സ്വാമിയും ഹൃദയസരസ്സും

കെ.ജി. ജ്യോതിര്‍ഘോഷ്
Sun, 04-08-2013 11:45:00 AM ;

V Dakshinamoorthyവി.ദക്ഷിണാമൂർത്തി എന്ന സ്വാമി. ഭസ്മഭൂഷിതം. നെറ്റിയില്‍ വിഭൂതിക്കുമുകളില്‍ സിന്ദൂരവും ചന്ദനവും ചേർന്ന തിലകം. കഴുത്തില്‍ പലമടക്കില്‍  ഭീമൻ രുദ്രാക്ഷമാല. ഋഷി തന്നെ നോട്ടത്തില്‍. എന്നാല്‍ നില്‍പ്പ് ജനമധ്യത്തില്‍. അദ്ദേഹത്തിന്റെ ഈണത്തില്‍ ജന്മം കൊണ്ട ഗാനങ്ങൾ ശരാശരി മനുഷ്യന്റെ മാനസികതലങ്ങളെ പ്രണയഭരിതമാക്കുകയും വികാരസരസ്സുകളിലേക്കു നയിക്കുകയും ചെയ്യുന്നു. അതായത് മറ്റുള്ളവരുടെയുള്ളില്‍ കാല്‍പ്പനികത നിറയ്ക്കുന്ന സംഗീതസംവിധായകൻ. ഹൃദയസരസ്സിലെ പ്രണയപുഷ്പമേ ഉത്തമ ഉദാഹരണം. അതേ സമയം സ്വാമിയുടെ നില്‍പ്പ് ആസ്വാദകന്റെ തലത്തിലല്ല. അതുകൊണ്ടുതന്നെ ആസ്വാദകനെ അറിഞ്ഞ, ആസ്വാദകന് അറിയാൻ കഴിയാത്ത സംഗീതജ്ഞനായി സ്വാമി നമ്മോട് വിട പറഞ്ഞിരിക്കുന്നു. ജീവിതം അവസാന നിമിഷം വരെ ആസ്വദിച്ചുകൊണ്ട്. അദ്ദേഹം എല്ലാവരേയും  എല്ലാറ്റിനേയും അറിഞ്ഞു. എന്നാല്‍ അദ്ദേഹത്തെ ആസ്വദിച്ചവർ  ആസ്വദിച്ചു. അദ്ദേഹത്തെ അറിഞ്ഞില്ല. ആസ്വാദനവും മലയാളിയും, അറിവും മലയാളിയും, വാക്കും മലയാളിയും, സംജ്ഞകളും മലയാളിയും തമ്മിലുള്ള അകലം അറിയണമെങ്കില്‍ സ്വാമിയിലേക്കും സ്വാമിയുടെ പാട്ട് നാം ആസ്വദിക്കുന്നതിലേക്കുമൊന്ന്‍ നോക്കിയാല്‍ മതി. ആ അന്തരമാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്റെ സാന്നിദ്ധ്യം വർധിതമായ തോതില്‍ അറിയാൻ കാരണം. കേരളത്തിലെ വ്യക്തിയും സമൂഹവും കടന്നുപോകുന്ന സംഘട്ടനങ്ങളുടേയും കാരണം. സംഘട്ടനങ്ങളില്ലാതെ സ്വാമി സൗന്ദര്യത്തോടെ ഇവിടെ ജീവിച്ചു. പാകമെത്തിയ ഫലം ഞെട്ടില്‍ നിന്ന്‍ വേർപെടുന്നതുപോലെ സ്വാമി വിടവാങ്ങി.

 

അദ്ദേഹത്തിന്റെ മരണദിവസത്തിന്റെ പിറ്റേന്ന്‍ ഏഷ്യാനെറ്റ് ന്യൂസിലെ  സുപ്രഭാതം പരിപാടിയില്‍ രണ്ട് യുവതികളാണ് എത്തിയത്. വാർത്താവായനക്കാരായ അശ്വതിക്കുറുപ്പും പ്രജുലയും. സ്വാമിയുടെ മരണത്തിലുള്ള പ്രമുഖരുടെ അനുശോചനം രേഖപ്പെടുത്തുന്നതായിരുന്നു അവരുടെ പരിപാടിയിലെ മുഖ്യ ഇനം. കവി ഒ.എൻ.വി കുറുപ്പ് സ്വാമിയെ അനുസ്മരിച്ചു. അദ്ദേഹം നിർത്തിയത് ഇങ്ങനെ:'അവധൂതനെപ്പോലെ നിസ്സംഗനായിരുന്നു അദ്ദേഹം. അതേസമയം പ്രതിജ്ഞാബദ്ധനും'. തുടർന്ന്‍ അശ്വതി പറഞ്ഞു, ശരിയായ വിലയിരുത്തലാണ് കവി ഒ.എൻ.വി കുറുപ്പ് നടത്തിയതെന്ന്‍.

 

ഉരുവിലും പുറത്തും ഉജ്വലിച്ചവന്‍

ഒ.എൻ.വി കുറുപ്പ് ഉപയോഗിച്ചത് പ്രധാനമായും മൂന്ന്‍ വാക്കുകളാണ്. അവധൂതൻ, നിസ്സംഗത, പ്രതിജ്ഞാബദ്ധൻ. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വാസമർപ്പിച്ചിട്ടുള്ള ഒ.എൻ.വിയുടെ അവധൂത സങ്കല്‍പ്പം എന്താണ്? സ്വാമി അവധൂതനായിരുന്നോ? അല്ല  എന്നേ ഉത്തരം പറയുക നിവൃത്തിയുള്ളു. സംഗീതോപസാനയിലുടെ ഈശ്വരസാക്ഷാത്ക്കാരം നേടിയ വ്യക്തിയായിരുന്നു സ്വാമി. കാഴ്ചയില്‍ അവധൂതലക്ഷണമെങ്കിലും അറിയേണ്ടതിനെ അറിഞ്ഞ ജ്ഞാനിയായിരുന്നു അദ്ദേഹം. അതറിയണമെങ്കില്‍  അധികമാരും ശ്രവിച്ചിട്ടില്ലാത്ത, സ്വാമി സംഗീതം നല്‍കിയ ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശക ശതകം കേട്ടാല്‍ മതി. ഗുരു പ്രയോഗിച്ചിരിക്കുന്ന അറിവിനെ അറിഞ്ഞവനാണ് സ്വാമിയെന്നറിയാൻ. അതിന്റെ ആദ്യശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ അതറിഞ്ഞവൻ  'തന്നുരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും'. സ്വാമിയില്‍ പ്രകടമായിട്ടുള്ളത് ഈ ജ്വലനമാണ്. ശ്രീനാരായണ ഗുരുവിനെ മനസ്സിലാക്കാൻ കഴിയാതെ പോയ മലയാളിക്ക് സ്വാമിയേയും മനസ്സിലാക്കാൻ കഴിയാതെപോയി എന്നുവേണം കരുതാൻ. ആ അറിവിന്റെ അഭാവമാണ് ഇന്ന്‍ മലയാളി നേരിടുന്ന വൈയക്തികവും സാമൂഹികവുമായ പ്രതിസന്ധിയും പ്രശ്‌നങ്ങളും.

 

ജപകോടി ഗുണം ധ്യാനം, ധ്യാനകോടി ഗുണം ലയം, ലയകോടി ഗുണം ഗാനം എന്നതില്‍ സ്വാമിക്ക് സംശയമേതുമുണ്ടായിരുന്നില്ല.

