അറകള്‍ തിരിച്ച് ഗൂഗിളിന്റെ ഫോണ്‍ - അറ

കൃഷ്ണന്‍ ഘോഷ്
Thu, 16-06-2016 04:21:52 PM ;

എപ്പോഴും ഒരു പുതിയ ഫോണ്‍ കിട്ടുന്നത് കൗതുകമുള്ള കാര്യമാണ്. അതിന്റെ പല ഉപയോഗങ്ങളും മറ്റും നമ്മെ വിസ്മയിപ്പിക്കുന്നു. കുറച്ചു കാലം കഴിയുമ്പോള്‍ അതിനോട്, ആ പുതുമയോട് നമ്മള്‍ വിട പറയും. പിന്നെ അതിലെ അത്ഭുത വിശേഷണങ്ങളൊന്നും തന്നെ നമ്മെ ആകര്‍ഷിക്കുന്നില്ല. പിന്നെ നമ്മുടെ കണ്ണുകള്‍ നിരത്തിലെ പുതിയ ഫോണുകളിലേക്കാണ്. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഗുണമേറിയതിലേക്ക്. അപ്പോള്‍ നമ്മള്‍ പഴയ ഫോണ്‍ എന്ത് ചെയ്യും? അത് നമ്മള്‍ വില്‍ക്കുകയോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കയോ ചെയ്യും. ഒരു പരിധി കഴിഞ്ഞാല്‍ അതിന്റെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടും. അപ്പോള്‍ അത് ഭൂമിയിലേക്കെറിയും, ഇ-വേസ്റ്റിനോടൊപ്പം കൂടാന്‍. അത് പല തലത്തിലുള്ള മലിനീകരണത്തിന് കാരണമാകും. അത് നമ്മള്‍ ജീവിക്കുന്ന മണ്ണിനും ശ്വസിക്കുന്ന വായുവിനും കുടിക്കുന്ന ജലത്തിനും എല്ലാം കാലനാകുന്നു. പക്ഷെ ഇന്നത്തെ യുഗത്തില്‍ നിമിഷ നേരം കൊണ്ടാണ് പുതിയ ടെക്നോളജി വന്നു കേറുന്നതും, അത് ഇന്നലെ മേടിച്ച ഫോണിനെ പുരാവസ്തു ആക്കുന്നതും. ഇവിടേക്കാണ് 2013-ല്‍ ഡേവ് ഹാക്കിന്‍സ്‌ എന്ന ഡച്ച് ഡിസൈനര്‍ ഫോണ്‍ബ്ലോക്സ് (Phonebloks) എന്ന ആശയം  കൊണ്ടുവരുന്നത്. A phone worth keeping  എന്ന ടാഗ് ലൈനില്‍ യുട്യൂബില്‍ ഹാക്കിന്‍സ്‌ ഇട്ട കോണ്‍സെപ്റ്റ് വീഡിയോ വളരെ viral ആകുകയും ചെയ്തു. ഈ ആശയമാകട്ടെ ഓപ്പണ്‍‌സോഴ്സ് ആയാണ് അദ്ദേഹം പുറത്തുവിട്ടത്.

 

 

ഫോണ്‍ബ്ലോക്സ് വളരെ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാവുന്ന ഒരു ആശയമാണ്. നമ്മുടെ പല ഫോണുകളും മിക്കപ്പോഴും ഉപയോഗശൂന്യമാകുന്നത് ആ ഫോണിലെ ഒരു ചെറിയ ഘടകത്തില്‍ വന്ന പ്രശ്നമായിരിക്കാം. അപ്പോള്‍ ആ അവസ്ഥയില്‍ മറ്റു ഘടകങ്ങള്‍ക്ക് ഒരു കേടുമുണ്ടാവില്ലായിരിക്കാം. ഇതാണ് ഫോണ്‍ബ്ലോക്സ് എന്ന ആശയത്തെ പ്രസക്തമാക്കുന്നത്. പൂര്‍ണ്ണമായും മോഡുലര്‍ (modular) ഫോണ്‍ ആയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. എന്ന് പറഞ്ഞാല്‍ അനായാസത്തില്‍ വേര്‍പ്പെടുത്താവുന്ന പല പല മോഡ്യുളുകളായിട്ടാണ് ഈ ഫോണ്‍ നിര്‍മ്മിക്കുക. നമ്മുടെ പഴയ ഫോണുകള്‍ സെമി മോഡുലര്‍ ആണെന്ന് പറയാം. അതിലെ ബാറ്ററി നമുക്ക് മാറ്റാന്‍ പറ്റും എന്നതിനാല്‍. പക്ഷെ, ബാക്കി എല്ലാം ഫാക്ടറി സെറ്റപ്പിലാണ്. പക്ഷെ പൂര്‍ണ്ണ മോഡുലര്‍ ഫോണുകളില്‍ നമുക്ക് ബാറ്ററി മാത്രമല്ല, മറ്റു പലതും മാറ്റാം. ഉദാഹരണത്തിന് ക്യാമറ, പ്രോസ്സസ്സര്‍, സ്പീക്കര്‍ അങ്ങനെ പലതും നമ്മുടെ ആവശ്യാനുസൃതം മാറ്റാം. ഇപ്പോള്‍ നമുക്ക് ക്യാമറയെക്കാള്‍ കൂടുതല്‍ ഉപയോഗം പാട്ട് കേള്‍ക്കാനാണെങ്കില്‍ അതിലെ ക്യാമറ മാറ്റി ഒരു സ്പീക്കര്‍ കൂടി വെക്കാം. അങ്ങനെ പലതും ചെയ്യാനുള്ള ഒരു പഴുതുണ്ട് ഈ ഫോണ്‍ബ്ലോക്സ് എന്ന ആശയത്തില്‍. ഇത് ഒരു മെയിന്‍ ബോര്‍ഡിലേക്ക് നമ്മള്‍ കണക്റ്റ് ചെയ്യുമ്പോള്‍ അതിലെ കണക്ഷന്‍സ്‌ ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ബ്ലോക്സിനെയും തമ്മില്‍ പരസ്പരം കണക്റ്റ് ചെയ്യിപ്പിക്കും. ഇനിയിപ്പോള്‍ നമ്മളുടെ ഫോണിലെ എന്തെങ്കിലും തന്നെ പഴയതായി എന്നിരിക്കട്ടെ. അത് മാറ്റി ഏറ്റവും പുതിയത് നമുക്ക് മേടിച്ചിടാം - അനായാസമായി.

