ബംഗാളിലെ നിലവിലെ പ്രതിസന്ധിയെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവര്‍ണറോട് വിശദീകരണം തേടി. സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഗവര്‍ണറെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞിരുന്നു.
ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറില്‍ നിന്നും മൊഴിയെടുക്കാന്‍ എത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് തടഞ്ഞതോടെയാണ് പ്രതിസന്ധിക്ക് തുടക്കമായത്.
സംഭവങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്. മമതയെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കം പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തി. ഭരണഘടനയെ സംരക്ഷിക്കുക എന്ന പേരില്‍ കൊല്‍ക്കത്ത മെട്രോ ചാനലിലാണ് മമത ബാനര്‍ജി സത്യാഗ്രഹമിരിക്കുന്നത്. നരേന്ദ്ര മോഡി ബംഗാളില്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് മമത ആരോപിച്ചു.
ഇതിനിടെ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം ബംഗാള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച് സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളേക്ക് മാറ്റി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി തള്ളി.