ന്യൂജനറേഷൻ ബാങ്കിന്റെ സൗത്ത് ഇന്ത്യാ സോണല്‍ മാനേജർ. ടാർഗറ്റ് ഗണ്ഡൻ തന്നെ. കീഴില്‍ ധാരാളം മാനേജർമാർ. സോണല്‍ മാനേജരാണെങ്കില്‍ ഏതാനും വർഷം മുൻപ് ഈ ബാങ്കിന്റെ കൊച്ചിയിലെ ബ്രാഞ്ച് മാനേജരായിരുന്നു. കഴിവുകൊണ്ടുതന്നെയാണ് ചുരുങ്ങിയ സമയം കൊണ്ട് സോണല്‍ മാനേജരായി ഉയർത്തപ്പെട്ടത്. പണ്ട് ഒരേ തസ്തികയില്‍ ഒന്നിച്ചു പ്രവർത്തിച്ച പലരുമിപ്പോൾ തനിക്കു താഴെ പ്രവർത്തിക്കുന്നുണ്ട്. അവരെക്കൊണ്ട് പണിയെടുപ്പിച്ച് ലക്ഷ്യം നേടുക എന്നുള്ളതാണ് ഈ സോണല്‍ മാനേജരുടെ ചുമതല. പക്ഷേ ഈ സോണല്‍ മാനേജർ ഇപ്പോൾ വൻ ഗുലുമാലിലായിരിക്കുന്നു. ഈ സോണല്‍ മാനേജരുടെ മുകളിലുള്ള മാനേജരും ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്. ഇവർ ഏതാനും നാൾ മുൻപ് ഒരേ തസ്തികയില്‍ പ്രവർത്തിച്ചിട്ടുണ്ട്. പോരാത്തതിന് വ്യക്തിപരമായ സൗഹൃദവും. പക്ഷേ, അദ്ദേഹം നടത്തിയ ക്വാർട്ടർലി അവലോകനത്തില്‍ ടാർഗറ്റ് നേടുന്ന ലക്ഷണം കാണുന്നില്ല. ആ സുഹൃത്ത് തന്റെ പ്രിയപ്പെട്ട സോണല്‍ മാനേജർ സുഹൃത്തിനോട് വളരെ വ്യക്തമായ ഭാഷയില്‍ പറഞ്ഞു, ലക്ഷ്യം കൈവരിച്ചില്ലെങ്കില്‍ ആഗസ്ത് 31ന് പേപ്പറിട്ടിട്ട് ഗുഡ്‌ബൈ പറഞ്ഞുകൊള്ളാൻ.
സോണല്‍ മാനേജർ ആകെ ധർമസങ്കടത്തിലായി. പോരാത്തതിന് കൊച്ചിയില്‍ ഒരു മുന്തിയ ഫ്ലാറ്റ് സമുച്ഛയത്തില്‍ ഒരു ഫ്ലാറ്റ് സ്വന്തമാക്കി താമസമായിട്ട് ഒരു മാസം തികഞ്ഞതുമില്ല. പണിപോകുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ദേഹം മുഴുവൻ ചൂടനുഭവപ്പെടുന്നു. ഈ സോണല്‍ മാനേജർ തന്റെ ജീവിതത്തെ തന്റെ മുന്നില്‍ കാണുന്ന ബാങ്ക് മാനേജ്‌മെന്റ് സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായ രീതിയിലുടെ ഏറെ നാളായി ചലപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആ രീതിയിലുള്ള വായനയും സംസർഗവുമാണ്. എപ്പോഴും ചിന്തയും ആ വഴിക്കാണ്. അതിനാല്‍ സമ്മർദ്ദത്തില്‍ പ്രവർത്തിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും ഇദ്ദേഹം വിശ്വസിക്കുന്നില്ല. കൂടെ പ്രവർത്തിക്കുന്നവരുമായി പരമ്പരാഗത ബോസ്സ് സ്റ്റൈലിലല്ല ടിയാൻ ഇടപെടുന്നതും. അവരുടെയൊക്കെ വ്യക്തിപരമായ കാര്യങ്ങളില്‍ പോലും സൗമ്യമായി നല്ലയൊരു സുഹൃത്തിനെപ്പോലെയാണ് അദ്ദേഹം ഇടപെടുന്നത്. ഇടയ്ക്ക് ടാർഗറ്റ് നീങ്ങാതിരുന്നതു കണ്ടപ്പോൾ ടീമംഗങ്ങളെ ഒരു സൗഹൃദ സദ്യയ്ക്ക് ക്ഷണിച്ച് കൂട്ടായി ആലോചിച്ച് പരിപാടികളൊക്കെ ആസൂത്രണം ചെയ്തതുമാണ്. പക്ഷേ അത് ഫലം കാണാതെ വന്നു. ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ മറ്റൊരു സംഘട്ടനം ടാർഗറ്റിനേക്കാളുപരി, താൻ ശരിയാണെന്നും സർഗാത്മകമാണെന്നും കരുതുന്ന സമീപനങ്ങൾ പരാജയപ്പെടുന്നു. അതിനാല്‍ താനും പരാജിതനാകുന്നു. ടീമംഗങ്ങൾക്കൊക്കെ ടിയാനെ വലിയ സ്‌നേഹവും കാര്യവുമൊക്കെയാണുതാനും.
അസാധ്യതയുടെ കൂടുതല്‍ ശതമാനഭാഗത്തുനിന്ന്‍ കുറഞ്ഞ ശതമാനത്തിലേക്ക് നോക്കുന്നതിനനുസരിച്ച് കുറവു കൂടിക്കൊണ്ടിരിക്കും. മറിച്ച് ഈ കുറഞ്ഞ ശതമാനത്തിന്റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ വിടവ് ചെറുതാണെങ്കിലും ചില കാഴ്ചകൾ കിട്ടും.
സോണല്‍ മാനേജർ: എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല. എന്തു ചെയ്യണമെന്നറിയില്ല. ഒരു കരുണയുമില്ലാതെയാണ് നമ്മുടെ ചങ്ങാതിയായ ബോസ്സ് എന്നോട് പറഞ്ഞത് പേപ്പറിടേണ്ടിവരുമെന്ന്‍.
ചോ: അപ്പോള്‍, എന്തെങ്കിലും തീരുമാനമെടുത്താലല്ലേ പറ്റു. ഇപ്പോഴെടുക്കുന്ന തീരുമാനമായിരിക്കില്ലേ ഒന്നരമാസം കഴിഞ്ഞ് പേപ്പറിടണോ വേണ്ടയോ എന്ന്‍ നിശ്ചയിക്കുക
സോ.മാ: മനസ്സിലായില്ല
ചോ: ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ ആഗസ്ത് 31നു പേപ്പറിട്ടേ മതിയാകൂ. അതിനാല്‍ ഇപ്പോഴത്തെ സ്ഥിതി മാറുമോ ഇല്ലയോ എന്ന്‍ ഇപ്പോൾ തന്നെ കണ്ടെത്താൻ കഴിയുന്നതേ ഉള്ളു. അതനുസരിച്ച് തീരുമാനമെടുക്കുക. മാനേജ്‌മെന്റില്‍ ഏറ്റവും നിർണ്ണായകം തീരുമാനമെടുക്കുക എന്നുള്ളതല്ലേ. അതിനാല്‍ ഇപ്പോൾ വ്യക്തമായ തീരുമാനമെടുക്കുക.
സോ.മാ: എന്തുകാര്യത്തില്‍?
ചോ: വളരെ ലളിതമല്ലേ. അതായത് ടാർഗറ്റ് നേടാൻ പറ്റുമോ ഇല്ലയോ എന്ന്‍.
സോ.മാ: ഇപ്പോഴത്തെ സ്ഥിതിയില്‍ പറ്റില്ല.
ചോ: പിന്നെന്തിനാണ് നിങ്ങളുടെ ബോസ്സ് ആഗസ്ത് 31 വരെ സമയം തന്നത്?
സോ.മാ: അതിനുള്ള സാധ്യത വളരെ കുറവാണ്.
ചോ: എന്നാലും എത്ര ശതമാനം?
സോ.മാ: അതു കഷ്ടിച്ച് ഇരുപത്തിയഞ്ച് മുപ്പതു ശതമാനം മാത്രം.
ചോ: അത്രയുമുണ്ടോ. തീർച്ചയാണോ?
സോ.മാ: ഹാ, അത്രയുമുണ്ട്.
ചോ: അപ്പോള്‍, സംഗതി എളുപ്പമല്ലേ. ഇത് നോക്കുന്നതിന്റെ പ്രശ്‌നമാ. അസാധ്യതയുടെ കൂടുതല്‍ ശതമാനഭാഗത്തുനിന്ന്‍ കുറഞ്ഞ ശതമാനത്തിലേക്ക് നോക്കുന്നതിനനുസരിച്ച് കുറവു കൂടിക്കൊണ്ടിരിക്കും. എന്നുവെച്ചാല്‍ ശതമാനം കുറഞ്ഞു കുറഞ്ഞു കണ്ടുകൊണ്ടിരിക്കും. അതനുസരിച്ച് നാം സമ്മർദ്ദത്തിലാവും. സാധ്യതയില്ലെന്ന് നമുക്ക് ബോധ്യമായ ഒന്ന്‍ പിന്നെങ്ങനെ നടത്തിയെടുക്കാൻ കഴിയും. പറ്റില്ല. മറിച്ച് ഈ കുറഞ്ഞ ശതമാനത്തിന്റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ വിടവ് ചെറുതാണെങ്കിലും ചില കാഴ്ചകൾ കിട്ടും. കാഴ്ച കിട്ടുന്നതിനനുസരിച്ച് അതു കൂടിക്കൊണ്ടിരിക്കും. അപ്പോൾ അസാധ്യതയുടെ ശതമാനം കുറയുകയും സാധ്യതയുടേത് കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.
സോ.മാ: എന്തൊക്കെയാണെങ്കിലും വഴിയൊന്നും ഞാൻ കാണുന്നില്ല.
ചോ: താങ്കൾ പറഞ്ഞ ഇരുപത്തിയഞ്ചു-മുപ്പതു ശതമാനമവിടില്ലേ.
സോ.മാ: അതൊണ്ട്.
ചോ: ഒരു കാര്യം ചെയ്യൂ, സാധ്യത മുപ്പതിനു പകരം പത്തേയുള്ളൂവെന്നു വയ്ക്കുക. എന്നിട്ടാ പത്തിന്റെ ഭാഗത്തു നില്‍ക്കുക. അപ്പോൾ തന്നെ താങ്കൾ സാധ്യതയുടെ ഭാഗത്തേക്ക് നീങ്ങുകയായി. ആ സാധ്യതയുടെ പഴുതിലൂടെ പ്രവർത്തിക്കാൻ നോക്കൂ. പത്തേയുള്ളൂവെങ്കിലും പ്രാവർത്തികമാകുമല്ലോ. ഒന്നുമില്ലെങ്കിലും പത്തുമുപ്പതുശതമാനം ഉറപ്പായി നേടാൻ പറ്റുമല്ലോ. ഒന്നുമില്ലാത്തതിനേക്കാൾ നല്ലതല്ലേ. ഈ പത്തിന്റെ ഭാഗത്തുചേർന്ന്‍ പ്രവർത്തിക്കുമ്പോള്‍ അത് വികസിക്കും. സംശയമില്ല. അതിരിക്കട്ടെ, ഈ പത്ത് ശതമാനം തുറന്നിടുന്ന ജാലകമെന്താ?
സോ.മാ: അതുമൊരു പ്രശ്‌നമാ.
ചോ: പ്രശ്‌നമാണെങ്കില്‍ അതിനുള്ളില്‍ സാധ്യതയുണ്ട്.
കൂടെയുള്ളവരോട് കാര്യങ്ങൾ പറയാൻ അവരല്ല പ്രശ്‌നം. താങ്കൾക്ക് താങ്കളേക്കുറിച്ചുള്ള ഇമേജാണ് പ്രശ്‌നം. ആ ഇമേജാണ് താങ്കളെന്ന്‍ തെറ്റിദ്ധരിക്കുന്നു.
സോ.മാ: ഇതൊക്കെ പറയാനും കേൾക്കാനുമൊക്കെ സുഖമാ. പക്ഷേ കാര്യത്തോടടുക്കുമ്പോ സംഗതി നടക്കില്ല.
