യുദ്ധകുറ്റത്തിന് ജീവപര്യന്തം തടവ് വിധിക്കപ്പെട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മൊല്ലയുടെ ശിക്ഷ സുപ്രീം കോടതി വധശിക്ഷയാക്കി. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്ത ട്രിബ്യൂണല്‍ വിധിക്കെതിരെ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് അഞ്ചംഗ ബഞ്ച് ചൊവാഴ്ച മൊല്ലയ്ക്ക് പരമാവധി ശിക്ഷ വിധിച്ചത്.
ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലാണ് മൊല്ല. 1971-ല്‍ പാകിസ്താന് അനുകൂല നിലപാടെടുത്ത ജമാഅത്തെ നേതാവിനെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിധിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മുതല്‍ 48 മണിക്കൂര്‍ ഹര്‍ത്താലിന് ജമാഅത്തെ ഇസ്ലാമി ആഹ്വാനം നല്‍കിയിട്ടുണ്ട്.
ട്രിബ്യൂണല്‍ വിധിക്കെതിരെ പ്രോസിക്യൂഷന് നല്കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് മൊഹമ്മദ് മൊസമ്മല്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ ഭൂരിപക്ഷ വിധി. ബഞ്ചിലെ ഒരു ജഡ്ജി മൊല്ലയുടെ കുറ്റത്തോട് യോജിച്ചെങ്കിലും വധശിക്ഷയില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ട്രിബ്യൂണല്‍ വിധിക്കെതിരെ സുപ്രീം കോടതി പരിഗണിച്ച ആദ്യ അപ്പീലാണിത്.
ഫെബ്രുവരി അഞ്ചിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശേഷം വിജയചിഹ്നം പ്രദര്‍ശിപ്പിച്ചുകൊണ്ട് മൊല്ല പുറത്തുവന്നത് വിധിക്കെതിരെ ബംഗ്ലാദേശില്‍ വ്യാപകമായ പ്രതിഷേധത്തിനും കലാപത്തിനും കാരണമായിരുന്നു. ഇതിനെ തുടര്‍ന്നാണ് അവാമി ലീഗ് സര്‍ക്കാര്‍ ശിക്ഷ ലഭിച്ച കേസിലും പ്രോസിക്യൂഷന് അപ്പീല്‍ നല്‍കാമെന്ന നിയമഭേദഗതി കൊണ്ടുവന്നത്. നേരത്തെ, വെറുതെ വിടുന്ന കേസുകളില്‍ മാത്രമേ പ്രോസിക്യൂഷന് അപ്പീല്‍ നല്കാന് കഴിയുമായിരുന്നുള്ളൂ.
‘കശാപ്പുകാരന് ഖാദര്‍’ എന്നറിയപ്പെടുന്ന അബ്ദുല്‍ ഖാദര്‍ മൊല്ലയ്ക്കെതിരെ ആറു കൊലപാതക കേസുകളാണ് ചുമത്തിയിട്ടുള്ളത്. 1971 മാര്‍ച്ച് 27-ന് കവി മെഹ്രുന്നീസ, അവരുടെ അമ്മയും രണ്ട് സഹോദരന്മാരും, 29-ന് മാധ്യമപ്രവര്ത്തകന് ഖണ്ട്കര്‍ അബു താലിബ്, ഏപ്രില്‍ അഞ്ചിന് കോളേജ് വിദ്യാര്‍ഥി പല്ലബ് എന്നിവരെ കൊലപ്പെടുത്തിയതാണ് ആദ്യ മൂന്ന് കേസുകള്‍. പാക് അനുകൂല സ്വകാര്യ സേനംഗങ്ങളായ റസാക്കര്‍മാരെ നയിച്ച് കേരാനിഗഞ്ചിലും റസാക്കര്‍മാര്‍ക്കും പാക് സേനക്കും ഒപ്പം അലോക്ഡി ഗ്രാമത്തിലും നടത്തിയ കൂട്ടക്കൊലകളാണ് അടുത്ത രണ്ട് കേസുകള്‍. 1971 മാര്‍ച്ച് 26-ന് ഹസ്രത് അലി ലഷ്കര്‍ എന്നയാളെയും കുടുംബത്തെയും കൊലപ്പെടുത്തിയതാണ് അവസാന കേസ്.