ക്കാൻ ജിത്തു ജോസഫ് എന്ന സംവിധായകനു കഴിയുന്നില്ല. അതേ സമയം സമകാലിക സാമൂഹിക ചിത്രങ്ങൾ പകർത്തുന്നതിൽ ജിത്തു വിജയിച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ മലയാളിയെക്കുറിച്ചുള്ള പ്രസ്താവനയാണ്. അങ്ങിനെ സ്വയം നേരിൽ കാണുന്നതിനുള്ള അവസരം ലഭിക്കുന്നതുകൂടിയാകാം ഈ സിനിമ ചരിത്രവിജയമായത്.

 

നാലാംക്ലാസ്സുകരാന്റെ പ്രായോഗികബുദ്ധി. ആ ബുദ്ധിയാകട്ടെ മന്ത്രിയും തലമുതിർന്നവർ മുതൽ ഏറ്റവും പുതിയ തലമുറയിൽപെട്ട ഐ.പി.എസ്സുകാരുൾപ്പെടുന്ന വൻ മേധാവിത്വത്താൽ നിയന്ത്രിക്കപ്പെടുന്ന പോലീസ് സംവിധാനത്തെ പരാജയപ്പെടുത്തി വിജയം നേടുന്നു. ഇത് കേരളത്തിന്റെ ഒരവസ്ഥയാണ്. പലപ്പോഴും ഇന്ന് വൻ അഴിമതികളിലും  വൻ കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നത് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരും മന്ത്രിസഭയിലുള്ളവരുമൊക്കെയാണ്. വിദ്യാഭ്യാസമുളളവനും ഇല്ലാത്തവനും തമ്മിലുണ്ടായിരുന്ന സാംസ്കാരികമായ വ്യത്യാസം ഇല്ലാതായിരിക്കുന്നു. മുൻപ് വിദ്യാഭ്യാസം ഇല്ലാത്തവരുടെ സാംസ്കാരിക നിലവാരത്തിലേക്ക് വിദ്യാഭ്യാസമുള്ളവർ എത്തിയിരിക്കുന്നു. വിദ്യാഭ്യാസമില്ലാത്തവർക്ക് മുൻപ് വിദ്യാഭ്യാസമുള്ളവർ ജീവിതത്തിലെ പാഠപുസ്തകമായിരുന്നു. വിദ്യാഭ്യാസം നേടിയതിനുശേഷം ആ വിദ്യാഭ്യാസം കൊണ്ട് വിദ്യാഭ്യാസം തീരെയില്ലാത്തവരുടെ വിജയമാതൃകയിലേക്ക് എങ്ങിനെ മാറാമെന്നുള്ള പരിണാമം.  തീരെ വിദ്യാഭ്യാസമോ സംഭാഷണത്തിൽ പോലും സാംസ്കാരിക ലാഞ്ചനയോ പോലുമില്ലാത്ത  സമുദായ നേതാക്കാന്മാരുടെ മുന്നിൽ വിദ്യകൊണ്ട് സ്വതന്ത്രരാകാത്ത വിദ്യാസമ്പന്നർ ഓഛാനിച്ച് നിൽക്കുന്ന ചിത്രങ്ങൾ ചാനൽ നിയന്ത്രിത വർത്തമാന സാഹചര്യത്തിൽ പതിവ് കാഴ്ച. അതിനാൽ കാപട്യമില്ലാത്ത നാലാംക്ലാസ്സുകാരന്റെ ബുദ്ധിക്ക് ഐ.പി.എസ്സുകാരുടെ ബുദ്ധിയേക്കാൾ മൗലികത ഉണ്ടാകും.

 

മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രം പ്രതിനിധാനം ചെയ്യുന്നത് കുടുംബത്തിന്റെ വിലയറിവിലും അതിന്റെ പവിത്രതയിലുമാണ്. നായകൻ അനാഥനായാണ് വളർന്നത്. എന്നാൽ പ്രകടമായി അനാഥത്വം ജോർജുകുട്ടി എന്ന കഥാപാത്രത്തിൽ കാണാനില്ലെങ്കിലും അനാഥത്വത്തെക്കുറിച്ചോർക്കുമ്പോഴുള്ള  ഭീതി എപ്പോഴും ആ കഥാപാത്രത്തെ അലട്ടുന്നതു കാണാം. ഇന്നു കേരളസമൂഹം എത്തിനിൽക്കുന്നത് വ്യക്തി അനുഭവിക്കുന്ന ആത്മസംഘർഷങ്ങളുടെ പാരമ്യത്തിലാണ്. അതാകട്ടെ കുടുംബ ബന്ധങ്ങളുടെ കടയ്ക്കൽ കത്തി വച്ചുകൊണ്ടും. മലയാളിയെ സംബന്ധിച്ചിടത്തോളം കുടുബം എന്ന സനാഥാവസ്ഥ വിട്ടെറിഞ്ഞു പോകാൻ കഴിയുന്നില്ല. എന്നാൽ കുടുംബം കളത്തിനകത്തുനിന്നുള്ള കളിയാണ്. കിളിത്തട്ടു കളി പോലെ. ആ കളത്തിൽ നിയമമനുസരിച്ചുകൊണ്ട് എന്ത് വൈവിധ്യമാർന്ന വിധത്തിലും കളിക്കാം. പക്ഷേ കളത്തിനു പുറത്തായാൽ കളിയിൽ നിന്നു തന്നെ പുറത്താകും. കളിയുടെ രസം ആസ്വദിക്കുകയും വേണം, അതേ സമയം കളി കളത്തിനു പുറത്തായിരിക്കുകയും വേണമെന്നത് സാധ്യമല്ല. കിളിത്തട്ടുകളിയേപ്പോലെ ആ കളിയെ കളിയായി നിലനിർത്തുന്നതു തന്നെ കളിയിലെ നിയമങ്ങളാണ്.  ഏതു കളിയുടേയും ഭംഗിയും അതൊക്കെ കളിയാവുന്നതും നിയമങ്ങളുടെ പാലിക്കലിലൂടെയാണ്. അത്തരത്തിലുള്ള കളി തന്നെയാണ് കുടുംബവും. അവിടെയാണ് കുടുംബത്തിന്റെ നിയമാവലികൾക്ക് പുറത്തുചാടിക്കൊണ്ട് കുടുംബത്തിന്റെ സുഖമനുഭവിക്കാൻ എരിപൊരികൊള്ളുന്ന മലയാളിയുടെ അവസ്ഥ. 

 

വളരെ രസകരമായ മറ്റൊരു വ്യാഖ്യനം കൂടി ദൃശ്യത്തിന്റെ വിജയത്തേക്കുറിച്ച് പൊന്തിവന്നിട്ടുണ്ട്. അത് ഉന്നയിച്ചിരിക്കുന്നത് ചില കടുത്ത സ്ത്രീപക്ഷവാദികളാണ്. അവരത് പുറത്തു പ്രകടിപ്പിക്കാൻ മടികാണിക്കുകയും ചെയ്യുന്നു. അത് പ്രകടിപ്പിച്ചാൽ ഇതിനകം കേരളത്തിൽ രൂപീകൃതമായിരിക്കുന്ന സ്ത്രീശാക്തീകരണത്തെ ദോഷമായി ബാധിക്കുമെന്നാണ് അവർ പറയുന്നത്. കുടുംബത്തിന്റെ രക്ഷ പുരുഷൻ ഏറ്റെടുത്ത്  അവന്റെ ചിറകിൻ കീഴിൽ നിൽക്കുമ്പോൾ അനുഭവിക്കുന്ന സുരക്ഷിതത്വ ബോധത്തിന്റെ ഡി.എൻ.എ സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ ദൃശ്യം ഉണർത്തുന്നുവത്രെ. ദൃശ്യം സിനിമയിൽ കുടുംബം എന്നതു മുഴുവൻ നായകനെ ആശ്രയിച്ചാണ് നീങ്ങുന്നത്. മീന അവതരിപ്പിച്ച വീട്ടമ്മ പരിപൂർണ്ണമായും ഗൃഹനാഥനെ ആശ്രയിക്കുന്നു. ഗൃഹനായകനാൽ നയിക്കപ്പെടുന്ന കുടുംബം. സ്ത്രീകളുടെ ചില പ്രവൃത്തികൾ ആ കുടുംബത്തിൽ അവരെത്തന്നെ അപകടത്തിലാക്കുന്നു. അതും പുരുഷൻ സ്വമേധയാ ഏറ്റെടുത്ത് കുടുംബത്തെ അതിസാഹസികവും ബൗദ്ധികവും മനോഹരവുമായി രക്ഷപ്പെടുത്തുന്നു. ഇത്തരത്തിലൊരു പ്രമേയം സ്ത്രീകളിൽ പ്രതിലോമകരവും പിന്തിരിപ്പൻ ഗതിയുളവാക്കുന്നതുമായ വികാരവിചാരങ്ങൾ സൃഷ്ടിക്കുമെന്നാണ് സ്ത്രീപക്ഷചിന്താഗതി പിൻപറ്റുന്ന ചില തീവ്രനിലപാടുകാർ പറയുന്നത്. സ്ത്രീ ഇതുവരെയില്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് കുതിക്കുന്നതാണ് കേരളത്തിലെ വർത്തമാന കുടുംബങ്ങൾ നേരിടുന്ന അപഭ്രംശങ്ങൾക്ക് കാരണമെന്ന സിദ്ധാന്തവും  ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധ്യതയുള്ളതുകൊണ്ടാണ് ഈ സിനിമയിലെ സ്ത്രീവിരുദ്ധത ചർച്ചാവിഷയമാക്കാൻ തങ്ങൾ തയ്യാറാകാത്തതെന്നും അവർ പറയുന്നു.

 

സ്ത്രീപക്ഷക്കാർ പറയുന്നതിലും ശരിയില്ലേ എന്നുചോദിച്ചാൽ നിഷേധിക്കാനാവില്ല. എന്നിരുന്നാലും മലയാളിയുടെ അസുരക്ഷിതത്വ ബോധമാണ് ദൃശ്യത്തെ വിജയപ്പിച്ചതെന്നു കാണാൻ വിഷമമില്ല. കാരണം മോഹൻലാൽ ജോർജുകുട്ടിയിലൂടെ അവതരിപ്പിച്ച ഭർത്താവിന്റെ സുരക്ഷിതത്വം ഭാര്യമാരുടെ ഭർതൃപ്രതീക്ഷകളെ ഉണർത്തുന്നുണ്ടാവും. അതോടൊപ്പം കുട്ടികൾ തങ്ങളെ  ഏത് അപകടങ്ങളിൽ നിന്നും ജോർജുകുട്ടിയെപ്പോലെ രക്ഷപ്പെടുത്തുന്ന ഒരച്ഛനേയും തേടുന്നു. കുടുംബമാണ് അനാഥന്റെ സുരക്ഷിത സ്ഥാനമെന്നറിയുന്ന ജോർജുകുട്ടി തന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ കുടുംബത്തിലൂടെയും ശ്രമിക്കുമ്പോൾ അസുരക്ഷിതത്വ ബോധം എല്ലാ ഭാഗത്തും അനുഭവിക്കുന്ന മനുഷ്യൻ എവിടെയോ സുഖം അനുഭവിക്കുന്നു. നായകൻ വില്ലനെപ്പോലെ കുറ്റകൃത്യങ്ങളിലേർപ്പെടുമ്പോഴും ജനം ദൃശ്യത്തെ സ്വീകരിക്കാൻ കാരണം ഇതുമൊക്കെയാകാം.

Tags: