ഗാസയിലെ കൂട്ടക്കൊല നടത്തുന്നത് അമേരിക്ക
പട്ടിണികൊണ്ട് മരിക്കാറായ കുഞ്ഞുങ്ങളെ ഉൾപ്പെടെ ഗാസയിൽ ഇപ്പോൾ കൂട്ടക്കൊല നടത്തുന്നത് യഥാർത്ഥത്തിൽ അമേരിക്കയാണ്. അമേരിക്കയുടെ മധ്യേഷ്യയിലെ വെറുമൊരു കോടാലി മാത്രമാണ് ഇസ്രായേൽ. രണ്ടുദിവസം മുൻപ് ഇസ്രായേലിൽ എത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേലിന്റെ എല്ലാ നടപടികളെയും പിന്തുണയ്ക്കുകയും സമ്പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തത് ലോകരാഷ്ട്രങ്ങൾ കണ്ടതാണ്.
ലോകത്തിലെ മുഴുവൻ മനുഷ്യാവകാശ ലംഘനങ്ങളുടെ നേർക്കും ഭൂതക്കണ്ണാടി വച്ച് നോക്കുകയും ആരെയെങ്കിലും വാക്കുകൾ കൊണ്ട് ഉപദ്രവിക്കുന്നു എന്ന് കണ്ടാൽ പോലും അത്തരം രാജ്യങ്ങളെ അധിക്ഷേപിച്ചു പട്ടികയും ഇറക്കുന്ന രാജ്യമാണ് അമേരിക്ക. ഈ അമേരിക്കയെ തിരിച്ചറിയുക എന്നുള്ളത് വർത്തമാന ലോകത്തിലെ ഏതൊരു വ്യക്തിയുടെയും കടമയാണ് . കാരണം നമ്മുടെയെല്ലാം ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ മാനദണ്ഡമാക്കുന്നത് പലപ്പോഴും അമേരിക്ക നിശ്ചയിക്കുന്ന കാര്യങ്ങളാണ്. അത്തരം വസ്തുതകളെയും സമീപനങ്ങളെയുമാണ് കേരളത്തിന് ഉൾപ്പെടെയുള്ള ബുദ്ധിജീവികൾ മാനദണ്ഡമാക്കുന്നതും .
