Skip to main content
ONV Kurup

ഒ. എൻ .വിക്ക് പറ്റിയ തെറ്റ് തിരുത്തുന്ന കരിങ്കോഴി

തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ' ശാന്തികവാടം ' എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം. ഗീതയിൽ അർജുനൻ്റെ ചോദ്യത്തിനുത്തരമായി കൃഷ്ണൻ്റെ ഒരു ഒന്നൊന്നരയുത്തരമുണ്ട് . നാടൻ ശൈലിയിൽ പറഞ്ഞാൽ ഇങ്ങനെ, " എടാവേ, ഈ ജീവിതത്തിൽ ശാന്തിയില്ലെങ്കിൽ പിന്നെന്തിനാടാവേ......." എന്നു പറഞ്ഞുകൊണ്ടാണ് തുടക്കം. ഈ ജീവിതത്തെ ശാന്തിയിലാക്കാതെ അടുത്ത ജന്മത്തിലെ ശാന്തിക്കു വേണ്ടി ശ്രമിക്കുന്നവൻ വിഡ്ഡിയാണെന്ന് കൂടി കൃഷ്ണൻ പറയുന്നു. കഴിഞ്ഞാഴ്ച സകലദ്വാരങ്ങളും കുട്ടിക്കെട്ടി മൃതദേഹത്തോടൊപ്പം ബലിയർപ്പിക്കാൻ തൈക്കാട് ' ശാന്തികവാട 'ത്തിൽ കൊണ്ടുവന്ന കരങ്കോഴിയുടെ ഞെരക്കം ' ശാന്തികവാടം ' എന്ന പേരിടലിൽ ഒ. എൻ. വിക്കു പറ്റിയ തെറ്റിനെ തിരുത്തുന്നതായിരുന്നു. ഒരു ജീവിക്ക് ജീവനോടെ അനുഭവിക്കാവുന്ന ഏറ്റവും വലിയ അശാന്തിയാണ് 'ശാന്തി കവാട ' ത്തിൽ ആ കരിങ്കോഴിയറിഞ്ഞത്. തീർച്ചയായും ശാന്തികവാടത്തിനുള്ളിൽ അതിൻ്റെ കഴുത്തറുത്തപ്പോൾ അതിന് ശാന്തി . മരണാനന്തര ശാന്തിവിശ്വാസമാണ് ആ കരങ്കോഴിയുടെയും ബലിക്കും കാരണമായത്. എല്ലാ ദർശനങ്ങളും മതങ്ങളും ജീവിച്ചിരിക്കുമ്പോഴുള്ള ശാന്തിപദ്ധതിയാണ് മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ വ്യവസ്ഥാപിത മതസ്ഥാപനങ്ങളും അവയുടെ അദ്ധ്യക്ഷന്മാരും തങ്ങളുടെ അധികാരം നിലനിർത്തുന്നത് ഈ മരണാനന്തര ശാന്തി അഥവാ സ്വർഗ്ഗത്തെ മുൻനിർത്തിയാണ്. ഫ്രാൻസിസ് മാർപ്പാപ്പ അത് വ്യക്തവും ശക്തവുമായി തിരുത്തിയിരുന്നു. ഈ ലോകത്തിൽ മാത്രമേ സ്വർഗ്ഗം സാധ്യമാകൂ എന്നദ്ദേഹം പറഞ്ഞെങ്കിലും അനുയായികൾ കേട്ട ലക്ഷണം ഇതുവരെ കിട്ടിയിട്ടില്ല. മതതീവ്രവാദ പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന പ്രേരകധാരണയുമിതാണ്. എവിടെ വേണമെങ്കിലും കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യാവുന്ന മൃതശരീരത്തിന് എന്തു ശാന്തി. ആ അർത്ഥം ആലോചിച്ചാലും 'ശാന്തികവാടം' എന്ന പേരിലെ അനൗചിത്യം പ്രകടം. കാളിദാസനെ ക്കുറിച്ച് മഹാകാവും എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഭാരതീയ സംസ്കൃതിയുടെ ആത്മാവ് പിടികിട്ടിയിട്ടില്ല. കവിയായിട്ടും ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ പരിമിതി. സമസ്ത ദ്വാരങ്ങളും പൂട്ടപ്പെട്ട ആ കരിങ്കോഴി ഞെരങ്ങിക്കൊണ്ടു പറയുന്നു, ഈ ഇടത്തെ പൈങ്കിളി വൽക്കരിക്കുകയോ കാല്പനികമാക്കുകയോ ചെയ്യാതെ വെറും വൈദ്യുത ശ്മശാനമെന്നാക്കുക. ജീവിതത്തിൻ്റെ ഓരോ നിമിഷവുമാകണം ' ശാന്തികവാട' മെന്ന്. മരണത്തെ പൈങ്കിളി വൽക്കരിക്കുക മലയാളിക്ക് ഒരു രോഗം പോലെയായിട്ടുണ്ട്. വിശേഷിച്ചും മാധ്യമങ്ങൾക്ക്..

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.