മഞ്ജു വാര്യരുടെ തിരിച്ചുവരവും മെറിബോയിയുടെ വിജയവും

Glint Staff
Fri, 09-05-2014 12:15:00 PM ;

manju warrier in meriiboy ad

 

ആധിപത്യങ്ങളെ ചെറുത്തുതോൽപ്പിക്കുക എന്നതാണ് ആധിപത്യങ്ങൾക്ക് ഇരയായിട്ടുള്ള ജനതയുടെ കാഴ്ചപ്പാട്. അതൊരു യുദ്ധത്തിന്റെ വഴിയാണ്. അത് രാഷ്ട്രീയമായ കാഴ്ചപ്പാടുമായി മാറി. ഇന്നും അഭിമതമല്ലാത്തതിനെ ചെറുക്കുക എന്നത് എവിടേയും പ്രയോഗിച്ചുവരുന്നു. വ്യക്തി, സമൂഹം, പ്രസ്ഥാനം, സർക്കാർ തുടങ്ങി ആഗോളതലങ്ങളിൽ വരെ. എന്തിനെയൊക്കെ ചെറുക്കാനും എതിരെ പോരാടാനും ശ്രമിച്ചിട്ടുണ്ടോ അവയെല്ലാം പതിന്മടങ്ങ് ശക്തി പ്രാപിച്ചുവരുന്നതാണ് ഇതുവരെയുള്ള അനുഭവം. ചെറുത്തുനിൽപ്പിൽ സർഗാത്മകത ക്ഷീണിക്കുകയും ശക്തി തളരുകയും ചെയ്യും. ആ ക്ഷീണിതമായ ഇടത്തിലൂടെയാണ് പലപ്പോഴും പോരാടപ്പെടുന്നത് ആധിപത്യം വീണ്ടും ഉറപ്പിക്കുന്നത്.

 

ചെറുത്തുനിൽപ്പില്ലാതെ, കമ്പോളത്തിന്റെ സർഗാത്മകതയെ ഉപയോഗിച്ച് കേരള കമ്പോളത്തിൽ ഒരു വിദേശ ആധിപത്യം തകർത്തതിന്റെ കമ്പോള ഉദാഹരണമാണ് മെറിബോയി ഐസ്ക്രീം. ബാസ്‌കിൻ റോബിൻസ് എന്ന അന്താരാഷ്ട്ര ബ്രാൻഡ് മുതലുള്ള വിവിധ ബ്രാൻഡുകൾ ഐസ്ക്രീം മേഖലയിൽ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞ അവസരത്തിലാണ് ഏതാനും മാസങ്ങളായി കേരളീയർ മെറിബോയി എന്ന ഐസ്ക്രീമിനെക്കുറിച്ച് കേൾക്കാൻ തുടങ്ങിയത്. നടി മഞ്ജു വാര്യരാണ് ഈ ഐസ്ക്രീമിനെ പരിചയപ്പെടുത്തിയത് എന്നതും അത് മലയാളിയുടെ മനസ്സിലേക്ക് അനായാസം അരിച്ചിറങ്ങാൻ കാരണമായി.

 

പല തലങ്ങളിലാണ് മെറിബോയി കൗതുകവും പഠനവിഷയുമാകുന്നത്. ഒന്നാമത് നടി മഞ്ജു വാര്യര്‍. മഞ്ജുവിനെക്കുറിച്ച് ആമുഖമെന്തെങ്കിലും പറയുന്നത് തന്നെ അനൗചിത്യം. മലയാളിയുടെ മനസ്സിനെ സർഗവൈഭവം കൊണ്ട് കീഴടക്കി മുന്നേറുന്ന വഴിക്കാണ് മഞ്ജു വിവാഹത്തെത്തുടർന്ന് അഭിനയത്തിൽ നിന്ന് പിന്മാറുന്നത്. അന്നു മുതൽ മലയാളിയുടെ പ്രാർഥനയായിരുന്നു മഞ്ജുവിന്റെ തിരിച്ചുവരവ് എന്ന് പറയുന്നതിലും തെറ്റില്ല. ഇടയ്ക്കിടെയുണ്ടായ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഒന്നരപതിറ്റാണ്ടിനു ശേഷം അതു സംഭവിച്ചു. അതാകട്ടെ വൻ ശ്രദ്ധ പിടിച്ചു പറ്റുന്ന മാധ്യമ സംഭവവുമായി.

