മിഥുന്റെ മരണത്തിന് കാരണം സിപിഎം
തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർഥി 13 വയസ്സുകാരനായ മിഥുൻ ഷോക്കേറ്റ് മരിക്കാൻ കാരണം വ്യക്തിയല്ല, പ്രസ്ഥാനമാണ് എന്നാണ് അവിടെ നിന്നുള്ള ഒരു സിപിഎം പ്രവർത്തകൻ പറഞ്ഞത്. ഏത് സ്ഥാപനം ആണെങ്കിലും തീരുമാനം അവസാനമായി എടുക്കേണ്ടത് ഒരു വ്യക്തിയാണ് . ആ വ്യക്തിക്ക് തീരുമാനത്തിലേക്ക് എത്തുന്നതിനു വേണ്ടി ചിലപ്പോൾ കമ്മറ്റികൾ ഉണ്ടാവും ആ രൂപത്തിലുള്ള മറ്റു സമിതികളും ഉണ്ടാകാം. തേവലക്കര ബോയ്സ് സ്കൂളിനും ഇതെല്ലാം ഉണ്ട്. എന്നാൽ അതെല്ലാം വെറും നാമം മാത്രം . കാര്യങ്ങൾ എല്ലാം നിശ്ചയിക്കുന്നത് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയാണ് . അല്ലാതെ സ്കൂളിൻറെ മാനേജർക്കോ ഭരണസമിതിക്കോ പ്രധാനാദ്ധ്യാപകനോ അധ്യാപികയ്ക്കോ ഒന്നും ഒരു പങ്കും ഇല്ല.
മിഥുന്റെ മരണത്തിന് ഉത്തരവാദിയായി കണ്ട് ഇപ്പോൾ സ്കൂളിൻറെ പ്രധാന അധ്യാപിക സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. അതിൻറെ കാരണം മാനേജർക്കെതിരെ നടപടി സ്വീകരിക്കാൻ പറ്റില്ല. അത് പാർട്ടി പ്രശ്നമായി മാറും. ഒരു ചെറിയ പാർട്ടി മീറ്റിംഗ് നടക്കുമ്പോൾ പോലും പ്രാദേശിക നേതൃത്വത്തിന് ആണെങ്കിലും ജില്ലാ നേതൃത്വത്തിനാണെങ്കിലും എത്ര ലക്ഷമോ കോടികളോ പിരിക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. അത്തരത്തിലൊക്കെ ഉള്ള പിരിവുകൾ ഇപ്പോഴും നടക്കാറുമുണ്ട്. ഈ സ്കൂളിനെ ഒരു പഞ്ചനക്ഷത്ര നിലവാരത്തിലുള്ള സ്കൂൾ ആക്കി മാറ്റാൻ പാർട്ടി തീരുമാനിക്കുകയാണെങ്കിൽ അതും വളരെ എളുപ്പമാണ്. ചിലപ്പോൾ സ്കൂൾ നവീകരണത്തിന്റെ പേരിൽ ഇതിനകം തന്നെ ഇതുപോലെ ഫണ്ട് പിരിച്ചിട്ടുണ്ടാകാം. പക്ഷേ അതൊന്നും സ്കൂളിൽ ചെലവഴിക്കപ്പെടില്ല.
പിന്നെ ഇവിടുത്തെ അധ്യാപക നിയമനത്തിന്റെ കാര്യം. അധ്യാപക നിയമനം നടത്തപ്പെടുന്നത് പാർട്ടി അംഗങ്ങളുടെ ബന്ധുക്കളുടെ അപേക്ഷയിൽ നിന്നായിരിക്കും. ഏറി വന്നാൽ പത്തോ പതിനഞ്ചോലക്ഷം രൂപയിൽ കൂടുതലൊന്നും കോഴ വാങ്ങാൻ ഇന്നത്തെ നിലയിൽ സാധിക്കുകയില്ലെന്ന് ഈ പ്രവർത്തകൻ പറയുന്നു. മാത്രവുമല്ല ചിലപ്പോൾ ഒരു പോസ്റ്റിന് നൂറുകണക്കിന് അപേക്ഷകൾ വരികയും ചെയ്യും. അതുകൊണ്ട് അങ്ങനെ വല്ലപ്പോഴും കിട്ടുന്ന പത്തോ പതിനഞ്ചോ ലക്ഷം കൊണ്ടൊന്നും നല്ല രീതിയിലുള്ള കെട്ടിട നിർമ്മാണവും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തലോ ഒന്നും സാധ്യവുമല്ല. എയ്ഡഡ് സ്കൂൾ ആയത് കാരണം തുച്ഛമായ ഗ്രാൻഡ് ആണ് എല്ലാവർഷവും സർക്കാരിൽ നിന്ന് ലഭിക്കുന്നത്. പിന്നെ , പാർട്ടി ഭരണത്തിലാണെങ്കിലും അല്ലെങ്കിലും കിട്ടാനുള്ള സർട്ടിഫിക്കറ്റുകൾ ഒക്കെ ലഭ്യമാകും. കാരണം പരിശോധിക്കാൻ വരുന്ന ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ ഈ പാർട്ടിക്കാർ അല്ലെങ്കിലും എതിർ പാർട്ടിക്കാർ ആണെങ്കിലും അവർക്ക് ജീവ ഭയം ഉള്ളതിനാൽ സർട്ടിഫിക്കറ്റുകൾ നൽകും. നിലവിലെ ഈ സാഹചര്യമാണ് മിഥുൻ എന്ന നിർധന വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായതെന്ന് ഈ പാർട്ടി പ്രവർത്തകൻ പറയുന്നു.
