പരീക്ഷ എഴുതാത്ത വിദ്യാർത്ഥി ജയിച്ചതായി കോളേജ് വെബ്സൈറ്റിൽ. അതാകട്ടെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ സ്വയംഭരണ സ്ഥാപനമായ മഹാരാജാസ് കോളേജിൻ്റേതും . വെബ്സൈറ്റ് കൈകാര്യം ചെയ്തതാകട്ടെ കേന്ദ്രസർക്കാരിൻറെ കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെൻറർ അഥവാ എൻ.ഐ.സി. രാജ്യത്ത് ഈ ഗവേണൻസ് നടപ്പാക്കുന്നതിൽ വ്യാപൃതമായ ഏറ്റവും കൂടുതൽ വിശ്വാസ്യത കൽപ്പിക്കപ്പെടുന്ന സ്ഥാപനം. പരീക്ഷയെഴുതാത്ത വിദ്യാർത്ഥി ജയിച്ചതായിട്ട് വരാമെങ്കിൽ മികച്ച മാർക്ക് അർഹമായ കുട്ടി തോറ്റതായോ കുറഞ്ഞ മാർക്ക് രേഖപ്പെടുത്തിയതായോ വരാനുള്ള സാധ്യത ശക്തമായി നിലനിൽക്കുന്നു. സാങ്കേതിക പിഴവല്ലെങ്കിൽ അത് മഹാരാജാസ്കോളേജിൻറെ സ്വയംഭരണ പദവിയുടെ അപര്യാപ്തത കൊണ്ടാണ്. മഹാരാജാസ് കോളേജിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും സമൂഹത്തിന്റെയും ആവശ്യമാണ് അതിലെ വ്യക്തത. ആ വ്യക്തത വന്നില്ലെങ്കിൽ ഡിജിറ്റൽ രേഖയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണ പദവിയിലുമുള്ള വിശ്വാസതയാണ് തകരുന്നത്. ഭരണനേതൃത്വ കുസൃതിയിലും അതിനെ പിൻപറ്റിയുള്ള എരിപുളി മാധ്യമന്തരീക്ഷത്തിലുമാണ് വളരെയധികം സാമൂഹിക പ്രാധാന്യമുള്ള ഈ വാർത്ത ചാപിള്ളയാകുന്നത്. അർഹിക്കുന്ന അന്വേഷണം ഈ വിഷയത്തിൽ തേടി കോടതി മുമ്പാകെ ഒരു പൊതുതാൽപര്യ ഹർജിയെങ്കിലും പൊതു ജനത്തിന് ആശിക്കാം;പ്രതീക്ഷിക്കാം.