ശബരിമല വിഷയത്തിന്റെ അവസ്ഥ പ്രളയാനന്തര കേരളത്തില്‍ പ്രളയത്തേക്കാള്‍ രൂക്ഷമായ പ്രശ്‌നമായി തുടരുന്നു, പ്രളയത്തെ പോലും മറക്കുന്ന വിധത്തില്‍. ശബരിമല വിഷയം ഈ വിധമാകാന്‍ കാരണം ബി.ജെ.പിയാണെന്ന് അതിന്റെ അധ്യക്ഷന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുന്ന ശബ്ദ-ദൃശ്യ രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇവിടെ ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായി പുറത്തായിരിക്കുന്നു.
ഇപ്പോള്‍ ശ്രീധരന്‍പിള്ള പറയുന്നത് ജനസേവനത്തെ മുന്‍നിര്‍ത്തി സംസാരിച്ചതാണ് എന്നാണ്. ഇത് കേരള ജനതയെ അവഹേളിക്കുന്നതിന് തുല്യമാണ്. ശ്രീധരന്‍പിള്ള തന്റെ പ്രസംഗം നിഷേധിക്കാത്ത അവസ്ഥയും ആ പ്രസംഗത്തിന്റെ ശബ്ദ-ദൃശ്യ രേഖകള്‍ ജനങ്ങള്‍ കാണുകയും ചെയ്ത സ്ഥിതിക്ക്, എന്താണ് താന്‍ ഉദ്ദേശിച്ചതെന്നുള്ളത് ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ സാമാന്യബുദ്ധിയെ ചോദ്യംചെയ്യുന്നതിന് തുല്യമാണ്. ഇവിടെ രാഷ്ട്രീയ നേട്ടം മറക്കാം. ഏറ്റവും ചുരുങ്ങിയ സത്യസന്ധത മാത്രമാണ് ഒരു നേതാവില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഈ പ്രസംഗം എന്ത് സന്ദേശമാണോ പുറത്തേക്ക് വിടുന്നത് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നാതാണ് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പാലിക്കേണ്ട രാഷ്ട്രീയ മാന്യത. എല്ലാ പാര്‍ട്ടികളും മുന്നണികളും ശബരിമല വിഷയത്തില്‍ രാഷ്ട്രീയം തന്നെയാണ് കളിക്കുന്നത്. അത് ജനത്തിനുമറിയാം.
ഇവിടെ ബി.ജെ.പി ഇരയാക്കിയിരിക്കുന്നത് വിശ്വാസികളെയാണ്. വിശ്വാസത്തിന്റെ പേരില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ ആത്മാര്‍ത്ഥതയോടെ തെരുവിലിറങ്ങി. അവര്‍ വിശ്വാസ സംരക്ഷണത്തിനായിട്ടാണ് തെരുവിലിറങ്ങിയത് അല്ലാതെ രാഷ്ട്രീയ നേട്ടം കൊയ്യാനല്ല. എന്നാല്‍ ബി.ജെ.പി വിശ്വാസികളെ രാഷ്ട്രീയ നേട്ടത്തിനായി വിനിയോഗിച്ചിരിക്കുന്നു. അതാണ് ശ്രീധരന്‍പിള്ളയുടെ തുറന്നുപറച്ചിലിലൂടെ വെളിവായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അത് സ്വയം സമ്മതിക്കാനുള്ള രാഷ്ട്രീയ സത്യസന്ധത കേരളം ബി.ജെ.പിയുടെ അധ്യക്ഷനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.