 

എന്തുകൊണ്ട് മഞ്ജുവിനെ മലയാളി ഇഷ്ടപ്പെടുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. യഥാർഥ കഴിവിനെ മനുഷ്യൻ എന്നും അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് മഞ്ജുവിന് മലയാളി നൽകിയ അംഗീകാരം. മഞ്ജു മലയാളിയുടെ കോശസ്മൃതികളിൽ അവര്‍ക്ക് പോലും അറിയാതെ കിടക്കുന്ന മലയാൺമയെ ഓരോ നോട്ടത്തിലും ചലനത്തിലും സാന്നിദ്ധ്യത്തിലും ഉണർത്തുന്നു എന്നതാണ് ആ കഴിവിനെ സർഗാത്മകമാക്കിയത്. അത് കേരളത്തിന്റെ ഭൂമിശാസ്ത്രവും പ്രകൃതിയും അതിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട സംസ്കാരത്തിന്റെയും സൂക്ഷ്മ ശേഷിപ്പുകളാണ്. ഇത് മഞ്ജു പോലും അറിയുന്നുണ്ടാവില്ല. ഈ കഴിവ് പലരൂപത്തിൽ പ്രകടിതമാകുമ്പോൾ ഉണ്ടാവുന്ന അനുഭൂതി മാത്രമായിരിക്കും അവരറിയുന്നുണ്ടാവുക. ലോകത്ത് ലഭ്യമാകാവുന്ന എല്ലാവിധ ആധുനിക ഫാഷൻ രീതികളിലും കലാകാരികൾ ഉള്ളപ്പോഴും അരങ്ങ് തകർത്തുകൊണ്ടു നിന്നപ്പോഴുമാണ് അതൊന്നുമില്ലാതെ മഞ്ജു മലയാളിയെ കീഴടക്കിയത്. ആത്യന്തികമായി മലയാളി മലായാൺമയിൽ സുഖവും ശക്തിയും കണ്ടെത്തുന്നു എന്നതിന്റെ തെളിവാണത്.

 

മൗലികവും തനതുമായതിനെ മനുഷ്യൻ എന്നും എവിടെയും സ്വീകരിക്കും. അത്  ശക്തവുമായിരിക്കും. ഈ ശക്തിയുടെ തിരിച്ചറിവില്ലായ്മയാണ് പ്രകൃതിവിഭവങ്ങളാൽ  ഇപ്പോൾപ്പോലും സമൃദ്ധമായ കേരളത്തിന്റെ തലതിരിഞ്ഞ വികസന കാഴ്ചപ്പാടും തുടർന്നുണ്ടായിക്കൊണ്ടിരിക്കുന്ന താളം തെറ്റലും. മഞ്ജുവിലൂടെ കേരളം ഓർമ്മിക്കപ്പെടുന്നു. മറ്റെല്ലാത്തിനും ഉപരിയായി. കേരളമെന്നു പറഞ്ഞാൽ പ്രകൃതിയുടെ ഉല്ലസിച്ചു നിൽക്കുന്ന  അനുഭവമാണ്. ആ മഞ്ജുസാന്നിദ്ധ്യത്തെയാണ് മെറിബോയി ഐസ്‌ക്രീം നിർമ്മാതാക്കൾ അതിവിദഗ്ധമായി ഉപയോഗിച്ചത്. മഞ്ജുവിന്റെ തിരിച്ചുവരവിൽ മെറിബോയിയുടെ പരസ്യപ്രത്യക്ഷപ്പെടലല്ല കൊട്ടിഘോഷിക്കപ്പെട്ടത്. എന്നാൽ മഞ്ജുവിന്റെ തിരിച്ചുവരവ് മെറിബോയിയിലൂടെയായി എന്നുള്ളതാണ് വസ്തുത. അത് മെറിബോയിയുടെ വിജയത്തിലും നിർണ്ണായകമായി. മാളുകളിലും മറ്റും കയറിച്ചെല്ലുമ്പോൾ ബാസ്‌കിൻ റോബിൻസിന്റേയും അമുലിന്റേയും ഐസ്ക്രീമുകളുടെ സജീവ സാന്നിദ്ധ്യമുണ്ടാകാം. എന്നാൽ സാധാരണ മലയാളിയുടെ മനസ്സിൽ മെറിബോയി മുദ്രിതമായിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ബ്രാൻഡുകൾക്കൊപ്പം ഇന്ന് മാളുകളിലും മെറിബോയി തുല്യ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു.

 

പരസ്യത്തിന്റേയോ ഉൽപ്പന്നം പരിചയപ്പെടുത്തുന്ന വ്യക്തിയുടേയോ മാറ്റ്‌ കൊണ്ടുമാത്രമല്ല മെറിബോയി വിജയം കണ്ടത്. മെറിബോയി നിർമ്മാതാക്കളുടെ നിർണ്ണായകമായ തീരുമാനമാണ് കേരള കമ്പോളത്തിൽ ഈ വിപ്ലവം സാധ്യമാക്കിയത്. അവർ മഞ്ജുവിന്റെ വിജയത്തിന്റെ സൂക്ഷ്മ സത്തയെ അവരുടെ ഉൽപ്പന്നത്തിന്റെ മുഖ്യഘടകമാക്കി. നൂറ് ശതമാനം നാചുറൽ. അതായത്, പ്രകൃതിദത്തമായ ഓരോ ഇലകളിൽ നിന്നും കായ്കളിൽ നിന്നും പഴങ്ങളിൽ നിന്നും വേർതിരിച്ചെടുത്തതാണ് മെറിബോയി ഐസ്ക്രീമിൽ ഉപയോഗിക്കുന്ന വൈവിധ്യമാർന്ന നിറങ്ങളെല്ലാം. ഭക്ഷണ സാധനങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങൾ അര്‍ബുദം ഉൾപ്പടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നു എന്ന അവബോധത്തില്‍ വല്ലാതെ കണ്ട് അര്‍ബുദ രോഗം കൂടിവരുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിദത്തമായ നിറം ഉപയോഗിക്കാനുള്ള തീരുമാനം മെറിബോയിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായി.

 

ഏതാനും വർഷങ്ങളായി കേരള കമ്പോളത്തിൽ ഉള്ള ഐസ്ക്രീം തന്നെയായിരുന്നു മെറിബോയി. നൂറ് ശതമാനം പ്രകൃതിദത്തമായ ജൈവവർണ്ണ ഘടകങ്ങൾ ഉപയോഗിക്കാനും അത് പ്രഖ്യാപിക്കാനും തീരുമാനിച്ചതാണ് മെറിബോയിയുടെ വിജയത്തിന്റെ അടിസ്ഥാന കാരണമെന്ന് മഞ്ജുവിനെ ഉപയോഗിച്ചുകൊണ്ടുള്ള ബ്രാൻഡ് ഇമേജ് നിർമ്മാണത്തിനു ചുക്കാൻ പിടിച്ച മെറിബോയി ഐസ്‌ക്രീം മാർക്കറ്റിംഗ് ജനറൽ മാനേജർ ജോൺസൺ ജോസഫ് പറയുന്നു. മഞ്ജുവാര്യരിലൂടെ മെറിബോയിയെ പരിചയപ്പെടുത്തിയിട്ട് അവർ പറയുന്നതിന് ഘടകവിരുദ്ധമായി ഒരു ശതമാനം പോലും അനുഭവം മെറിബോയി ഐസ്‌ക്രീം രുചിക്കുന്നവർക്ക് ഉണ്ടാകരുത് എന്നുള്ളത് ഉറപ്പാക്കിയതിനു ശേഷമാണ് തങ്ങൾ മഞ്ജുവാര്യരെ സമീപിച്ചതെന്നും ജോൺസൺ പറഞ്ഞു. ഏതെങ്കിലും കാരണവശാൽ മഞ്ജുവാര്യർ പരസ്യത്തിൽ പറയുന്നുതിന് വിപരീത അനുഭവം ഉണ്ടാവുകയാണെങ്കിൽ മെറിബോയി കമ്പോളത്തിൽ നിന്ന് അപ്രത്യക്ഷമാകുക മാത്രമല്ല, നിർമ്മാതാക്കൾ തകർന്നുപോകുന്ന അവസ്ഥ പോലും ഉണ്ടാകുമായിരുന്നു. അത്രയ്ക്കും സാഹസികമായ നീക്കമായിരുന്നു തങ്ങള്‍ നടത്തിയതെന്ന് ജോൺസൺ ഓർക്കുന്നു. ഇന്ത്യയിലേയോ വിദേശത്തേയോ ഏതെങ്കിലുമൊരു ബ്രാൻഡിന് നൂറ് ശതമാനം ജൈവനിറമാണ് ഉപയോഗിക്കുന്നതെന്ന് പ്രഖ്യാപിക്കാനും കവറിൽ അച്ചടിക്കാനും കഴിയുമോ എന്നും ജോൺസൺ ചോദിക്കുന്നു.

 

കൊച്ചിയിലെ സിന്തൈറ്റ് കമ്പനിയാണ് മെറിബോയിക്ക് ആവശ്യമായ നിറമൂറ്റൽ നടത്തിക്കൊടുക്കുന്നത്. പഴുത്തമുളക്, പച്ചമുളക്, ബീറ്റ് റൂട്ട്, കറിവേപ്പില, പതിമുഖം തുടങ്ങി കേരളത്തിലെ അനേകം സസ്യങ്ങളിൽ നിന്നും പഴങ്ങളിൽ നിന്നും കായ്കളിൽ നിന്നുമാണ് നൂറ്റിയെട്ടോളം ഉല്‍പ്പന്നങ്ങൾക്കാവശ്യമായ ചുവപ്പ്, പച്ച, വയലറ്റ് നിറങ്ങൾ ഊറ്റിയെടുക്കുന്നതെന്നും ജോൺസൺ ജോസഫ് അറിയിച്ചു. അണുവിട വ്യതിയാനമില്ലാതെ നിലവിലുള്ള രുചിയും ജൈവസ്വഭാവവും നിലനിർത്തുക എന്നുള്ളതാണ് തങ്ങൾ നേരിടുന്ന മുഖ്യ വെല്ലുവിളിയെന്നും മെറിബോയി നിർമ്മാതാക്കൾ പറയുന്നു. മഞ്ജുവിലൂടെ ലഭിച്ച സ്വീകര്യത അത്രയ്ക്ക് ഉത്തരവാദിത്തമാണ് തങ്ങളുടെമേൽ നിക്ഷിപ്തമാക്കിയിട്ടുള്ളതെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

 

മഞ്ജുവിന്റെ തിരിച്ചുവരവിലൂടെ വിജയം കാണാൻ കഴിഞ്ഞ മെറിബോയി കമ്പോളത്തിലൂടെ ഒരു കാഴ്ചപ്പാടും മുന്നോട്ടുവയ്ക്കുന്നു. സ്വന്തം ശക്തി തിരിച്ചറിഞ്ഞ് അത് പൂർണ്ണമായും പ്രയോജനപ്പെടുത്തുകയാണെങ്കിൽ ഒരധിനിവേശത്തിനും കേരളത്തിലെന്നല്ല ഒരിടത്തും കടന്നുചെല്ലാൻ കഴിയില്ല. ഇടമുള്ളിടത്തേ കടന്നുചെല്ലാൻ കഴിയുകയുള്ളു. അതുപോലെ തന്നെ അധിനിവേശങ്ങൾക്കെതിരായി പോരാട്ടസമരങ്ങൾ നടത്തുന്നതല്ല, അവയെ ക്രിയാത്മകമായി ഒഴിച്ചുനിർത്താനുള്ള വഴി സ്വന്തം ശക്തിയിൽ ഉയിർത്തെഴുന്നേൽക്കുക എന്നതാണ്. മെറിബോയി കേരളത്തെ രുചികരമായി ഓർമ്മിപ്പിക്കുന്നതും അതാണ്‌. രുചികളിലൂടെ വിദേശ സാംസ്കാരികാധിപത്യങ്ങൾ കമ്പോള വികസനത്തിനായി കീഴടക്കൽ പദ്ധതികളുമായി നിശബ്ദവും ശക്തവുമായി നീങ്ങുമ്പോൾ കേരളത്തിലെ ഗ്രാമപ്രദേശമായ പെരുമ്പാവൂരിൽ നിന്നുള്ള മെറിബോയി വിദേശ ബ്രാൻഡുകളെ പിന്നിലേക്ക് തള്ളി മുന്നേറുന്നു. ഇത് വെറുമൊരു കമ്പോളവിജയത്തിനപ്പുറം മെറിബോയിയുടെ വിജയവും മഞ്ജു വാര്യരെ പ്രയോജനപ്പെടുത്തിയുള്ള പരസ്യവും സാമൂഹികമായും പ്രസക്തമാക്കുന്നു.

Tags: