Skip to main content
ധാക്ക

abdul qadar mollaബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മൊല്ലയ്ക്ക് വിധിച്ച വധശിക്ഷയ്ക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി വ്യാഴാഴ്ച തള്ളി. ഇതോടെ മോല്ലയെ ഏതുനിമിഷവും തൂക്കിലേറ്റാം. ബുധനാഴ്ച നടപ്പിലാക്കാനിരുന്ന വധശിക്ഷ അപ്പീല്‍ പരിഗണിച്ച് നീട്ടിവെച്ചിരിക്കുകയായിരുന്നു.

 

ജമാഅത്തെ ഇസ്ലാമിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായ മൊല്ലയുടെ വധശിക്ഷ നടപ്പാക്കുന്നത് രാഷ്ട്രീയ അക്രമങ്ങള്‍ക്ക് വഴിതുറന്നേക്കും എന്ന ആശങ്കകള്‍ വ്യാപകമാണ്. ‘കടുത്ത പ്രത്യാഘാതങ്ങള്‍’ നേരിടേണ്ടി വരുമെന്ന് ജമാഅത്തെ ഇസ്ലാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

 

1971-ല്‍ പാകിസ്താനില്‍ നിന്നുള്ള രക്തരൂഷിത സ്വാതന്ത്ര്യസമരത്തില്‍ പാക് സൈന്യത്തെ അനുകൂലിച്ച ജമാഅത്തെ പാര്‍ട്ടി നേതാവായിരുന്ന മൊല്ല യുദ്ധക്കുറ്റങ്ങള്‍ ചെയ്തതതായി വിചാരണ ചെയ്യാന്‍ സ്ഥാപിച്ച പ്രത്യേക ട്രൈബ്യൂണല്‍ ഫെബ്രുവരി 5-ന് വിധിച്ചിരുന്നു. എന്നാല്‍, ട്രൈബ്യൂണല്‍ നല്‍കിയ ജീവപര്യന്തം തടവിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതിയാണ് മൊല്ലയ്ക്ക് വധശിക്ഷ നല്‍കിയത്.

 

‘കശാപ്പുകാരന്‍ ഖാദര്‍’ എന്നറിയപ്പെടുന്ന മൊല്ലയുടെ വിചാരണ ബംഗ്ലാദേശില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു. മൊല്ലയുടെ ജീവപര്യന്തം വിധിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നിയമഭേദഗതി കൊണ്ടുവന്നാണ് സര്‍ക്കാര്‍ ശിക്ഷ വര്‍ധിപ്പിക്കുന്നതിനായി അപ്പീല്‍ നല്‍കിയത്. മൊല്ലയ്ക്ക് സെപ്തംബര്‍ 17-ന് സുപ്രീം കോടതി വധശിക്ഷ വിധിച്ചപ്പോഴും ജമാഅത്തെയുടെ നേതൃത്വത്തില്‍ പ്രതിഷേധവും അക്രമവും അരങ്ങേറിയിരുന്നു.