Skip to main content

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനം വലയുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഹര്‍ത്താല്‍ വൈകിയാണ് പലരും അറിഞ്ഞത്. ചരുക്കം ചിലയിടങ്ങളിലൊഴിച്ചാല്‍ സ്വകാര്യബസ്സുകളും ടാക്‌സികളും നിരത്തിലിറങ്ങിയിട്ടില്ല. കല്ലേറുണ്ടായതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ ശബരിമല തീര്‍ത്ഥാടകരുടേതുള്‍പ്പെടെ യാത്ര തടസ്സപ്പെട്ടു.

 

എന്നാല്‍ നിലയ്ക്കല്‍ പമ്പ സര്‍വീസിന് യാതൊരുവിധ കുഴപ്പങ്ങളും ഉണ്ടായിട്ടില്ല. പത്തനംതിട്ടയില്‍ നിന്നും എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്.

 

നിലവില്‍ ശശികലയെ റാന്നി പോലീസ് സ്റ്റേഷനിലാണുള്ളത്. അവര്‍ ഇവിടെ ഉപവാസം തുടരുകയാണ്. സന്നിധാനത്ത് പ്രശ്‌നമുണ്ടാകുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കരുതല്‍ തടങ്കലായിട്ടാണ് ശശികലയടക്കമുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്. ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബി.ജെ.പി നേതാവ് പി.സുധീര്‍ എന്നിവരും പോലീസ് കസ്റ്റഡിയിലാണ്.