സ്ലിം യോഗ = സര്‍വ്വനഷ്ട യോഗം

Sat, 28-09-2013 03:15:00 PM ;

slim yoga

കൊച്ചി നഗരത്തില്‍ വ്യാപകമായി കാണുന്ന ഒരു പരസ്യം - സ്ലിം യോഗ. അതിന്റെ അടിക്കുറിപ്പെന്നോണം ലേഡീസ് ഫോര്‍ ലേഡീസ്. അതായത് പെണ്ണുങ്ങള്‍ക്ക് പെണ്ണുങ്ങള്‍. പരസ്യത്തിനു നല്ല പ്രതികരണം ലഭിച്ച ലക്ഷണമുണ്ട്. കാരണം അധികം താമസിയാതെ പ്രൗഡി കൂടുതലും സാന്നിദ്ധ്യം കൂടുതലുമുള്ള ഫ്‌ളക്‌സ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത്തരം വിവിധ പരസ്യങ്ങള്‍, തടിയും വയറും കുറയ്ക്കാന്‍ യോഗ എന്ന് പ്രഖ്യാപിക്കുന്നത് യഥേഷ്ടമാണ്. ഇത് കൊച്ചി നഗരത്തില്‍ മാത്രമല്ല. എല്ലാ നഗരങ്ങളിലുമുണ്ട്. അവിടെയൊക്കെ ആള്‍ക്കാര്‍ എത്താറുമുണ്ട്.

 

സാമ്പത്തികശേഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെ ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് ഇത്തരം പരസ്യങ്ങള്‍. കാരണം മുന്തിയ ഭക്ഷണത്തിനോടുള്ള കൊതിയും ആര്‍ത്തിയും ഒരു ഭാഗത്ത്. അത് ലഭ്യമാക്കാനുള്ള ശേഷിയുമുണ്ട്. ആര്‍ത്തിയെ തൃപ്തിപ്പെടുത്തുന്നത് സന്തോഷമെന്ന് ചിലര്‍ ധരിക്കുന്നു. സന്തോഷത്തിന്റെ ഭാഗമായി കൂട്ടുകൂടിയും അല്ലാതെയും ഇത്തരത്തിലുള്ള ഇഷ്ടവിഭവങ്ങള്‍ അകത്താക്കുന്നു. എന്നാല്‍ അതോടൊപ്പം ശരീരം വീര്‍ത്തുവരുന്നു. മാധ്യമങ്ങളിലും പരസ്യങ്ങളിലും എപ്പോഴും  കാണിക്കപ്പെടുന്ന അഴകളവ് (Vital Statistics) പ്രകാരം തന്റെ ശരീരം വികലമാണെന്ന തോന്നല്‍. അത് വീണ്ടും വിഷമിപ്പിക്കുന്നു. അപ്പോഴാണ് വയറും തടിയും കുറയ്ക്കാന്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും  പ്രത്യാശയുടെ വഴി തുറന്നുകൊണ്ട് എല്ലാവിധത്തിലും സന്തോഷിക്കാനായി പലവിധ സ്പാകളും ഹെല്‍ത്ത് ക്ലബ്ബുകളും മാടിവിളിക്കുന്നത്. തല്‍ക്കാലം ആ വിഷയം അവിടെ നില്‍ക്കട്ടെ. ഇവിടെ യോഗയാണ് വിഷയം.

 

യോഗ എന്നു പറയുന്നതുതന്നെ ശരിയല്ല. യോഗമാണ് ശരി. യോഗമെന്നാല്‍  ആംഗലേയത്തില്‍ യൂണിറ്റി. ഒന്നുംകൂടി ലളിതമായി പറഞ്ഞാല്‍ ചേര്‍ച്ച. അവിടെയാണ് ചോദ്യം. എന്തിനോട് ചേരുന്നു. വ്യവഹാരപ്രാധാന്യം ലഭിച്ചതിനാല്‍ യോഗ എന്നു തന്നെ ഉപയോഗിക്കാം. നമ്മളുടെ യഥാര്‍ഥ സത്വവുമായി  ചേരുക, ഒന്നിക്കുക. അതു പറഞ്ഞാല്‍ മനസ്സിലാക്കാന്‍ പ്രയാസമായെന്നിരിക്കും. പാട്ടുപാടുമ്പോള്‍ ശ്രുതി ചേരണം എന്നു പറയുമ്പോലെ. സംഗീതമറിയാത്തവര്‍ക്ക് ശ്രുതി തെറ്റിയാലൊന്നും അറിയണമെന്നില്ല. അതറിയാവുന്നവര്‍ക്കേ അറിയൂ. അതുപോലെ, ആത്യന്തിക സത്യവുമായുള്ള ചേര്‍ച്ചയിലേക്ക് എത്തിക്കാന്‍ മാനസികവും ശാരീരികവുമായി ഒരു വ്യക്തിയെ പരുവപ്പെടുത്തി എടുക്കുന്നതിനുള്ള വഴിയായി പതഞ്ജലി കണ്ടുപിടിച്ച വിദ്യയാണ് യോഗ. നന്നായി യോഗ ചെയ്ത് യോഗം സംഭവിച്ച വ്യക്തി ശാരീരികമായും മാനസികമായും ജാജ്വല്യമായ വ്യക്തിത്വമാകും. സംഗതി  സത്യമാണ്, ദുര്‍മേദസ്സും വിലക്ഷണങ്ങളൊന്നുമുണ്ടാവില്ല. ഒരു വ്യക്തിയുടെ സമഗ്രപരിണാമമാണ് അവിടെ സംഭവിക്കുന്നത്.

 

kochi slim yogaതടികുറയ്ക്കാനും ശരീരഭംഗി വര്‍ധിപ്പിക്കാനും യോഗയെ അഭയം പ്രാപിക്കുന്നവര്‍ സൂക്ഷിക്കണം. ആ മാനസികാവസ്ഥയുള്ളവരാണ് ഇത്തരം പരസ്യക്കാരുടെ ഇരകളായി മാറുന്നത്. കാരണം യഥാര്‍ഥ യോഗയുടെ പാത സ്വീകരിക്കുന്നവര്‍ക്ക് ഈ പരസ്യം കാണുന്നമാത്രയില്‍ തന്നെ ഉള്ളില്‍ ചിരി ഉയരും. ഭക്ഷണത്തില്‍ സന്തോഷം കണ്ടെത്തി തടിവച്ചവരും വയ്ക്കുന്നവരുമാണ് കൂടുതലും ഇത്തരം പരസ്യങ്ങളില്‍ വിശ്വസിക്കുന്നത്. പ്രാഥമികമായി മനസ്സിലാക്കേണ്ടത് യോഗാഭ്യാസം ശരീരത്തിനുവേണ്ടിയുള്ളതല്ല എന്നതാണ്. ആ അറിവ് പ്രധാനമാണ്. ആ അറിവില്‍ നിന്ന് ജീവിതത്തെ ചിട്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ യോഗാഭ്യാസത്തിലേക്കു കടക്കുമ്പോള്‍ അവര്‍ക്ക് ആരോഗ്യകരമായ നല്ല മാറ്റം ഉണ്ടാകും. ജീവിതത്തിന് കാഴ്ചപ്പാടും സമചിത്തതയും വരും. എന്നാല്‍ ശരീരമാണ് തന്റെ സ്വീകാര്യതയില്‍ മുഖ്യ പങ്ക് വഹിക്കുന്നതെന്നു ധരിക്കുന്നവര്‍ ചെറിയ തോതില്‍ വിഷാദം അനുഭവിക്കുന്നവരാണ്. അതിനാല്‍ ശരീരം സുന്ദരമാക്കിയാല്‍ തങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുമെന്നു കരുതുന്നു. ശരിയാണ് ശരീരത്തിനു വഴക്കവും ഷേപ്പുമൊക്കെ വന്നെന്നിരിക്കും. അതേ സമയം അവരനുഭവിക്കേണ്ടിവരുന്ന ആന്തരികസംഘട്ടനം വലുതാവും. അത് വിഷാദത്തില്‍ നിന്ന് ഉന്മാദത്തിലേക്കോ, വന്‍വിഷാദത്തിലേക്കോ ഒക്കെ അവരെ നയിച്ചെന്നിരിക്കും.

 

വളരെ ലളിതമായി, സാമാന്യബുദ്ധികൊണ്ട് ആലോചിച്ചാല്‍ തന്നെ മനസ്സിലാകുന്ന കാര്യമേ ഉള്ളു. ആന്തരികമായ മാറ്റത്തിനുള്ളത് ശാരീരികമായ മാറ്റത്തിനുപയോഗിച്ചാല്‍ സംഭവിക്കുന്നത്. ആന്തരികമാറ്റത്തിനായി ഒരു ഭാഗത്ത് പ്രേരണയും, അതേസമയം ആന്തരികമാറ്റത്തെ പേടിച്ചോടിക്കൊണ്ടിരിക്കുന്ന ശരീരത്തിനോടു ചേര്‍ന്നു നില്‍ക്കുന്ന മനസ്സും. മനസ്സും ശരീരത്തിന്റെ ഭാഗമാണ്. ആരെങ്കിലും നമ്മെ കൊല്ലാന്‍ വരുന്നതു കണ്ടാല്‍ ശരാശരി മനുഷ്യന്‍ പേടിക്കും. ശരീരം ലക്ഷ്യമാക്കി സൗന്ദര്യം വര്‍ധിപ്പിച്ച് സ്വീകാര്യത വര്‍ധിപ്പിക്കാം എന്നത് മനസ്സിന്റെ അജ്ഞതയില്‍ നിന്നാണുണ്ടാവുന്നത്. അത്തരത്തില്‍ അജ്ഞതയിലകപ്പെട്ടുകിടക്കുന്ന മനസ്സിന്റെ മരണമാണ് യോഗയിലൂടെ സംഭവിക്കേണ്ടത്. അത്തരത്തിലുള്ള മനസ്സുമായി യോഗയിലേക്കു പ്രവേശിക്കുമ്പോള്‍ മനസ്സ് മരണഭീതിയില്‍ കടന്ന് തുടങ്ങും. ഇത് ഏതുവിധത്തിലാണ് ആ വ്യക്തിയില്‍ മാറ്റം സൃഷ്ടിക്കുക എന്ന് പറയുക എളുപ്പമല്ല.

 

യോഗ പഠിപ്പിക്കുന്നവരെ യോഗാചാര്യന്‍, ആചാര്യ എന്നൊക്കെയാണ് പറയുക. അതായത് യോഗം സംഭവിച്ച് അതിനെ ആചരിക്കുന്നവര്‍. അവരെ ഗുരുവെന്നും വിളിക്കുന്നു. കാരണം അവര്‍ അജ്ഞതയെ അകറ്റി വെളിച്ചത്തെ കൊണ്ടുവരുന്നു. ശരീരം സ്ലിമ്മാകാന്‍ യോഗ എന്ന് പരസ്യം ചെയ്യുന്ന സ്ഥാപനത്തിനോ യോഗാചാര്യര്‍ക്കോ യോഗയെന്ന പേരുപോലുമുച്ചരിക്കാന്‍ യോഗ്യതയില്ലാത്തവരാണെന്ന് മനസ്സിലാക്കാം. അതിനാല്‍ ശരീരഷേപ്പിനുവേണ്ടി യോഗഭ്യാസത്തിന്റെ പരസ്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ പോയാല്‍ സാമ്പത്തിക നഷ്ടത്തിനു പുറമേ ശാരീരികമായും മാനസികമായും പലരോഗങ്ങളും ഉണ്ടാവാന്‍ കാരണമാകുമെന്നതില്‍ തര്‍ക്കമില്ല.

 

ഉള്ളിലേക്കു നോക്കണമെന്ന് തെല്ലെങ്കിലും ആഗ്രഹമുള്ളവരോ, ജീവിതത്തിന്  അടുക്കും ചിട്ടയും വരുത്തണമെന്ന് ആഗ്രഹിക്കുന്നവരോ ആണ് യോഗ പഠിക്കാന്‍ പോകേണ്ടത്. അല്ലാത്തവര്‍ ആശ്രയിക്കേണ്ടത് സാധാരണ വ്യായാമങ്ങളേയാണ്.

Tags: