ഗണേഷ്‌ കുമാറും കേരളവും

കെ.ജി.ജ്യോതിര്‍ഘോഷ്
Fri, 05-04-2013 10:15:00 AM ;

വിഷയം: ഗണേഷ്‌ കുമാറും അദ്ദേഹത്തിന്റെ കുടുംബവും സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, ജീവിതം പഠിക്കാനുള്ള തുറന്ന പുസ്തകമാകുന്നു.


മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ മകന്‍, ചലച്ചിത്രനടന്‍, സര്‍വീസ്സില്‍ നിന്ന്‍ വിരമിച്ച രണ്ട് ഐ.എ.എസ്സ് ഉദ്യോഗസ്ഥരുടെ സ്യാലന്‍ എന്നിങ്ങനെ ഒരുപാട് തൂവലുകള്‍ ചാര്‍ത്താന്‍ പാകത്തിലുള്ള കെ.ബി. ഗണേഷ്‌ കുമാര്‍ സംസ്ഥാന വനം മന്ത്രിസ്ഥാനത്തുനിന്ന്‍ 2013ഏപ്രില്‍  ഒന്നാം തീയതി രാത്രി രാജിവച്ചു. ഗണേഷ്‌ കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ ഗാര്‍ഹികപീഡനം സംബന്ധിച്ച പരാതിയെത്തുടര്‍ന്നാണ് രാജി. അതിനുശേഷം യാമിനി മാധ്യമങ്ങളിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ട് താന്‍ നേരിട്ട  പീഡനങ്ങള്‍ സവിസ്തരം വിവരിച്ചു. തുടര്‍ന്നുള്ള രണ്ടുദിവസം കേരളത്തിലെ സീരിയലുകള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞു. സീരിയല്‍ താരങ്ങളുടെ സംഘടനയുടെ ഭാരവാഹി കൂടിയായ ഗണേഷും അദ്ദേഹത്തിന്റെ ഭാര്യ യാമിനിയും  വളരെയധികം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പരമ്പരയിലെ നായകനും നായികയുമായി. ഇതുവരെ സീരിയല്‍  തിരക്കഥാകൃത്തുക്കളുടെ ഭാവനയില്‍ വിരിയാത്ത വിധമുള്ള യഥാര്‍ഥ കഥകളുമായി. അറിഞ്ഞകഥകള്‍ വെറും തുമ്പുമാത്രമെന്ന മുന്നറിയിപ്പും ബാക്കിനില്‍ക്കുന്നു.

 

ഗണേഷും യാമിനിയും പോലീസില്‍ നല്‍കിയ പരാതിയും,  അതോടൊപ്പം ഇരുവരും തങ്ങള്‍ക്ക് ഏറ്റ പരിക്കിന്റെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങളും അതിനെക്കുറിച്ചുള്ള വിവരണങ്ങളുമാണ് സീരിയലുകാരുടെ പ്രേക്ഷകരെ തട്ടിയെടുത്തത്. കേരളരാഷ്ട്രീയവും അഴിമതിയും, പരിസ്ഥിതിയും ധാര്‍മികതയും, നാണവും മാനവും, വിദ്യാഭ്യാസവും സംസ്‌കാരവും, പാരമ്പര്യവും കുടുംബബന്ധവും തുടങ്ങിയ ഒട്ടനവധി വിഷയങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഈ സംഭവം ആസ്വദിക്കുന്നതോടൊപ്പം കണ്ടവര്‍ ആത്മഗതം പോലെ ചോദിക്കുന്നുണ്ടായിരുന്നു, 'എന്തൊക്കെയാണീ സംഭവിക്കുന്നത്. എങ്ങോട്ടാണ് കാര്യങ്ങളുടെ പോക്ക്.' എന്നിങ്ങനെ. ആത്മഗതത്തിലേര്‍പ്പെട്ടവര്‍ക്കും അത് കേള്‍ക്കാനിട വന്നവര്‍ക്കും ഇതിനൊന്നും കൃത്യമായി ഉത്തരമില്ലായിരുന്നു. ആസ്വാദനത്തിനിടയിലും അങ്കലാപ്പ്. എന്നാല്‍ ആ അങ്കലാപ്പ് എന്താണെന്നോ, അത് സ്വയം അനുഭവിക്കുന്ന അങ്കലാപ്പാണെന്നോ അവര്‍ അറിയുന്നുണ്ടായിരുന്നില്ല.

 

ഒരു സാമൂഹികജീവി എന്ന നിലയില്‍ ഒരുപക്ഷേ ധനം ഒഴികെ മറ്റെല്ലാം ഗണേഷ്‌ കുമാറിനു നഷ്ടമായി. നഷ്ടമായതൊക്കെയും ധനം കൊണ്ട് വാങ്ങാന്‍ കഴിയാത്തതും. ചിലര്‍ ഗണേഷ്‌ കുമാറിനെ ഇകഴ്ത്തി. മറ്റുചിലര്‍ യാമിനിയേയും. ഗണേഷ്‌ കുമാറിന്റെ ഭാര്യ ആയതിനാലാണ് യാമിനിയെ ഇന്നു ലോകം അറിയുന്നത്. അതിനാല്‍ യാമിനി തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഗണേഷ്‌കുമാറിലേക്കു വരാം. ഒറ്റവാക്കില്‍ പറഞ്ഞാല്‍  തകര്‍ന്ന ഒരു മനുഷ്യന്‍.

 

തകര്‍ന്ന ഒരു മനുഷ്യനില്‍ കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്. മറ്റൊരാളുടെ തകര്‍ച്ച ആസ്വദ്യമായി അനുഭവിക്കാന്‍ കഴിയുന്ന വ്യക്തിക്കു മാത്രമേ അങ്ങിനെയാകാന്‍ പറ്റുകയുള്ളു. തുടക്കത്തില്‍ സൂചിപ്പിച്ച പാരമ്പര്യത്തിന്റെയും പ്രശസ്തിയുടേയും പദവിയുടേയുമൊക്കെ ഉടമയാണെങ്കിലും ഗണേഷ്‌ കുമാര്‍ മലയാളിയെ സംബന്ധിച്ച് ആരാണ്. കേരളത്തെ ഒരു കുടുംബമായി കാണുകയാണെങ്കില്‍ ഒരു കുടുംബാംഗം. ഓരോ മലയാളിയുടേയും സഹോദരന്‍. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ എല്ലാ അര്‍ഥത്തിലും മലയാളിയുടെ പ്രതിനിധി. തകര്‍ന്നുകൊണ്ടിരിക്കുന്ന,  തകര്‍ന്ന മലയാളിയുടെ പ്രതിനിധി. തകര്‍ച്ച എന്താണെന്ന്‍ അറിയാതെ തകര്‍ച്ചകളുടെ പടവുകളെ വളര്‍ച്ചയുടെ പടവുകളായി കാണുന്നവരുടെ പ്രതിനിധി. ഇവിടെ ഗണേഷ്‌ കുമാറും അദ്ദേഹത്തിന്റെ കുടുംബവും സമൂഹത്തിന്, പ്രത്യേകിച്ച് മലയാളികള്‍ക്ക്, ജീവിതം പഠിക്കാനുള്ള തുറന്ന പുസ്തകമാകുന്നു. ഗണേഷ്‌ കുമാറിനും അദ്ദേഹത്തിന്റെ അച്ഛനുമടങ്ങുന്ന  കുടുംബത്തിന് ഇനി സ്വകാര്യത അവകാശപ്പെടാനര്‍ഹതയില്ല. അവകാശപ്പെടാലും അതിനുള്ള സ്വകാര്യതയില്ലാതായി. അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങളും അപഭ്രംശങ്ങളും കേരളത്തിന്റെ രാഷ്ട്രീയവും സംസ്‌കാരവും ധാര്‍മികതയും മാധ്യമവും, മാധ്യമധര്‍മവും വൈകാരികതയും നാണവും മാനവുമൊക്കെയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ കേരളത്തിന്റെ സാമൂഹികാവസ്ഥയുടെ പരിഛേദം വെളിപ്പെടുത്തുന്ന ഈ രാഷ്ട്രീയ കുടുംബ വൃത്താന്തം സാമൂഹിക വിശകലനത്തിന് കൊണ്ടുവരേണ്ടത് ആവശ്യമാണ്.

 

ഗണേഷിനെ പ്രതിസ്ഥാനത്തു കണ്ടാല്‍ ഈ പുസ്തകവായന ശരിയായ ദിശയിലാവില്ല. ഗണേഷിനെ അനുകമ്പയോടെ,  കുറ്റപ്പെടുത്താതെ വിഷയത്തെ വികാരങ്ങളുടെ അകമ്പടിയില്ലാതെ കാണുമ്പോള്‍ മാത്രമേ ഈ പുസ്തകവായന പ്രയോജനകരമാവുകയുള്ളു. അപ്പോള്‍ മാത്രമേ നമ്മളിലോരോരുത്തരിലുമുള്ള അളവ് ഏറിയും കുറഞ്ഞുമുള്ള ഗണേഷിനെ കാണാന്‍ കഴിയൂ. ആ കാഴ്ചയാണ് ഈ പുസ്തകവായന. ആദ്യ അധ്യായത്തിന് വളര്‍ച്ച എന്ന പേരു നല്‍കാം. ഒട്ടുമിക്ക അധ്യായങ്ങള്‍ക്കും ഗണേഷ് രാജിവച്ചതിന്റെ പിറ്റേ ദിവസം അദ്ദേഹവും, അദ്ദേഹത്തിന്റെ അച്ഛന്‍ ബാലകൃഷ്ണപിള്ളയും ഭാര്യ യാമിനിയുമൊക്കെ പറഞ്ഞവാക്കുകള്‍ ഉപയോഗയോഗ്യമാണ്. കാരണം ആ വാക്കുകളില്‍ കേരളത്തിന്റെ മുഖ്യധാരാ കാഴ്ച്ചപ്പാടുകളേയും സമീപനത്തേയും രാഷ്ട്രീയത്തേയും സംസ്‌ക്കാരത്തേയുമൊക്കെ കാണാം.

 

(തുടരും)

Tags: