വീടു പാലുകാച്ചൽ. ഒരു ഗൃഹനാഥനും നായികയും ഇത്രയധികം ക്ഷീണിച്ചുവശാവുന്ന ഒരു സാമൂഹിക ചടങ്ങ് ഉണ്ടാകുമോ എന്നതു സംശയം. കാരണം രണ്ടുപേരുടേയും സ്വപ്നം ഒന്നിച്ച് സാക്ഷാത്കരിച്ച് അതിന്റെ പൂർണ്ണതയിലെത്തുന്ന മൂഹൂർത്തമാണ് പാലുകാച്ചൽ. എന്നാൽ ഈ സ്വപ്നസാക്ഷാത്കാരത്തിന്റെ അവസാന നാളുകളിൽ രണ്ടുപേരും, ചുരുക്കിപ്പറഞ്ഞാൽ, കുഴഞ്ഞ് നാനാവിധമാകും. അത്രയ്ക്കാണ് അവസാന നാളുകളിലെ മിനുക്ക് പണികളും മറ്റും അവരെ ഇട്ടോടിക്കുക. അതിന്റെ കൂട്ടത്തിലായിരിക്കും വേണ്ടപ്പെട്ട ബന്ധുക്കളേയും സുഹൃത്തുക്കളേയും പാലുകാച്ചലിനു വിളിക്കുക. നൂറുകൂട്ടം പണിക്കിടയിൽ ഇതു നിർവഹിക്കേണ്ടതും ഈ സ്വപ്നസാക്ഷാത്ക്കാര ദമ്പതികളാണ്. ഇപ്പോൾ ഫോൺ വഴിയാണ് മിക്കവരും വിളി നടത്തുന്നത്. പാലുകാച്ചൽ നടന്ന് എല്ലാവരും വന്നുപോയി, വീടിനെക്കുറിച്ച് നല്ല അഭിപ്രയാവുമൊക്കെ കേട്ട് സ്വപ്നഗൃഹത്തിൽ അങ്ങനെ വൈകുന്നേരം വിശ്രമിക്കാൻ തുടങ്ങുമ്പോഴാകും അവരുടെ സുഖം ചില സംഗതികൾ കെടുത്തുന്നത്. അതായത് ഏറ്റവും വേണ്ടപ്പെട്ട ബന്ധുവിനെ വിളിക്കാൻ വിട്ടുപോയി. അത്തരം ഒരു മുഹൂർത്തത്തിൽ പെട്ട ദമ്പതികളുടെ കാര്യം നോക്കാം. ഭർത്താവിന്റെ ഉറ്റ ബന്ധുവാണ് ക്ഷണിക്കപ്പെടാതെ പോയത്. അദ്ദേഹം അതറിഞ്ഞപാടെ ഭാര്യയുടെ നേർക്കു കയർത്തു. കാരണം ഭാര്യ ഫോണിൽ നമ്പരുകൾ ഡയൽ ചെയ്യുക, ഭർത്താവ് സംസാരിക്കുക. ഇതായിരുന്നു അവരുടെ ക്ഷണപ്രക്രിയ. എല്ലാവരുടേയും നമ്പർ ഡയൽ ചെയ്തത് ഭാര്യയായതിനാൽ ആരേയും വിട്ടുപോകാതിരിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്വം എന്ന അലിഖിത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവ് ഭാര്യയെ ഇക്കാര്യത്തിൽ പ്രതിസ്ഥാനത്തു നിർത്തി ശകാരിച്ചത്.
തങ്ങളുടെ കൂട്ടുസ്വപ്നത്തിന്റെ സാക്ഷാത്കാര സന്ധ്യയിൽ അങ്ങനെ അവർക്ക് മനസ്സിൽ ഭാരം. സുന്ദരമായ വീടും കേട്ട മതിപ്പുവാക്കുകളുമൊക്കെ ബന്ധു ക്ഷണിക്കപ്പെടാതെ പോയ ഊർജ്ജശോഷണത്തിൽ പെട്ടു. പിറ്റേ ദിവസം ഭാര്യ ബന്ധുവിനെ വിളിച്ചു. തന്റെ കുഴപ്പം കൊണ്ടാണ് അബദ്ധം പറ്റിപ്പോയതെന്ന് വാക്കുകളിൽ കരച്ചിലിന്റെ പോഷകങ്ങൾ വിന്യസിച്ചുകൊണ്ട് പറഞ്ഞു. - ക്ഷണിക്കാത്തതിന്റെ പേരിൽ എക്കും ബിക്കുമുണ്ടായ ദു:ഖം എനിക്കൂഹിക്കാവുന്നതേ ഉള്ളു. എന്താ പറയുക. ഒന്നുമില്ല. ക്ഷമിക്കണം. ചേട്ടനല്ല കുറ്റക്കാരൻ. എനിക്ക് പറ്റിയ അബദ്ധം. എനിക്കതെങ്ങനെ പറ്റിയെന്നറിയില്ല. അവസാനമവസാനം വീട് വെയ്‌ക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി. ഓ, ഒന്നും പറയാതിരിക്കുന്നതാ ഭേദം. ഇത്രയുമൊക്കെ ബദ്ധപ്പാടാണെന്നറിഞ്ഞിരുന്നെങ്കിൽ ഇതിന് ഇറങ്ങിത്തിരിക്കില്ലായിരുന്നു. ഹോ, എന്താ കളിപ്പിക്കല്. എല്ലാവരും ഞങ്ങളെ വല്ലാതെങ്ങ് കളിപ്പിച്ചു കഴിഞ്ഞു. ചില്ലറയും ചില്വാനവുമല്ല ആൾക്കാര് കളിപ്പിച്ചത്. എല്ലാംകൂടെ ആകെ തകർന്നുപോയി. അതിന്റെ കൂടെ എനിക്കൊരലർജിയടിച്ചു. പൊടിയലർജിയെന്നാ ഡോക്ടർ പറഞ്ഞെ. എന്തിനു പറയുന്നു, അലർജിയടിച്ച് എന്റെ കണ്ണിലെ ഒരു വെയിനങ്ങ് പൊട്ടി. അതുകാരണം ഒരു ലക്കില്ലാത്ത അവസ്ഥയായിരുന്നു. വേദനയും വച്ചുകൊണ്ട് വെറുതേ ഇരിക്കുവാനും പറ്റാത്ത അവസ്ഥ. ഒന്നും പറയേണ്ട, വല്ലാത്തൊരവസ്ഥയായിരുന്നു. അതിന്റെ കൂട്ടത്തിൽ ഞാൻ വിചാരിച്ചത് ഏയെ വിളിച്ചുവെന്നാ. ശ്ശൊ, എനിക്കറിയില്ല എന്താ സംഭവിച്ചതെന്ന്. ഇന്നു വൈകീട്ട് വീണ്ടും ഡോക്ടറെ കാണണം. നാല് മണിക്ക് അപ്പോയിന്റ്‌മെന്റ് എടുത്തിരിക്കുകായാ. ഏയ്ക്ക് ഒന്നും തോന്നരുത്. ബിയോട് പ്രത്യേകം പറഞ്ഞേക്കണേ. ചേട്ടനുത്തരവാദിയേ അല്ല. എനിക്കു പറ്റിയ അബദ്ധമാ .- ബന്ധുവിന്റെ ഭാര്യ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.
ഇത്തരം സന്ദർഭങ്ങളിൽ ഇങ്ങനെ സംഭവിക്കുക സ്വാഭാവികമാണെന്ന് എ പറഞ്ഞു. അതിനാൽ തനിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളുവെന്നും അധികം താമസിയാതെ പുതിയ വീട്ടിൽ എത്തിക്കൊള്ളാമെന്നും എ ബന്ധുവിന്റെ ഭാര്യയോട് പറഞ്ഞു. പക്ഷേ അതൊന്നും അവർക്ക് സ്വീകാര്യമല്ല. എയ്ക്കുണ്ടായ ദുഖം താങ്ങാനാകാത്തതാണെന്ന വാശിയിലാണ് അവർ. താൻ ചെയ്ത അപരാധം പൊറുക്കണം. അപരാധമാണ് ചെയ്തതെങ്കിലും തന്നെ കുറ്റപ്പെടുത്തരുത്. കാരണം ഒന്നാംതരം കാരണമുണ്ട്. തനിക്ക് സുഖമില്ലായിരുന്നു. സുഖമില്ലാത്തവരോട് എന്താണ് മറ്റുള്ളവർക്ക് വേണ്ടത്. സിമ്പതി. എന്നോട് സിമ്പതി കാണിക്കൂ. പാലുകാച്ചലിനു വിളിക്കാത്തതിലുള്ള വിഷമം മാറ്റി എന്നോട് സഹതാപം കാണിക്കൂ എന്നാണ് അവർ പരോക്ഷമായി ആവശ്യപ്പെടുന്നത്. അവിടെ അവർ അവരുടെ സഹായത്തിന് കൂട്ടുപിടിച്ചിരിക്കുന്നത് രോഗത്തെ. രോഗത്തെ ചങ്ങാതിയാക്കിയിരിക്കുന്നു. തന്റെ അപരാധത്തിൽ നിന്ന് രക്ഷപ്പെടാൻ, തനിക്ക് ശ്രദ്ധ കിട്ടാൻ, അതുവഴി തനിക്ക് ആശ്വസിക്കാൻ, സന്തോഷിക്കാൻ, ആരും കുറ്റപ്പെടുത്താതിരിക്കാൻ അവർ രക്ഷകനായോ രക്ഷകയായോ കാണുന്നത് രോഗത്തെയാണ്. അതായത്, രോഗത്തിൽ നിന്ന് രക്ഷ നേടാനായി പരക്കം പായുന്നതോടൊപ്പം തന്നെ രോഗത്തെ രക്ഷകനായും കാണുന്നു.
