വിവാഹമോചനവാർത്ത അറിയാതെ കേട്ടപ്പോൾ

Glint Guru
Fri, 15-04-2016 02:04:29 PM ;

divorce

 

യുവതി. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാകാൻ പോകുന്നു. ആയിടയ്ക്ക് യുവതിയുടെ മാതുലസ്ഥാനത്തുള്ള പഴയ സുഹൃത്ത് വിളിക്കുന്നു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വിളി വരുന്നത്. അദ്ദേഹമാണെങ്കിൽ ഈ യുവതിയുടെ അഭ്യുദയകാംക്ഷിയും. യുവതിക്കും അദ്ദേഹത്തോട് ആ നിലയ്ക്കുള്ള ബഹുമാനം തന്നെ. മാത്രമല്ല, മുൻപ് ചില കാര്യങ്ങളിലൊക്കെ സംശയം ഉണ്ടാകുമ്പോൾ വിളിച്ചിരുന്നതും അദ്ദേഹത്തെ. അദ്ദേഹത്തിന്റെ ഭാര്യയുമായും ഈ യുവതിക്ക് അതേ രീതിയിലുള്ള അടുപ്പമുണ്ടായിരുന്നു. യുവതിയുടെ കല്യാണത്തിൽ പങ്കെടുത്തത് ഇദ്ദേഹം മാത്രമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഒപ്പമില്ലായിരുന്നു. അന്നു കണ്ടതിനു ശേഷം ഇവർ തമ്മിൽ കണ്ടിട്ടുമില്ല. 

 

യുവതിയുടെ മാതുലസ്ഥാനീയനും അദ്ദേഹത്തിന്റെ ഭാര്യയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായി. അത് വളർന്നു. ഒടുവിൽ അവർ പരസ്പരം വേർപിരിയാൻ തീരുമാനിച്ചു. ഇരുവരും ചേർന്ന് കുടുംബകോടതിയെ സമീപിക്കുകയും ചെയ്തു. പ്രായോഗികമായി അവർ തമ്മിലുള്ള ബന്ധം വേർപെട്ടു. ഇക്കാര്യം യുവതി അറിഞ്ഞിരുന്നു. അതിൽ യുവതിക്ക് വിഷമവും ഉണ്ടായി. അതുകൊണ്ടുതന്നെ കാര്യങ്ങളറിഞ്ഞിട്ടും യുവതി അദ്ദേഹത്തെ വിളിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് യുവതിക്ക് അദ്ദേഹത്തിന്റെ വിളി വരുന്നത്. അദ്ദേഹം വളരെ സന്തോഷവാനായാണ് സംസാരിച്ചത്. ഉത്സാഹത്തോടും തമാശയോടുമൊക്കെ. പണ്ടത്തെപ്പോലെ. സംഭാഷണം കുറേ കഴിഞ്ഞപ്പോൾ അദ്ദേഹം യുവതിയോട് ചോദിച്ചു, തന്റെ കാര്യങ്ങളൊക്കെ അറിഞ്ഞില്ലേയെന്ന്. യുവതിയുടെ മറുപടി 'ങാ... കേട്ടൂ....' എന്നായിരുന്നു. എന്നുവെച്ചാൽ അറിഞ്ഞോന്നു ചോദിച്ചാൽ കേട്ടു, എന്നാൽ പൂർണ്ണമായും അറിഞ്ഞിട്ടില്ല, വ്യക്തതയില്ല എന്നൊക്കെ. അതുകേട്ടപ്പോൾ അദ്ദേഹം കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകൊടുത്തു. സംഭാഷണം അവസാനിച്ചു കഴിഞ്ഞപ്പോൾ യുവതി അസ്വസ്ഥയായി.