 

ഇത് നിര്‍മ്മിക്കാന്‍, പക്ഷെ വളരെ ബുദ്ധിമുട്ടാണ്. അതിനു പല കമ്പനികളുടെ സഹായവും വേണം. കാരണം ഇതിലെ എല്ലാ ബ്ലോക്സും പല കമ്പനികളില്‍ നിന്നായിരിക്കും ലഭിക്കുക. അതിനാല്‍ എല്ലാ കമ്പനികളും ഇതിനായി പ്രവര്‍ത്തിക്കണം. കുടുതല്‍ കമ്പനികള്‍ ഇതിനോട് യോജിക്കുമ്പോള്‍ കൂടുതല്‍ ബോക്സുകള്‍ നിര്‍മ്മിക്കാനാകും. അതോടോപ്പും പൂര്‍ണ്ണ മോഡുലര്‍ ഫോണുകളും, പിന്നെ ഡേവ് ഹാക്കിന്‍സിന്റെ സ്വപ്നവും യാഥാര്‍ഥ്യമാകും.

project ara  

 

നമ്മുടെ ഈ വിവര സാങ്കേതിക യുഗത്തില്‍ വിപ്ലവകരമായ ആശയം എവിടെ വന്നാലും അതില്‍ ഗൂഗിള്‍ എന്ന ഭീമന്റെ (അതോ ധൃതരാഷ്ട്രരോ) നീണ്ട കരങ്ങള്‍ തീര്‍ച്ചയായിട്ടും എത്തും. ഫോണ്‍ബ്ലോക്സ് എന്ന ആശയത്തിന് അറ (Ara) എന്ന പ്രോജക്ടിലൂടെ ജീവന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. മോട്ടോറോള ഗൂഗിളിന്റെ കീഴിലുണ്ടായിരുന്ന സമയത്ത് അതിലെ  അഡ്വാന്‍സ്ഡ്‌ ടെക്നോളജി ആന്‍ഡ്‌ പ്രോജക്ട്സ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചതാണ് അറ പ്രോജക്റ്റ്. മോട്ടോറോള ലെനോവോയ്ക്ക് വിറ്റപ്പോഴും ഈ വിഭാഗം ഗൂഗിള്‍ നിലനിര്‍ത്തുകയായിരുന്നു. അതേസമയം, ഇപ്പോഴും ബാല്യാവസ്ഥയിലാണ് അറ. 2015 ജനുവരിയില്‍ ലഭ്യമാകും എന്നാണറിയിച്ചതെങ്കിലും ഇത് നീണ്ട് 2017 ജനുവരിയില്‍ വിപണിയില്‍ ഫോണ്‍ എത്തിക്കും എന്നാണ് അവസാന പ്രഖ്യാപനം.

 

ഈയിടെ പുറത്തിറക്കിയ അപ്ഡേറ്റില്‍ അല്‍പ്പം കൂടി ഡിസൈന്‍ എലമെന്റ്സ് ചേര്‍ത്ത് കാണാന്‍ ഇമ്പമുള്ള ഒരു രൂപത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഈ സെപ്റ്റംബര്‍-ഒക്ടോബറില്‍ പുറത്തിറക്കുന്ന ഡെവലപ്പര്‍ വെര്‍ഷന്റെ അപ്ഡേറ്റാണിത്.  ഇതില്‍ ഏതു മോഡ്യുള്‍ ഇട്ടാലും അതിവേഗം തന്നെ കണക്ട് ആകും. ആന്‍ഡ്രോയ്ഡിനുള്ളില്‍ ഗ്രേബസ്‌ (Greybus) എന്ന ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്‌ ഇതെല്ലാം കണക്ട് ചെയ്യുന്നത്. ഇതിന്റെ ബ്ലോക്സുകള്‍ തമ്മില്‍ ഏകദേശം 11.9 gb/s ട്രാന്‍സ്ഫര്‍ റേറ്റ് വരെയുണ്ട്. അതേസമയം, ഫോണ്‍ബ്ലോക്സില്‍ ഉദ്ദേശിച്ചിരുന്ന മോഡുലാരിറ്റി ഗൂഗിളിന്റെ ഈ അപ്ഡേറ്റില്‍ കാണാനില്ല എന്ന വിമര്‍ശനം ഹാക്കിന്‍സ്‌ ഉന്നയിച്ചിട്ടുണ്ട്. പ്രോസ്സസറും ആന്റിനയും സെന്‍സറുകളും ബാറ്ററിയും സ്ക്രീനും അടങ്ങുന്ന ഒരു തികച്ചും സജ്ജമായ ഫോണ്‍ ആയിരിക്കും അറ സ്കെലിട്ടണ്‍ എന്നാണ് ഹാക്കിന്‍സ്‌ പറയുന്നത്. ക്യാമറ, സ്പീക്കര്‍, സ്കാനര്‍ എന്നിങ്ങനെയുള്ള അധിക സജ്ജീകരണങ്ങള്‍ മാത്രമാണ് ഗൂഗിള്‍ മോഡ്യുള്‍ ആയി നല്‍കുന്നത്. അതായത്, സ്ക്രീന്‍ പൊട്ടിയാല്‍ സ്കെലിട്ടണ്‍ മൊത്തമായും മാറ്റേണ്ടിവരുന്ന അവസ്ഥയുണ്ടാകുമെന്ന്.   

 

ഇതിന്റെ മോഡ്യുളുകള്‍ നിര്‍മ്മിക്കാനായിട്ടു എല്ലാവര്‍ക്കും ഇപ്പോള്‍  അവസരമൊരുക്കിയിരിക്കുകയാണ് ഗൂഗിള്‍. കമ്പനികള്‍ക്കും അതേപോലെ തന്നെ ഡിസൈന്‍ ഡെവലപ്പര്‍മാര്‍ക്കും ഒരുപോലെ ഇതിലേക്ക് ആശയങ്ങള്‍ നല്‍കാം. പക്ഷെ, ഇതെല്ലാം ഗൂഗിളിന്റെ കുടക്കീഴില്‍ ഒതുങ്ങിപ്പോകുന്നു എന്ന മറ്റൊരു വിമര്‍ശനവും ഹാക്കിന്‍സ്‌ ഉയര്‍ത്തുന്നുണ്ട്. ഓപ്പണ്‍‌സോഴ്സ് ആണെങ്കിലും തീര്‍ത്തും ഓപ്പണ്‍ അല്ലത്രേ അറയുടെ നിര്‍മ്മാണം. അറ എക്കോസിസ്റ്റം പൂര്‍ണ്ണമായും ഗൂഗിളിന്റെ നിയന്ത്രണത്തില്‍ വരുന്നതോടെ മറ്റ് കമ്പനികള്‍ക്ക് സഹകരിക്കുന്നതിലേറെ മത്സരിക്കുകയാകും ചെയ്യുക എന്ന്‍ ഹാക്കിന്‍സ്‌ നിരീക്ഷിക്കുന്നു.    

 

എന്തായാലും മോഡുലര്‍ ഫോണ്‍ വൈകാതെ യാഥാര്‍ത്ഥ്യമാകും എന്ന് പ്രതീക്ഷിക്കാം. അത് വലിയൊരു മാറ്റമാകും സൃഷ്ടിക്കുക എന്നതില്‍ തര്‍ക്കമില്ല. ഫോണുകള്‍ പിന്നെ പഴയ പോലെ ആയിരിക്കില്ല. നമ്മുടെ ആവശ്യാനുസൃതം നമുക്ക് ഫോണിനെ മാറ്റാം. മോഡ്യുളുകള്‍ മാറി മാറി ആദ്യം വാങ്ങിയ ഫോണിലെ ഒരു മോഡ്യുളും ബാക്കിയാകാതെ തിസ്യൂസിന്റെ കപ്പല്‍ പോലെയാകുന്ന ഫോണ്‍. പിന്നെ ഏതു ഫോണ്‍ എടുക്കണം എന്ന ചോദ്യം വരുന്നില്ല, എങ്ങനെ എടുക്കണം എന്ന് മാത്രമേ വരുന്നുള്ളൂ. കൂടാതെ, പരിസ്ഥിതി മലിനീകരണത്തിനും ഒരു ശമനം.


krishnan ghosh അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ വിദ്യാര്‍ഥിയാണ് കൃഷ്ണന്‍

Tags: