“ഇതൊക്കെ ഇത്ര വല്യ കാര്യമാക്കണോ?”
സി.പി.എമ്മിനുള്ളിൽ സ്ത്രീപീഡനം പുതുമയല്ല. ഒളിവുകാലം മുതൽ ഇത് പാർട്ടി തീർപ്പാക്കുന്നുണ്ട്. എന്നാൽ ആ തീർപ്പാക്കലെല്ലാം ഇതിന് ഇരയാകുന്ന സ്ത്രീകളുടെ ജീവിതപ്രാരാബ്ദമാകുന്ന അവസ്ഥയും. വനിതാ നേതാക്കളുൾപ്പടെയുള്ളവർക്ക് ഇക്കാര്യമെല്ലാം ബോധ്യമുള്ളതാണ്.
യുവതികളായ വനിതാ പാർട്ടി അംഗങ്ങൾ മുതിർന്ന വനിതാനേതാക്കളിൽ ചിലരെ സമീപച്ചപ്പോൾ അവർക്ക് കിട്ടിയ മറുപടി ” ഇതൊക്കെ ഇത്ര വല്യ വിഷയമാക്കേണ്ട കാര്യമുണ്ടോ” എന്നായിരുന്നു.
സി. പി. എം ഈ വിഷയത്തിനു കൊടുക്കുന്ന പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പിണറായി വിജയൻ മുഖ്യമന്ത്രിയായിക്കുന്നപ്പോൾ പാർട്ടിക്ക് രേഖാമൂലം ലഭിച്ച പരാതികൾ. അതിൽ ഏറ്റവും മുഖ്യമായത് പി .ശശിക്ക് എതിരെ ഉയർന്ന പരാതിയാണ്. പരാതിയിൽ കഴമ്പുണ്ടെന്ന് പാർട്ടി തന്നെ കണ്ടെത്തി പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ശശിയെ കുറച്ചു നാൾ മാറ്റിനിർത്തി. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് താമസിയാതെ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിർമിച്ചു. രണ്ടാം പിണറായി സർക്കാരിനെ പ്രയോഗത്തിൽ നയിച്ചതു തന്നെ ശശിയാണെന്നു പറയാവുന്ന അവസ്ഥ.
ഇപ്പോൾ സമൂഹശ്രദ്ധയിൽ സജീവമായുള്ളത് പാലക്കാട് മുൻ സെക്രട്ടറി ഇ .എൻ . സുരേഷ് ബാബുവിനെതിരെ വനിതാ അഭിഭാഷക നൽകിയ പരാതിയാണ്. അവരാകട്ടെ പാർട്ടി പ്രവർത്തകയും. ഒരഭിഭാഷകയായ യുവതി പോലും താൻ നേരിട്ട ലൈംഗികചൂഷണത്തെ നേരിട്ട രീതി നോക്കുക. ആ യുവതിയിലൂടെയും പ്രകടമാകുന്നത് പാർട്ടി ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതിയാണ്. പാർട്ടി വിധേയത്വം ഇല്ലെങ്കിൽ ആ യുവതി ഈ ചൂഷണത്തെക്കുറിച്ച് പോലീസിൽ പരാതി നൽകേണ്ടതാണ്. മറ്റൊരു വ്യക്തി ഇത്തരമൊരു സാഹചര്യത്തിൽ അകപെടുന്നത് അറിഞ്ഞാൽ പോലും പോലീസിനെ അറിയിക്കേണ്ടതാണ്. എന്നാൽ ഈ അഭിഭാഷകയുവതി പോലും സ്വയം ബഹുമാനിക്കാതെ താനേറ്റ അപമാനം പാർട്ടിക്കുവേണ്ടി പൂഴ്ത്തിവയ്ക്കുന്നു.
ചൂഷണത്തിന് ഇരയായ യുവതിയിലുള്ള നിയന്ത്രണത്തിലെ ഉറപ്പുമൂലമാണ് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും , നേതാക്കളായ കെ.കെ.ശൈലജ യെപ്പോലുള്ളവർ പറയുന്നത്” പാർട്ടിക്ക് സുരേഷ് ബാബുവിനെ കുറിച്ച് അത്തരത്തിലുള്ള പരാതിയൊന്നും കിട്ടിയിട്ടി”ല്ലെന്ന്. അങ്ങനെ പറയാനുള്ള നേതാക്കളുടെ ധൈര്യം സൂചിപ്പിക്കുന്നത് ചൂഷണത്തിന് ഇരയായ വനിത ഒരു കാരണവശാലും തങ്ങളെ തള്ളിപ്പറയില്ല എന്ന ഉറപ്പാണ്. ആ യുവതി, ഏതു സാഹചര്യത്തിലാണ് ഈ മൗനം പാലിക്കുന്നതെന്ന് അവർക്കു മാത്രമേ അറിയൂ. ചിലപ്പോൾ അവർ പല വിധ ഭീഷണികളെ നേരിടുന്നുണ്ടാകാം. അല്ലെങ്കിൽ പാർട്ടിയുടെ പൊതുസ്വഭാവം പേറിക്കൊണ്ടാകാം കോഗ്നിസിബിൾ കുറ്റകൃത്യമായ കുറ്റം അവർ മൂടിവയ്ക്കാൻ തയ്യാറായിട്ടുള്ളത്