 

ഇത്തരം കാര്യങ്ങൾ കേൾക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നായിരുന്നു സംഭാഷണം നിർത്തിയപ്പോൾ യുവതി പറഞ്ഞത്. താൽപ്പര്യമില്ലാത്തതിന്റെ കാരണം അശുഭകരമായ കാര്യം. പുതുതലമുറയിൽ നല്ലൊരു ശതമാനത്തേയും ഗ്രസിച്ചിരിക്കുന്ന ഒരു പ്രതിഭാസമാണ് അൽപ്പമൊന്നു വഴക്കിട്ടാൽ അല്ലെങ്കിൽ ശണ്ഠ കൂടിയാൽ അത് ബന്ധം വേർപിരിയലിൽ കലാശിക്കുകയെന്നത്. പുതുതലമുറയെ അതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മുതിർന്നവരും മാദ്ധ്യമങ്ങളുമെല്ലാം ആ ചിന്താഗതിയെ അനുനിമിഷം ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കുന്നു. ചില സന്നദ്ധ സംഘടനകളും ആക്ടിവിസ്റ്റുകളും ബോധപൂർവ്വം വിവാഹമോചനങ്ങളെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയായി ചിത്രീകരിച്ച് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയുളള ചില സന്നദ്ധ സംഘടനകൾക്കും ആക്ടിവിസ്റ്റുകൾക്കുമൊക്കെ വിദേശ ഫണ്ട് ലഭ്യമാകുന്നുവെന്നൊക്കെ ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്. എന്തായാലും വിവാഹമോചനത്തെ കേരളത്തിലെ ഒരു ന്യൂനപക്ഷ ആക്ടിവിസ്റ്റുകൾ മാദ്ധ്യമസഹായത്തോടെ പുരോഗമന സ്വഭാവമുള്ളതാക്കി മാറ്റിയിട്ടുണ്ട്.

 

ഈ സാമൂഹ്യ അന്തരീക്ഷം സ്ത്രീ-പുരുഷ ബന്ധത്തെ പൊട്ടിത്തെറിയുടെ വക്കിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. പോരാത്തതിന് സീരിയലുകളും. ഇതെല്ലാം കൂടിയാണ് ചെറുവഴക്കുകളും സൗന്ദര്യപ്പിണക്കങ്ങളും പുതുദമ്പതിമാരിൽ ഇവ്വിധം ചിന്താഗതികളെ സൃഷ്ടിക്കുന്നത്. അത് അനാരോഗ്യകരമായ ചിന്തകളിലേക്കും വ്യക്തികളെ നയിക്കുന്നു. ചിന്തകളാണ് പിന്നീട് യാഥാർഥ്യമാകുന്നത്. അത് എന്തു തന്നെയായാലും. അത് ശാസ്ത്രം. ലോകത്ത് കാണുന്നതിനെയും കേൾക്കുന്നതിനെയും എല്ലാം നാം നമ്മളുമായി ചേർത്താണ് കാണുക. അങ്ങനെ നമ്മളിലൂടെയാണ് ലോകം നിൽക്കുക. അല്ലാതെ നമ്മൾ ലോകത്തിലല്ല. ഒരു വിവാഹമോചന വാർത്ത കേൾക്കുമ്പോൾ, കേൾക്കുന്നവർ അതും സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തുന്നു. വിവാഹമോചനം വിരളമായിരുന്ന സാമൂഹിക സാഹചര്യത്തിൽ അത്തരത്തിലുള്ള ചിന്തയില്ലായിരുന്നു. കാരണം, തങ്ങളുടേത് ജീവിതാവസാനം വരെയുള്ള ബന്ധമാണ് എന്ന ചിന്തയ്ക്കായിരുന്നു സാമൂഹികാധിപത്യമുണ്ടായിരുന്നത്. അതിനാൽ വിവാഹമോചനം അസാധാരണവും അതുകൊണ്ടുതന്നെ സാമൂഹിക കാഴ്ചയുമായിരുന്നു.

divorce

 

