കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം ഒരു ദാർശനിക ഫലിതം പോലെ. കെ.എം മാണിക്ക് ബാർ ലൈസൻസുമായി ബന്ധപ്പെട്ട് കോഴ കൊടുത്തുവെന്ന് മദ്യവ്യവസായി ബിജു രമേശ് ചാനലിലൂടെ പച്ചയായി പറഞ്ഞപ്പോൾ കേരളം ഞെട്ടിയില്ലെങ്കിലും കെ.എം മാണി ഞെട്ടി. പതിമൂന്നാം ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയും കൊച്ചിൻ സർവ്വകലാശാലയിൽ അദ്ദേഹത്തിൻരെ പേരിൽ പ്രത്യേക ചെയർ വരികയും സര്‍വ്വോപരി, ഇതിന്റെയെല്ലാം വെളിച്ചത്തിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയും ചെയ്യുന്ന സമയത്താണ് ബാർ കോഴ വിവാദം വന്നത്. സോളാർ കേസ് പ്രതി സരിത എസ്. നായർ ഇതിനേക്കാൾ വലിയ വെളിപ്പെടുത്തലുകൾ ആ മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ നടത്തിയിട്ടും ഒന്നും സംഭവിക്കാത്ത കീഴ്വഴക്കത്തിൽ അദ്ദേഹം മന്ത്രിസഭയിൽ തുടർന്നു. പക്ഷേ, ഹൈക്കോടതിയുടെ ഒരു പരാമർശത്തെ തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനത്തു നിന്നു രാജിവെച്ചു.
ബാർ കോഴ സംഭവം ജ്വലിച്ചു നിന്ന സമയത്ത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം കെ.എം മാണി വിഷാദനായി കാണപ്പെട്ടു. ഏതു സാഹചര്യത്തിലും ഒരു ട്രപ്പീസ് വദഗ്ധനെപ്പോലെ മറുപടിയുമായി വരുന്ന മാണി ഊഞ്ഞാൽപ്പിടി വിട്ട കളിക്കാരനെപ്പോലെയായി. തുടർന്നുള്ള നാളുകളിൽ അദ്ദേഹം ഗ്ലാനിയിൽ മൗനിയായി തന്നെ തുടർന്നു. എന്നാൽ രാജി വെച്ചതോടു കൂടി അദ്ദേഹം ഊർജ്ജം വീണ്ടെടുക്കാൻ തുടങ്ങി. അഴിമതിക്കേസ്സിൽ ഹൈക്കോടതി പരാമർശത്തെ തുടർന്ന് രാജിവെച്ച മാണിക്ക് പാർട്ടി പ്രവർത്തകർ തലസ്ഥാന നഗരിയിലെ പട്ടം മുതൽ പാലാ വരെ വൻ സ്വീകരണം നൽകി ആനയിച്ചു. പാലായിലെത്തിയപ്പോഴേക്കും മാണി ഊർജ്ജസ്വലനായി. അവിടെ നിന്നു ആർജ്ജിച്ച ഊർജ്ജത്താലാണ് യു.ഡി.എഫ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടപ്പോഴും കേരളാ കോൺഗ്രസ്സ് (എം) വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. അങ്ങനെ കോഴക്കേസ്സിൽ കിടന്ന് ഉഴറിയ മാണി ശക്തി പ്രാപിച്ചു. ഗത്യന്തരമില്ലാതെയാണ് മാണി യു.ഡി.എഫിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതു പോലും.
ബാർ കോഴ ആരോപണം ഉണ്ടാകാൻ കാരണം അദ്ദേഹത്തിൽ കലശലായി മാറിയ മുഖ്യമന്ത്രി സ്വപ്നമായിരുന്നു. ഏതാണ്ട് മുഖ്യമന്ത്രി ആകാൻ വിധിക്കപ്പെട്ട പോലെയായിരുന്നു ബാർ കോഴ ആരോപണം വരുന്നതിനു മുൻപ് അദ്ദേഹം പെരുമാറിയിരുന്നത്. ചാനലുകൾ അതിന്റെ പശ്ചാത്തലത്തിൽ അഭിമുഖങ്ങളും നടത്തി. തനിക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതായി വരെ മാണി ഒരു ചാനൽ അഭിമുഖത്തിൽ പറയുകയുണ്ടായി. എന്നാൽ സ്വപ്‌നം യാഥാർഥ്യമാകുന്നതിന് അൽപ്പം താമസം നേരിടുകയുണ്ടായി. ആ താമസത്തിനു പ്രധാന കാരണം ഇടതുപക്ഷ മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ ആയിരുന്നു. നേരിയ ഭൂരിപക്ഷത്തിൽ നിലനിന്ന യു.ഡി.എഫ് മാണി വിട്ടാൽ പതിക്കും. അപ്പോഴാണ് ബാർ കോഴ ആരോപണം ഉയർന്നത്.
കേരള നിയമസഭയെന്നു മാത്രമല്ല ഇന്ത്യയിലെ ഒരു നിയമസഭയും കാണാത്ത വിധത്തിലുള്ള രംഗങ്ങളായിരുന്നു പതിമൂന്നാമത്തെ ബജറ്റവതരിപ്പിക്കാൻ മാണി നിയമസഭയിലെത്തിയപ്പോൾ അരങ്ങേറിയത്. ജനായത്ത ചരിത്രത്തിലെ ഏറ്റവും വലിയ ഒരു കറുത്ത ഏടായി ആ ദിവസം അവശേഷിക്കും. അഴിമതിക്കാരനായ മാണിയെ ബജറ്റവതരിപ്പിക്കാൻ അനുവദിക്കാതിരിക്കുന്നതിനു വേണ്ടിയാണ് കൈയ്യാങ്കളിയിലൂടെ മാണിയെ തടയാൻ ഇടതുപക്ഷം പ്രത്യേകിച്ചും സി.പി.ഐ.എം ശ്രമിച്ചത്. ആ ദിവസം സഭയ്ക്കുള്ളിൽ വച്ച് ഇടതുപക്ഷത്തെ വനിതാ അംഗങ്ങൾക്കു നേരിടേണ്ടി വന്ന പീഡനം സംബന്ധിച്ച് കേസ് ഇപ്പോഴും തീർപ്പാകാതെ തുടരുകയാണ്.
യു.ഡി.എഫ് വിട്ട മാണി എല്ലാ മുന്നണികളുമായി സമദൂരം പ്രഖ്യാപിച്ചു. മാണിയെ അടുപ്പിക്കില്ല എന്ന് ആദ്യം ഇടതുപക്ഷം പരസ്യമായി പറഞ്ഞു. അതുപോലെ മാണി വിട്ട ഉടൻ തന്നെ കോൺഗ്രസ്സും മാണിക്കെതിരെ വാളെടുത്തു രംഗത്തു വന്നു. മുന്നണി മര്യാദയുടെ പേരിൽ പലതും തങ്ങൾക്ക് വിഴുങ്ങേണ്ടി വന്നുവെന്ന് കോൺഗ്രസ്സ് നേതാവ് ടി.എൻ പ്രതാപൻ പറഞ്ഞു. അതുപോലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശക്തമായ ഭാഷയിൽ കോൺഗ്രസ്സിന് ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞു. മാണിയെ തുടക്കം മുതൽ ന്യായീകരിച്ച, ആദർശത്തെ വല്ലാതെ മുറുകെപ്പിടിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ ഇപ്പോഴും വിഷയ പഠനത്തിലാണ്. ബി.ജെ.പി മുന്നണിയാകട്ടെ വാതിൽ തുറന്നിട്ട അവസ്ഥയിലും. സുന്ദരിയായ യുവതിയാകുമ്പോൾ പലർക്കും താൽപ്പര്യമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞുകൊണ്ടാണ് മാണി മുന്നണി വിട്ടുകൊണ്ടുള്ള പത്രസമ്മേളനം അവസാനിപ്പിച്ചത്. അതു പറഞ്ഞ ഉടൻ മാണി ചാടി എഴുന്നേൽക്കുകയും ചെയ്തു. കാരണം മാണിക്കറിയാം അടുത്ത ചോദ്യം എന്തായിരിക്കുമെന്ന്. കാരണം ഈ സുന്ദരി മുൻപ് പല ബാന്ധവങ്ങളിലും ഏർപ്പെട്ടിരുന്നു.
മാണി പറഞ്ഞതു പോലെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോടിയേരി ബാലകൃഷ്ണൻ മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണത്തിന്റെ സാധ്യതയെക്കുറിച്ച് ലേഖനമെഴുതി. ഏതാണ്ട് 'മാണിസാറിന് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയുണ്ട്' എന്ന് ബാർ കോഴക്കാലത്തിനു മുൻപ് അദ്ദേഹം പറഞ്ഞതു പോലെ. സി.പി.ഐ.എമ്മിനേക്കാൾ വലിയ പ്രക്ഷോഭമായിരുന്നു ബാർ കോഴയുടെ പേരിൽ ബി.ജെ.പി നടത്തിയത്. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയിലെ ചില നേതാക്കൾ മാണിയെ എൻ.ഡി.എയിലേക്ക് പരസ്യമായി ക്ഷണിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടപ്പോൾ കോൺഗ്രസ്സ് നേതൃത്വത്തിനും മനം മാറ്റമുണ്ടായി. മാണിയോടുള്ള നിലപാടിൽ അയവു വരുത്തി. മാണിയോടു ബഹുമാനത്തോടെയും ഏതാണ്ട് മുന്നണി വിടൽ തങ്ങൾക്കനുഭവപ്പട്ടില്ലെന്നുമുള്ള രീതിയിൽ രമേശ് ചെന്നിത്തലയടക്കമുള്ള കോൺഗ്രസ്സ് നേതാക്കൾ പ്രതികരിച്ചു.
മാണി യു.ഡി.എഫ് വിട്ട് രണ്ടു ദിവസത്തിനകം കേരളത്തിലെ മൂന്നു മുന്നണികളും അദ്ദേഹത്തിലേക്കു നോക്കുന്നു. എല്ലാവർക്കും അദ്ദേഹത്തേയും അദ്ദേഹത്തിന്റെ പാർട്ടിയേയും വേണം. ഈ മൂന്നു മുന്നണികളും മാണി അഴിമതിക്കാരനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ്. കോൺഗ്രസ്സൊഴികെ മറ്റ് മുന്നണികൾ വൻ പ്രക്ഷോഭവും നടത്തി. ഈ മുന്നണികളുടെ അഴിമതിയോടുള്ള സമീപനം എന്താണ് എന്നും എന്തുകൊണ്ടാണ് ഇത്രയും ധൈര്യം ഈ മുന്നണികൾക്കും നേതാക്കൾക്കും ഈ നിലപാട് സ്വീകരിക്കാൻ ധൈര്യം പകരുന്നത് എന്നുമുള്ള ഒരു പ്രശ്നം ഇവിടെ ഉയരുന്നുണ്ട്.
ഇതു കേരള സമൂഹത്തിൽ ഒരു സമസ്യ സൃഷ്ടിക്കുന്നു. അധികാരത്തിൽ എത്താൻ എല്ലാവരും ആശ്രയിക്കുന്നത് അഴിമതിയെയാണ്. ചില വാക്കുകൾ ചില സാംസ്‌കാരിക പ്രമുഖർ ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നീട് ആ വാക്കിനുള്ള അശ്ലീലത്വം ഇല്ലാതാകും. അതുപോലെ അഴിമതിക്ക് കേരളത്തിൽ അശ്ലീലത്വം ഇല്ലാതായെന്നു മാത്രമല്ല, അതിന് വശ്യതയും വന്നിരിക്കുന്നു എന്നാണ് കെ.എം മാണി എന്ന വ്യക്തിയും അദ്ദേഹത്തിന്റെ പാർട്ടിയും പ്രകടമാക്കുന്നത്. കെ.എം മാണിയുടെ അഴിമതിക്കെതിരെ പ്രചണ്ഡപ്രചാരണം നടത്തി അധികാരത്തിലെത്തിയ മുന്നണിയാണ് എൽ.ഡി.എഫ്. ഇപ്പോൾ അതേ മാണിയെ സ്വീകരിക്കാൻ എൽ.ഡി.എഫ് തയ്യാറായിക്കൊണ്ടിരിക്കുന്നു. ആ നീക്കത്തിന് ഇപ്പോഴും കല്ലുകടിയായി നിൽക്കുന്നത് സി.പി.ഐയാണ്.
മൂന്നു മുന്നണികളുടെയും നിലപാട് ഒരു ചോദ്യമുന്നയിക്കുന്നു. അഴിമതി നടത്തി അധികാരത്തിലേറുന്നതാണോ ഏറ്റവും വലിയ അഴിമതി, അതോ അഴിമതിയെ ആയുധമാക്കി എതിരാളിക്കെതിരെ ഉപയോഗിച്ച് അധികാരത്തിലേറാൻ വേണ്ടി മാത്രം അഴിമതി ഉയർത്തിക്കാട്ടുന്നതാണോ ഏറ്റവും വലിയ അഴിമതി. ഒരു കാര്യം വ്യക്തം. ആദ്യത്തേതിൽ കളവിൽ ചതിയില്ല. രണ്ടാമത്തേതിൽ അതുണ്ട്. അങ്ങനെയെങ്കിൽ ഏതാണ് മെച്ചം? ചോദ്യം കുഴപ്പിക്കുന്നതാണ്. ആദ്യത്തേതിൽ പ്രതിരോധത്തിന് അവസരമുണ്ട്. രണ്ടാമത്തേതിൽ അപകടം സംഭവിച്ചു കഴിഞ്ഞേ അറിയൂ. ഇത് നേതാക്കളുടേയോ പാർട്ടികളുടേയോ കുഴപ്പമാണെന്ന് കരുതിയാൽ തെറ്റി. കേരള സമൂഹത്തിന് സംഭവിച്ചിരിക്കുന്ന അവസ്ഥയാണ്. അത് ഏതവസ്ഥയാണെന്ന് വ്യവസ്ഥാപിത സംജ്ഞകൾകൊണ്ട് വിശേഷിപ്പിക്കുക പ്രയാസം.
ബാർ ലൈസൻസുമായി ബന്ധപ്പെട്ട് മാണി കോഴ വാങ്ങിയന്ന ആരോപണം ഉണ്ടായ ശേഷം യു.ഡി.എഫ് മന്ത്രിസഭയിലെ മറ്റംഗങ്ങൾക്കെതിരെയും സമാനമായ ആരോപണം ഉണ്ടായി. ഓരോ തൊഴിലിനും അതിന്റെ സ്വഭാവമനുസരിച്ച് സംസ്‌കാരമുണ്ടാകും. മദ്യവ്യവസായവുമായി ബന്ധപ്പെട്ടു നിൽക്കുന്ന സംസ്‌കാരം അധമം തന്നെയെന്ന കാര്യത്തിൽ സംശയമില്ല. അവർ ആ വ്യാപാരത്തിൽ നിന്ന് അനധികൃതമായി നേടിയിരുന്ന ലാഭം യഥാർഥ കണക്കിനേക്കാൾ പല മടങ്ങുകളായിരുന്നു. വിശേഷിച്ചും സെക്കൻഡ് വിൽപ്പന എന്ന പേരിലറിയപ്പെടുന്ന അനധികൃത മദ്യവിൽപ്പനയിലൂടെ. ഇത് ഏവർക്കുമറിയാവുന്നതുമാണ്. അധികൃതരുടെ അറിവില്ലാതെ അത് സാധ്യവുമല്ല. ഇതൊക്കെ കൊണ്ടായിരുന്നു രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യമുതലാളിമാർ മാറിയത്. ഇത് രാഷ്ട്രീയ നേതാക്കൾ തന്നെ സമ്മതിച്ചിരുന്ന കാര്യമാണ്.
ഈ പശ്ചാത്തലത്തിലാണ് ആരോപണങ്ങൾ ഉയർന്നുവന്നത്. ഇപ്പോൾ നോക്കുമ്പോൾ അതൊക്കെ വെറും ആരോപണങ്ങളായി മാത്രം അവശേഷിക്കുന്നു. പ്രക്ഷോഭങ്ങൾ വെറും പ്രക്ഷോഭങ്ങളായും. ഇതിൽ ഏറ്റവും വലിയ വിരോധാഭാസം എന്നത് അഴിമതിക്കെതിരായ പ്രക്ഷോഭത്തെ ഭരണമാറ്റത്തിനുള്ള സാധ്യതയാക്കി ഉയർത്തിയത് കേരളത്തിൽ ഇടതുപക്ഷമാണ്. പ്രത്യേകിച്ചും സി.പി.ഐ.എം. അതുപോലെ വർഗ്ഗീയത എതിർക്കപ്പെടേണ്ടതാണെന്ന ഒരജണ്ടയാക്കി കേരളത്തിൽ രാഷ്ട്രീയപ്രയോഗം നടത്തിയതും സി.പി.ഐ.എമ്മാണ്. ഇപ്പോള്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗം എഴുതുന്നു, യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളെ വർഗ്ഗീയതയുടെ പേരിൽ അകറ്റി നിർത്തേണ്ടതില്ലെന്ന്. എന്നുവെച്ചാൽ മുസ്ലീം ലീഗിനെ മാറ്റി നിർത്തേണ്ടതില്ലെന്ന്. പാർട്ടിയിൽ ചർച്ച ചെയ്തതിനു ശേഷം പ്രതികരിക്കാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.
അഴിമതിക്കും വർഗ്ഗീയതയ്ക്കുമെതിരെ അവബോധമുണ്ടാക്കി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിക്കുകയും സ്വന്തം അസ്ഥിത്വം കെട്ടിപ്പടുക്കുകയും ചെയ്ത സി.പി.ഐ. എം ഇപ്പോൾ കെ.എം മാണിയുടെ കേരളാ കോൺഗ്രസ്സിനെയും മുസ്ലീങ്ങളുടെ പാർട്ടിയായ മുസ്ലീം ലീഗിനെയും ഇടതുമുന്നണിക്കൊപ്പം കൂട്ടാൻ തയ്യാറായിരിക്കുന്നു. വീണ്ടും ചോദ്യങ്ങൾ ഉയരുന്നു. എന്താണ് അഴിമതി? എന്താണ് വർഗ്ഗീയത? ഇങ്ങനെയുള്ള ചോദ്യങ്ങളുയരുമ്പോൾ ചില ചിരികൾ ഓർമ്മ വരും. അത്തരം ചിരികളെ ദാർശനിക ചിരികളെന്നു വിളിക്കാം.
വാൽക്കഷണം: ടൂറിസം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ആ മേഖലയിലെങ്കിലും ബാർ തുടങ്ങണമെന്ന് മന്ത്രി എ.സി മൊയ്തീൻ അഭിപ്രായപ്പെട്ടിരിക്കുന്നു. കേരളം മുഴുവൻ ടൂറിസം സാധ്യതയുള്ള ഒരു പ്രതലം തന്നെ.