Skip to main content

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം 18-ാം പടി ചവിട്ടുമോ

Glint Staff
Gold covered doors of Sabarimala Sanctom sanctorum
Glint Staff

 ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഇപ്പോൾ പതിനേഴാം പടി വരെയെത്തി. ഇപ്പോൾ കേരളത്തിൻറെ മുന്നിലുള്ള മുഖ്യ ചോദ്യചിഹ്നം, ആ അന്വേഷണം 18-ാം പടി കയറുമോ എന്നാണ് . 
        സംസ്ഥാന സർക്കാർ നേരിട്ടാണ് ഈ അന്വേഷണം നടത്തിയിരുന്നതെങ്കിൽ 18-ാം പടി പോയിട്ട് പത്താംപടി വരെ പോലും ഈ അന്വേഷണം കയറില്ലായിരുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലും നിരീക്ഷണത്തിലും ഈ അന്വേഷണം നടക്കുന്നതാണ് അന്വേഷണ സംഘത്തെ പതിനേഴാം പടി വരെ എത്തിച്ചത്.
          ശബരിമലയിൽ നടന്നിട്ടുള്ള കൊള്ളകൾ മുഴുവൻ അവിടുത്തെ നിസ്സാര ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും മാത്രം നടത്താവുന്ന ഒന്നല്ല. ഉന്നതരുടെ പങ്കാളിത്തം ഇല്ലാതെ ഇത്തരം കൊള്ളകൾ ശബരിമലയിൽ ഒരിക്കലും നടന്നിട്ടുമില്ല ഇനി നടക്കുകയുമില്ല. അവിടെയാണ് കേരളം ഈ അന്വേഷണം 18-ാം പടി ചവിട്ടുമോ എന്ന് കാത്തിരിക്കുന്നത്. ഇതുവരെയുള്ള കേരളത്തിൻറെ ചരിത്രം  നോക്കിയാൽ എല്ലാ അന്വേഷണങ്ങളും ഇതേപോലെ യഥാർത്ഥ പ്രതികളുടെ സിറ്റൗട്ടിൽ വച്ച് അവസാനിക്കുകയാണ് പതിവ്. ഇവിടെ ഹൈക്കോടതി പിന്നിൽ നിൽക്കുന്നതിനാൽ മാത്രമാണ് പതിനെട്ടാം പടി കയറുമോ ഇല്ലയോ എന്നുള്ള സംശയം പോലും മലയാളിയുടെ മനസ്സിൽ ഉണ്ടാവാൻ കാരണമായത്.
          അവിടെയും ചെറിയൊരു സംശയം ഉടലെടുക്കാൻ കാരണം അന്വേഷണ ഉദ്യോഗസ്ഥർ സംസ്ഥാന പോലീസ് സേനയുടെ ഭാഗമാണ് . തീർച്ചയായും അവരുടെ മേൽ സമ്മർദ്ദം ഉണ്ടാകുമെന്നുള്ളത് സാധാരണസാമാന്യ ബുദ്ധികൊണ്ട് തിരിച്ചറിയാവുന്നതേയുള്ളൂ. ഇവിടെ ഹൈക്കോടതി വളരെ ശക്തമായ നിലപാടും പിന്തുണയും അന്വേഷണ സംഘത്തിന് കൊടുക്കുന്നതിനാലാണ് മലയാളിയെ ഈ അന്വേഷണം പതിനെട്ടാം പടി കയറും എന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെ കയറുന്ന പക്ഷം ഈ കൊള്ള നടത്തിയ യഥാർത്ഥ കള്ളപ്പോറ്റിമാർ പലരും അകത്താകും. അതൊരുപക്ഷേ കേരളത്തിൻറെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ ഒരു ശുദ്ധീകരണത്തിനും വഴിവച്ചുകൂടായ്കയില്ല.