Skip to main content

‘എനിക്കാണെങ്കിൽ ദേഷ്യം വന്നാൽ ഒരു രക്ഷയുമില്ല. അപ്പോള്‍ ഞാൻ ആരാണെന്നെന്നും നോക്കില്ല. അലറി നശിപ്പിച്ച് നാശകോടാലിയാക്കിക്കളയും. അതിപ്പോ അപ്പനായാലും അമ്മച്ചിയായാലും ഭാര്യയായാലും. കൊച്ചിന്റടുത്തു മാത്രമേ പിന്നേം ഞാൻ അൽപ്പം മയത്തിലുള്ളു.’

 

ഉന്നത ബിരുദധാരിയും ഉന്നത പദവിയും വഹിക്കുന്ന നാൽപ്പത്തിയാറുകാരന്റേതാണ് ഈ വാക്കുകൾ. അദ്ദേഹത്തിനറിയാം തന്റെ ഈ ദേഷ്യം മഹാമോശമാണെന്ന്. പക്ഷേ നിയന്ത്രിക്കാൻ പറ്റുന്നില്ല. നിസ്സഹായ അവസ്ഥ. ഓഫീസിലും ഇതായതിനാൽ താഴെയുള്ള ജീവനക്കാർക്ക് പേടിയാണ്. വളരെ ബുദ്ധിമാനും വിഷയങ്ങൾ കൂർമ്മതയോടെ മനസ്സിലാക്കുന്നതിലും സമർഥനാണ് കക്ഷി. പ്രൊഫഷണൽ ബിരുദാനന്തര ബിരുദത്തിനു ശേഷം കുറച്ചുനാൾ പ്രശസ്തമായ ഒരു കോളേജിൽ അധ്യാപകനായി ജോലി നോക്കി. അദ്ദേഹത്തിന് അധ്യാപനം ഇഷ്ടമാണ്. പക്ഷേ അതനുസരിച്ചുള്ള കുട്ടികളായിരിക്കണം ക്ലാസ്സിലുണ്ടാവേണ്ടത്. ഏതെങ്കിലും ഒരു വിദ്യാർഥി അൽപ്പം അലക്ഷ്യമായി ക്ലാസ്സിലിരിക്കുകയാണെങ്കിൽ ആ കുട്ടിയോട് ചോദ്യം ചോദിച്ച് ഉത്തരം പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അവനായാലും അവളായാലും നശിപ്പിച്ച് ഇല്ലാണ്ടാക്കിക്കളയും. പക്ഷേ അതിനുശേഷം പിന്നീട് ക്ലാസ്സെടുക്കാൻ പറ്റില്ല. പുള്ളിക്കാരന്റെ തല വല്ലാതാകും. അങ്ങനെയാണ് കോളേജധ്യാപനം  വേണ്ടെന്നുവച്ച് പ്രൊഫഷണൽ രംഗത്തേക്കു തിരിഞ്ഞത്. താൻ പറയുന്നത് അപ്പടി കുട്ടികൾ അതുപോലെ മനസ്സിലാക്കണം. അതാണ് ഇദ്ദേഹത്തിന്റെ പഠിപ്പിക്കലിലെ തത്വസംഹിത.

 

ഉന്നത തസ്തികയിലെത്തിയ അദ്ദേഹത്തിനു തന്നെ ഇപ്പോൾ ഈ ദേഷ്യം സഹിക്കാൻ കഴിയാതെ വരുന്നു. ‘എന്റപ്പന്റെ സ്വഭാവവും ഇങ്ങനെ തന്നെയാ. അതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ല.’ ഒരിക്കൽ ആത്മഗതം പോലെ അദ്ദേഹം പറഞ്ഞു. അടുത്തിടെ അപ്പൻ തന്നോട് ദേഷ്യപ്പെട്ട ഒരു സന്ദർഭം അദ്ദേഹം ആവർത്തിച്ചു. ഏതാണ്ട് മിമിക്രി പോലെ. അതവതരിപ്പിക്കുന്നതിനിടയിൽ ഒരുതരം വൈകാരിക ചുഴിയിൽ പെട്ടതു പോലെയായിരുന്നു അദ്ദേഹം. അവതരണത്തിനു ശേഷം എന്തോ ഒരു സുഖം അനുഭവിക്കുന്നതു പോലെയും. അദ്ദേഹത്തിന്റെ ഉള്ളിലെ സ്വന്തം പിതാവിനെ അറിയുന്ന നിമിഷമായിരുന്നു അത്. തന്റെ  വൈകാരിക ഘടന തന്റെ അപ്പന്റേതാണെന്നു അദ്ദേഹത്തിനു തന്നെ അറിയാം. എന്നാൽ എന്തുകൊണ്ട് അദ്ദേഹത്തിനു അതിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നില്ല.

 

ചോ- അപ്പൻ ദേഷ്യപ്പെടുമ്പോൾ താങ്കൾക്ക് വിഷമമുണ്ടാകാറുണ്ടോ? വിഷമമില്ലെങ്കിലും സുഖമാണോ  അതോ സുഖമില്ലായ്മാണോ തോന്നാറുള്ളത്?

ഉ- അത് വിഷമവും സുഖമില്ലായ്മയുമൊക്കെത്തന്നെയാ.

ചോ- താങ്കൾക്ക് മറ്റുള്ളവരെ വിഷമിക്കുന്നത് ഇഷ്ടമാണോ?

ഉ- അങ്ങനെ വിഷമിപ്പിക്കാനൊന്നും ഇഷ്ടമില്ല. പക്ഷേ പറ്റുന്നില്ല. എനിക്കുമറിയാം കേൾക്കുന്നവർക്ക് വിഷമമാണെന്ന്. പക്ഷേ പറ്റേണ്ടെ.

 

ഇത് പറ്റാത്തതിന്റെ കാരണം അദ്ദേഹത്തിനു അപ്പന്റെ സ്വഭാവം ഇഷ്ടമല്ല എന്നതാണ്. അതേസമയം അപ്പനെ ഇഷ്ടവുമാണ്. അപ്പനെ തള്ളിപ്പറയാൻ പറ്റുന്നില്ല. എന്നാല്‍, അപ്പൻ കൈയ്യാളിയിരുന്ന അധികാരത്തിനോട് കമ്പമാണ്. അദ്ദേഹം ഓരോ കാര്യങ്ങൾ നടപ്പിലാക്കിയിരുന്ന രീതി ഇദ്ദേഹത്തിന് പ്രത്യേകിച്ചും സ്വീകാര്യമാണ്. ചുരുക്കത്തിൽ ഒരേ സമയം അപ്പനെ മാതൃകയാക്കി അനുകരിക്കുകയും അതേ സമയം ഇഷ്ടപ്പെടാതെ കൊണ്ടുനടക്കേണ്ടിയും വരുന്ന മകന്റെ ദുര്യോഗമാണ് അദ്ദേഹം അനുഭവിക്കുന്നത്. ഇത്രയധികം വിദ്യാഭ്യാസമുണ്ടായിട്ടും വിദേശത്തും സ്വദേശത്തും അനവധി പരിശീലനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അതിനൊന്നും  ഈ പ്രൊഫഷണലിനെ മിനുസപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കാരണം അദ്ദേഹത്തിന്റെ കഴിവ് യഥാർഥത്തിൽ അദ്ദേഹം പഠിച്ച വിഷയം അദ്ദേഹത്തിന്റെ അപ്പൻ പഠിച്ചതുപോലെയേ ഉള്ളു. തന്റെ സ്വതസിദ്ധമായ കഴിവുകള്‍ എന്താണെന്ന് അദ്ദേഹത്തിന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല, അവയൊന്നും പുറത്തുവന്നിട്ടുമില്ല.  ഇപ്പോഴും അപ്പൻ ദേഷ്യപ്പെടുന്ന നേരം മകൻ തിരികെ ക്ഷുഭിതനാകില്ല. അതുപൊലെ തന്നെയാണ് മകൻ ദേഷ്യപ്പെടുമ്പോൾ അപ്പനും.

 

അപ്പന്റെ ഈ ദേഷ്യം നല്ലതല്ല, മോശമാണെന്ന ഉത്തമബോധ്യം ഇദ്ദേഹത്തിനുണ്ട്. അതേ സമയം അപ്പൻ മോശമാണെന്ന് അദ്ദേഹത്തിനു ചിന്തിക്കാൻ പറ്റുന്നില്ല. അതുകൊണ്ടുതന്നെ അപ്പന്റെ സ്വഭാവത്തെ മോശമാണെന്ന് അറിയുമ്പോൾ തന്നെ അതിനെ തള്ളാനും പറ്റുന്നില്ല. കാരണം അതു തള്ളിയാൽ അത് അപ്പനെ തള്ളുന്നതുപോലെയാകുന്നു.

anger management

ചോ- താങ്കൾ ചൂടാകുന്നതു പോലെ താങ്കളോട് ആരെങ്കിലും ചൂടായാൽ എന്താവും പ്രതികരണം?

ഉ- അതെനിക്കു സഹിക്കാൻ പറ്റില്ല. അതു ഞാൻ കഴിവതു അനുവദിക്കത്തുമില്ല.

ചോ- താങ്കൾ പ്രകടിപ്പിക്കുന്ന പോലെയുള്ള അതേ ദേഷ്യം തന്നയല്ലേ അത്?

ഉ- അതേ അതൊക്കെത്തന്നെ.

ചോ- അതിനർഥം താങ്കൾ താങ്കളെത്തന്നെ അംഗീകരിക്കുന്നില്ല എന്നല്ലേ?

ഉ- എന്നുവെച്ചാൽ?

ചോ- താങ്കളിട്ടിരിക്കുന്ന ഈ കുപ്പായം മറ്റൊരാൾ ഇട്ടുവരുമ്പോൾ അത് താങ്കൾക്ക് ഇഷ്ടമാകുന്നില്ലെങ്കിൽ താങ്കൾക്ക് ആ ഉടുപ്പ് ഇടുമ്പോൾ ഉണ്ടാവുന്ന അസ്വസ്ഥതയില്ലേ? അത് തന്നെയല്ലേ സംഭവിക്കുന്നത്? അതിനാൽ താങ്കൾ താങ്കളെ സ്വീകരിക്കുന്നില്ല. അതേ സമയം അത് അസാധ്യവുമാണ്. അതിനാൽ മോശം തോന്നാതെ അതിനെ അംഗീകരിച്ചാൽ ക്രമേണ വേണമെങ്കിൽ ഈ ദേഷ്യത്തിൽ നിന്ന് പുറത്തുവരാം.

ഉ- ഈ സംഗതി വലിച്ചെറിയണമെന്ന് വലിയ ആഗ്രഹമാ. കാരണം ഇപ്പോള്‍ തീരെ താങ്ങാനാവാതെ വരുന്നു.

ചോ- താങ്ങാനാകാതെ വരുന്നു എന്ന തോന്നൽ തൽക്കാലം മാറ്റിവയ്ക്കാവുന്നതാണ്. കാരണം താങ്ങാനായില്ലെങ്കിൽ അത് തകർത്തുകളയും.

ഉ- അതാ ഞാൻ പറഞ്ഞത്, ഇതിൽ നിന്ന് രക്ഷപ്പെടണമെന്ന്.

ചോ- രക്ഷപ്പെടണമെങ്കിൽ അതിനെ തള്ളിക്കളയാൻ നോക്കരുത്. കാരണം പറ്റില്ല. തള്ളാൻ ശ്രമിക്കുന്തോറും അത് ശക്തിപ്രാപിച്ചു കൊണ്ടിരിക്കും. അതിന്റെ മസിലുവയ്ക്കുന്ന ഭക്ഷണവും ജിംനേഷ്യവും താങ്കൾ തള്ളാൻ നടത്തുന്ന ശ്രമമാണ്.

ഉ- തള്ളാതെ പിന്നെന്തു ചെയ്യും?

ചോ- അതിനെ സ്വീകരിക്കുക. സ്നേഹത്തോടെ. താങ്കളുടെ ഉള്ളിൽ നിന്ന് ദേഷ്യരൂപത്തിൽ പുറത്തുവരുന്നത് സ്വന്തം കുട്ടിയാണെന്നു കരുതുക. എന്നിട്ട് ശാഠ്യം പിടിക്കുന്ന കുട്ടിയെ തലോടുന്നതുപോലെ ആ ദേഷ്യത്തെ കാണുക. സ്വയം മോശക്കാരനായി കണ്ട് കുറ്റപ്പെടുത്താതിരിക്കുക. കുട്ടികൾ കുറുമ്പ് കാട്ടുമ്പോൾ എന്തെങ്കിലും കാരണമുണ്ടെന്നു മനസ്സിലാക്കി അവരെ സ്നേഹത്തോടെ സമീപിക്കുമ്പോലെ താങ്കൾ താങ്കളുടെ ദേഷ്യത്തെ കാണുക. ദേഷ്യപ്പെട്ട് കുറച്ച് കഴിഞ്ഞേ പറ്റുകയുള്ളു തുടക്കത്തിൽ. അതു ധാരാളം. തുടങ്ങിവയ്ക്കുക. കുറച്ചുകഴിയുമ്പോൾ ദേഷ്യവും ആ തോന്നലും തമ്മിലുള്ള അകലം കുറഞ്ഞുവരും. ക്രമേണ അകലമില്ലാതാകുന്ന സമയം വരും. അപ്പോൾ ദേഷ്യം യാത്ര തുടങ്ങുമ്പോൾ ചിരിവരുന്ന ഘട്ടമാകും. ഊർജ്ജം ഒട്ടും നഷ്ടമാകില്ല. ആൾക്കാർ പേടിക്കുന്നതിനു പകരം സമീപത്തു നിൽക്കുന്നത് സുഖമായി അനുഭവിക്കും. അതാണ് സ്വീകരിക്കൽ പ്രക്രിയ. അതായത് താങ്കൾ താങ്കളെ അംഗീകരിക്കുന്നു എന്നു ചുരുക്കം. ആ അംഗീകാരം തന്നെയാണ് താങ്കൾ താങ്കളോട് കാണിക്കുന്ന സ്നേഹം. ആ അവസ്ഥയെത്തുമ്പോൾ മറ്റൊരാൾ താങ്കൾ മുൻപ് പ്രകടിപ്പിച്ചിരുന്നതുപോലെ ദേഷ്യം പ്രകടിപ്പിക്കുന്നതു കാണുമ്പോൾ ചിരി വരും. അല്ലെങ്കിൽ അയാളോട് സ്നേഹം തോന്നും. അത് താങ്കൾക്ക് താങ്കളോട് സ്‌നേഹം തോന്നുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത്, നിന്നേപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കാൻ. അതിന് ആദ്യം സ്വയം സ്നേഹിക്കുന്നത് എങ്ങനെയാണെന്ന് അറിയണം.

ഉ- അങ്ങനെ വരുമ്പോൾ മറ്റുള്ളവരെ സ്നേഹിക്കുന്നതു തന്നെ പ്രസക്തമാവുന്നില്ലല്ലോ.

ചോ- യഥാർഥത്തിൽ സ്വയം സ്നേഹിക്കാൻ പഠിക്കാൻ തന്നെയാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. സ്വയം സ്നേഹിക്കുമ്പോൾ തന്നെ മറ്റുള്ളവരോട് അനായാസം അറിയാതെ തന്നെ സ്നേഹം വന്നുകൊളളും. അവിടെ സംഘട്ടനത്തിൽ നിന്ന് മുക്തമാകും. ഇപ്പോൾ താങ്ങാനാവില്ല എന്ന ഭാരം തോന്നുന്ന സ്ഥാനത്ത് ഭാരമില്ലായ്മ അനുഭവപ്പെടും. ആ ഭാരമില്ലായ്മയിൽ സർഗാത്മകത സംഭവിക്കുകയും ചെയ്യും. ആ സർഗാത്മകതയിൽ മാത്രമേ അപ്പനെ താങ്കൾക്ക് സ്നേഹിക്കാൻ കഴിയുകയുളളു. അല്ലെങ്കിൽ അപ്പനെ അനുനിമിഷം വെറുക്കുകയും തള്ളാൻ ശ്രമിക്കുകയും ഒപ്പം കൊള്ളാൻ നോക്കി മകനെന്ന കടമയും അസ്തിത്വവും ഉറപ്പിക്കാൻ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യും. അതാണ് സംഘട്ടനം. ഈ സംഘട്ടനം താങ്കളുടെ തടവറയാകുന്നു. ആ തടവറയ്ക്കുള്ളിലെ ശക്തിപ്രകടനമാണ് ഓഫീസിലായാലും വീട്ടിലായാലും പുറത്തുവരുന്നത്.