ചോ: ആയിരിക്കാം. താങ്കളുടെ ജോലി കീഴിലുള്ളവരെക്കൊണ്ട് പണിയെടുപ്പിച്ച് ടാർഗറ്റ് നേടുക എന്നുള്ളതാണ്. അതിനനുസരിച്ചുള്ള സ്റ്റാഫുമുണ്ട്. എന്നിട്ട് നടക്കുന്നില്ല എന്നുവെച്ചാല്‍ താങ്കളുടെ മാത്രം പ്രശ്‌നമാ. ഒന്നുകില്‍ ടാർഗറ്റ് നിശ്ചയിച്ചതില്‍ തെറ്റുപറ്റി. അല്ലെങ്കില്‍ താഴെയുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. അതിനാല്‍ ടാർഗറ്റ് നേടിയില്ലെങ്കില്‍ പേപ്പറിടാൻ താങ്കളുടെ ബോസ്സ് പറഞ്ഞതില്‍ തെറ്റില്ല.
സോ.മാ: ടാർഗറ്റൊക്കെ ഫിക്സ് ചെയ്തത് നേടാവുന്നതേയുള്ളു. താഴെയുള്ളവർക്ക് അറിയാവുന്നതുമാണ്. പക്ഷേ, അവർ നമ്മളുടെ സമീപനം മനസ്സിലാക്കി പ്രവർത്തിക്കുന്നില്ല.
ചോ. എന്താണതിന്റെ കാര്യമെന്ന് പരിശോധിച്ചോ? അത് സുവ്യക്തമായി അറിഞ്ഞെങ്കില്‍ മാത്രമേ അത് കറക്ട് ചെയ്ത് മുന്നോട്ടുപോകാനൊക്കുകയുള്ളു.
സോ.മാ: അതുമൊരു പ്രശ്‌നമാ.
ചോ: പ്രശ്‌നം താങ്കളുടെ കൂടെ പ്രവർത്തിക്കുന്നവരുടേതല്ല. താങ്കളുടേതാണ്. അത് മാറ്റാൻ താങ്കൾക്കുമാത്രമേ കഴിയുകയുള്ളു. അല്ലാതെ താങ്കളുടെ കൂടെ പ്രവർത്തിക്കുന്നവർ വിചാരിച്ചാല്‍ ഒന്നും ചെയ്യാൻ കഴിയില്ല.
സോ.മാ: എന്നുവെച്ചാല്‍…
ചോ: ഇവിടിപ്പോൾ താങ്കൾ താങ്കളേക്കുറിച്ചുള്ള ഒരു വലിയ ധാരണയുണ്ടാക്കി അതിനെയൊരു കൂടാക്കി, നിമിഷം തോറും അതിന്റെ അഴികൾ ബലപ്പെടുത്തിയും കൂട്ടിയും അതിനുള്ളില്‍ കിടക്കുകയാണ്. അതില്‍ നിന്ന്‍ പുറത്തുവരാതെ രക്ഷയില്ല.
സോ.മാ: ഒരു പരിധിവരെ അതു ശരി തന്നെയാണ്. അവരെക്കൊണ്ട് വേണമെങ്കില്‍ എനിക്ക് പണിചെയ്യിച്ച് ടാർഗറ്റ് നേടിയെടുക്കാം. പക്ഷേ, ഞാനിപ്പോള്‍ അവരോടങ്ങനെ പെരുമാറിയാല്‍ അവരെന്തുകരുതുമെന്നുള്ള തോന്നല്‍ എന്നെ വല്ലാതെ അലട്ടുന്നു എന്നുള്ളത് ശരിയാണ്.
ചോ: താങ്കൾ വായിച്ചും പഠിച്ചും യഥാർഥത്തില്‍ എന്തില്‍ നിന്നാണോ അകലേണ്ടത് അതിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണ്. നോക്കൂ, ഇവിടെ കൂടെയുള്ളവരോട് കാര്യങ്ങൾ പറയാൻ അവരല്ല പ്രശ്‌നം. താങ്കൾക്ക് താങ്കളേക്കുറിച്ചുള്ള ഇമേജാണ് പ്രശ്‌നം. ആ ഇമേജാണ് താങ്കളെന്ന്‍ തെറ്റിദ്ധരിക്കുന്നു. അത്തരത്തിലുള്ള ഇമേജുകളൊന്നുമല്ല യഥാർഥത്തില്‍ നമ്മൾ എന്നറിയാനാണ് ഈ പഠനവും പരീക്ഷണവുമൊക്കെ. ഇത് കിട്ടിയ അവസരമാണ്. ഈ പരീക്ഷണപാതയിലൂടെ നടക്കാൻ തീരുമാനിക്കുകയാണെങ്കില്‍ എല്ലാ ധാരണകളേയും ഉടച്ച് അതില്‍ നിന്ന്‍ പുറത്തുവരണം. കാരണം അത് സ്വാതന്ത്ര്യത്തിന്റ പാതയുടെ വാഗ്ദാനമാണ്. ഒരിമേജിലും തളഞ്ഞുകിടന്നുപോകരുത്. അതു തകരുന്നെങ്കില്‍ അങ്ങനെ.
സോ.മാ: മനസ്സിലാകുന്നു. എന്നാലും ബുദ്ധിമുട്ടനുഭവപ്പെടുന്നു.
മാറ്റത്തിന്റെ കാര്യത്തില്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ടത് താങ്കളെ ബലം പിടിച്ച് മാറ്റാൻ ശ്രമിക്കാതിരിക്കുക എന്നുള്ളതാണ്. അറിയാത്ത ഭാഷ പഠിച്ച് അനായാസമാകുമ്പോഴാവുമല്ലോ നമ്മൾ നല്ലപോലെ അതു പ്രയോഗിക്കുന്നത്.
ചോ: നിങ്ങൾ വായിച്ചതും കേട്ടതും പഠിച്ചതും നിങ്ങളിലേക്ക് അനായാസമായി പ്രവേശിച്ച് അതായി മാറുമ്പോഴാണ് അതിന്റെ സർഗാത്മകത പ്രവർത്തിക്കുകയുള്ളു. ഇവിടെ നിങ്ങൾ അഭിനയിക്കുകയായിരുന്നു. അഭിനയത്തിന് എങ്ങനെ യഥാർഥത്തില്‍ ഫലം ലഭ്യമാകും. പക്ഷേ വേറിട്ട് നടക്കുന്ന ഈ സ്വാതന്ത്ര്യത്തിന്റെ പാതയില്‍ ഈ ഘട്ടം അനിവാര്യവുമാണ്. നല്ലൊരു സുവർണ്ണാവസരമാണ് വീണുകിട്ടിയിരിക്കുന്നത്. നിങ്ങളുടെ തൊഴിലിലും വ്യക്തിപരമായ വളർച്ചയിലും അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിലും. അല്ലാത്തപക്ഷം താങ്കൾ താങ്കളേയും താങ്കളുടെ സ്ഥാപനത്തേയും വഞ്ചിക്കുകയും കബളിപ്പിക്കുകയുമാണ്.
സോ.മാ: അതെങ്ങിനെ?
ചോ: താങ്കളും കമ്പനിയുമായി ഒരു കരാറിലേർപ്പെട്ടിട്ടുണ്ട്. നിർദ്ദിഷ്ട ജോലിക്കായി നിങ്ങളുടെ അധ്വാനം ചെലവഴിക്കാമെന്നും അതിന് കമ്പനി നിങ്ങൾക്ക് നിശ്ചിത വേതനം തന്നുകൊള്ളാമെന്നും. അല്ലാതെ താങ്കളുടെ സഹപ്രവർത്തകരുടെയിടയില്‍ താങ്കളുടെ ഇമേജ് കാത്തുസൂക്ഷിക്കുന്നതിനല്ല കമ്പനി നിങ്ങൾക്ക് ശമ്പളം തരുന്നത്. അല്ലേ?
സോ.മാ: അതു ശരിതന്നെയാണ്.
ചോ: അപ്പോൾ നിങ്ങളില്‍ അർപ്പിതമായ ജോലി നിങ്ങൾ ചെയ്യുക. അതു ചെയ്യാതെ ശമ്പളം പറ്റുന്നതു തന്നെ ഔചിത്യമില്ലായ്മയല്ലേ?
സോ.മാ: ശ്ശോ, ഇങ്ങനെയൊക്കെ പറയാതെ.
ചോ: വസ്തുത പറഞ്ഞുവെന്നേയുള്ളു. ഇല്ലാത്ത കാര്യമല്ല പറഞ്ഞത്. താങ്കൾ മാറാതെ മറ്റുള്ളവരെ മാറ്റാൻ ശ്രമിച്ചാല്‍ നടക്കുന്ന കാര്യമാണോ സുഹൃത്തേ. താങ്കളുടെ മാറ്റത്തിന്റെ കാര്യത്തില്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ടത് താങ്കളെ ബലം പിടിച്ച് മാറ്റാൻ ശ്രമിക്കാതിരിക്കുക എന്നുള്ളതാണ്. ആ അറിവ് വളരെ പ്രധാനപ്പെട്ടതാണ്. അറിയാത്ത ഭാഷ പഠിച്ച് അനായാസമാകുമ്പോഴാവുമല്ലോ നമ്മൾ നല്ലപോലെ അതു പ്രയോഗിക്കുന്നത്. അതുപോലെ അറിയാത്ത ഭാഷ പ്രയോഗിച്ചാല്‍ കേൾക്കുന്നവർക്കെങ്ങിനെ മനസ്സിലാവും. മനസ്സിലാവാതെ അവര്‍ എങ്ങിനെ പ്രവർത്തിക്കും.?
സോ.മാ: മനസ്സിലാവുന്നില്ല.
ചോ: അതാണു പറഞ്ഞത്, ഭാഷ അത്യാവശ്യമറിയാവുന്ന ആളായിട്ടുകൂടി പറഞ്ഞിട്ട് മനസ്സിലാവുന്നില്ല. അപ്പോൾ തീരെ പിടിയില്ലാത്തവരുടെയടുത്ത് പറഞ്ഞിട്ടെന്തുകാര്യം. അതാണ് താങ്കളുടെ കാര്യത്തില്‍ സംഭവിച്ചത്. താങ്കളുടെ ബാങ്കും മേലധികാരികളും കീഴെയുളളവരുമെല്ലാം സമ്മർദ്ദത്തിലും ഭീഷണിയിലുമൊക്ക പ്രവർത്തിച്ച് ടാർഗറ്റ് നേടി ശീലിച്ചവർ. അവർക്കറിയാവുന്ന തൊഴില്‍ ഭാഷയതാണ്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ മറ്റൊരു ഭാഷ ശരിക്കു വ്യാകരണം പോലും പിടിയില്ലാത്തയാൾ ഉപയോഗിക്കുകയാണെങ്കില്‍ അത് എങ്ങിനെ മനസ്സിലാക്കപ്പെടും. അവർക്ക് സമ്മർദ്ദത്തില്‍ പ്രവർത്തിച്ചാണ് പരിചയം. മാറ്റം വരുന്നത് അറിയാതെയാവണം. പ്രത്യേകിച്ചും ശക്തമായ ഒരു സിസ്റ്റം നിലനില്‍ക്കുന്നിടത്ത് ഒറ്റപ്പെട്ട മാറ്റം വരുത്തുമ്പോൾ. മാറിക്കഴിയുമ്പോൾ മാത്രമേ അത്തരം സന്ദർഭങ്ങളില്‍ മാറ്റം വന്നു എന്നറിയാവൂ. അപ്പോൾ മറ്റുള്ളവർക്ക് അത് സ്വീകാര്യമാകും. അല്ലാത്തപക്ഷം ഏത് നല്ല സമ്പ്രദായമാണെങ്കിലും പരാജയപ്പെടും. അത് ആൾക്കാരെ അതില്‍നിന്ന് അകറ്റുകയും അതിന്റെ പ്രയോഗക്കാർ അപഹാസ്യരാവുകയും ചെയ്യും.
സോ.മാ: സത്യമാണ്. മനസ്സിലാവുന്നു. അതുതന്നെയാണ് സംഭവിച്ചത്. സമ്മർദ്ദം ചെലുത്തുകയാണെങ്കില്‍ എനിക്ക് ഇപ്പോഴും ഈ ടാർഗറ്റ് ഒരു പ്രശ്‌നമല്ല. പക്ഷേ, അതൊരു പ്രയോഗം തന്നെയായിരിക്കും.
ചോ: ഇവിടിപ്പോൾ താങ്കൾ താങ്കളുടെ ജോലി നിറവേറ്റുക. അതിനാണല്ലോ ശമ്പളം വാങ്ങുന്നത്. ഈ പ്രയോഗത്തില്‍ നിന്ന്‍ താങ്കൾ ഒരുപാട് പഠിക്കും. അത് പഠനവിധേയമാക്കുക. മനസ്സിലായത് പ്രയോഗത്തില്‍ വരുത്തുക. ആസ്വാദനത്തോടെ. ആസ്വാദനത്തോടെയും അഭിനയത്തിലൂടെയും നടപ്പാക്കുന്നവയെ തിരിച്ചറിയാനും കഴിയണം. ശാന്തമായി വേണം മാറ്റങ്ങൾ വരാൻ. അങ്ങിനെയാണെങ്കിലേ പരീക്ഷണത്തിനും അവസരങ്ങൾ ലഭ്യമാവുകയുള്ളു. ഇപ്പോൾ ലീഡർഷിപ്പ് റോളിലാണുള്ളത്. ആ റോളിലുണ്ടെങ്കില്‍ മാത്രമേ പരീക്ഷണങ്ങളും സാധ്യമാവുകയുള്ളു. അനായാസത സമ്മർദ്ദത്തിലൂടെയല്ല സ്വായത്തമാക്കേണ്ടത്. സമ്മർദ്ദരഹിതമായ അവസ്ഥയെ താങ്കള്‍ പ്രയോഗിക്കാൻ സ്വയം സമ്മര്‍ദ്ദം അനുഭവിച്ചാണ്. അതിന്റെ സംഘട്ടനവും നിഷ്‌ക്രിയത്വവുമാണ് ടാർഗറ്റ് നേരിടാൻ കഴിയാതെ വന്നതിലൂടെ താങ്കൾ നേരിട്ടത്. ഇമേജ് കൂട്ടിനകത്ത് പെട്ടുപോയതിനാലാണ് താങ്കളുടെ സമീപനം പ്രായോഗികമാകുന്നില്ലെന്ന് മനസ്സിലാകാതെ പോയത്. ആദ്യമാസത്തില്‍ തന്നെ സ്വയം വിലയിരുത്തിയിരുന്നെങ്കില്‍ എങ്ങിനെയാണ് സംഗതി പോകുന്നതെന്ന്‍ കണ്ടെത്താൻ താങ്കളുടെ ബോസ്സ് വരുന്നിടം വരെ കാത്തിരിക്കേണ്ടി വരില്ലായിരുന്.
സോ.മാ: ഇനി പ്രശ്‌നമില്ല. എന്റെ ആകെയുള്ള പ്രശ്‌നമതായിരുന്നു. ഇനിയിപ്പോള്‍, എനിക്ക് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വേണമെങ്കിലും ടാർഗറ്റ് നേടാവുന്നതേയുള്ളു.
ചോ: ശ്രദ്ധിക്കണം. അതിനർഥം സമ്മർദ്ദവഴിയാണ് പ്രായോഗികം എന്ന്‍ ധരിച്ചുകളയരുത്. മറ്റുള്ളവർക്കറിയാവുന്ന ഭാഷയില്‍ തല്‍ക്കാലം സംസാരിക്കുന്നുവെന്ന് കരുതിയാല്‍ മതി. അതു തന്നെ വലിയ മാറ്റമാണ്. കാരണം താൻ പഠിച്ചുവരുന്ന ഭാഷ മറ്റുള്ളവർക്കറിയാത്തതാണ് അതിന്റെ പ്രയോഗത്തിന് തടസ്സമാകുന്നതെന്ന അറിവ് വലുതാണ്. അതുകൊണ്ട് മെല്ലെ ആ ഭാഷയുടെ അക്ഷരങ്ങൾ പഠിപ്പിച്ചുകൊണ്ട് വേണമെങ്കില്‍ അത് പ്രയോഗത്തില്‍ വരുത്താവുന്നതാണ്. അതിന് ആ ഭാഷയുടെ വ്യാകരണവും പ്രയോഗവും സർഗാത്മകതയും നമ്മുടെ കയ്യില്‍ ഭദ്രമാകണം.