Skip to main content
Ad Image

കേരള രാഷ്ട്രീയത്തിൽ രാജീവ് ചന്ദ്രശേഖർ മാറ്റത്തിൻ്റെ സാന്നിദ്ധ്യം

Glint Staff
Rajeev Chandrasekhar , B J P
Glint Staff

ബി.ജെ.പി പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്റെ കടന്നുവരവ് കേരള രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിതുറക്കും. ഇതുവരെ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നീ മുന്നണികളുടെ രാഷ്ട്രീയ പ്രവർത്തന രീതിയിൽ പ്രത്യേകിച്ച് വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ഘടനാപരമായ വ്യത്യാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.  അതുപോലെ ഈ മുന്നണികളുടെ നേതാക്കളെല്ലാം സമാനമായ രീതിയിലാണ് സംസാരിക്കുന്നതും പ്രതികരിക്കുന്നതുമെല്ലാം. ഇതാണ് രാഷ്ട്രീയ നേതൃത്വത്തിൻ്റെ രീതി എന്ന പൊതുപൊതുബോധം പോലും ഇവരുടെ ഈ പ്രവർത്തനം കൊണ്ട് സമൂഹത്തിൽ പ്രതിഷ്ഠിതമായിട്ടുണ്ട്.
      കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും രാജീവ് ചന്ദ്രശേഖർ തന്റെ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നത് മാനേജ്മെന്റ്  വൈദഗ്ധ്യമാണ്. അതിന് അദ്ദേഹം സാങ്കേതികതയെ അതിൻറെ പരമാവധി പ്രയോഗിക്കുകയും ചെയ്യുന്നു. എല്ലാം വസ്തുതകളെ അടിസ്ഥാനമാക്കി വിശകലനം ചെയ്ത് അവസ്ഥകളെ തിരിച്ചറിഞ്ഞ് അവിടെ ശ്രദ്ധിക്കുക. ഈ രീതിയാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ അദ്ദേഹം കാഴ്ചവച്ചത്.അതിൻറെ ഫലമാണ് ശശി തരൂരിനെ വല്ലാതെ ബുദ്ധിമുട്ടിക്കുകയും അദ്ദേഹത്തിൻറെ ഭൂരിപക്ഷം വെറും പതിനാറായിരം ആക്കി കുറച്ചതും. ഈ രാഷ്ട്രീയ പ്രവർത്തനരീതി പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിലും നേതൃത്വത്തിലും ഇല്ല എന്നുള്ളതാണ്.ഒരു പരിധിവരെ ഈ സമ്പ്രദായം സിപിഎം അനുവർത്തിക്കുന്നു ണ്ടെങ്കിലും അത് ശാസ്ത്രീയമായില്ല ഇതുവരെ നടത്തിപ്പോന്നത്. സിപിഎം ഈ വിവരങ്ങൾ ശേഖരിക്കുന്ന വഴിയിലൂടെ ശാസ്ത്രീയത നടപ്പിലാക്കണം എന്ന് വിചാരിച്ചാലും അത്ര എളുപ്പമുള്ള കാര്യമല്ല.
      പരമ്പരാഗത രാഷ്ട്രീയ നേതാക്കളെ പോലെ വൈകാരികമായി പ്രസ്താവനകൾക്ക് മറുപടി പറയുന്ന രീതിയുമല്ല രാജീവ് ചന്ദ്രശേഖറിൻ്റേത്. വിഷയങ്ങൾ പഠിച്ച് ഉള്ളടക്കം മാത്രം പറയുന്ന രീതിയാണ് അത്. അത് അദ്ദേഹത്തിലുള്ള വിശ്വാസ്യത വർദ്ധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഈ സമീപനത്തിന് ബഹുമാന്യതയും ലഭിക്കുന്നുണ്ട്.അതുകൊണ്ടാണ് പാർട്ടിക്ക് പുറത്തുനിന്ന് ബഹുജനങ്ങളുടെ പിന്തുണ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് നേടാൻ കഴിഞ്ഞത്.കടലോര മേഖലകളിൽ പോലും അദ്ദേഹത്തിൻറെ പെരുമാറ്റവും വാക്കും വിശ്വാസ്യത ഉണ്ടാക്കി എന്നുള്ളതിന്റെ തെളിവാണ് അവിടെ അദ്ദേഹത്തിന് അനുകൂലമായി മാറിമറിഞ്ഞ വോട്ടു സൂചിപ്പിക്കുന്നത്.
          വിദ്യാസമ്പന്നനും ടെക്നോക്രാറ്റും മാനേജ്മെൻറ് വിദഗ്ധനും മുൻമന്ത്രിയും വിജയിച്ച ബിസിനസുകാരനുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനരീതിയും, ബിജെപിക്ക് വർദ്ധിച്ചുവരുന്ന വോട്ടു ശതമാനവും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഉറക്കം കെടുത്തും എന്നുള്ളതിൽ സംശയമില്ല.മാത്രമല്ല ഉയർന്ന നിലവാരത്തിലുള്ള രാഷ്ട്രീയ സംവാദത്തിന് അവർക്ക് മുതിരേണ്ടിയും വരും. ഇരുമുന്നണിയുടെയും നേതാക്കൾക്ക് അത് പുതുതായി പഠിക്കേണ്ട പാഠമാണ് എന്നുള്ളതാണ് വെല്ലുവിളി.
 

Ad Image