ഈ യുവതി യഥാർഥത്തിൽ തന്റെ ജീവിതപങ്കാളിയെ ജീവിതാവസാനം വരെയുള്ള ബന്ധമായി കാണാൻ ആഗ്രഹിക്കുന്നു. ഒരു കാരണവശാലും അതുലയാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ സാമൂഹികമായി ആധിപത്യം നേടിയ ചിന്ത ആ യുവതിയെ ചിലപ്പോഴെങ്കിലും വന്ന് ചെറുതായിട്ടെങ്കിലും പേടിപ്പെടുത്തുന്നു. പേടി സംഭവിക്കുന്നത് കാര്യങ്ങളെ നേരിട്ടു കാണാൻ കഴിയാതെ വരുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് പകൽ നടക്കുന്ന വഴിയിൽ ഇരുട്ടിയാൽ ചിലർക്ക് കൈയ്യിൽ ഞെക്കുവിളക്കുണ്ടെങ്കിലും പോകാൻ പേടിയാകുന്നത്. വേർപെടാൻ യഥാർഥത്തിൽ ആഗ്രഹിക്കാത്തതാണ് ഈ യുവതിയും തന്റെ ഭർത്താവും തമ്മിലുള്ള ബന്ധം. ആ ബന്ധം അവർക്ക് വളരെ വിലപ്പെട്ടതാണ്. വിലപ്പെട്ടത് നഷ്ടമാകുമോ എന്നുള്ള ചിന്തയാണ് മനുഷ്യനിൽ പേടി ഉണ്ടാക്കുന്നത്. ആ വിലപ്പെട്ടതിന്റെ മൂല്യം തിരിച്ചറിയുന്ന പക്ഷം അതിനെ ബഹുമാനിക്കും. അതിനെ സൂക്ഷിക്കും. ആ പ്രക്രിയ, എന്നുവെച്ചാൽ ആ ബഹുമാനവും പരസ്പരം സൂക്ഷിക്കലും അഥവാ കരുതലും ആ മൂല്യത്തെ വർധിപ്പിക്കും. അതനുസരിച്ച് ആ ബന്ധം ശക്തമായിക്കൊണ്ടിരിക്കും.അതിനർഥം വഴക്കൊ സൗന്ദര്യപ്പിണക്കങ്ങളോ ഒട്ടുമില്ലാതെ നീങ്ങുമെന്നല്ല. ഓരോ വഴക്കു കഴിയുമ്പോഴും തങ്ങളിലെ പരസ്പരം നോവിക്കുന്ന മുനകൾ ഇല്ലാതായി മൃദുവാകുകയേ ഉള്ളു. അതിനർഥം ഭാര്യയും ഭർത്താവുമായാൽ ചട്ടിയും കലവും പോലെ തട്ടിയും മുട്ടിയും ഇരിക്കും എന്നുള്ള ബന്ധമല്ല. അത് വൃത്തികേടാണ്. പരസ്പരം അറിയുവാനും അതിലൂടെ ഒന്നായി അറിയുവാനുള്ള അവസരമാണ് ദാമ്പത്യം. അതിന്റെ സാധ്യതകൾ അനന്തമാണ്. അവിടെയാണ് ജീവിതം അതിന്റെ സൗന്ദര്യാത്മകതയിലേക്ക് മാറുന്നത്. അവിടെയാണ് ജീവിതത്തിൽ സൗന്ദര്യത്തിന്റെ പ്രസക്തി വർധിക്കുന്നത്.

 

ഈ യുവതി ഒപ്പം പറയുന്നു, തനിക്ക് അദ്ദേഹത്തിന്റെ വിവാഹമോചനക്കാര്യം കേൾക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ടാണ് 'കേട്ടു'എന്നു പറഞ്ഞതെന്ന്. എന്നാൽ തനിക്ക് കേൾക്കാനുള്ള താൽപ്പര്യം കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ആ യുവതി മനസ്സിലാക്കുന്നില്ല. ഭാഗികമായി എന്തൊക്കെയോ അറിഞ്ഞു, അതിനാൽ നേരിട്ടു മുഴുവൻ കേൾക്കാൻ താൽപ്പര്യം എന്നാണ് ആ കേട്ടുപ്രയോഗത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട സന്ദേശം. അതാ യുവതി അറിയുന്നില്ല. വളരെ നേരിയ ഒരു താരതമ്യത്തിലൂടെ തന്റെ ജീവിതവുമായി തട്ടിച്ചു തന്റെ അവസ്ഥ അതല്ലെന്നറിഞ്ഞ് നേരിയ സുഖം അനുഭവിക്കാനും ആ യുവതിയുടെ മനസ്സ് അവരെ പ്രേരിപ്പിച്ചു. ഒരു കഥ കേൾക്കുന്നതിന്റെ സുഖം. അതും നേരിട്ട്. ശരിക്കും പറഞ്ഞാൽ ആ കേട്ടു പ്രയോഗം കളവായിരുന്നു. കാരണം അവരുടെ വിവാഹമോചനത്തെ കുറിച്ച് വ്യക്തമായി ആ യുവതിക്ക് അറിയാമായിരുന്നു.