 

സ്വാമി താനറിഞ്ഞ അറിവിന്റെ അംശമാണ് ഈണം പകർന്ന ഗാനങ്ങളിലെ സംഗീതത്തിലൂടെ മലയാളിക്ക് പ്രസാദമായി നല്‍കിയത്. ആ അറിവ് ഓരോ വ്യക്തിയിലും വ്യക്തിയറിയാതെ മറഞ്ഞുകിടക്കുന്നു. സാമൂഹികമായും രാഷ്ട്രീയമായും ശ്രീനാരായണഗുരുവും ഗാന്ധിജിയുമൊക്കെ ശരാശരി മനുഷ്യന്റെ ആ അംശത്തെ സ്പർശിച്ചു. സ്വാമി സംഗീതത്തിലൂടെയും. കാഴ്ചയില്‍ അവധൂതനും, എന്നാല്‍ ഉള്ളില്‍ ഋഷിയുമായിരുന്ന സ്വാമി അവസാനനിമിഷം വരെ ജീവിതമധ്യത്തിലായിരുന്നു. അതേ സമയം സ്വാമിയുടെ ഈ അവധൂതവേഷം ബോധപൂർവ്വമുള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നോ എന്ന്‍ തോന്നിയിട്ടുണ്ട്. അദ്ദേഹം ക്ഷേത്രദർശനം നടത്തിയിരുന്നെങ്കിലും സംഭാഷണങ്ങളില്‍ ഈശ്വരസാക്ഷാത്ക്കാരത്തിന്റെ ഭാഷയാണ് സംസാരിച്ചിരുന്നത്. ജപകോടി ഗുണം ധ്യാനം, ധ്യാനകോടി ഗുണം ലയം, ലയകോടി ഗുണം ഗാനം എന്നതില്‍ സ്വാമിക്ക് സംശയമേതുമുണ്ടായിരുന്നില്ല. അദ്ദേഹത്തിനു ശേഷം വന്ന സംവിധായകർ കാഴ്ചയില്‍ ഭൗതികരും അതിഭൗതികരുമൊക്കെയായിട്ടും അദ്ദേഹത്തിന്റേതുപോലുള്ള കാല്‍പ്പനിക സംഗീതം പൊഴിഞ്ഞില്ല. പൊഴിയുന്നില്ല. അതാണ് ഗായകൻ പി.ജയചന്ദ്രൻ തുറന്നടിച്ചത്. അദ്ദേഹത്തേപ്പോലെ സംഗീതം നല്‍കാൻ കെല്‍പ്പുള്ളവരാകണം പുത്തൻ സംഗീതജ്ഞരെന്ന്‍.

 