നാം പ്രതീക്ഷിക്കുന്നതും സ്വപ്നം കാണുന്നതുമാണ് ഓരോരുത്തരുടേയും ജീവിതത്തിൽ സംഭവിക്കുന്നത്. ഒന്നു തിരിഞ്ഞുനോക്കിയാൽ ഏതു വ്യക്തിക്കും അതു മനസ്സിലാകും. രോഗത്തെ സ്വപ്നം കാണുന്നവർ അതിന്റെ കൂട്ട് പിടിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി സ്വയം രക്ഷ നേടാൻ അല്ലെങ്കിൽ സ്വതന്ത്രരാകാൻ ശ്രമിക്കുന്നു. അവരറിയാതെ തന്നെ. ഓരോ ശ്രമത്തിലും രോഗങ്ങൾക്ക് അടിപ്പെട്ടുകൊണ്ട് അവർ കെണിയിലും അപകടത്തിലും പെടുന്നു. ഉത്തരവാദിത്വബോധം കുറയുന്നതിനാൽ ശക്തിക്ഷയം മനസ്സിനേയും ശരീരത്തേയും ബാധിക്കുന്നു. എന്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള മാനസികാവസ്ഥ അങ്ങിനെയുള്ളവരിൽ സ്വാഭാവികമായും വന്നുചേരും. അവർ അവരുടെ തന്നെ വക്കീലായി സ്വയം രക്ഷിക്കാനെന്ന ശ്രമത്തിൽ മറ്റുള്ളവരിൽ സിമ്പതി ജനിപ്പിക്കാനുള്ള തന്ത്രങ്ങളുമായി മുന്നേറും. ഇതു പൊതുവേ സമൂഹത്തിൽ നിന്നും പടർന്നുപിടിച്ചിട്ടുള്ള രോഗമാണ്. സീരിയലുകളും മാദ്ധ്യമങ്ങളും ഇത്തരം വൈറസ്സുകളെ ധാരാളം പ്രസരിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർ മറ്റുള്ളവരെ എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. കാരണം അവർക്ക് എപ്പോഴും കുറ്റവിമുക്തരാകാനുള്ള വാഞ്ചയായിരിക്കും. അതിനാൽ എന്തിനും ഏതിനും മറ്റുള്ളവരായിരിക്കും ഉത്തരവാദികൾ. സ്വയം ഏതെങ്കിലും അവസ്ഥയിൽ പെട്ടുപോയാൽ പോലും അതിൽ നിന്നും അതിവിദഗ്ധമായി രോഗത്തെ കൂട്ടുപിടിച്ച് അവർ അവരുടെ കാഴ്ചപ്പാടിൽ സ്വയം രക്ഷപ്പെടുത്തും. അതിനേക്കാൾ ഗുരുതരമാണ് ഇത്തരം മാനസികാവസ്ഥയ്ക്ക് ഇരയാകുന്നവർ മറ്റുള്ളവരോട് പൊറുക്കില്ല എന്നുള്ളത്. അതിന്റെ തെളിവാണ് എയ്ക്ക് പരിഭവമോ വിഷമമോ ഇല്ലെന്നു പറഞ്ഞിട്ടും എയ്ക്ക് സഹിക്കാകാനാകാത്ത ദു:ഖമുണ്ടെന്നുള്ള വാശിയിൽ ഇവിടെ ബന്ധുവിന്റെ ഭാര്യ ഉറച്ചു നിൽക്കുന്നത്.