Skip to main content

helmet rules ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റുക്കാര്‍ക്കും ഇനി മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം. ഇതിനായി ഉടന്‍ വിജ്ഞാപനം പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്രമോട്ടോര്‍ നിയമത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന  ഭേദഗതിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടന്‍ വിജ്ഞാപനമിറക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

പിന്‍സീറ്റ് ഹെല്‍മറ്റ് വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതി നിയമപരമല്ലെന്നും കേന്ദ്ര നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ദേശം. കേന്ദ്രനിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ നയം കേന്ദ്രമോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.പിന്‍സീറ്റിലിരിക്കുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കും നാല് വയസ്സിന് മുകളിലുള്ള  കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്.