Sunday, October 18, 2026

പാറ്റപ്പാർട്ടി ഒരു യാദൃശ്ചിക ക്യൂ ആർ കോഡ്

Jyothir Ghoshകെ.ജി. ജ്യോതിർഘോഷ്

ലഹരിയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പല കാരണങ്ങളാൽ പറ്റാത്ത ലോകത്തിലെ ഏകസമൂഹമാണ് മലയാളിയുടേത്. അതിന് പറ്റുന്നില്ലെങ്കിൽ  ജീർണ്ണതയുടെ തോതും അതുപോലെ പെരുകും. യഥാർത്ഥ ലഹരിയിലേക്കു നീങ്ങുകയാണെങ്കിൽ അത്തരം അൽഗൊരിതം പേറുന്ന സാംസ്കാരിക ക്യൂ ആർ കോഡുകൾകൊണ്ട് നിബിഡമായ ഇടമാണ് കേരളം. എന്തിന്, ഓരോ വാക്കും ചൊല്ലും പോലും.  അത് ഡീക്കോഡ് ചെയ്യണമെങ്കിൽ അൽഗൊരിതം അറിയണം.

കീർത്തന. ലഹരിവിൽപ്പനയിൽ ഏർപ്പെട്ടതിൻെറ പേരിൽ  കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെൻററി( ബി ആർ സി)ൽ നിന്ന് അറസ്റ്റിലായ,  അദ്ധ്യാപകർക്ക് പരിശീലനം നൽകുന്ന കായിക അദ്ധ്യാപിക. ഒരു പൊതുപരിപാടിയിൽ അവർ സുംബാ ഡാൻസ് അവതരിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു,”ഇതാണ് നമ്മുടെ ലഹരി” പരിപാടിയിൽ പങ്കെടുത്ത ബി ആർ.സി കോർഡിനേറ്ററും അദ്ധ്യാപകരും കുട്ടികളുമെല്ലാം അത് ആവേശത്തോടെ കേട്ടുകൊണ്ട് കീർത്തനയ്ക്കൊപ്പം ചുവടുവച്ചു.  കീർത്തന, താൻ കേട്ടുപഴകിയ ഒരു  പ്രയോഗം അർത്ഥമറിയാതെ ആവർത്തിക്കുകയായിരുന്നു. കീർത്തനയുടെ സിരകളിൽ ആ സമയത്തും ഒരുപക്ഷേ രാസലഹരി ഒഴുകുന്നുണ്ടായിരുന്നിരിക്കണം.

എന്താണ് ലഹരി. അദ്ധ്യാപകരും കുട്ടികളും ആരും കീർത്തനയോട് ചോദിച്ചില്ല. കേരളത്തിൽ ആരും  ആരോടും ചോദിക്കുന്നില്ല. എന്നാൽ എല്ലാവരും കീർത്തനയെപ്പോലെ  കേൾക്കുകയും പറയുകയും എഴുതുകയും ചെയ്യുന്നു. എല്ലാവർക്കും അറിയാവുന്ന ലഹരി കീർത്തനയുടെ അറസ്റ്റിലേക്കു നയിച്ച ലഹരി. അതിനാലാണ് വർഷങ്ങളായി കേരളത്തിൽ വഴിപാടുപോലെ സ്കൂളുകളിലും മറ്റ് പൊതുവേദികളിലുമൊക്കെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുന്നത്. വിവിധ സംഘടനകളും നേതാക്കളും ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു. ചില സ്കൂളുകളുടെ മുന്നിൽ സ്ഥിരമായി ബാനറുകൾ കാണാറുണ്ട്. ‘ ലഹരിക്കെതിരെ പോരാടുക.’, ‘ ലഹരിക്കെതിരെ യുദ്ധം’ എന്നിങ്ങനെയുള്ളവ. മുതിർന്നവരുടെ കാര്യം അവിടെ നിൽക്കട്ടെ, കുട്ടികൾ എന്താണ്  ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും കരുതുക. ഒരേ സമയം ലഹരിയെ ആലിംഗനം ചെയ്യാനും അതേ സമയം അതിനെതിരെ യുദ്ധം ചെയ്യാനും പറയുന്നു. ആലിംഗനം ചെയ്യേണ്ട ലഹരി എന്തെന്ന് മുതിർന്നവരെപ്പോലെ കുട്ടികൾക്കും അറിയില്ല. അവർ അവ്യക്തയിലകപ്പെടുന്നു. മുതിർന്നവരും  അദ്ധ്യാപകരും  കുട്ടികൾക്ക് വ്യക്തത അഥവാ തെളിച്ചം പകർന്നുകൊടുക്കാൻ ബാധ്യതയുള്ളവർ. എന്നാൽ അവരിലൂടെ  കുട്ടികളിലേക്ക് നിറയുന്നത് അവ്യക്തത.

അവ്യക്തത ആശയക്കുഴപ്പമുണ്ടാക്കും. അത് ഉൾസംഘട്ടനത്തിലേക്കും.എന്നുവെച്ചാൽ അനേകം ചിന്തകളുടെ ഏറ്റുമുട്ടൽ അല്ലെങ്കിൽ സംഘട്ടനം. ഇവയ്ക്ക് വളമേകിക്കൊണ്ട് വീട്ടിലെയും നാട്ടിലെയും സ്കൂളുകളിലെയും അനുഭവങ്ങൾ.  അസ്വസ്ഥതയിൽ ആകുന്നവർ തേടുന്നത് ഒന്നു മാത്രം. സ്വസ്ഥത. എല്ലാം പെട്ടന്ന് ലഭ്യമാക്കുക മനുഷ്യൻ്റെ പൊതുഅടിസ്ഥാന സ്വാഭാവം. അസ്വസ്ഥത കൂടുന്നതനുസരിച്ച് സ്വസ്ഥതയ്ക്കു വേണ്ടിയുള്ള ആവശ്യകതയുടെ തീവ്രത വർധിക്കും. അവിടെയാണ് പെട്ടന്ന് മോചനവഴിയായി മദ്യവും രാസലഹരിയുമുൾപ്പടെയുള്ള ലഹരിവസ്തുക്കളുടെ രംഗപ്രവേശം. തങ്ങളെ അസ്വസ്ഥമാക്കുന്ന ചിന്തകളിൽ നിന്ന് താത്ക്കാലികമായ വിടുതൽ മാത്രമാണ് ഈ ക്രിത്രിമലഹരിയിലൂടെ സംഭവിക്കുന്നത്.

ചിന്തകളിൽ നിന്ന് മോചിതമാകുമ്പോഴുള്ള സുഖാവസ്ഥ സ്വപ്നങ്ങളില്ലാത്ത ഗാഢനിദ്രയിൽ നാമെല്ലാമറിയുന്നു. ഉണർന്നുകഴിയുമ്പോൾ മാത്രമാണ് നാം സുഖമായി ഉറങ്ങി എന്നറിയുന്നത്. ഉറങ്ങുന്ന വേളയിൽ അത് സാധ്യമല്ല. എന്നാൽ ചിന്തകൾ ഭാഗികമായോ പൂർണ്ണമായോ അപ്രത്യക്ഷമാകുമ്പോൾ , അല്ലെങ്കിൽ ചിന്തകളാൽ നിയന്ത്രിക്കപ്പെടാതിരിക്കുന്ന അവസ്ഥയിൽ ആ സുഖത്തിൻ്റെ ഏതാണ്ടൊരു തലം ലഹരിയുപയോഗിക്കുന്ന വ്യക്തി അനുഭവിക്കുന്നു. അതാകട്ടെ ആദ്യനാളുകളിൽ  താളാത്മകമായി ഒരേ ദൈർഘ്യത്തിൽ  ഒഴുകുന്ന അഥവാ നീങ്ങുന്ന തരംഗഗതിപോലെ  അനുഭവപ്പെടുന്നു. ലഹരിയെന്നാൽ അനുഭവവേദ്യമായ തരംഗഗതി. അത്ര തന്നെ.

ലഹരിവസ്തു ഒരാൾക്ക് മറ്റൊരാൾക്ക് പകർന്നുകൊടുക്കാൻ എളുപ്പമാണ്. എന്നാൽ ലഹരിവസ്തുവില്ലാതെ ലഹരി പകരുക എളുപ്പമല്ല. ‘മഹേഷിൻ്റെ പ്രതികാരം’ സിനിമയിലെ  അച്ഛൻ കഥാപാത്രത്തിൻ്റെ മകനോടുഉള സംഭാഷണം ഓർക്കാം. “ഫോട്ടാഗ്രാഫി പഠിപ്പിക്കാൻ പറ്റില്ല, എന്നാൽ പഠിക്കാൻ പറ്റും”. ആ മകൻ ആ കല പഠിക്കുന്നതും അച്ഛനിൽ നിന്നു തന്നെ. ആ അച്ഛൻ അനുഭവിച്ച അതേ അനുഭവത്തിലേക്ക് മകൻ ഒടുവിലെത്തുന്നു. എന്നാൽ അച്ഛനും മകനും പകർത്തുന്ന ചിത്രങ്ങൾ ഒരുപോലെയുള്ളതാകുകയുമില്ല.രണ്ടുപേരുടെയും വ്യത്യസ്തമായ മുദ്രകൾ അഥവാ കൈയ്യൊപ്പ് അതിലുണ്ടാകും. ഒരേ പോലെയായാൽ വെറും ആവർത്തനം. ആവർത്തനം വിരസം. അതൊഴിവാകണമെങ്കിൽ വ്യത്യാസം തീർക്കുന്ന പുതുമ അനുവാര്യം. പുതുമയുടെ മറ്റൊരു പേരാണ് സൃഷ്ടി. അനുനിമിഷം പുതുമ തേടുക മനുഷ്യസ്വഭാവമാണ്. ആവർത്തനം വിരസമാകുമ്പോഴുണ്ടാകുന്ന പുതുമതേടലും ആ വിരസതയിൽ നിന്നു പുറത്തുകടക്കാനുള്ള വ്യഗ്രതയാണ്  മനുഷ്യനെ മദ്യവും മയക്കുമരുന്നുമുൾപ്പടെ സകല അശകൊശകളിലും ചാടിക്കുന്നത്.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്സിൻ്റെ സാന്ദർഭികമായ പരാമർശമായിരുന്നു കോക്രോച്ച് അഥവാ പാറ്റകൾ. ഭൂമിയിലെ മനുഷ്യരിൽ അഭിജിത് ദീപ്കെ എന്ന യുവാവിൽ ആ പരാമർശത്തിലൂടെ ഉള്ളിൽ ഒരു ‘ലഡു’ പൊട്ടി. ആ യുവാവിന് വൈദഗ്ധ്യമുള്ള മേഖല സാമൂഹ്യമാധ്യമം കൈകാര്യം ചെയ്യൽ. മടിച്ചികളെയും മടിയന്മാരെയും ക്ഷണിച്ചുകൊണ്ട് ഒറ്റ പോസ്റ്റ്. ഒരു തലമുറയിൽ അവരറിയാതെ അഗ്നിപർവ്വതം പോലെ പൊട്ടാനിരുന്ന വികാരം ആ പുത്തൻ ‘ലഡു’വിൽ ഒന്നിച്ചു പൊട്ടി. പ്രതിഷേധത്തിൽ പ്രകടമായ സൃഷ്ടിപരത. അത് അനുഭവതലത്തിൽ താതാദ്മ്യതരംഗഗതിയായി മാറി. എന്നുവെച്ചാൽ ലഹരി.

പാറ്റ ഇവിടെ ഒരു യാദൃശ്ചിക ക്യൂആർ കോഡായി മാറുകയായിരുന്നു. എഴുത്തും വായനയും അറിയാത്തവർ ഇന്ന് പണമിടപാടിന് ഉപയോഗിക്കുന്ന ക്യൂ ആർ കോഡ് ഏവർക്കും പരിചിതം.എന്നാൽ ഈ  ക്യൂ ആർ കോഡിൻ്റെ പിന്നിൽ അതിസങ്കീർണ്ണമായ അൽഗോരിതമുണ്ട്.  ആ അറിവിലാണ് ക്യൂ ആർ കോഡ് പിറവികൊണ്ടത്. അല്ലാതെ യാദൃശ്ചികമായല്ല. അഭിജിത് ദീപ്കെ ആ പോസ്റ്റിട്ടപ്പോൾ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല, ഇതിങ്ങിനെയാകുമെന്ന്. അതുകൊണ്ടാണ് അതിൽ മടിയരെ അണിചേരാൻ ക്ഷണിച്ചത്.അതിനാൽ പാറ്റ ഒരു  അവിചാരിത ക്യൂ ആർ കോഡായി രൂപം പ്രാപിക്കുകയായിരുന്നു. വിപരീതാത്മകതയിലെ സർഗ്ഗാത്മകെ. അഭിജിത് ദീപ്കെ യുടെ നേതൃത്വത്തിൽ  ജന്തർ മന്ദിറിൽ ധർണ്ണ തുടങ്ങി. എന്നാൽ ശ്രദ്ധ കിട്ടാതെ പോയി. എന്നുവെച്ചാൽ സാമൂഹ്യമാധ്യത്തിലെ ലഹരി സാമൂഹികപ്രയോഗത്തിൽ പ്രകടമായില്ല. കാരണം ആ അവിചാരിത ക്യൂ ആർകോഡിൻ്റെ അൽഗൊരിതം അഭിജിത് ദീപ്കെയ്ക്കും പിടിയില്ലായിരുന്നു.സോനം വാങ്ചുക് സത്യഗ്രഹ സമരം തുടങ്ങിയപ്പോൾ ഗതി മാറി. കാരണം അൽഗൊരിതത്തിൻ്റെ പൂർണ്ണ അറിവിൽ ഗാന്ധിജി രൂപം കൊടുത്ത സമരരീതിയെന്ന സർഗ്ഗാത്മക ക്യൂ ആർ കോഡാണ് സത്യഗ്രഹസമരം. ഇന്ത്യൻ കോശസ്മൃതിയിൽ അഥവാ ഡി എൻ എയിൽ ഉറങ്ങിക്കിടന്നിരുന്ന അത് പെട്ടന്നുണർന്നു. സമരഗതി മാറിമറിഞ്ഞു.

കൃത്യമായ ആസൂത്രണത്തോടെ ഗാന്ധിജി ബ്രിട്ടീഷുകാർക്കെതിരെ ഓരോ സേനാനികളെക്കൊണ്ട് മാർച്ച് നടത്തി, അവർ മർദ്ദനമേറ്റുവാങ്ങി അറസ്റ്റു വരിച്ച ഉദാഹരണം അഭിജിത് ദീപ്കെയിൽ അലസമായെങ്കിലും ഉണർന്നിരുന്നെങ്കിൽ ജൻസിയുടെ പാർലമെണ്ട് മാർച്ച് ലോകചരിത്രത്തിൽ ഇടം നേടിയേനെ. വെറുതെ നാലോ അഞ്ചോ പേർ വീതം പാർലമെണ്ടിലേക്ക് സമാധാനപരമായി മാർച്ച് നടത്തി അറസ്റ്റു വരിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഒരു പക്ഷേ കേന്ദ്രസർക്കാരിന് ജൻസികളുടെ മുമ്പിൽ ലജ്ജിച്ചുകൊണ്ട് ആവശ്യങ്ങൾ സമ്മതിക്കേണ്ടി വരുമായിരുന്നു. ജൻസികളെ നിറക്കാൻ ഇന്ത്യൻ  ജയിലുകൾ പോരാതെ വരുമായിരുന്നു. അത്തരത്തിൽ ഒരാശയം നേതൃസ്ഥാനത്തുള്ള ആരെങ്കിലുമൊരാളിൽ ഉദിച്ചിരുന്നുവെങ്കിൽ അത് ആവേശപൂർവ്വം നടപ്പാക്കാൻ തയ്യാറായ ചെറുപ്പക്കാരായിരുന്നു ജന്തർ മന്ദിറിലെത്തിയത്. ഇന്നത്തെ അവസ്ഥയിൽ ഒറ്റ പ്രസ്താവനയിലൂടെ അത് അനായാസം നടപ്പാക്കാനും കഴിയുമായിരുന്നു. പാർലമെണ്ട് മാർച്ചിൽ അക്രമസംഭവങ്ങൾ ഉണ്ടാകില്ലായിരുന്നു. കേന്ദ്രസർക്കാരിന് ഇന്നുയർത്തുന്ന പ്രതിരോധങ്ങൾ ഒന്നുമുണ്ടാകുമായിരുന്നില്ല. എന്നാൽ പാറ്റപ്പാർട്ടി നേതാക്കളും തങ്ങളുടെ  മുതിർന്ന ജീർണ്ണിച്ച തലമുറയിൽ നിന്നേറ്റുവാങ്ങിയ ഭീഷണിയും ഭയം ജനിപ്പിക്കൽ തന്ത്രവുമാണ് പ്രയോഗിച്ചത്. ഇപ്പോഴും അവരതർ പ്രയോഗിക്കുന്നു. ഭീതിയെ ജയിക്കുന്നതിനുള്ള ക്യൂ ആർ കോഡായിട്ടാണ് ഗാന്ധിജി സത്യഗ്രഹത്തെ ആവിഷ്കരിച്ചത്. അത് ജൻസികൾക്ക് പിടികിട്ടാതെ പോയി. കാരണം അതിൻ്റെ അൽഗൊരിതം പിടിയില്ല. വെറും ആപ്പാ( അരവിന്ദ് കേജ്രിവാളിൻ്റെ ആപ്പല്ല. പ്ലേ സ്റ്റോർ ആപ്പ്) ശ്രിതാക്കളായിപ്പോയി.

ഇത് നിർമ്മിതബുദ്ധിയുഗം. അൽഗൊരിതങ്ങൾ നയിക്കുന്ന കാലം. സ്വയം ചിന്തിച്ച് ,കാര്യങ്ങൾ ആസൂത്രണം ചെയ്ത് സ്വതന്ത്രമായി ജോലികൾ പൂർത്തിയാക്കാൻ കഴിവുള്ള ഏജൻ്റിക് എ ഐയിൽ എത്തിനിൽക്കുന്നു വർത്തമാനകാലം.  2026 ഫെബ്രുവരി 16 മുതൽ 20 വരെ ദില്ലിയിൽ നടന്ന ആഗോള എ ഐ ഉച്ചകോടിയിൽ ലോകത്തെ എ ഐ യുഗത്തിലേക്ക് നയിച്ചതും നയിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാവരും അതിൽ പങ്കെടുത്തു.  ആദ്യവസാനം അവർ ഏറ്റവും മുഖ്യമായി ചർച്ച ചെയ്തത്, മനുഷ്യൻ  എങ്ങനെ എ ഐ യുഗത്തിൽ മുന്നോട്ടു പോകും. എങ്ങനെ നഷ്ടപ്പെടുന്ന തൊഴിലുകൾക്ക് പകരം പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കാൻ കഴിയും എന്നൊക്കെ. ഒടുവിൽ അവർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു , ഇനി ക്രിട്ടിക്കൽ തിങ്കിംഗ് കൊണ്ടു മാത്രമേ രക്ഷയുള്ളു എന്ന്. ക്രിട്ടിക്കൽ തിങ്കിംഗ് എന്നാൽ വിമർശനാത്മക ചിന്ത.

എന്നാൽ പാറ്റയെന്ന യാദൃശ്ചിക ക്യൂ ആർ കോഡ് പറയന്നത് വിമർശാനത്മക ചിന്ത അപര്യാപ്തമെന്നാണ്. യാദൃശ്ചികമായുണ്ടായതാണെങ്കിലും വിപരീതാത്മകമാണെങ്കിലും പാറ്റപ്പാർട്ടിയിൽ ഒരു പുതുമയുടെ അംശമുണ്ട്. അതായത് സൃഷ്ടിപരത. മുതിർന്ന തലമുറ അവശേഷിപ്പിച്ച വിരസതയുടെ നടുവിൽ അൽപ്പപ്പുതുമയാണെങ്കിലും ജൻസികൾ അറിഞ്ഞ പുതുമായായി, പാറ്റപ്പാർട്ടി. ആ പുതുമ ഒരു തലമുറയെ ഒരേ തരംഗദൈർഘ്യത്തിൽ ( Wavelength) ലഹരിയിലേക്ക് നയിച്ചു.

ദില്ലിയിൽ നടന്ന ഐ ഐ ഉച്ചകോടി അന്വേഷിച്ച ചോദ്യത്തിനുത്തരമാണ് അപ്രതീക്ഷിതമെങ്കിലും പാറ്റപ്പാർട്ടിയിലൂടെ സംഭവിച്ചത്. ഒരു ഏജൻ്റിക് എ ഐയിലൂടെയും ഒരിക്കലും ഒരു പാറ്റപ്പാർട്ടിയെപ്പോലെ പുതിയൊരു പാർട്ടി  രൂപീകരിക്കുക സാധ്യമല്ല. കാരണം നിർമ്മിതബുദ്ധി ജൈവമല്ല. ജൈവമാണെങ്കിൽ മാത്രമേ സൃഷ്ടിയുള്ളു. എന്നു വെച്ചാൽ യഥാർത്ഥ പുതുമയുള്ളു. ഒരു നിമത്തത്തിലൂടെ പ്രതിഷേധത്തിൽ സൃഷ്ടിപരതയ്ക്ക് അല്ലെങ്കിൽ സർഗാത്മകതയ്ക്ക് ഇത്രയും സാധ്യതയെങ്കിൽ അൽഗൊരിതം അറിഞ്ഞുകൊണ്ടു സൃഷ്ടിക്കുന്ന  ‘ക്യൂ ആർ കോഡു’കളുടെ  അനന്തസാധ്യത എന്തായിരിക്കും. ആ സാധ്യതയിലേക്ക് ലോകത്ത് ഏറ്റവും കൂടുതൽ സാധ്യതയുള്ള ജനതയാണ് ഇന്ത്യക്കാർ. അതുകൊണ്ടാണ്  ലോകത്തെ എ ഐ കമ്പനികൾ ഇന്ത്യക്കാരാൽ നയിക്കപ്പെടുന്നത്. ഇന്ത്യയിലാകട്ടെ അതിനുള്ള ഏറ്റവും സാധ്യതയുള്ള ജനവിഭാഗമാണ് മലയാളികൾ. മലയാളികളുടെ ഉത്തരവാദിത്വവും ദൗത്യവുമായി മാറേണ്ടതാണത്.

പുതുമയെന്ന  സർഗ്ഗാത്മക ലഹരിയിലേക്ക് പ്രവേശിക്കാനാകാതെ വാർപ്പ് മാതൃക ( Stereo type) യിലൂട വിരസതയുടെ കടലിലാണ്ട് വർത്തമാന കാലമലയാളി മദ്യത്തിലും മയക്കുമരുന്നിലും തർക്കവിതർക്കങ്ങളിലും തമ്മിലടിയിലും തമ്മിൽക്കൊല്ലലിലും അഭയം തേടുന്നു. അതുകൊണ്ടാണ് മദ്യമയക്കുമരുന്നുപഭോഗത്തിൽ “ പ്രബുദ്ധ”കേരളം  ഇന്ത്യയിൽ ഒന്നാംസ്ഥാനത്തെത്തി നിൽക്കുന്നത്.  എന്തുകൊണ്ടിത് എന്ന് ഏതാനും വർഷം മുൻപ് സൂപ്രീം കോടതിയും ഉറക്കെ ചിന്തിച്ചതാണ്. അതിലേക്ക് നയിച്ചതിൽ മുഖ്യപങ്ക് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടേത്. അതിനു പുറമേ സാംസ്കാരിക നേതാക്കളുടെയും ബുദ്ധിജീവികളുടെയും. ഇന്നും അവർ ആ പഴയ ചാലിൽ കിടന്ന് ജീർണ്ണതയുടെ നീരുവന്ന് വീങ്ങി പഴുപ്പൊലിപ്പിക്കുന്ന മുഖം പ്രകടമാക്കുന്നു.

ചിന്തകൾ ഡിജിറ്റൽ ഭാഷയിൽ വെറും ഡേറ്റ.  ഇത്തരത്തിൽ അൽപ്പമാത്ര ഡേറ്റയിട്ടു കളിച്ചവരെയാണ് നാം ഇതുവരെ ബുദ്ധിജീവികൾ എന്നു വിളിച്ചത്. അവരുടെ കാലം കഴിഞ്ഞു. കാരണം ഡേറ്റ സംബന്ധമായതു മുഴുവൻ എ ഐയുടെ സഹായത്തോടെ ചെയ്യാം. മൂന്നു മാസം മുൻപ് സുന്ദർ പിച്ചെ ബി ബി സിക്കു നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞു, എ ഐ വെറുമൊരു ടൂൾ അഥവാ ഉപകരണം മാത്രമാണ്. ആയുധം അഥവാ ടൂൾ ഉപയോഗിക്കുന്നവർക്ക് അതുപയോഗിക്കാനുള്ള ശേഷി അനിവാര്യം. നിർമ്മിതബുദ്ധിയെ കവച്ചുവയ്ക്കുന്നതും അതിനപ്രാപ്യവുമായ മികവ് മനുഷ്യനുണ്ടായേ തീരൂ.  സൃഷ്ടിപരത അഥവാ സർഗാത്മകതയുടെ അൽഗൊരിതത്തിൽ വൈദഗ്ധ്യം നേടാതെ മറ്റൊരു വഴിയും  ഇന്ന് മനുഷ്യരാശിയുടെ മുന്നിലില്ല. അവിടെയാണ് ലഹരി എന്താണെന്ന് വ്യക്തതയോടെ തിരിച്ചറിയേണ്ടത്.

ചിന്തയ്ക്ക് സമയം ( Time)ആവശ്യമാണ്. ദിവസവും മനുഷ്യൻ ആറായിരം മുതൽ അറുപതിനായിരം വരെ ചിന്തകളിലൂടെ കടന്നുപോകുന്നു. അതായത് ഡേറ്റയിലൂടെ. ലാർജ് ലാംഗ്വേജ് മോഡൽ ( എൽ എൽ എം) എന്നറിയപ്പെടുന്ന ഒരു എ ഐ മോഡലുമായി തട്ടിച്ചുനോക്കുമ്പോഴാണ്  ഡേറ്റ കൈകാര്യം ചെയ്യുന്നതിലെ നമ്മുടെ പരിമിതി തിരിച്ചറിയുക. നിർമ്മിതബുദ്ധിയുടെ മുന്നിൽ നാം നിസ്സഹായരായി മാറുന്നതുപോലെ തോന്നുന്നതും അതിനാൽ.

ഒരു തരംഗതി അഥവാ ലഹരിയിൽ നാം പ്രവേശിക്കുമ്പോൾ ചിന്തകളിൽ നിന്ന് വിടുതലാകുന്നു. അവശേഷിക്കുന്നത് അനുഭവം മാത്രം. എ ഐക്ക് അനുഭവത്തെക്കുറിച്ച് പറയാൻ പറ്റും. എന്നാൽ അനുഭവം അനുഭവിച്ചറിയാൻ പറ്റില്ല. അതാണ് നിർമ്മിതബുദ്ധിയും മനുഷ്യബുദ്ധിയും തമ്മിലുള്ള വ്യത്യാസം. നിർമ്മിതബുദ്ധി എക്സ്പീരിയൻഷ്യൽ(Experiential )അല്ല.  മനുഷ്യൻ്റെ ആ ബുദ്ധിയാകട്ടെ മസ്തിഷ്കത്തിൽ മാത്രം പരിമിതമാകുന്നതല്ല. ഓരോ കോശത്തിലും അത് അന്തർലീനമാണ്. ആ കോശാന്തർലീനബുദ്ധിതലത്തിലൂടെയാണ് ലഹരിയെന്ന അനുഭവത്തിൻ്റെ ഗതി. അവിടെ ആധിപത്യം ഹൃദയത്തിനാണ്. അതിലൂടെ വൈകാരിക ബുദ്ധി( Emotional Quotient )  മേൽക്കൈ നേടുന്നു. ഹൃദയത്തിന് മസ്തിഷ്‌കത്തെ ഉൾക്കൊള്ളാൻ പറ്റും. എന്നാൽ മസ്തിഷ്‌കത്തിന് ഹൃദയത്തെ ഉൾക്കൊള്ളാനുള്ള ശേഷിയില്ല.  മസ്തിഷ്‌ക മരണം സംഭവിച്ചാൽ വ്യക്തി മരിക്കാത്തതും ഹൃദയസ്തംഭനം വന്നാൽ മരിക്കുന്നതു അതിനാൽ. മസ്തിഷ്കത്തിന് ഹൃദയത്തെ വിശകലനം ചെയ്യാൻ കഴിയും. ഇവിടെയാണ് ബുദ്ധിശക്തി മാനദണ്ഡത്തിൻ്റെ  ( IQ) പരിമിതി  തിരിച്ചറിയേണ്ടതും നമ്മളേക്കോൾ മെച്ചമായി നിർമ്മിതബുദ്ധി വിശകലനപ്രക്രിയ നടത്തുമെന്നു മനസ്സിലാക്കേണ്ടതും. ഈ സാധ്യതയും വൈകാരിക ബുദ്ധിയിലെ മേൽക്കൈയുമാണ് ഇതുവരെ നമുക്ക് പരിചിതമല്ലാത്ത അനന്ത സാധ്യതകളുടെ ലോകത്തെ വർത്തമാനകാലം തുറന്നിട്ടിരിക്കുന്നത്.

പ്രണയിതാക്കൾ ഒന്നിക്കുമ്പോൾ സമയബോധം നഷ്ടമാകുന്നു. അത് ലഹരിയുടെ ലക്ഷണമാണ്. പ്രണയം അനുഭവതലമാണ്. അതായത് മസ്തിഷ്‌കത്തിൻ്റെ പിടിയിൽ നിന്നും മോചിതമാകുന്നു. മസ്തിഷ്കത്തിൻ്റെ ഡിപ്പാർട്ട്മെൻ്റിൽ മാത്രമുള്ളതാണ് സമയം. സമയ( Time) ത്തിൽ നിന്ന് പുറത്തു ചാടി  സമയമില്ലായ്മ(     Timelessness) രൂചിക്കുന്ന അനുഭവം. അതാണ് അനുഭൂതിതലം. രണ്ടു തരംഗങ്ങൾ ചേർന്ന് ഒരു തരംഗമായി ഒഴുകുന്നു. ഒന്നായി മാറുന്നതിൻ്റെ സുഖത്തെ അനുഭവിക്കുന്ന അവസ്ഥ- ലഹരി.

അഭിനിവേശത്തോടെ ഇഷ്ടവിഷയങ്ങളിൽ വ്യാപരിക്കുമ്പോൾ നാം സമയമറിയുന്നില്ല.ശ്രീനാരായണഗുരുവിൻ്റെ ഭാഷയിൽ “ഒരു പതിനായിരമാണ്ടൊരൽപ്പനേരം” മറിച്ചെങ്കിൽ” അരനോടി ആയിരമാണ്ടു പോലെ”.  നല്ല കലകൾ ആസ്വദിക്കുമ്പോഴും നാം കാല(   Time) ത്തിലൂടെ കാലം കടന്ന് അല്ലെങ്കിൽ സമയത്തിൽ നിന്ന് പുറത്തുവന്ന് കാലമില്ലായ്മ ( Timelessness) യുടെ അനുഭവത്തിലേക്ക് അഥവാ ലഹരിയിലേക്ക് പ്രവേശിക്കുന്നു.

ചിന്തയുള്ളപ്പോൾ മാത്രമേ ഭേദചിന്ത ഉണ്ടാകുന്നുള്ളു. ലഹരിയിൽ ഭേദചിന്തയുണ്ടാകില്ല. ചിന്ത അഥവാ കാലത്തിൻ്റെ പടി( സോപാനം) യിലൂടെ എങ്ങനെ കാലമില്ലായ്മ എന്ന ലഹരിയിലേക്ക് പ്രവേശിക്കാം. അതിൻ്റെ അതിസൂക്ഷ്മവും ആസ്വാദ്യവുമായ ഉത്തമ ഉദാഹരണമാണ് സംഗീതം. സമയത്തെ മുറിച്ചു പാടി കാലത്തെ വിസ്മരിപ്പിച്ച് ലഹരിയിലേക്കുയർത്തുന്നു.  തായമ്പകയിലേക്കു നോക്കുക. ശബ്ദത്തിലൂടെ  അതിൻ്റെ പാരമ്യത്തിൽ എത്തിച്ചേരുന്നത് നിശബ്ദതയുടെ അനുഭൂതിയിൽ.

ഭേദങ്ങളുടെ തരംഗവിചികളിലൂടെ ലഹരിയിലെത്തുക. ആ ലഹരിയുടെ നിമിഷങ്ങളിലൂടെയാണ് സൃഷ്ടി സംഭവിക്കുക. ആ ആനന്ദമുഹൂർത്തങ്ങളുടെ തെളിവുകളാണ് നാമുൾപ്പടെ എല്ലാ സൃഷ്ടിജാലങ്ങളും. പ്രപഞ്ചോത്പത്തി മുതൽ ഈ നിമിഷം വരെയും പ്രപഞ്ചാവസാനം വരെയും പുതിയ നിമിഷങ്ങൾ മാത്രം. പ്രപഞ്ചസ്വഭാവമായ ഈ സൃഷ്ടിപരതതന്നെയാണ് മനുഷ്യനെക്കൊണ്ടും അനുനിമിഷം പുതുമ തേടിക്കുന്നത്. അതിൻ്റെ അഭാവത്തിൽ വിരസത. അവിടെ നിന്ന് പഴിപറച്ചിലിലും കുറ്റപ്പെടുത്തലിലും തുടങ്ങി അത് കൊടിയ ഹിംസയിലവസാനിക്കുന്നു.

ഇന്ന് മലയാളി വ്യക്തിക്കുള്ളിൽ തന്നെ ഭേദചിന്താബാഹുല്യത്തിൽ ഏറ്റുമുട്ടുന്നു. സഹികെടുന്നു. വീടിനുള്ളിലും പുറത്തും വാക്കുകൊണ്ടും അല്ലാതെയുമുള്ള തമ്മിൽത്തല്ലും തമ്മിൽക്കൊല്ലലും എല്ലാം അതു നിമിത്തം. ഓപ്പറേഷൻ തൂഫാൻ അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. അത് ക്രിത്രിമ ലഹരിയുടെ സാന്നിദ്ധ്യം  കുറയ്ക്കുന്നു. ആ ലഹരിയുടെ അഭാവത്തിൽ നിസ്സഹായരാകുന്ന മലയാളിയേയും കാണേണ്ടതുണ്ട്. അപ്പോഴാണ് ക്രിത്രിമലഹരി ക്രമസമാധാനപാലനത്തിൽ വഹിക്കുന്ന നിർണ്ണായക പങ്ക് തെളിയുന്നത്. ഇവിടെയാണ് യഥാർത്ഥ ലഹരിയിലേക്ക് ഉയർത്താൻ വേണ്ട ദിശയിലേക്ക് തിരിയേണ്ടതിൻ്റെ അടിയന്തിര പ്രാധാന്യം. അല്ലാത്ത പക്ഷം ഓപ്പറേഷൻ തൂഫാൻ്റെ ചാകര കൊയ്യുക മദ്യലോബിയാകും. വീടുകൾ ഇപ്പോഴുള്ളതിനേക്കാൾ അസുരക്ഷിതവും തല്ല് -കൊല്ലൽ ഗോദകളുമാകും.

ഈ ലഹരി പകരണമെങ്കിൽ മഹേഷിൻ്റെ പ്രതികാരം സിനിമിയിലെ അച്ഛൻ കഥാപാത്രം എങ്ങനെയാണോ ഒരു നല്ല ഫോട്ടോഗ്രാഫറായത് അതു പഠിക്കുക തന്നെ. ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ള മകനെ ആ അച്ഛൻ തിരിച്ചറിയുന്നത് മകനെ പഠിച്ചതിലൂടെയാണ്. ഇരുവരും അവിടെ പഠിതാക്കളാണ്. അച്ഛൻ ബോധപൂർവ്വം കൗതുകത്തോടെ മകനെ പഠിക്കുന്നു. മകൻ അബോധപൂർവുമായി അച്ഛനെയും പഠിക്കുന്നുണ്ടായിരുന്നു. സമയം പാകമായപ്പോൾ ആ അച്ഛൻ മകനെ കുറ്റപ്പെടുത്താതെ സൌമ്യമായി ഒരു വാചകത്തിലൂടെ മർമ്മം പകരുന്നു. ഒരു ക്യൂ ആർ കോഡുപോലുളള വാചകം. അത് ആ അച്ഛനിൽ നിന്നു വരുന്നത് അനുഭവത്തിൻ്റെ അനുഭൂതിയിലൂടെ അദ്ദേഹത്തിന് അൽഗോരിതം പിടിയുളളതിനാൽ. ആ വാചകം പകർന്നു നൽകാൻ ശേഷിയുള്ള പിതാവിൻ്റെ പങ്കാണ് അദ്ധ്യാപകരുടേത്. അദ്ധ്യാപകരെപ്പോലെ രക്ഷിതാക്കളുടെയും.

ലഹരിയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പല കാരണങ്ങളാൽ പറ്റാത്ത ലോകത്തിലെ ഏകസമൂഹമാണ് മലയാളിയുടേത്. അതിന് പറ്റുന്നില്ലെങ്കിൽ  ജീർണ്ണതയുടെ തോതും അതുപോലെ പെരുകും. യഥാർത്ഥ ലഹരിയിലേക്കു നീങ്ങുകയാണെങ്കിൽ അത്തരം അൽഗൊരിതം പേറുന്ന സാംസ്കാരിക ക്യൂ ആർ കോഡുകൾകൊണ്ട് നിബിഡമായ ഇടമാണ് കേരളം. എന്തിന്, ഓരോ വാക്കും ചൊല്ലും പോലും.  അത് ഡീക്കോഡ് ചെയ്യണമെങ്കിൽ അൽഗൊരിതം അറിയണം.

കീർത്തനയും സൌമ്യയും നീഷ്മയുമൊക്കെ നിയമമനുസരിച്ച് അർഹമായ ശിക്ഷ ഏറ്റുവാങ്ങേണ്ടവർ തന്നെ. അത് നിയമത്തിൻ്റെ വഴിയെ പോകട്ടെ.അതേ സമയം ഒരു സമൂഹമെന്ന നിലയിൽ ഈ യുവതികൾ എങ്ങനെ ലഹരിക്കടിമകളായി എന്ന്  സഹാനുഭൂതിയോടെ അന്വേഷിക്കുന്ന പക്ഷം മലയാളിക്ക് യഥാർത്ഥ ലഹരിയെന്തെന്ന് വ്യക്തതയോടെ കണ്ടെത്താനുള്ള ദിശാതിരുവാകുമത്. അപ്പോൾ അദ്ധ്യാപകർ ലഹരിക്കച്ചവടക്കാരാവുന്നതിൽ ഞെട്ടലുണ്ടാകില്ല. അറിവിൻ്റെ അഭാവത്തിൽ സംഭവികുന്നതാണ് ഞെട്ടൽ. ആ ദിശയിലൂടെ നീങ്ങുന്ന പക്ഷം നമ്മുടെ മുന്നിലെ ക്യൂ ആർ കോഡുകൾ ഡീക്കോഡ് ചെയ്യാനുള്ള അൽഗൊരിതജ്ഞാനം നേടുക അനായാസം സാധ്യം. ഒരിക്കൽ കൂടി ഓർക്കാം പാറ്റപ്പാർട്ടിയെന്ന യാദ്യശ്ചിക ക്യൂ ആർ കോഡിന് ഈ ശേഷിയുണ്ടെങ്കിൽ അൽഗൊരിത ജ്ഞാനത്തിൽ സൃഷിക്കുന്നവയുടെ ശേഷിയെന്തായിരിക്കും. ക്യൂ ആർ കോഡുകളെ ഡിക്കോഡ് ചെയ്യുമ്പോൾ പ്രകടമാകുന്ന അൽഗൊരിതത്തിൻ്റെ സൗന്ദര്യമെന്തായിരിക്കും!!

Latest News

പഞ്ചരത്നകീർത്തനം

2013 ഇൽ സ്വാമി ആനന്ദവനം...

സർക്കീട്ടിനിടയിൽ ചില ആനക്കാര്യങ്ങൾ

കരയിലെ ഏറ്റവും വലിയ മൃഗമാണ്...

രാഹുൽ ഗാന്ധി കാട്ടിയ വിഡ്ഡിത്തം

ജന്തർ മന്ദിർ പ്രക്ഷോഭം തിങ്കളാഴ്ചയോടു...

സി.പി.എമ്മും ഒളിവിലെ സന്തതികളും -2

"ഇതൊക്കെ ഇത്ര വല്യ കാര്യമാക്കണോ?" സി.പി.എമ്മിനുള്ളിൽ...

സി.പി.എമ്മും ഒളിവിലെ സന്തതികളും

സ്ത്രീകളെ ലൈംഗികമായി നിർദ്ദയം ചൂഷണം...

എം.വി.ഗോവിന്ദൻ്റെ നിലപാട് ശിക്ഷാർഹം

നിലവിലുള്ള നിയമമനുസരിച്ച് ഒരു സ്ത്രീ...

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...