 

അശുഭ വാർത്തകൾ കേൾക്കുന്നതും രസിക്കുന്നതും നല്ലതല്ല എന്ന ബോധം ആ യുവതിക്കുണ്ട്. ശരിയല്ലാത്ത കാര്യം ചെയ്യുന്നത് തെറ്റാണ്. അതറിയാത്തവർ ഇല്ല. അതുകൊണ്ട് ആ വിശേഷങ്ങൾ കേൾക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ടാണ് കേട്ടുപ്രയോഗം നടത്തിയതെന്ന് സ്വയം ബോധ്യപ്പെടുത്താനാണ് ആ യുവതി ശ്രമിച്ചത്. അതിലൂടെ താൻ മോശമായി പെരുമാറിയില്ല, തന്റെ പ്രവൃത്തി ന്യായീകരിക്കത്തക്കതാണ് എന്ന് സ്വയം ബോധ്യപ്പെടുത്താനും മറ്റുളളവരെ അതു ധരിപ്പിക്കുവാനും.അതോടൊപ്പം അദ്ദേഹത്തിലും ആ ധാരണ ഉളവാക്കാനും. അതിനുപരി അദ്ദേഹം അതു പറയാൻ താൽപ്പര്യപ്പെടുന്നതായും ആ യുവതിക്ക് സംഭാഷണത്തിൽ നിന്ന് അബോധപൂർവ്വമായി അറിഞ്ഞു. അപ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ആ കേട്ടു പ്രയോഗത്തിലുള്ളത്. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം തന്റെ ഭാഗം കേൾക്കുകയും അതിനെ ശരിവയ്ക്കുന്ന ഒരാളെ കിട്ടിയതിന്റേയും വ്യഗ്രത. അതിലൂടെ ഒരു കൂട്ടായ്മയുടെ സന്തോഷം. അത്ര തന്നെ.

 

ഒടുവിൽ ഈ യുവതി തന്നെ സമ്മതിച്ചു, തനിക്ക് അദ്ദേഹത്തിൽ നിന്നു തന്നെ വിവരങ്ങൾ കേൾക്കാനുള്ള താൽപ്പര്യമുണ്ടായിരുന്നുവെന്ന്. പേടി മൂലമാണ് കേൾക്കാൻ താൽപ്പര്യമില്ല എന്ന അർഥത്തിൽ കേട്ടു പ്രയോഗം നടത്തിയതെന്ന്. എന്തുകൊണ്ടാണ് ഇങ്ങനെ കേൾക്കാൻ താൽപ്പര്യം? മറ്റുള്ളവരുടെ ദുരന്തങ്ങളും വേദനകളും ആസ്വദിക്കുന്ന ശീലം നമ്മളിൽ അറിയാതെ കടന്നുകൂടി പ്രവർത്തിക്കുന്നതിന്റെ ഫലമാണ്. ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ വേദനയെ ആസ്വാദനമായി കൂട്ടിച്ചേർത്തു കാണുന്നതിന്റെ കുഴപ്പം. അതും സങ്കൽപ്പലോകത്ത്. കഴിഞ്ഞകാലത്തെ സ്വന്തം വേദനകളെ ഓർത്ത് രതി കൊള്ളുന്നന്നവരുടെ മാനസികാവസ്ഥയും മറിച്ചല്ല. അതുകൊണ്ടാണ് വേദന അനുഭവിച്ച സമയത്ത് ഏതുവിധേനെയും ആ വേദനയിൽ നിന്ന് പുറത്തുകടക്കുക എന്നതു മാത്രമായിരിക്കും ലക്ഷ്യം. വേദനയില്ലാത്തപ്പോൾ ആ വേദനയില്ലായ്മയെ സുഖമായി തിരിച്ചറിയാൻ കഴിയാതെ വരുന്നതുകൊണ്ടാണത്. സുഖമാണെന്നു പോലും പലർക്കും പറയാൻ പേടിയാണ്. കാരണം സുഖം നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്താൽ. ഈ കെണിയിൽ പെടുന്നതുകൊണ്ടാണ് മനുഷ്യൻ മെലോഡ്രാമ ഇഷ്ടപ്പെടുന്നതും പലപ്പോഴും അത്തരം സാഹചര്യങ്ങളിൽ അകപ്പെട്ടുപോകുന്നതും.

 

മെലോഡ്രാമയിൽ നിന്നു പുറത്തു വരുന്നതും അതിനെ ആസ്വാദന ഉപാധിയാക്കാതിരിക്കുന്നതുമാണ് സന്തോഷം. അതാണ് വഴി. അപ്പോഴാണ് വഴി തന്നെ ലക്ഷ്യമാകുന്നതും. ഈ യുവതി കളവു പറയാതെ അദ്ദേഹത്തിന്റെ വിവാഹമോചന വാർത്ത അറിഞ്ഞോ എന്ന ചോദ്യത്തിന് അറിഞ്ഞു എന്നു പറഞ്ഞിരുന്നെങ്കിൽ അതിനെക്കുറിച്ചുള്ള വിവരണം അവിടെ അവസാനിക്കുമായിരുന്നു. അദ്ദേഹം വിവരണം നടത്തിയിട്ടും കൂടുതലായി എന്തെങ്കിലുമറിഞ്ഞോ എന്ന് ആ യുവതിയോടു ചോദിച്ചപ്പോൾ ഇല്ലെന്നു തന്നെയായിരുന്നു മറുപടി. അങ്ങനെയുള്ള മാനസിക നിലയുള്ളപ്പോൾ വേണമെങ്കിൽ അദ്ദേഹത്തിന്റെ ആശ്വാസത്തിനായി പറയുന്നതു കേൾക്കാൻ നിന്നുകൊടുക്കുകയും ചെയ്യാം. അത് അദ്ദേഹത്തിന് ആശ്വാസമാകും. അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക വഴി ജീവിതത്തിന്റെ ഓരോ സന്ധികൾ മനസ്സിലാക്കുന്നതിനു കഴിയുകയും ചെയ്യും. അത് കേൾക്കുന്നവരുടെ ജീവിതത്തെ കൂടുതൽ സർഗ്ഗാത്മകമാക്കുകയും ചെയ്യും. അതേസമയം കേൾക്കാൻ താൽപ്പര്യമില്ലാത്ത മാനസിക അവസ്ഥയാണ് അപ്പോൾ നമ്മൾക്കെങ്കിൽ അതൊഴിവായിപ്പോവുകയും ചെയ്യും. ഇതിലൂടെ കാഴ്ചകളും കേൾവികളും ധൈര്യത്തെ വർധിപ്പിക്കും. ധൈര്യത്തിന്റെ സാന്നിദ്ധ്യത്തിൽ അപ്രത്യക്ഷമാകുന്നതാണ് പേടി. അല്ലാതെ പേടിയെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. പേടിയെ പേടിച്ചിട്ടും കാര്യമില്ല.

 

ഈ ഭാഗം അൽപ്പവും കൂടി വിശദീകരണം ആവശ്യപ്പെടുന്നു. അദ്ദേഹം പറയുന്നത് കേൾക്കുന്നത് നിർവികാരതയോടെ കേൾക്കണമെന്നാണോ? ആസ്വാദനമില്ലാതെ കേൾക്കണമോ? ആസ്വാദനം അദ്ദേഹത്തിന്റെ കഥയിലെ മെലോഡ്രാമ കേൾക്കുന്നതിലാകരുത്. മറിച്ച് അദ്ദേഹം പറയുന്നതിലൂടെ അതിന്റെ ആഴത്തിലേക്കു നോക്കുമ്പോൾ അനേകം കാഴ്ചകൾ കാണാൻ കഴിയും. അത് കാഴ്ചയുടെ ആഴം വർധിപ്പിക്കും. ആ ആഴക്കാഴ്ച സ്വന്തം ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും വഴികാട്ടിയാകും.ആസ്വാദനത്തിന്റെ തലം മാറുകയാണവിടെ.   

Tags: