Skip to main content

പിണറായിയിലേക്കല്ല നോക്കേണ്ടത്

brinda karat

കേരളത്തിനകത്ത് രാഷ്ട്രീയ-മത- മാധ്യമ ഭേദമന്യേ ഓരോ മലയാളിയിലും ഒരു കമ്മ്യൂണിസ്റ്റ്മനസ്സ് പ്രവർത്തിക്കുന്നുണ്ട്. എന്നുവെച്ചാൽ അപരനെ ആക്രമിച്ച് വേദനിപ്പിക്കുക. അതിൽ ലഹരി യനുഭവിക്കുക, ആഘോഷിക്കുക. അതിന്റെ കാരണം കണ്ടെത്താനുതകുന്നതാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ ഓർമ്മക്കുറിപ്പുകളെ ഉദ്ധരിച്ച് ചൊവ്വാഴ്ചത്തെ 'മാതൃഭൂമി' പത്രം കൊടുത്തിട്ടുള്ള റിപ്പോർട്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വ്യക്തികളുടെ പങ്ക് പരമപ്രധാനമെങ്കിലും പാർട്ടിയോളമേ വ്യക്തിക്ക് അവിടെ വലിപ്പമുള്ളൂവെന്ന് മുതിർന്ന നേതാവ് പി.സുന്ദരയ്യ തന്നെ പഠിപ്പിച്ചുവെന്ന് വൃന്ദ പറയുന്നു. എന്നു വെച്ചാൽ വ്യക്തിയുടെ സ്വാതന്ത്ര്യവും സർഗ്ഗാത്മകതയും പൂർണ്ണമായും അടിയറവു വയ്ക്കണം. ഇതിൽപരം മനുഷ്യനോട് ചെയ്യാവുന്ന അപരാധം വേറെയില്ല. സ്വയം വേദനയനുഭവിക്കുന്നവർ മറ്റുള്ളവരെയും വേദനിപ്പിക്കും. രാഷ്ട്രീയമായാലും മതമായാലും ഏതെങ്കിലും ആശയത്തിന്റെ തടവറയിൽ പെട്ടാൽ ഉണ്ടാകുന്ന ദുരന്തമാണത്. ആ തടവറയിലകപ്പെട്ട ദുരന്തം മൂലമുണ്ടായ ജീർണ്ണതയുടെ കൊടുമുടിയിലാണ് കേരളം ഇന്നെത്തിനിൽക്കുന്നത്. അതുകൊണ്ടാണ് മനുഷ്യനെന്ന വ്യക്തിയെ സ്നേഹിക്കാൻ അറിയാതെ ,കഴിയാതെ ' മാനവീയം ', ' മനുഷ്യാവകാശം ' എന്നീ സജ്ഞകളോടും ആശയങ്ങളോടും കമ്മ്യൂണിസ്റ്റുകാർ രതിസമാനമായ ആഭിമുഖ്യം കാട്ടുന്നതും ഉച്ചത്തിൽ ഉരുവിടുന്നതും. മനുഷ്യൻ മനുഷ്യനാണ്. അല്ലാതെ ആശയമല്ല. സ്നേഹരാഹിത്യത്തിൽ അമർത്തപ്പെടലിലൂടെ അഴുകി ജീർണ്ണിച്ച സർഗ്ഗാത്മകതയുടെ വികൃതമായ പൊട്ടിത്തെറികളാണ് യുഗമാറ്റത്തിന്റെ ഈ വേളയിൽ കേരളത്തിൽ കാണപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നമ്മുടെ പ്രതിനിധി മാത്രം. ' പൊള്ളി 'ച്ചതു കൊണ്ടോ മുഖ്യമന്ത്രിക്കസേരയിൽ നിന്നദ്ദേഹത്തെയിറക്കിയതു കൊണ്ടോ ഒരു മാറ്റവും വരാൻ പോകുന്നില്ല. ഇവിടെ നോക്കേണ്ടത് പിണറായി വിജയനിലേക്കല്ല; യഥാർത്ഥ വിഷയത്തിലേക്കാണ്. വ്യക്തിയിലേക്കാണ്. അല്ലെങ്കിൽ മനുഷ്യനിലേക്ക്..

Ad Image