സ്വര്‍ഗ്ഗത്തിലേക്ക് നീളുന്ന വഴി

ഒ.എൻ.വി.കുറുപ്പ് എഴുതിയ ഗാനമാണ് സ്വാമി അവസാനമായി സംഗീത സംവിധാനം ചെയ്തത്. 2008-ല്‍ മിഴികൾ സാക്ഷിയില്‍. കവിയും കമ്മ്യൂണിസ്റ്റുമായ ഒ.എൻ.വി കുറുപ്പിനും സ്വാമിയെ ബഹുമാനിക്കാനും വ്യാഖ്യാനിക്കാനും  കഴിഞ്ഞു. എന്നാല്‍  പ്രചാരത്തിലുള്ള കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ സ്വാമിയുടെ അവധൂതവേഷം പിന്തിരിപ്പനാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും അവരുടെ യുവജനസംഘടനകളുടെയുമൊക്കെ വേദിയില്‍ സ്വാമി ഈ വേഷത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ബി.ജെ.പിക്കാരു വിളിച്ചാലും കോണ്‍ഗ്രസ്സുകാരു വിളിച്ചാലും സ്വാമി പോകുമായിരുന്നു. കാരണം സ്വാമിയുടെ കാഴ്ച അഭേദത്തിന്റേതായിരുന്നു. പല അവസരങ്ങളിലും മനസ്സിലാകുന്നവർക്ക് മനസ്സിലായിക്കോട്ടെ എന്ന തരത്തില്‍ അദ്ദേഹമത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വാമിയുടെ കാഴ്ച ബാഹ്യമായിരുന്നില്ല. അവധൂതലക്ഷണത്തിന്റെ വ്യാഖ്യാനമെന്ന വണ്ണമാണ് ഒ.എൻ.വി കുറുപ്പ് സ്വാമിയുടെ നിസ്സംഗതയെ അനുസ്മരിച്ചത്. ഒപ്പം അദ്ദേഹം പറഞ്ഞത് ഇങ്ങനെ 'അതേസമയം സ്വാമി പ്രതിജ്ഞാബദ്ധനായിരുന്നു'. മലയാളത്തിന്റെ മഹാകവിക്കുപോലും സ്വാമിയെ പിടികിട്ടിയില്ല, എന്നുപറഞ്ഞാല്‍ അതു നിഷേധിക്കാനാവില്ല. അത്  കവിയുടെ പോരായ്മയുമാകുന്നില്ല. അദ്ദേഹം  പറഞ്ഞത് ആത്മാർഥതയോടെ തന്നെ. ഒ.എൻ.വിയെപ്പോലെയുള്ള കവിയില്‍ പ്രത്യയശാസ്ത്രം ആ അറിവിന് തടസ്സമായില്ലേ എന്ന്‍ സംശയിച്ചാല്‍ അത് അസ്ഥാനത്താവില്ല. ഇന്ന്‍ ആശയതലത്തിലും പ്രയോഗത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടികളുൾപ്പടെയുള്ള രാഷ്ട്രീയപാർട്ടികൾ നേരിടുന്ന പ്രശ്നങ്ങളും  വെല്ലുവിളികളുമൊക്കെ  ഈ അവസ്ഥയില്‍ നിന്ന്‍ വായിച്ചെടുക്കാം. ഭാരത സംസ്‌കാരത്തെ ബാഹ്യയുക്തിമാനദണ്ഢമായ പാശ്ചാത്യകണ്ണിലൂടെ നോക്കുന്നതിന്റെ  ഫലമാണത്. പാശ്ചാത്യദൃഷ്ടിയിലൂടെ ദക്ഷിണാമൂർത്തിയെ നോക്കിയാല്‍ തികച്ചും കോമാളിവേഷമോ അല്ലെങ്കില്‍ പ്രാകൃതമോ ആകാം. അങ്ങിനെ നോക്കുന്നയാൾപോലും ഹൃദയസരസ്സിലെ പ്രണയപുഷ്പമേ കേട്ട് ആസ്വാദനത്തിന്റെ തലത്തിലേക്കുയരുന്നു.

 

സ്വർഗം മരണശേഷമോ പരലോകത്തിലോ അല്ല, ഇവിടുത്തെ ഹൃദയസരസ്സുകളില്‍ കണ്ടെത്താൻ കഴിയുമെന്നാണ് സംഗീതത്തിലൂടെയും വേഷത്തിലൂടെയും സ്വാമി പ്രത്യേകിച്ചും മലയാളിയോട് പറഞ്ഞുവച്ചത്.

 

