വിശ്വസ്തതയും സുരക്ഷിത ലൈംഗികതയും മന്ത്രിയും

എസ്. സുരേഷ്

Monday, July 7, 2014 - 3:39pm
ദില്ലി ഘട്ട്

suresh s.യു.എന്‍.ഐ മുന്‍ ദില്ലി ചീഫ് ഓഫ് ബ്യൂറോ എസ്. സുരേഷിന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി


ഉപരിപ്ലവമായി നോക്കിയാല്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍ നടത്തിയത് തികച്ചും ലളിതമായ ഒരു പ്രസ്താവനയാണ്: ‘ഗര്‍ഭ നിരോധന ഉറകള്‍ സുരക്ഷിത ലൈംഗികത ഉറപ്പാക്കുന്നു. എന്നാല്‍, പങ്കാളിയോടുള്ള വിശ്വസ്തതയാണ് ഏറ്റവും സുരക്ഷിതം. മുന്‍കരുതല്‍ എപ്പോഴും ചികിത്സയേക്കാള്‍ നല്ലതാണ്’. ന്യൂ യോര്‍ക്ക്‌ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം. വിവാദച്ചുഴിയും പരുഷമായ വിമര്‍ശനങ്ങളുമാണ്, എന്നാല്‍ മന്ത്രി നേരിട്ടത്.

 

ഇന്ത്യയിലെ എയ്ഡ്സ് വിരുദ്ധ പ്രചാരണത്തെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അഭിമുഖത്തില്‍ മന്ത്രി. നിങ്ങള്‍ ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കുന്നിടത്തോളം ഏതുതരത്തിലുള്ള അവിഹിത ലൈംഗിക ബന്ധവും പ്രശ്നമല്ല എന്ന തരത്തിലുള്ള ഒരു തെറ്റായ സന്ദേശം ഈ പ്രചാരണം നല്‍കുന്നതായി ഹര്‍ഷ വര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ലൈംഗിക ബന്ധത്തിലെ സത്യസന്ധതയും ദേശീയ പ്രചാരണം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എയ്ഡ്സ് തടയുന്നതില്‍ വിശ്വസ്തതയുടെ പ്രാമുഖ്യം പ്രോത്സാഹിപ്പിക്കുന്നത് സാംസ്കാരിക ഉപദേശം മാത്രമല്ല, ശാസ്ത്രീയം കൂടിയാണെന്നും മന്ത്രി പറഞ്ഞു.  തുടര്‍ന്നാണ്‌ ഗര്‍ഭ നിരോധന ഉറകള്‍ സുരക്ഷിത ലൈംഗികത ഉറപ്പാക്കുമ്പോള്‍ പങ്കാളിയോടുള്ള വിശ്വസ്തതയാണ് ഏറ്റവും സുരക്ഷിതമെന്ന വിശദീകരണം അദ്ദേഹം നല്‍കിയത്.

condom vending machine

ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടന (നാകോ)യോട് ഗര്‍ഭ നിരോധന ഉറകളിലുള്ള ഊന്നല്‍ കുറയ്ക്കാനും മൂല്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ ശ്രദ്ധിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയ്ഡ്സ് പ്രതിരോധത്തെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ കൂടി ഉള്‍പ്പെടുത്തി സമഗ്രമായി സമീപിക്കേണ്ടത് ആവശ്യമായിരിക്കുന്നെന്ന് മന്ത്രി പറയുന്നു. ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗത്തിനിടെ ചിലപ്പോള്‍ പൊട്ടിപ്പോകാന്‍ സാധ്യതയുള്ള കാര്യം അനുഭവസമ്പന്നരായ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്ക് അറിവുള്ളതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടുകൂടി, നാകോയോ സംസ്ഥാന സര്‍ക്കാറുകളോ നടത്തുന്ന പ്രചാരണത്തില്‍ സുരക്ഷിത ലൈംഗികതയെ സമഗ്രമായ ഒരു ആശയമായി പരിഗണിക്കണമെന്നും ഏകപങ്കാളികള്‍ക്ക് ഇടയിലെ വിശ്വസ്തതയുടെ പങ്ക് എടുത്തുകാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

ഉറയ്ക്ക് പകരം സംസ്കാരം എന്ന മട്ടിലുള്ള മന്ത്രിയുടെ ഈ പരാമര്‍ശം എച്ച്.ഐ.വി സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന്‍ കടുത്ത പ്രതികരണങ്ങളാണ് ക്ഷണിച്ചുവരുത്തിയത്. രോഗത്തെ നേരിടുന്നതിന് വര്‍ഷങ്ങളായി നടത്തിവരുന്ന പരിശ്രമങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന്‍ അവര്‍ കരുതുന്നു. താരതമ്യേന എയ്ഡ്സ് നിരക്ക് കുറവായ ഗുജറാത്ത്, മധ്യ പ്രദേശ്‌, ഒഡിഷ, ഉത്തര്‍ പ്രദേശ്‌ എന്നിവിടങ്ങളില്‍ രോഗം വീണ്ടും ശക്തിപ്പെടുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

harsh vardhanവിവാദം കനത്തതോടെ വിശദീകരണവുമായെത്തിയ മന്ത്രി ഗര്‍ഭ നിരോധന ഉറകളോട് തനിക്ക് ധാര്‍മ്മിക പ്രശ്നമുണ്ടെന്ന രീതിയില്‍ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ചു. അതേസമയം, രോഗം തടയുന്നതില്‍ വിശ്വസ്തതയ്ക്ക് പ്രാമുഖ്യം നല്‍കേണ്ടതിനെ കുറിച്ചുള്ള തന്റെ നിലപാട് ഹര്‍ഷ വര്‍ദ്ധന്‍ ആവര്‍ത്തിക്കുകയും ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളിലൂടെ ഗര്‍ഭ നിരോധന ഉറകളുടെ ഫലപ്രാപ്തിയില്‍ തനിക്ക് സംശയമുണ്ടെന്നും ഗര്‍ഭ നിരോധന ഉറകളോട് തനിക്ക് ധാര്‍മ്മിക പ്രശ്നമുണ്ടെന്നും ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സുരക്ഷിത ലൈംഗികതയ്ക്ക് ഗര്‍ഭ നിരോധന ഉറകളും അച്ചടക്കവും സംയോജിപ്പിച്ചുള്ള ഒരു രീതിയുടെ ആവശ്യകതയെ പറ്റി കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി താന്‍ വാദിക്കുന്നതാണെന്ന്‍ മന്ത്രി വ്യക്തമാക്കി. ഇത് ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ യു.എന്‍എയ്ഡ്സ് മുന്നോട്ടുവെച്ചിട്ടുള്ള എ.ബി.സി രീതിയോട് (Abstinence-Be Faithful-Condom സംയമനം-വിശ്വസ്തത-ഗര്‍ഭ നിരോധന ഉറ) ചേര്‍ന്ന് പോകുന്നതാണെന്നും ഈ രീതി യുഗാണ്ടയില്‍ വന്‍ വിജയം നേടിയതാണെന്നും ഇന്ന്‍ വിവിധ രാജ്യങ്ങളുടെ എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു.    

 

അതേസമയം, ഗര്‍ഭനിരോധന ഉറകളേയും ദാമ്പത്യ വിശ്വസ്തതയും പരസ്പര വിരുദ്ധമായി കാണേണ്ട ഒന്നല്ല എന്നാണ് വിമര്‍ശകമതം. എയ്ഡ്സ് പോലുള്ള മാരക രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധം എന്നതിനൊപ്പം രാജ്യത്തെ വര്‍ധിച്ചുവരുന്ന ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗമായും ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ വിക്ടോറിയന്‍ സദാചാരത്തിന്റെ കാലം കടന്നുപോയിരിക്കുന്നു എന്ന വസ്തുതയെ വെറുതെ അവഗണിച്ച് കളയനാകില്ലെന്നും ഇവര്‍ വാദിക്കുന്നു. പാഠ്യപദ്ധതി വികസനം എന്ന വിഷയത്തില്‍ 2008-ല്‍ മന്ത്രി നടത്തിയ ഒരു പ്രസ്താവനയും മന്ത്രിയുടെ വെബ്സൈറ്റില്‍ നിന്ന്‍ ഇക്കൂട്ടര്‍ കണ്ടെടുത്തിട്ടുണ്ട്. നടപ്പിലുള്ള ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്നും യോഗ സ്കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്ന അതിലെ പരാമര്‍ശമാണ് വിവാദത്തിന് ആക്കം കൂട്ടിയത്.

 

മെഡിക്കല്‍ ഡോക്ടര്‍ കൂടിയായ രാഷ്ട്രീയ നേതാവിന്റെ വീക്ഷണം ഇതോടെ പൊതുജനാരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. സദാചാര പോലീസിങ്ങിലൂടെ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്ന് ഇവര്‍ ആരോപിക്കുന്നു. വീണ്ടുവിചാരമില്ലാതെയും അത്യധികമായും പാശ്ചാത്യ സംസ്കാര രീതികള്‍ സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന ജീവിതശൈലീ പ്രശ്നങ്ങളെ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഗുണാത്മക വശങ്ങളിലൂടെ നേരിടുകയെന്ന ബി.ജെ.പി നയത്തിന്റെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവനയെന്ന്‍ ഇവര്‍ കരുതുന്നു.      

 

എ.ബി.സി രീതിയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് എയ്ഡ്സിനെതിരെ വര്‍ഷങ്ങളായി നടത്തിവന്ന പ്രവര്‍ത്തനങ്ങളെ തുരങ്കം വെച്ചേക്കാമെന്നാണ് പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക. ഈ രീതിയുടെ ഫലപ്രാപ്തിയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും യുഗാണ്ടയില്‍ നിന്നുള്ള കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത് എയ്ഡ്സ് തടയുന്നതില്‍ എ.ബി.സി രീതി വിജയിച്ചിട്ടില്ലെന്നുമാണെന്ന് ഇവര്‍ പറയുന്നു. സാംക്രമിക ലൈംഗിക രോഗങ്ങള്‍, എച്ച്.ഐ.വി, ഹെപ്പറ്റിറ്റിസ് എന്നിവയുടെ സാംക്രമിക നിരക്ക് വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഗര്‍ഭ നിരോധന ഉറകള്‍ കൂടുതലായി ലഭ്യമാകേണ്ടതും ഉപയോഗിക്കപ്പെടേണ്ടതും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഗര്‍ഭ നിരോധന ഉറകളേക്കാള്‍ പ്രാധാന്യം സംയമനത്തിനു നല്‍കുന്നത് സ്ത്രീകളെ കൂടുതല്‍ ദോഷകരമായി ബാധിച്ചേക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സംയമനമോ വിശ്വസ്തതയോ പാലിക്കണമെന്ന് പങ്കാളികളോട് ആവശ്യപ്പെടാന്‍ കഴിയുന്ന തരത്തില്‍ ശക്തീകരിക്കപ്പെട്ടവരല്ല രാജ്യത്തിന്റെ പല ഭാഗത്തുമുള്ള സ്ത്രീകളെന്ന് ഇവര്‍ വിശദീകരിക്കുന്നു.

 

ഈ വിവാദം കൊഴുക്കുന്നതിനിടെയാണ് ഗര്‍ഭ നിരോധന ഉറയ്ക്ക് അനുകൂലമായ മറ്റൊരു വാര്‍ത്ത‍ വന്നത്. ഫുട്ബാള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നില്ലെങ്കിലും ഫുട്ബാള്‍ മാമാങ്കം പ്രമാണിച്ച് ബ്രസീലിലേക്ക് രാജ്യം കയറ്റി അയച്ചിരിക്കുന്നത് 1.5 കോടി ഗര്‍ഭ നിരോധന ഉറകളാണ്. ഈ ഉറകള്‍ നിര്‍മ്മിച്ചത് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡും. ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒന്നാണിത്. തഴച്ചുവളരുന്ന ലൈംഗിക വ്യവസായത്തിന്റെ പേരില്‍ കൂടി അറിയപ്പെടുന്ന ബ്രസീലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭ നിരോധന ഉറകള്‍ ഇറക്കുമതി ചെയ്യുന്നത്.    

Tags: