റഷ്യ -യുക്രൈൻ സമാധാനം അകലെ; ട്രംപ് മങ്ങി;പുടിൻ തിളങ്ങുന്നു.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ദയനീയമായ ഒരു ചിത്രമാണ് അലാസ്കൈയിലെ പുട്ടിൻ - ട്രംപ് കൂടിക്കാഴ്ചയിലൂടെ ലോകത്തിനു മുന്നിൽ അവശേഷിക്കുന്നത്. ചുവന്ന പരവതാനി വിരിച്ച് ഒരു വിശിഷ്ട വ്യക്തിയെ സ്വീകരിക്കുന്ന മാനസിക, ശാരീരിക ഭാഷയോടെയാണ് ട്രംപ് പുട്ടിനെ അലാസ്കയിൽ സ്വീകരിച്ചത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുട്ടിൻ വേദി കയ്യടക്കുന്ന ഒരു ചിത്രമാണ് കണ്ടത്. സാധാരണ ആതിഥേയ രാജ്യത്തെ ഭരണാധിപൻ പ്രസംഗിച്ചതിനുശേഷമാണ് അതിഥി സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുക. എന്നാൽ അലാസ്കയിൽ ട്രംപ് , പുട്ടിനെ ആദ്യം സംസാരിക്കാൻ ക്ഷണിച്ചു. പുട്ടിൻ വളരെ അനായസത്തോടെ മാധ്യമപ്രവർത്തകരുമായി അവരിൽ ഒരാളെപ്പോലെ ഇടപഴകുകയും ചെയ്തു. എല്ലാ വേദികളിലും തൻറെ മനോധർമ്മം അനുസരിച്ച് സംസാരിക്കുന്ന ട്രംപ് പത്രസമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ച് അവസാനിപ്പിച്ചു.
രണ്ടു മിനിട്ടിനകം അലാസ്ക്ക കൂടിച്ചേരലിൽ വച്ച് യുദ്ധം അവസാനിക്കുമോ ഇല്ലയോ എന്നറിയാൻ കഴിയും. യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെങ്കിൽ താൻ ഇറങ്ങിപ്പോകും.എന്നൊക്കെയായിരുന്നു ട്രമ്പിന്റെ വീരവാദമടി . ഒന്നും സംഭവിച്ചില്ല. മാത്രമല്ല പുടിൻ , ട്രംപിന് പ്രതീക്ഷ നൽകി അമേരിക്ക ഒരുക്കിയ വമ്പൻ സ്വീകരണം ഏറ്റുവാങ്ങി മടങ്ങുകയും ചെയ്തു. തനിക്ക് കിട്ടിയ ഒരു വലിയ അംഗീകാരം എന്ന രീതിയിലാണ് ട്രംപ് അത് ഏറ്റുവാങ്ങിയത്.
പിന്നീട് നടന്ന സെലൻസ്കി - ട്രംപ് കൂടിക്കാഴ്ച ശരിക്കും യൂറോപ്പ് ട്രംപിന് ഒതുക്കുകയായിരുന്നു. സെലൻസ്കി ഒറ്റയ്ക്കാണ് ട്രംപിനെ കാണുന്നതെങ്കിൽ ട്രംപ് കശക്കും എന്ന മുൻകൂടിക്കാഴ്ചയുടെ അനുഭവം ലോകത്തിൻറെ മുന്നിലുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് യൂറോപ്യൻ രാഷ്ട്ര തലവന്മാർ സെലൻസ്കിയുടെ കൂട്ടിനായി എത്തിയത്. അവിടെയും ട്രംപ് തന്റെ അപ്രമാദിത്വം അഴിച്ചു വയ്ക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.
ഇത്രയും വ്യായാമങ്ങൾ നടന്നിട്ടും റഷ്യ- ഉക്രൈൻ യുദ്ധം അവസാനിക്കുന്നതിൻ്റെ ഒരു വിദൂര ലക്ഷണം പോലും കണ്ടു തുടങ്ങിയിട്ടില്ല. കാരണം പുട്ടിന് തൻറെ ആവശ്യത്തെക്കുറിച്ച് വ്യക്തതയും ദൃഢനിശ്ചയവും ഉണ്ട്. അതിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകാൻ പുട്ടിനില്ല. മാത്രമല്ല ട്രംപ് പുട്ടിന്റെ താല്പര്യങ്ങൾക്ക് പ്രാഥമികമായി വഴങ്ങുകയും ചെയ്തു. അതുകൊണ്ടാണ് സെലൻസ്കയുമായി കൂടിക്കാഴ്ചയ്ക്ക് മുൻപ് തന്നെ പുട്ടിന്റെ രണ്ട് പ്രധാന ആവശ്യങ്ങൾ യുക്രൈൻ സമ്മതിക്കേണ്ടി വരും എന്ന് ട്രംപ് മുൻകൂട്ടി പറഞ്ഞത്. അതായത് യുക്രെയിൻ നാറ്റോയിലേക്ക് വരുന്ന പ്രശ്നമില്ല, അതുപോലെ റഷ്യ ഉക്രൈനിൽ നിന്നും പിടിച്ചെടുത്ത സ്ഥലങ്ങൾ കൈമാറുന്നതും സംബന്ധിച്ച് . ഇത് രണ്ടും ഉക്രൈന് ഒരിക്കലും സ്വീകരിക്കാൻ കഴിയില്ല. യുദ്ധത്തിൻറെ തുടക്കം പോലും ഈ കാരണങ്ങളിൽ നിന്നാണ് .
