2013-14-ല്‍ വിറ്റത് 37 ലക്ഷം ബൈക്കുകള്‍; ഹോണ്ടയ്ക്ക് ചരിത്രനേട്ടം

Thu, 03-04-2014 11:30:00 AM ;

honda motorcycles logoഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ചരിത്ര നേട്ടം കുറിച്ച് ഹോണ്ട. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യന്‍ ഘടകമായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്കൂട്ടര്‍ ഇന്ത്യ വിറ്റത് 37,21,935 വാഹനങ്ങള്‍. പുതുവത്സര ഉത്സവങ്ങളായ മഹാരാഷ്ട്രയിലെ ഗുഡി പഡ്വയും ഡെക്കാന്‍ പ്രദേശത്തെ ഉഗാദിയും ആഘോഷിച്ച, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് 31-ന് മാത്രം ഹോണ്ട വിറ്റഴിച്ചത് 55,000 യൂണിറ്റുകളാണ്.

 

ഈ സര്‍വകാല റെക്കോഡ് വില്‍പ്പനയിലൂടെ ആഭ്യന്തര വിപണിയില്‍ ഹോണ്ടയുടെ പങ്കാളിത്തം ആറു ശതമാനത്തില്‍ നിന്ന്‍ 28 ശതമാനമായി കുതിച്ചുയരുകയും ചെയ്തു. ഒപ്പം, ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇരുചക്രവാഹന കമ്പനിയെന്ന സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഹോണ്ടയ്ക്ക് കഴിഞ്ഞു. 

 

സി.ബി ട്രിഗര്‍, ഡ്രീം നിയോ, ആക്ടിവ-I എന്നീ മൂന്ന്‍ പുതിയ മോഡലുകളാണ് കഴിഞ്ഞ വര്‍ഷം ഹോണ്ട പുറത്തിറക്കിയത്. ആക്ടിവ 125 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്തു. ഡ്രീം നിയോ, ഡ്രീം യുഗ മോഡലുകളില്‍ 6.3 ലക്ഷം യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം വില്‍പ്പന നടന്നു. 100-110 സി.സി വിഭാഗത്തില്‍ 73 ശതമാനം വര്‍ധനയാണ് ഹോണ്ട നേടിയത്. അതേസമയം, ഈ വിഭാഗത്തില്‍ എല്ലാ കമ്പനികളും ചേരുമ്പോഴുള്ള വളര്‍ച്ച നാല് ശതമാനം മാത്രമാണ്. 125 സി.സി വിഭാഗത്തില്‍ വ്യവസായം തളര്‍ച്ച നേരിടുമ്പോഴും സി.ബി ഷൈന്‍ 7.4 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയി. ഈ വിഭാഗത്തിലെ ഇന്ത്യയിലെ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന വണ്ടിയുടെ റെക്കോഡ് വില്‍പ്പനയാണിത്‌. 2014 മാര്‍ച്ചില്‍ മാത്രം 94,000 യൂണിറ്റുകളാണ് വിറ്റത്. 150 സി.സി വിഭാഗത്തിലും വിപണിയില്‍ അഞ്ച് ശതമാനം പങ്കാളിത്തം ഹോണ്ട നേടി. ആട്ടോമാറ്റിക് സ്കൂട്ടര്‍ വിഭാഗത്തിലും വിപണി വളര്‍ച്ച 21 ശതമാനമാണെങ്കില്‍ ഹോണ്ടയുടേത് 32 ശതമാനമാണ്.

 

ദേശീയ തലത്തില്‍ കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രാദേശിക തലത്തില്‍ സഹകരണ ബാങ്കുകളേയും ഗ്രാമീണ്‍ ബാങ്കുകളേയും വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമായിട്ടുണ്ട്. ഇന്ത്യയില്‍ ഉടനീളമുള്ള സര്‍വീസ് ഔട്ട്‌ലറ്റുകളുടെ എണ്ണം 2014 സാമ്പത്തിക വര്‍ഷാവസാനത്തോടെ 2,800 ആയി വര്‍ധിപ്പിക്കാനും ഹോണ്ടയ്ക്ക് കഴിഞ്ഞു. 2012-ല്‍ 1,400 ആയിരുന്ന സ്ഥാനത്താണ് ഇത്. ഒരു ദിവസം രണ്ടെണ്ണം എന്ന നിലയിലാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഹോണ്ട തങ്ങളുടെ ശൃംഖല വര്‍ധിപ്പിച്ചത്. എല്ലാ ഗ്രാമങ്ങളിലേക്കും ഹോണ്ടയെ എത്തിക്കുക എന്ന ലക്ഷ്യവുമായി ‘സര്‍വീസ് ഓണ്‍ വീല്‍സ്’ എന്ന പദ്ധതി 2014 മാര്‍ച്ചില്‍ ഹോണ്ട ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറും ഹോണ്ടയുടെ മുഖമുദ്രയുമായ ആക്ടിവയായിരിക്കും ഹോണ്ടയുടെ സേവനങ്ങള്‍ ഏത് വിദൂര ദേശത്തേക്കും എത്തിക്കുക.

Tags: