Skip to main content

md niche team wins sabre award

 

കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഒരു സംഘം യുവ സാങ്കേതിക വിദഗ്ദ്ധര്‍ വികസിപ്പിച്ച നൂതന ഉല്‍പ്പന്നത്തെ ലോകശ്രദ്ധയിലെത്തിക്കാന്‍ സംഘടിപ്പിച്ച മൂന്നുമാസം നീണ്ട പ്രചാരണത്തിന് പബ്ലിക് റിലേഷന്‍ മികവിനുള്ള 2014ലെ സൗത്ത് ഏഷ്യ സേബര്‍ അവാര്‍ഡുകളില്‍ ഉന്നത നേട്ടം. സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത ആര്‍.എച്ച്.എല്‍ വിഷന്റെ മാന്ത്രിക മോതിരമെന്നു വിശേഷിപ്പിക്കാവുന്ന 'ഫിന്‍' എന്ന ഉല്‍പ്പന്നത്തിനുവേണ്ടി നടത്തിയ പ്രചാരണ പ്രവര്‍ത്തനത്തിന് എംഡി നീഷ് മീഡിയ കണ്‍സള്‍ട്ടന്റ്‌സാണ് ഡയമണ്ട് സേബര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്.

 

മെഷര്‍മെന്റ് ആന്‍ഡ് ഇവാല്വേഷന്‍ വിഭാഗത്തിലാണ് ഈ ഉന്നത പുരസ്കാരം എംഡി നീഷിന് ലഭ്യമായത്. ബീജിംഗില്‍ സെപ്തംബറില്‍ പ്രഖ്യാപിക്കുന്ന ഏഷ്യ പസഫിക് മേഖലയിലേക്കുള്ള സേബര്‍ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാനും ഇതോടെ എംഡി നീഷ് യോഗ്യതനേടി. കഴിഞ്ഞ വര്‍ഷം കൊച്ചി മുസ്സിരിസ് ബിനാലെയുടെ പൊതുജന സമ്പര്‍ക്ക പ്രചാരണത്തിന് രണ്ട് ഗോള്‍ഡ് സേബര്‍ പുരസ്‌കാരങ്ങള്‍ എംഡി നീഷ് നേടിയിരുന്നു.

 

യു.എസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹോംസ് റിപ്പോര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുള്ള സേബര്‍ പുരസ്‌കാരം പബ്ലിക് റിലേഷന്‍സ് രംഗത്ത് ലോകമെമ്പാടും അംഗീകരിക്കപ്പെടുന്ന ഒന്നാണ്. ആകെയുള്ള മൂന്ന് ഡയമണ്ട് സേബര്‍ പുരസ്കാരങ്ങളില്‍ ഒന്നാണ് എംഡി നീഷിന് ലഭിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കമ്പനി സി.ഇ.ഒയും മലയാളിയുമായ എസ്.സുരേഷ് ഹോംസ് റിപ്പോര്‍ട്ട് പബ്ലിഷറും സി.ഇ.ഒയുമായ പോള്‍ ഹോംസില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള സുരേഷ് ലൈഫ് ഗ്ലിന്റ് പംക്തികാരന്‍ കൂടിയാണ്.

 

വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളെ ചലനത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ഇന്റര്‍ഫേസായി കൈകളെ മാറ്റുന്ന, മോതിരമായി ധരിക്കാവുന്ന ഉപകരണമാണ് 'ഫിന്‍'. ഇതിന്റെ വികസനത്തിനും ഉല്‍പാദനത്തിനും ക്രൗഡ് ഫണ്ടിംഗിലൂടെയാണ് ആര്‍.എച്ച്.എല്‍ വിഷന്‍ മൂലധനം കണ്ടെത്തിയത്. പൊതുജന സമ്പര്‍ക്ക പരിപാടിയുടെ പിന്തുണയോടെ ഇതിനായി ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്‍ഡിഗോഗോയിലൂടെയാണ് പ്രചാരണം സംഘടിപ്പിച്ചത്. ഒരു ലക്ഷം ഡോളര്‍ ലക്ഷ്യമിട്ട പ്രചാരണത്തില്‍ 1,610 നിക്ഷേപകരില്‍നിന്നായി 2,02,547 ഡോളര്‍ സമാഹരിക്കാന്‍ സാധിച്ചു. ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലേറെ ധനസഹായം നേടാനായതിലൂടെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് കമ്പനികളിലെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗ് നീക്കങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

 

ലോകത്തെ ഏറ്റവും മികച്ചവയുമായി ഏതുതരത്തിലും മല്‍സരിക്കാന്‍ യോഗ്യരായ കേരളത്തിലെ അധ്വാനശീലരായ യുവതലമുറയ്ക്കു നല്‍കിയ പിന്തുണയ്ക്കുള്ള അംഗീകാരമാണ് ഇതെന്ന് സുരേഷ് പറഞ്ഞു. വേണ്ടത്ര പിന്തുണ ലഭ്യമായാല്‍ ഇവര്‍ക്ക് ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് പ്രചാരണത്തിന്റെ വിജയവും ഈ പുരസ്കാരവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.