അവിടെയാണ് മലയാളിയുടെ മുന്നില്‍ സ്വാമി കടങ്കഥയാകുന്നത്. മലയാളി ഉരുക്കഴിക്കേണ്ട കടങ്കഥ. ഹൃദയസരസ്സിലേ പോലൊരു സംഗീതം സ്വർഗീയതലത്തില്‍ നിന്നേ ഗമിക്കുകയുള്ളു. സ്വാമി ഇവിടെ ഈ ജീവിതത്തില്‍ സ്വർഗം കണ്ടെത്തി. നാളത്തെ സ്വർഗത്തിനുവേണ്ടി മാറ്റിവയ്ക്കാതെ. സ്വർഗം മരണശേഷമോ പരലോകത്തിലോ അല്ല, ഇവിടുത്തെ ഹൃദയസരസ്സുകളില്‍ കണ്ടെത്താൻ കഴിയുമെന്നാണ് സംഗീതത്തിലൂടെയും വേഷത്തിലൂടെയും സ്വാമി പ്രത്യേകിച്ചും മലയാളിയോട് പറഞ്ഞുവച്ചത്. അത് സ്വാമിയുടെ രാഷ്ട്രീയം കൂടിയാണ്. മനുഷ്യമനസ്സുകളെ മലീമസമാക്കുന്ന സാമൂഹിക അന്തരീക്ഷത്തില്‍ സ്വാമിയുടെ ഈ രാഷ്ട്രീയം വളരെ പ്രസക്തമാണ്. കാരണം പ്രത്യക്ഷമായും പരോക്ഷമായും മലയാളി തേടിക്കൊണ്ടിരിക്കുന്നത് ഏതെങ്കിലും ഒരു സ്വര്‍ഗ്ഗമാണ്. മലയാളിയനുഭവിക്കുന്ന വർത്തമാന സംഘർഷങ്ങൾക്കെല്ലാ കാരണം അതാണ്. പ്രത്യക്ഷമായി തേടുന്നവർ ചില റെഡിമേഡ് ആശ്രമങ്ങളില്‍ എത്തിപ്പെടുന്നു. പരോക്ഷമായി തേടുന്നവർ എരിപിരികൊണ്ട് സ്വയം അലയുന്നു.

 

ഒന്നിലും ഒട്ടാതെ

ഭാരതീയ സംസ്‌കാരത്തിന്റെ സാരാംശമെന്നത് നിസ്സംഗതയാണ്. അത് വേണ്ടവിധം അറിയാത്തതാണ് ഇന്ന്‍ സമൂഹത്തില്‍ കാണപ്പെടുന്ന അധ:പതനത്തിന് കാരണമാകുന്നത്. നിസ്സംഗതയെന്നാല്‍ എല്ലാറ്റില്‍ നിന്നും അകന്ന്‍ ഒന്നിലും താല്‍പ്പര്യമില്ലാതെ മണവും ഗുണവുമില്ലാത്ത നിലയെന്ന ധാരണ പൊതുവേയുണ്ട്. ഒ.എൻ.വി കുറുപ്പ് പറഞ്ഞതുപോലെ സ്വാമി നിസ്സംഗനായിരുന്നു. ഒന്നില്‍ നിന്നും അന്യമല്ലാത്ത അവസ്ഥയാണ് നിസ്സംഗത. അതുകൊണ്ടുതന്നെ ഒന്നിലും ഒട്ടുന്നുമില്ല. ഒട്ടേണ്ട ആവശ്യവുമില്ല. അതുകൊണ്ടാണ് ഹൃദയസരസ്സിലെ പ്രണയപുഷ്പത്തിന്റെ  സംഗീതം സ്വാമിയില്‍ നിന്നൊഴുകിയത്. അതെങ്ങിനെ എന്ന്‍ സ്വാമിയോട് അഭിമുഖക്കാർ ചോദിച്ചപ്പോൾ അത് എന്നിലൂടെ എത്തിയെന്ന്‍ മാത്രമായിരുന്നു സ്വാമിയുടെ ഉത്തരം. അല്ലാതെ അതില്‍ അദ്ദേഹം ഉടമസ്ഥത കണ്ടില്ല. അതാണ് നിസ്സംഗത. ആ നിസ്സംഗതയുടെ ഗിരിശൃംഗങ്ങളില്‍ നിന്നുമാത്രമേ അത്തരം കാല്‍പ്പനികമായ സംഗീതം സരസ്സായി ഒഴുകിയെത്തുകയുള്ളു. അവിടെ സ്വാമി ഭാരതീയ നിസ്സംഗതയുടെ ചടുലഭാവത്തിന്റെ പ്രായോഗിക ഉദാഹരണവുമായി. അതുകൊണ്ടുതന്നെയാണ് റിയാലിറ്റിഷോയിലെ ജഡ്ജായിരിക്കുമ്പോൾ കൊച്ചുകുട്ടികളുമായി തൊണ്ണൂറുകളിലും സ്വാമിക്കു അവരുടെ അതേ തലത്തില്‍ സംവദിക്കാൻ കഴിഞ്ഞത്. അതുപോലെ ശരാശരി മനുഷ്യന് ആകാൻ കഴിഞ്ഞില്ലെങ്കിലും ആ ദിശയിലേക്കു തിരിഞ്ഞാല്‍ മാത്രമേ കാല്‍പ്പനികതപോലും കാല്‍പ്പനികമായി ആസ്വദിക്കാനും അറിയാനും കഴിയുകയുള്ളു എന്ന്‍ സ്വാമി നമ്മോട് പറയുന്നു.

 

ഒന്നില്‍ നിന്നും അന്യമല്ലാത്ത അവസ്ഥയാണ് നിസ്സംഗത. അതുകൊണ്ടുതന്നെ ഒന്നിലും ഒട്ടുന്നുമില്ല.

 

സ്വാമിയുടെ വിയോഗം ദുഖം സൃഷ്ടിക്കുന്നില്ല. അതു സ്വാമിയുടെ വിജയമാണ്. സ്വാമി നമ്മില്‍ മരിക്കുന്നില്ല. നാദമായി, സംഗീതമായി ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വാമി നമ്മിലേക്കു പ്രവേശിച്ചു. അത് നാം ഓരോരുത്തരിലുമുള്ള തലങ്ങളുടെ ഉണർവ്വാണ്. സ്വാമി ഉണർത്തുന്നുവെന്നുമാത്രം. ഒപ്പം സ്വാമി ബോധപൂർവ്വം തന്റെ ശരീരബോധത്തെ നമ്മളില്‍ അമിതപ്രാധാന്യം നേടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കിഴിയും കർക്കിടകചികിത്സയും ആഴ്ചയും മാസംതോറും ചെക്കപ്പുമൊക്കെ നടത്തി മരണഭയത്തില്‍ ജീവിക്കുന്നവരേക്കാൾ തൊണ്ണൂറ്റിനാലാം വയസ്സുവരെ ചുറുചുറുക്കോടെ ജീവിച്ചു. തെളിഞ്ഞ ബുദ്ധിയോടെ. സ്ഫുരിക്കുന്ന കണ്ണുകളോടെ. ചുണ്ടില്‍ ചിരിയും അല്‍പ്പം കുസൃതിയുമായി. ജീവിതം സൗന്ദര്യം കൊണ്ട് നിറഞ്ഞതാണെന്ന്‍ നമ്മെ അനുഭവിപ്പിച്ച്, ഓർമ്മിപ്പിച്ച്. സ്വാമിയുടെ സഞ്ചയനനാളില്‍, വരുന്ന കർക്കിടകവാവുബലി തീരങ്ങളില്‍ കാതോർത്താല്‍ ഹൃദയസരസ്സിലെ പ്രണയപുഷ്പമേ എന്ന ഈണം വന്നതിന്റെ ഉറവിടധ്വനി സൂക്ഷ്മസ്ഥലികളില്‍ മുഴങ്ങുന്നതുപോലെ അറിയാൻ കഴിയും. ആ അറിവിലേക്ക് ജ്ഞാനം പകർന്ന ശിവനാണ് ദക്ഷിണാമൂർത്തി. ആ ദക്ഷിണാമൂർത്തിയെ പുറത്തലഞ്ഞാല്‍ കിട്ടില്ല. ഹൃദയസരസ്സിലെ പ്രണയപുഷ്പങ്ങൾ നിറയുന്ന പൊയ്കയില്‍ നീരാടണം. അപ്പോഴാണ് കേരളത്തിലെ പൊയ്കകളും പുഴകളും രോഗവിതരണകേന്ദ്രമാകാതെ തെളിനീരുകൊണ്ട് സമൃദ്ധമാകുകയുള്ളു.

Tags: