വലിയ വിപത്ത് വർഗീയതയോ അഴിമതിയോ?
അഴിമതിയാണോ, വർഗീയതയാണോ ഏറ്റവും വലിയ അപകടം. ഈ ചോദ്യമാണ് രണ്ട് കോടതിവിധികൾ ഇന്ന് ഇന്ത്യൻ വോട്ടർമാരോട് ചോദിക്കുന്നത്. ഒന്ന്, ബീഹാർ മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവ് ഗുരുതരമായ അഴിമതിയും വഞ്ചനയും നടത്തിയതായി കോടതി കണ്ടെത്തി. രണ്ടാമത്തേത്, വളരെ നിശിതമായ വിമർശനത്തോടെ മദ്രാസ് ഹൈക്കോടതി വിധി തള്ളിക്കൊണ്ട് നടൻ വിജയുടെ കരൂർ റാലി അപകടത്തിലെ അന്വേഷണം സുപ്രീംകോടതി സിബിഐക്ക് കൈമാറി.
2004 മുതൽ 2009 വരെ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന ലാൽപ്രസാദ് യാദവ് ടെൻഡറിൽ തിരിമറി നടത്തി വൻതോതിൽ ഭൂമി അപഹരിച്ചതായി കോടതി കണ്ടെത്തി. മാർക്കറ്റ് വിലയേക്കാൾ വളരെ താഴ്ന്ന വിലയിൽ തന്റെ ഭാര്യയുടെയും മകളുടെയും പേരിൽ ഭൂമി മാറ്റിയതിന്റെ തെളിവും കോടതിക്ക് ലഭിച്ചു.ലാലു പ്രസാദ് യാദവ് 90 കളിൽ ബീഹാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ 900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണമാണ് നടത്തിയത്. ആ കേസിൽ വിചാരണ നേരിടുകയും ജയിലിൽ പോവുകയും ഒക്കെ ചെയ്തതിനുശേഷമാണ് അദ്ദേഹം റെയിൽവേ മന്ത്രിയും ആകുന്നത്.
ഒരു സംസ്ഥാനത്തെ വോട്ടർമാർ തങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പുനൽകാൻ ചുമതല ഏൽപ്പിക്കുന്നത് ഭരണനേതൃത്വത്തെയാണ് . ആ ഭരണ നേതൃത്വം സർവ്വവിധ അധികാരങ്ങളോടും നോക്കി നിൽക്കുമ്പോഴാണ് കരൂരിൽ 41 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. മദ്രാസ് ഹൈക്കോടതി പ്രത്യക്ഷത്തിൽ വിജയിയെ കുറ്റപ്പെടുത്തി കൊണ്ടുള്ള പരാമർശങ്ങൾ നടത്തുകയും അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കുകയും ആണ് ചെയ്തത്. ഈ നടപടിയിൽ സുപ്രീംകോടതി നിശിതമായാണ് ആശ്ചര്യവും വിമർശനവും രേഖപ്പെടുത്തിയത്.
ഒരു സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നം ഉണ്ടായാലും, ഒരു ജാഥ നടക്കുമ്പോൾ ആര് നടത്തിയാലും അത് എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതും സർക്കാർ സംവിധാനമാണ്. അതനുസരിച്ചാണ് നിയമങ്ങളും ചട്ടങ്ങളും എല്ലാം നിലവിലുള്ളത്. അത് ലംഘിക്കപ്പെട്ടതാണ് കരൂരിൽ കണ്ടത്.
നടൻ വിജയുടെ റാലിയിൽ അഭൂതപൂർവ്വമായ ജനങ്ങളുടെ വരവ് കണ്ടു തമിഴ്നാട് മുഖ്യമന്ത്രി രാഷ്ട്രീയം കളിച്ചതാണോ എന്ന് സംശയം പ്രഥമദൃഷ്ടിയ ഏവരിലും ഉണ്ടാകുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഒരു സാധാരണ വോട്ടർ ധർമ്മസങ്കടത്തിലാകുന്നത്. അഴിമതിയാണോ വർഗീയതയാണോ ഏറ്റവും വലിയ വിപത്ത്?
